ഫേസ്ബുക്കിൽ നമ്മൾ ഇടുന്ന പോസ്റ്റുകൾ, (ഫേസ്ബുക്ക് അൽഗോരിതത്തിന്റെ ഉടായിപ്പുകൾ കാരണം) നമ്മുടെ സുഹൃത്തുക്കൾ എല്ലാവരും കാണുന്നില്ല, അവരുടെ പോസ്റ്റുകൾ നമ്മളും കാണുന്നില്ല എന്നുള്ള പ്രശ്നത്തിന് പരിഹാരമെന്നോണം, ഒരുപാട് സുഹൃത്തുക്കൾ ഒരു പൊതുലേഖനം പങ്കുവെച്ചിരിക്കുന്നത് കാണാനിടയായി.
ഈ വിഷയത്തിൽ എന്റെ ഒരു ചെറിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് തോന്നിയതുകൊണ്ട് ചിലത് താഴെ കുറിക്കുന്നു. ഇതെന്റെ വ്യക്തിപരമായ അഭിപ്രായവും നിലപാടും മാത്രമാണ്. മറ്റുള്ളവരോടുള്ള വിയോജിപ്പല്ല.
ഫേസ്ബുക്കിൽ എനിക്ക് വായിക്കണം എന്ന് ആഗ്രഹമുള്ള 30 പേരുടെ പ്രൊഫൈലുകൾ see first ആക്കിയിട്ടുണ്ട്. അത്രയും പേരുടെ പോസ്റ്റുകൾ ഞാൻ ഒരിക്കലും കാണാതെ പോകില്ല എന്നുറപ്പ്. 30 പേരിൽ കൂടുതൽ see first ആക്കാൻ ഫേസ്ബുക്ക് അനുവദിക്കുന്നില്ല. അതിൽ കൂടുതൽ പേരുടെ പോസ്റ്റുകൾ വായിക്കാൻ സമയം കിട്ടാറുണ്ടോ എന്നതാണ് മറ്റൊരു ചിന്താവിഷയം. സമയം കിട്ടാറുണ്ടെങ്കിൽ വായിക്കണമെന്ന് ഞാനാഗ്രഹിക്കുന്ന മറ്റ് സുഹൃത്തുക്കളുടേയും എഴുത്തുകാരുടേയും പ്രൊഫൈലുകൾ സെർച്ച് ചെയ്ത് ചെന്ന് വായിക്കാറുണ്ട്.
ഞാൻ വായിച്ചേ തീരൂ എന്ന് ആരെങ്കിലും ആഗ്രഹിക്കുന്ന ഒരു ലേഖനം ഉണ്ടെങ്കിൽ അത് എഴുതുന്നയാളോ വായിക്കുന്നയാളോ എന്നെ Tag ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ. അങ്ങനെയാകുമ്പോൾ എന്റെ സുഹൃത്ത് വലയത്തിനും അപ്പുറമുള്ള ലേഖനങ്ങളും എന്നിലേക്ക് എത്തുന്നു. ഇതോടെ എനിക്ക് വായിക്കേണ്ട എഴുത്തുകാരുടെ/സുഹൃത്തുക്കളുടെ/ ലേഖനങ്ങളുടെ വിഷയം തീരുന്നു.
ഇനി എന്റെ കുറിപ്പുകൾ വായിക്കുന്നവരുടെ കാര്യം. എന്റെ പോസ്റ്റുകൾ മിസ്സാകാതെ വായിക്കണം എന്നുള്ളവർക്ക് എന്റെ പ്രൊഫൈൽ see first ആക്കാം. അല്ലാത്തവർക്ക് വല്ലപ്പോഴും ഒരിക്കലെങ്കിലും വന്ന് ഒരുമിച്ച് പോസ്റ്റുകൾ വായിച്ച് പോകാം. വായിച്ചാൽത്തന്നെ ലൈക്കോ കമന്റോ ഷെയറോ ഒന്നും ചെയ്തില്ലെങ്കിലും ഒരു വിരോധവുമില്ല, അനിഷ്ടവുമില്ല. വായിച്ചില്ലെങ്കിലും സന്തോഷം.
ഞാൻ കുത്തിക്കുറിക്കുന്നത് കൂടുതൽ പേര് വായിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നത് ബ്ലോഗിങ്ങിന്റെ തുടക്ക (2007) കാലഘട്ടത്തിലാണ്. ഇപ്പോൾ അത്തരം ആഗ്രഹങ്ങളൊന്നുമില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞ് കഴിയുമ്പോൾ എന്റെ വേദനയും എല്ലിനിടയിലെ കിരുകിരുപ്പും തീരുന്നു. പിന്നെ സുഖം, സന്തോഷം, സമാധാനം.
കഴിഞ്ഞു. ഇതിനപ്പുറം ഒരുപാട് ലേഖനങ്ങൾ വായിച്ചു കൂട്ടാനുള്ള സമയം എനിക്കെന്നല്ല ഏതൊരാൾക്കും ഉണ്ടെന്ന് കരുതുന്നില്ല.
പക്ഷേ ഒരു കാര്യം ഉറപ്പിച്ചുപറയുന്നു. ഞാൻ ഒരിടത്ത് കമൻറ് അല്ലെങ്കിൽ ലൈക്ക് ഇട്ടിട്ടുണ്ടെങ്കിൽ അത് ആ ലേഖനം പൂർണ്ണമായും വായിച്ചതിനുശേഷം മാത്രമാണ്. ലേഖനത്തിനൊപ്പമുള്ള ചിത്രം മാത്രം കണ്ട് ലൈക്ക് ചെയ്യാറില്ല. ലേഖനം വായിക്കാതെ ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പതിവില്ല. ഇത്രയും കാര്യങ്ങൾ തുടർന്നും ഉറപ്പുനൽകുന്നു. പകരം എന്റെ ലേഖനങ്ങൾ ആരും വായിക്കണമെന്ന് ഒരു നിർബന്ധവുമില്ല.
ഉള്ളിലുള്ളത് ഏതെങ്കിലുമൊരു വെളിമ്പ്രദേശത്തെങ്കിലും പോയി നിന്ന് ഉറക്കെ വിളിച്ചു പറയണമെന്ന നിലയ്ക്ക് ഞാൻ ചെയ്യുന്ന ഒരു ഏർപ്പാട് മാത്രമാണ് ഈ ഓൺലൈൻ കുറിപ്പുകൾ. ആ വെളിമ്പ്രദേശത്ത് ഒരുപാട് ആൾക്കാർ തടിച്ചു കൂടിയിട്ടുണ്ടെങ്കിലും അവിടെ ആരുമില്ലെങ്കിലും എനിക്കൊരുപോലെയാണ്.
സസ്നേഹം
- നിരക്ഷരൻ
അന്നും ഇന്നും എപ്പോഴും