താമരശ്ശേരി ചുരത്തിൽ ഓട്ടവും സൈക്കിളിങ്ങും, ചെമ്പ്രയിൽ ട്രക്കിങ്ങ്.


“താമരശ്ശേരി ചുരം സൈക്കിൾ ചവിട്ടി കയറാൻ ഒരു ആലോചനയുണ്ട്. കൂടുന്നോ ?”

ചോദ്യം ബൈക്ക് സ്റ്റോറിന്റെ നെടും‌തൂണുകളിൽ ഒരാളായ വർമ്മാജിയുടേതാണ്.

രാമശ്ശേരി ചുരം. നമ്മടെ രാമശ്ശേരി ചുരം !!! ഒന്നങ്ങോട്ടോ ഇങ്ങോട്ടോ കടുകുമണിയോളം തെന്നിയാൽ എല്ലാം തവിടുപൊടിയാകുമെന്ന് പറഞ്ഞിട്ട് അതേ ചുരത്തിലൂടെ അഞ്ച് മിനിറ്റ് കൊണ്ട് റോഡ് റോളർ താഴെ എത്തിച്ചതിന് PWD യിൽ നിന്ന് അപ്പത്തന്നെ അവാർഡ് വാങ്ങിയ കുതിരവട്ടം പപ്പുവിന്റെ പ്രകടമായിരിക്കും താമരശ്ശേരി ചുരത്തെപ്പറ്റി പറയുമ്പോൾ ചുരം കണ്ടിട്ടില്ലെങ്കിലും സിനിമകൾ കാണാറുള്ള ഏതൊരു മലയാളിക്ക് മുന്നിലും തെളിഞ്ഞുവരിക.

11
താമരശ്ശേരി ചുരത്തിന്റെ ഭാഗിക ദൃശ്യം. കടപ്പാട്:- കേരള ട്രിപ്പ്സ്

12 കിലോമീറ്റർ ദൂരവും 9 ഹെയർ പിന്നുകളുമുള്ള ആ ചുരം സൈക്കിളിൽ കീഴടക്കാനാണ് ക്ഷണം. എറണാകുളത്തുനിന്ന് സൈക്കിളുകൾ വാഹനത്തിലേറ്റി ചുരത്തിനടിയിൽ ചെല്ലുന്നു. അവിടന്ന് മുകളിലേക്ക് ചവിട്ടിക്കയറുന്നു, അടുത്ത ദിവസം ചെമ്പ്ര മലയിലേക്ക് ട്രക്കിങ്ങ്, അന്ന് വൈകീട്ട് ചുരത്തിലൂടെ സൈക്കിൾ ചവിട്ടി താഴേക്ക്. ഇതാണ് പദ്ധതിയുടെ പൂർണ്ണരൂപം. വരുന്നില്ല എന്ന് പറയാൻ പ്രത്യേക കാരണമൊന്നും എനിക്കുണ്ടായിരുന്നില്ല.

ഞാൻ പക്ഷേ, എന്റെ പരിപാടിയിൽ ചെറിയൊരു മാറ്റം വരുത്തി, അത് വർമ്മാജിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ദീർഘദൂര ഓട്ടങ്ങളുടെ ക്രോസ് ട്രെയിനിങ്ങ് എന്ന നിലയ്ക്കാണ് ഞാൻ സൈക്കിളിങ്ങ് വ്യായാമത്തിലും ഇവന്റുകളിലും പങ്കെടുക്കുന്നത്. അതുകൊണ്ട്, മറ്റുള്ളവർ സൈക്കിളിൽ ചുരം കീഴടക്കുമ്പോൾ ഞാൻ അവർക്കൊപ്പം ചുരം ഓടിക്കയറുന്നു. അടുത്ത ദിവസത്തെ ട്രക്കിങ്ങും താഴേക്കുള്ള സൈക്കിളിങ്ങും കൂടെ ആകുമ്പോൾ വൈവിദ്ധ്യമുള്ള മൂന്ന് ഇനങ്ങളിൽ പങ്കെടുത്തെന്നുള്ള സന്തോഷവും ബാക്കി.

