ഇരുപത് വർഷങ്ങൾക്ക് മുൻപ് വായന തുടങ്ങിയെങ്കിലും പൂർത്തിയാക്കാനാവാതെ പോയതിന്റെ കുറ്റബോധം തീർക്കാൻ എല്ലാ വായനാദിനത്തിലും ഞാൻ കൈയിലെടുക്കുകയും വീണ്ടും കുറച്ച് പേജുകൾ വായിക്കുകയും ചെയ്യുന്ന ഒരു ഗവേഷണ ഗ്രന്ഥമുണ്ട്.
ഭഗവാൻ വേദവ്യാസൻ എന്ന 976 പേജ് വരുന്ന ആ ഗ്രന്ഥത്തിന്റെ രചയിതാവ്, മുഴങ്ങോടിക്കാരിയുടെ (വാമഭാഗം) അമ്മയുടെ അച്ഛൻ (അപ്പാപ്പൻ) പണ്ഡിറ്റ് സി.പി.അരുമനായക പണിക്കർ ആണ്. 1985ൽ ആ പുസ്തകം കുറേ കോപ്പികൾ സ്വന്തമായി അച്ചടിച്ചിറക്കി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വായനക്കാർക്കുമൊക്കെ വെറൂതെ നൽകുകയായിരുന്നു അദ്ദേഹം. ചുരുക്കം ചില കോപ്പികൾ ഡീ.സി.വഴി വിൽക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ അതിന്റെ വില 125 രൂപയാണ്. ഇന്നാണെങ്കിൽ 900 രൂപയെങ്കിലും വില വരുന്ന പുസ്തകം.
വേദവ്യാസനെക്കുറിച്ച് അത്രയ്ക്കും സമഗ്രമായ പഠനം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ആധികാരികമായി അങ്ങനെ പറയാനും വേണ്ടുമുള്ള വലിയ വായനയൊന്നും, ഇത് തന്നെ മുഴുവനായി വായിച്ച് തീർക്കാത്ത എനിക്കില്ല. കടുകട്ടി സംസ്കൃതവും അതിന്റെ വിശകലനവുമൊക്കെ മനസ്സിലാക്കാനുള്ള ബൌദ്ധിക തലത്തിലേക്ക് എന്റെ വായന ഒരുകാലത്തും എത്തുമെന്നും തോന്നുന്നില്ല.
2000ൽ ആ കുടുംബത്തിലെ അംഗമായ അന്ന് മുതൽ ഞാൻ കാർന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥമാണിത്. എല്ലാ വായനാദിനത്തിലും കുറേ പേജുകൾ ഈ പുസ്തകത്തിൽ നിന്ന് വായിച്ചില്ലെങ്കിൽ കുറ്റബോധം വല്ലാതെ അധികരിക്കാറുണ്ട്. അടുത്ത 5 വർഷത്തിനകം ഞാനത് വായിച്ച് തീർക്കുമെന്ന് തന്നെ കരുതുന്നു.
പ്രമുഖർ പലരും വായിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു ഗ്രന്ഥമാണിത്. കഴിഞ്ഞ മാസം അന്തരിച്ച ശ്രീ.എം.പി.വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന വിഖ്യാത യാത്രാവിവരണ ഗ്രന്ഥത്തിൽ ഈ പുസ്തകത്തെപ്പറ്റി പരാമർശമുണ്ട്. അതുകൊണ്ടുതന്നെയാകണം ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകൾ അച്ചടിക്കാനുള്ള അവകാശം മാതൃഭൂമി ബുക്ക്സിന് നൽകണമെന്ന് പറഞ്ഞ് ശ്രീ.വീരേന്ദ്രകുമാർ, ഗ്രന്ഥകർത്താവിന്റെ ഏക മകളും എന്റെ അമ്മായിയമ്മയുമായ ജ്യോതി വസന്തനെ വിളിക്കാറുണ്ട്. എറണാകുളത്ത് വരുമ്പോൾ മറ്റ് കാര്യങ്ങൾ നേരിട്ട് സംസാരിക്കാം എന്നായിരുന്നു അവർ തമ്മിലുള്ള ധാരണയെങ്കിലും ഇക്കാര്യം ചർച്ചചെയ്യാൻ അവർ രണ്ടുപേരും ഇപ്പോൾ ഈ ഭൂമുഖത്തില്ല.
35 വർഷം മുൻപ് ഇറക്കിയ ഒരു പുസ്തകത്തിന്റെ പരാധീനതകൾ പലതും ഇതിനുണ്ടെന്ന് പറഞ്ഞാൽ അത് പുസ്തകത്തിന്റെ ഉള്ളടക്കത്തിലല്ല, പക്ഷേ മറ്റ് പല കാര്യങ്ങളിലുമാണ്.