1 - Copy
സംഘാംഗങ്ങൾ:- വിൻഷാദ്, അജിത് വർമ്മ, നിരക്ഷരൻ

എത്രയോ വട്ടം പല വേഗത്തിൽ കയറിപ്പോയിട്ടുള്ള ചുരമാണ്. എത്രയോ വട്ടം ട്രാഫിക്ക് ബ്ലോക്കുകളിൽ‌പ്പെട്ട് മണിക്കൂറുകളോളം കിടന്നിട്ടുള്ള ചുരമാണ്. എത്രയോ വട്ടം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചുരത്തിന്റെ റോഡുകളെ ശപിച്ചുകൊണ്ട് കയറിപ്പോയിട്ടുണ്ട്. അന്നെല്ലാം പലതരം യന്ത്രവൽകൃത വാഹനങ്ങളിലായിരുന്നു സഞ്ചാരം. ഇപ്പോളിതാ മറ്റ് രണ്ട് തരത്തിൽ ചുരം മറികടക്കാനുള്ള അവസരം വന്നുചേർന്നിരിക്കുന്നു. ഞാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്തു തുടങ്ങി.

ഓട്ടവും സൈക്കിളിങ്ങും ചെയ്യുന്നവർ ഷട്ടിൽ കളിക്കാൻ പാടില്ലെന്ന് ഒരു അലിഖിത നിയമമുണ്ട്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചുവടുകൾ വെക്കേണ്ടി വരുമെന്നും അത് പരുക്കുകൾക്ക് വഴി തെളിക്കുകയും ചെയ്യും എന്നതാണ് കാരണം. ആ നിയമം തെറ്റിച്ച് അയൽ‌വാസികൾക്കൊപ്പം ഷട്ടിൽ കളിച്ചതുമൂലം വലത് കാൽ‌മുട്ടിനുണ്ടായ ചെറിയ പരുക്കാണ് അലട്ടുന്ന ഏക പ്രശ്നം. കുളമാവ് കുന്നിന്റെ ഹെയർ പിന്നുകൾ ഓടിക്കയറിയിട്ടുണ്ടെന്നത് മാത്രമാണ് ചുരം ഓടിക്കയറിയതിലുള്ള മുൻ‌പരിചയം. 16 കിലോമീറ്റർ മുകളിലേക്കും 16 കിലോമീറ്റർ താഴേക്കുമായി അന്നോടിയ 32 കിലോമീറ്റർ തന്നെയാണ് ഓട്ടത്തിൽ എന്റെ ഏറ്റവും വലിയ ദൂരം. നല്ല മഴയുള്ള ഒരു ദിവസമാണ് കുളമാവിൽ ഓടിയതെങ്കിൽ മഴയെല്ലാം തീർന്ന് വരൾച്ചയുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയത്താണ് താമരശ്ശേരി പദ്ധതി എന്നൊരു വ്യത്യാസവുമുണ്ട്.

11
സൈക്കിളുകൾ കയറ്റിയ ISUZU 4X4.

2017 ജനുവരി 07. വിൻ‌ഷാദിന്റെ ISUZU 4 x 4 പിക്ക് അപ്പിൽ നാല് സൈക്കിളുകൾ കയറ്റി സംഘാഗങ്ങളായ വർമ്മാജിയും വിൻഷാദും ജോസഫും ഞാനും എറണാകുളത്തുനിന്ന് അടിവാരം ലക്ഷമാക്കി പുറപ്പെട്ടു. വൈകീട്ട് മൂന്ന് മണിക്ക് അടിവാരത്തിൽ നിന്ന് ദൌത്യം തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും അൽ‌പ്പം വൈകിയാണ് അടിവാരത്തെത്താനായത്.

അവിടത്തെ ഗ്യാസ് സ്റ്റേഷനുകളിലൊന്നിൽ വാഹനം നിർത്തി തയ്യാറെടുപ്പുകൾ ആരംഭിച്ചു. സൈക്കിളുകളും കയറ്റി വരുന്ന ഒരു വാഹനത്തിൽ ജനശ്രദ്ധയുണ്ടാകുന്നത് അങ്ങോളമിങ്ങോളമുള്ള യാത്രയിൽ ഞങ്ങൾക്കനുഭവമാണ്. അവിടെയുള്ളവർക്ക് അത്ഭുതം. സൈക്കിളോടിച്ച് ചുരം കയറാനായി എറണാകുളത്ത് നിന്ന് വന്നിരിക്കുന്നോ ? “നിങ്ങൾക്ക് വട്ടുണ്ടോ“ എന്ന ചോദ്യം പച്ചയ്ക്ക് തന്നെ അതിൽച്ചിലർ ഉന്നയിക്കുകയുമുണ്ടായി.

dവർമ്മാജിയും വിൻഷാദും ദൌത്യം തുടങ്ങുന്നു.

രണ്ട് സൈക്കിളുകൾ താഴെയിറക്കി. വർമ്മാജിയും വിൻഷാദുമാണ് മുകളിലേക്ക് സൈക്കിൾ ചവിട്ടുന്നത്. ബാക്കിയുള്ള സൈക്കിളുകളുമായി ജോസഫ് IZUZU ഓടിച്ച് കയറ്റും. ഇറങ്ങുമ്പോൾ ഞാനും ജോസഫും സൈക്കിളിൽ. അങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് സൈക്കിളിങ്ങ് ക്ലബ്ബിലെ ചില അംഗങ്ങൾ ഞങ്ങൾക്കൊപ്പം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവർക്കാർക്കും പങ്കെടുക്കാനായില്ല.

വേഷം മാറുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. ആ ജോലി പെട്ടെന്ന് കഴിഞ്ഞു. സൈക്കിളോട്ടക്കാർ പെട്ടെന്ന് മുന്നോട്ട് കടന്നുപോകും. അതുകൊണ്ട് ഓട്ടക്കാരനായ ഞാൻ അവർക്കുവേണ്ടി കാത്തുനിൽക്കാതെ എന്റെ ജോലി ആരംഭിക്കേണ്ടതുണ്ട്. ആദ്യ ചുരത്തിന് അൽ‌പ്പം കീഴെ വരെയുള്ള ദൂരം ഏതെങ്കിലും ഒരു ബൈക്കിൽ ഒരു ലിഫ്റ്റ് കിട്ടുമോ എന്ന് നോക്കി നിന്നപ്പോൾ ഫൈസൽ എന്നൊരു ചെറുപ്പക്കാരൻ സഹായത്തിനെത്തി. അത്രയും ദൂരം പരസ്പരം പേരും നാളുമടക്കമുള്ള വിവരങ്ങൾ കൈമാറി ഞങ്ങൾ. എന്നെ ഇറക്കി വിടുന്നതിന് മുൻപ് എങ്ങോട്ടാണ് ഫൈസലിന് പോകേണ്ടത് എന്ന് ചോദിച്ചപ്പോൾ, എന്നെ വിടാൻ മാത്രമായി വന്നതാണ്, അയാളുടെ വീട് ഗ്യാസ് സ്റ്റേഷനടുത്ത് തന്നെയാണെന്ന് മറുപടി. എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കോഴിക്കോട്ടുകാർ, പൊതുവെ പറഞ്ഞാൽ മലബാറുകാർ അങ്ങനൊക്കെത്തന്നെയാണ്. ഒരാളെ സഹായിക്കാൻ പറ്റുന്ന കാര്യത്തിൽ ഒരിക്കലും പിന്നോക്കം നിൽക്കില്ല.

ഞാൻ ഓട്ടം ആരംഭിച്ചു. കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് കണ്ണുകൾ എന്നിൽ‌പ്പതിയുന്നുണ്ട്. അതൊരു തരത്തിൽ നല്ല ഊർജ്ജമാണ് പകർന്നു തരുന്നത്. അധികം വൈകുന്നതിന് മുൻപ് ബൈക്കിലെത്തിയ രണ്ട് പൊലീസുകാർ കുശലാന്വേഷണമെന്ന മട്ടിൽ ചോദ്യശരങ്ങളുമായി ഒപ്പം കൂടി. ഞാൻ ഓട്ടം നിറുത്താതെ തന്നെ മറുപടികൾ നൽകിക്കൊണ്ടിരുന്നു. മാവോയിസ്റ്റ് കാലമാണല്ലോ. അവരുടെ ജോലി ചെയ്യാതിരിക്കാൻ അവർക്കാവില്ലല്ലോ ? അതല്ലെങ്കിലും എറണാകുളം പൊലീസിന്റെ കണക്കിൽ ഞാനിപ്പോഴും പിടികിട്ടാപ്പുള്ളി തന്നെ ആണല്ലോ.

രണ്ടാമത്തെ ഹെയർ പിന്നെത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങി വന്ന ഒരപരിചിതൻ സൈക്കിളിങ്ങ് ടീമിനെപ്പറ്റി എന്നോട് തിരക്കി. കോഴിക്കോട് സൈക്കിളിങ്ങ് ക്ലബ്ബിലെ എബ്രഹാമായിരുന്നു അത്. ഞാനിട്ടിരിക്കുന്ന Soles of Cochin ന്റെ ടീ ഷർട്ട് കണ്ടതുകൊണ്ടാണ്  സൈക്കിളിങ്ങ് ടീമിനൊപ്പമാണ് ഞാനെന്ന് അദ്ദേഹം ഊഹിക്കുന്നത്. രാത്രി മേപ്പാടിയിലെ ഞങ്ങളുടെ ക്യാമ്പിൽ അദ്ദേഹവും കൂടുന്നുണ്ട്.