അതിലൊന്ന് പുസ്തകം അച്ചടിച്ചിറക്കിയ തീയതിയാണ്. ശ്രീ.എസ്.രാമചന്ദ്രൻ എഴുതിയ അവതാരികയുടെ തീയതിയിൽ നിന്ന് വേണം പുസ്തകം ഇറങ്ങിയത് 1985ൽ ആണെന്ന് അനുമാനിക്കാൻ. പുസ്തകം പ്രകാശനം ചെയ്തത് അന്നത്തെ കേരള ഗവർണ്ണർ ആയിരുന്ന ശ്രീ.പി.രാമചന്ദ്രനാണ്.
എം.ടി.യുടെ നിർമ്മാല്യം സിനിമ ഇന്നാണിറങ്ങിയതെങ്കിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി മലയാളികൾ പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണല്ലോ ? അത്തരത്തിൽ, ഇന്നത്തെ കേരളത്തിൽ സാമുദായികമായും മതപരമായും കുഴപ്പങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ചില പരാമർശങ്ങൾ ഈ ഗ്രന്ഥത്തിലുമുണ്ട്. ഒരു ഗവേഷണഗ്രന്ഥമായി കണക്കാക്കിയാൽ അത്തരത്തിൽ പല വിഷയങ്ങൾക്കും അവശ്യം വേണ്ടതായ ഗ്രന്ഥസൂചിക ഈ പുസ്തകത്തിൽ ഇല്ല എന്നതൊരു ന്യൂനതയാണ്. അടുത്ത പതിപ്പിൽ ചേർക്കാനായി ഗ്രന്ഥസൂചിക ഗ്രന്ഥകർത്താവ് തയ്യാറാക്കി വെച്ചിരുന്നെങ്കിലും മരണശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മുഴുവൻ കരുനാഗപ്പള്ളിയിലെ വിജ്ഞാനവർദ്ധിനി വായനശാലയ്ക്ക് സംഭാവനയായി നൽകിയ കൂട്ടത്തിലോ മറ്റോ ആ രേഖകൾ നഷ്ടപ്പെട്ട് പോയി.
വിവാദമായേക്കാവുന്ന അത്തരം പരാമർശങ്ങൾ ഒഴിവാക്കി ഇത് വീണ്ടും പ്രസിദ്ധീകരിക്കാൻ തയ്യാറായി ഒന്നുരണ്ട് പ്രസാധകർ മുന്നോട്ട് വന്നെങ്കിലും, 1985 പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത് വായിച്ചപ്പോൾ ഉണ്ടാകാതിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും, നിർമ്മാല്യം സിനിമ നമ്മൾ ഇന്നും കാണുന്നത് കഥാനായകൻ ദേവിയുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന ക്ലൈമാക്സ് രംഗത്തോടെ തന്നെയാണ് എന്നുമൊക്കെ ശക്തമായി വാദിച്ചത് ഞാനാണ്. അങ്ങനെ പല കാരണങ്ങളാൽ ഈ പുസ്തകം രണ്ടാമതൊരു പതിപ്പിറങ്ങാതെ ഇപ്പോഴും ഒതുങ്ങി നിൽക്കുന്നു. മാറ്റങ്ങളോടെ ഇത് വീണ്ടും പ്രസിദ്ധീകരിക്കുന്നത് മൺമറഞ്ഞ ഗ്രന്ധകർത്താവിനോടുള്ള അനീതിയാണെന്നാണ് എന്റെ പക്ഷം.
ഇനിയൊരു പതിപ്പിറക്കണമെങ്കിൽ അതിന്റെ കാര്യങ്ങൾ പ്രസാധകർ സംസാരിക്കേണ്ടത് അവകാശികൾ എന്ന നിലയ്ക്ക് ഗ്രന്ഥകാരന്റെ 5 മക്കളോടാണ്. പക്ഷേ, ആ മക്കളിൽ നാല് പേർ ഇഹലോകം വിട്ടുകഴിഞ്ഞു. അവശേഷിക്കുന്ന ഒരാൾ അമേരിക്കയിലാണ് സ്ഥിരതാമസം.
ഒരു പുസ്തകം അടിച്ചിറക്കുക എന്നത് ഇക്കാലത്ത് വലിയ കാര്യമൊന്നുമല്ല. ഒരാളുടെ സമ്മതിപത്രവും അയാളുമായുള്ള കരാറും മാത്രമേ ഇതിനാവശ്യമുള്ളൂ. എനിക്ക് കാണാൻ ഭാഗ്യമില്ലാതെ പോയ സ്നേഹനിധിയായ ആ വലിയ മനുഷ്യന്റെ ഈ പഠന ഗ്രന്ഥം മാറ്റങ്ങളൊന്നുമില്ലാതെ ഒരു പതിപ്പ് കൂടെ അച്ചടിച്ചിറക്കാൻ പറ്റണമെന്നതാണ് എല്ലാ വായനാദിനങ്ങളിലും തികട്ടിത്തികട്ടി വരുന്ന ഒരു വലിയ ആഗ്രഹം. അധികം വൈകാതെ അത് നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.