അഞ്ച് ഹെയർ പിന്നുകൾ കഴിഞ്ഞപ്പോഴേക്കും വാഹനവുമായി ജോസഫ് സമീപമെത്തി. അൽ‌പ്പം വെള്ളം കുടിച്ച് ഓട്ടം തുടർന്നു. ശനിയാഴ്ച്ച വൈക്കുന്നേരമായതുകൊണ്ടാകാം ഹെയർപിന്നുകളിൽ പലതിലും നല്ല ട്രാഫിക്ക് ബ്ലോക്ക് ഉണ്ട്. ഓട്ടക്കാരന് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കയറ്റത്തിൽ സ്വാഭാവികമായും ഓക്സിജൻ കൂടുതൽ ഉള്ളിലേക്കെടുക്കപ്പെടുന്നുണ്ട്. ഇവിടെ പക്ഷേ, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് വാഹനങ്ങളുടെ പുകയാണ്. ഓക്സിജന്റെ അസാന്നിദ്ധ്യം കൃത്യമായി മനസ്സിലാക്കാനാകുന്നു, ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നു. പെട്ടെന്ന് വാഹനങ്ങൾക്കിടയിൽ നിന്ന് ഓടിയകലുക എന്നതല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ല. വാഹനശല്യമൊന്നുമില്ലാതെ ഓടിയതുകൊണ്ടാകാം കുളമാവിലെ 16 കിലോമീറ്ററിൽ ബുദ്ധിമുട്ടൊന്നും ഇല്ലാതിരുന്നതെന്ന് ഞാനപ്പോൾ മനസ്സിലാക്കി.

c
ബ്ലോക്കിൽ‌പ്പെട്ട വാഹനങ്ങൾക്കിടയിലൂടെ

ഇരുട്ട് വീണ് കഴിഞ്ഞിരിക്കുന്നു. ചെറിയ തണുപ്പുമുണ്ട്. വിയർപ്പ് കണങ്ങൾ തണുപ്പിനൊപ്പം ചേർന്ന് ശരീരത്തെ കൂടുതൽ തണുപ്പിക്കുന്നത് പോലെ. അതൊരു സുഖമാണ്. ഓടുമ്പോൾ മഴപെയ്യുന്നത് പോലുള്ള സുഖം. എട്ടാമത്തെ ഹെയർ പിൻ കഴിഞ്ഞപ്പോൾ വർമ്മാജി സൈക്കിളുമായി ഒപ്പമെത്തി. പിന്നാലെ വാഹനങ്ങളിൽ എബ്രഹാവും ജോസഫും. ബൈക്കിൽ ഹൂബ്ലി വരെ പോയി മടങ്ങുന്ന (ഏകദേശം 600 കിലോമീറ്റർ) സഞ്ചാരിയൊരാൾ ഞങ്ങളെ പരിചയപ്പെടാനെത്തി. പല മാർഗ്ഗങ്ങളിലൂടെ രാജ്യത്തിന്റെ സ്പന്ദനങ്ങളറിയാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ, ഒരേ താൽ‌പ്പര്യക്കാർ. അവർ പങ്കുവെക്കുന്ന കഥകൾക്ക് പലതിനും വീരപരിവേഷമുണ്ട്. കണ്ടുനിൽക്കുന്നവർക്ക് വട്ടാണെന്നും സ്ഥിരത നഷ്ടപ്പെട്ടവരാണെന്നുമൊക്കെ തോന്നിയേക്കാം. പക്ഷേ, അത്തരം ചില അസ്ഥിരതകളാണ് ഇക്കൂട്ടർക്ക്, ജീവിതത്തെ മുന്നോട്ട് നീക്കുന്ന ഉത്തേജക കൂട്ടുകളാകുന്നത്.

13 ഹൂബ്ലി സഞ്ചാരിക്കും എബ്ബ്രഹാമിനും ഒപ്പം ചുരത്തിൽ.

A
എട്ടാമത്തെ ചുരത്തിന് ശേഷം വർമ്മാജിക്കൊപ്പം.

അവസാനത്തേതും ഒൻപതാമത്തേയുമായ ഹെയർ പിൻ മാത്രമാണ് ഇനി മുകളിലുള്ളത്. (Click Here for Video.) അത് കഴിഞ്ഞാൽ ലക്കിടി. അവിടന്ന് വാഹനത്തിൽക്കയറി ചെമ്പ്രയുടെ താഴ്വാരത്തുള്ള മേപ്പാടിയിൽ ഒരു പ്ലാന്റേഷൻ റിസോർട്ടിൽ അന്തിയുറങ്ങാനുള്ള ഏർപ്പാടുകൾ വർമ്മാജിയും എബ്രഹാമും കൂടെ തരപ്പെടുത്തിയിട്ടുണ്ട്.

ഒൻപതാമത്തെ ഹെയർ പിൻ രണ്ട് കിലോമീറ്ററോളം മുകളിലാണ്. ഇതുവരെ കഴിഞ്ഞതിനേക്കാൾ നല്ല കയറ്റവുമുണ്ട്. താമരശ്ശേരി ചുരത്തിൽ ഒരിടത്ത് പോലും നിരപ്പായതോ താഴേക്ക് സ്ലോപ്പുള്ള ഇടങ്ങളോ ഇല്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ പലവട്ടം ആ വഴിക്ക് പോയിട്ടുള്ള എനിക്കവസാനം ആ ചുരം ഓടിക്കയറേണ്ടി വന്നിരിക്കുന്നു !! അതൊരു പുതിയ അറിവായിരുന്നു, ശ്രദ്ധിക്കാതെ പോയ പാഠമായിരുന്നു.

eസൈക്കിളിൽ ചുരം കയറുന്ന വിൻഷാദ്.

വർമ്മാജിയുടെ സൈക്കിൾ മുന്നിൽക്കയറിപ്പോയി. വിൻഷാദ് ഇതുവരെ എത്തിയിട്ടില്ല. അധികം വൈകാതെ ഒൻപതാമത്തെ ചുരവും കടന്ന് വ്യൂ പോയന്റിലെ കാഴ്ച്ചക്കാരുടെ തിരക്കിലേക്ക് ഞാനും ചെന്നുകയറി. അസ്തമിച്ച ശേഷവും ചുവപ്പ് പൊഴിക്കുന്ന പകലോന്റെ വിഷാദത്തിലേക്ക് കണ്ണുനട്ട് നിൽക്കുന്ന വലിയൊരു ജനാവലി തന്നെയുണ്ട് അവിടെ. പക്ഷേ, അക്കൂട്ടത്തിലെങ്ങും ജോസഫോ വർമ്മാജിയോ ഇല്ല. അവരെ കണ്ടുപിടിച്ചാലേ യാത്ര തുടരാനാക്കൂ. ഇട്ടിരിക്കുന്ന വിയർത്തൊഴുകുന്ന വേഷമല്ലാതെ അഞ്ച് പൈസ പോലും എന്റെ പക്കലില്ല. എല്ലാം വാഹനത്തിലാണ്. ഞാൻ ഓട്ടം തുടർന്നു. ലക്കിടിയിലെ ഓറിയെന്റൽ സ്ക്കൂൾ ഓഫ് മാനേജ്മെന്റും കഴിഞ്ഞ് കുറേക്കൂടെ മുന്നിൽ അവർ കാത്തുനിൽക്കുന്നുണ്ട്. അങ്ങനെ ആദ്യത്തെ ദൌത്യം കഴിഞ്ഞിരിക്കുന്നു. ഇനിയെനിക്ക് പറയാം വാഹനമോടിച്ച് മാത്രമല്ല ഓടിയും ഞാനീ ചുരം കടന്നിട്ടുണ്ടെന്ന്.

fഫിനിഷിങ്ങ് പോയന്റിൽ വർമ്മാജിക്കൊപ്പം.

ഓട്ടം തീർന്നതോടെ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടു. ആ തണുപ്പിൽ അൽ‌പ്പം സൈക്കിൾ ചവിട്ടിയാൽ എങ്ങനെയിരിക്കും? വൈത്തിരി വരെയുള്ള 5 കിലോമീറ്റർ ദൂരം ഒപ്പം ചേരാൻ വർമ്മാജി റെഡി. വിൻഷാദ് മുകളിലെത്തുമ്പോൾ ജോസഫിനൊപ്പം വൈത്തിരിയിൽ കണ്ടുമുട്ടാം എന്ന തീരുമാനമെടുത്ത്, ഞാനും വർമ്മാജിയും സൈക്കിളിൽ പുറപ്പെട്ടു. സൈക്കിളിൽ പോകുമ്പോൾ കൂടുതൽ കാറ്റടിക്കുന്നതുകൊണ്ടാകാം തണുപ്പും കൂടുതലാണ്.

കാലിക്കറ്റ് സൈക്കിളിസ്റ്റുകളിലൊരാളാണ്, ഒരുപാട് ലോകപരിചയമുള്ള ഒരു വ്യവസായി കൂടെയായ ബിജു ജേക്കബ്ബ്. മേപ്പാടിയിലെ MY GARDEN OF EDEN എന്ന ബിജുവിന്റെ പ്ലാന്റേഷൻ റിസോർട്ടിൽ ക്യാമ്പ് ഫയർ ഇട്ട് ബാർബക്യൂ ചെയ്തുകൊണ്ടാണ് ഞങ്ങൾ അത്താഴം ആഘോഷമാക്കിയത്.

31 പ്ലാന്റേഷൻ ഉടമ ബിജു ജേക്കബ്ബ്.

ആളനക്കമില്ലാത്ത ആ തോട്ടത്തിൽ രാത്രിയ്ക്ക് അൽ‌പ്പം തണുപ്പ് കൂടുതലുള്ളത് പോലെ.  ക്യാമ്പ് ഫയറിന് മേമ്പൊടിക്ക് കാട്ടുകഥകൾ ഇഷ്ടം പോലെ. ആനയും പുലിയുമൊക്കെ ഇറങ്ങുന്നതിന്റെ കഥകൾ കേൾക്കാതെ ഒരിക്കൽ‌പ്പോലും ചുരമിറങ്ങിയിട്ടില്ല. ഇപ്രാവശ്യം അതിനൊപ്പം മാവോയിസ്റ്റ് കഥകളും അവരെ വകവരുത്തിയ കഥകളും കൂടെ ഇടം പിടിച്ചു. പ്ലാന്റേഷന്റെ മറ്റേ ചരുവ് നിലമ്പൂർ കാടുകളാണ്. രണ്ട് മാവോയിസ്റ്റുകൾ ‘കൊല്ലപ്പെട്ടത് ‘ അധികം ദൂരെയൊന്നുമല്ലെന്ന് ഇറക്കത്തിലേക്ക് ബിജു വിരൽ ചൂണ്ടി. തോക്കുമായി അങ്ങനെയേതെങ്കിലും മാവോയിസ്റ്റുകൾ കടന്നുവന്നാൽ അവർ ചോദിക്കുന്നതെന്തും (ആഹാരത്തിനുള്ളതിൽ കൂടുതലൊന്നും അവർ ചോദിക്കാറില്ലത്രേ!) നൽകിയേക്കണമെന്നും, മറ്റ് ബേജാറുകൾ ഒന്നും വേണ്ടെന്നും ആദ്യമേ തന്നെ ബിജു എല്ലാവർക്കും അറിയിപ്പ് നൽകി.

ആ വിരുന്ന് രാവേറെ നീണ്ടു. എനിക്കത്യാവശ്യം ക്ഷീണവും ഉറക്കവുണ്ട്. പല കോട്ടേജുകൾ ഉണ്ടായിരുന്നിട്ടും എല്ലാവരും കൂടെ ഒരു കോട്ടേജിൽത്തന്നെ ചുരുണ്ടുകൂടി. അതിന്റെ രസമൊന്ന് വേറെയാണല്ലോ.

22
ക്യാമ്പ് ഫയറും ബാർബക്യൂവും

2017 ജനുവരി 08. നേരം പുലർന്നതോടെ പലരുടെ പലസമയത്തുള്ള അലാമുകൾ ചിലച്ചുതുടങ്ങി. താമസിക്കുന്ന ഇടത്തിന്റെ ഭംഗി കൃത്യമായി മനസ്സിലാക്കണമെങ്കിൽ വെളിച്ചം വീഴുക തന്നെ വേണം. തലേന്ന് രാത്രി യാത്രയിൽ, കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ ഒരുപാട് ദൂരം കയറി വന്നതായി തോന്നുകയും ഏത് മലമൂട്ടിലേക്കാണ് അന്തമില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ആശങ്കപ്പെട്ടിരുന്നു. ലോകത്തിന്റെ ഒച്ചപ്പാടുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് ഒരിടം. അതാണ് MY GARDEN OF EDEN. ഒരു ഒളിത്താവളം പോലെ കഴിയാൻ പറ്റിയ സ്ഥലം. കൂട്ടത്തിൽ കഥയോ കവിതയോ ഒക്കെ വരുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം.

ഇനി എത്രയും പെട്ടെന്ന് ചെമ്പ്രയിലെത്തണം. മുൻ‌പൊരിക്കൽ ചെമ്പ്ര കയറിയിട്ടുണ്ട് ഞാൻ. അന്ന് കൂടെയുണ്ടായിരുന്നത് സഹപ്രവർത്തകനായ തൻസീറും ഗൈഡും മാത്രമാണ്. ഫോറസ്റ്റ് ഓഫീസിൽ ചെന്ന് അനുവാദം വാങ്ങി വേണം അന്ന് ചെമ്പ്ര ചവിട്ടാൻ. ഇന്നങ്ങനെയല്ല. എല്ലാം വനസംരക്ഷണസമിതിയ്ക്ക് കൈമാറിയിരിക്കുന്നു. നേരെ ചെമ്പ്രയുടെ കീഴേക്ക് ചെന്ന് ടിക്കറ്റെടുത്താൽ മതി. 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 750 രൂപയാണ് നിരക്ക്. മുകളിലേക്ക് ഓരോ ഗ്രൂപ്പും കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് കുപ്പികളുടേയും കവറുകളുടേയും എണ്ണമെടുത്ത ശേഷം 100 രൂപ കരുതലായി വാങ്ങുന്നുണ്ട് അവർ. അത്രയും സാധനങ്ങൾ തിരികെ കൊണ്ടുവന്നില്ലെങ്കിൽ ആ നൂറ് രൂപ സഞ്ചാരികൾക്ക് നഷ്ടമാകും. കാട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യം വീഴാതിരിക്കാൻ ഈ നടപടി വളരെയേറെ ഗുണം ചെയ്യുന്നുണ്ടെന്ന് ചെമ്പ്ര കയറാൻ തുടങ്ങിയപ്പോൾ ബോദ്ധ്യമാകുകയും ചെയ്തു.

14 സംഘാഗംങ്ങൾ എബ്രഹാമിനൊപ്പം ചെമ്പ്രയിൽ.

ചെമ്പ്ര ഒരു ഷോപ്പിങ്ങ് മാളിനേക്കാളും തിരക്കുള്ള ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ദിവസം മാത്രം 150ൽ പ്പരം ഗ്രൂപ്പുകൾ ചെമ്പ്ര കയറാൻ വന്നിട്ടുണ്ട്.  അവധി ദിനങ്ങൾ ആഘോഷിക്കാൻ മൈസൂര് നിന്നും ബാംഗ്ലൂര് നിന്നുമൊക്കെ യുവാക്കൾക്ക് എത്തിപ്പെടാൻ വളരെ എളുപ്പമുള്ള ഒരിടം. ആദ്യയാത്രത്തിൽ തിരികെ വരുന്നത് വരെ ഞങ്ങൾ മൂന്ന് പേരും നാലാമതൊരാളെ കണ്ടിട്ടില്ലെന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. നെഞ്ചോളം ഉയർന്ന് നിൽക്കുന്ന ചോടപ്പുല്ലുകൾ വകഞ്ഞ് മാറ്റി കാലെടുത്ത് കുത്തുമ്പോൾ ചവിട്ടുന്നത് കല്ലിലാണോ ചെളിയിലാണോ അതോ ഏതെങ്കിലും ഇഴജന്തുക്കളിലാണോ എന്നുപോലും മനസ്സിലാക്കാൻ പറ്റാത്ത അത്രയ്ക്ക് വന്യതയുണ്ടായിരുന്ന ചെമ്പ്രയിലിപ്പോൾ അങ്ങോട്ടുമിങ്ങോട്ടും തിരിയാനോ നടക്കാനോ പറ്റാത്ത അത്രയ്ക്ക് തിരക്ക്. പലയിടത്തും, ഒരാൾ ഇറങ്ങിയശേഷം വേണം അടുത്തയാൾക്ക് കയറാൻ എന്ന അവസ്ഥ. ഒരർത്ഥത്തിൽ ചെമ്പ്ര  മരിച്ചുകഴിഞ്ഞിരിക്കുന്നു. എനിക്ക് വല്ലാത്ത വ്യസനമാണുണ്ടായത്. ഇടയ്ക്കൽ ഗുഹയിലും കുറുവ ദ്വീപിലും ഇതൊക്കെത്തന്നെ അവസ്ഥ. 28 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച്, സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിച്ച് സ്വന്തമായി കുറച്ച് ഭൂമി വരെ ഞാൻ വാങ്ങിയിട്ട വയനാട് ഈ വയനാടല്ല. അതിരു കടന്ന ടൂറിസം വയനാടിന്റെ ശോഭ കെടുത്തിയിരിക്കുന്നു.

23മാനസ സരസ്സിനൊപ്പം ഒരു ചിത്രം. (ക്ലിക്ക്:-എബ്രഹാം)

മാനസ സരസ്സിന് മുകളിലേക്കുള്ള ചെമ്പ്രയിൽ സഞ്ചാരികളെ കടത്തി വിടുന്നില്ല ഇപ്പോൾ. ചെമ്പ്രയുടെ ഇടത്തട്ടിൽ ഹൃദയാകൃതിയിലുള്ള തടാകമാണ് മാനസ സരസ്സ്. ജനബാഹുല്യം നിയന്ത്രിക്കാൻ വനസംരക്ഷണ സേനയുടെ ജീവനക്കാർ നിതാന്ത ജാഗ്രതയോടെ പലയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗവും പുൽമേടുകളാണെങ്കിലും, അൽ‌പ്പം ചില ഭാഗത്ത് കാണുന്ന കാട്ടിൽ നിറയെ പാമ്പുകൾ ഉണ്ടെന്നവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഞങ്ങൾ അൽ‌പ്പം താഴെയുള്ള മറ്റൊരു കൊച്ചു തടാകത്തിന്റെ പരിസരത്തേക്ക് നടന്ന് അൽ‌പ്പനേരം അവിടെ വിശ്രമിച്ചു. തടാകത്തിന്റെ ചുറ്റിനും വന്യമൃഗങ്ങളുടെ കാൽ‌പ്പാടുകൾ കാണാം. മാനിന്റെ അടയാളങ്ങളാണ് കൂടുതലും. അവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഗൈഡ് ഇടപെട്ടു. സന്ധ്യയാകുന്നതോടെ മൃഗങ്ങൾ വെള്ളം കുടിക്കാൻ എത്തും. മനുഷ്യന്റെ തിരക്കൊഴിയാൻ അവറ്റകൾ ഈ കുറ്റിച്ചെടികൾക്കിടയിൽ കാത്തുനിൽക്കുന്നുമുണ്ടാകാം. അവർ നമ്മളെയാണ് കൂടുതൽ പേടിക്കേണ്ടത്. നമ്മളാണല്ലോ അവരുടെ ആവാസയിടങ്ങളിൽ അതിക്രമിച്ച് ചെന്ന് പ്രശ്നമുണ്ടാക്കുന്നവർ.

30സൈക്കിളിന് പിന്നിൽ ചെമ്പ്ര മുടി.

ഞങ്ങൾക്ക് കീഴടങ്ങാതെ മുകളിലങ്ങനെ തലയുയർത്തി നിൽക്കുന്ന ചെമ്പ്രയോട് വിടപറഞ്ഞ് ഇറക്കമാരംഭിച്ചു. വേനൽക്കാലത്ത് പെട്ടെന്നൊരു തീപിടുത്തം ഉണ്ടായാൽ ചെമ്പ്രയ്ക്ക് മുകളിലുള്ളവരെ രക്ഷിച്ച് താഴെ കൊണ്ടുവരാനാകില്ല എന്നതുകൊണ്ടാണ് ഇപ്പോൾ ഏറ്റവും മുകളിലേക്ക് പ്രവേശനം അനുവദിക്കാത്തത്. ഏതോയിനം ദേശാടനപ്പക്ഷികൾ മുകളിലുണ്ടെന്നും അവയ്ക്ക് ശല്യമുണ്ടാകാതിരിക്കാനാണെന്നും മാവോയിസ്റ്റ് പ്രശ്നം വന്നതിന് ശേഷമാണ് ഇങ്ങനെയെന്നുമൊക്കെ വേറെയുമുണ്ട് കേൾവികൾ. ഇത്രയും ആൾക്കാർ മുകളിലേക്ക് കയറിയാൽ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും കാരണമായിരിക്കാം. സെറ്റ് മുണ്ട് ഉടുത്ത് മല കയറാൻ വന്നിരിക്കുന്ന സ്ത്രീകളുടെ വലിയൊരു സംഘത്തെപ്പോലും ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു.  രണ്ടാഴ്ച്ച മുൻപ് ചൊക്രാ മുടിയിൽ ട്രെക്ക് ചെയ്ത വിൻഷാദിനും ജോസഫിനും ചെമ്പ്രയിലെ തിക്കും തിരക്കും നിരാശയാണ് നൽകിയത്.

മേപ്പാടിയിൽ നിന്ന് വൈത്തിരിയിൽ എത്തിയപ്പോൾ മൂന്ന് മണിയായി. ഉച്ചഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിലും കാര്യമായ വിശപ്പൊന്നും ഇല്ല. എബ്രഹാമിന്റെ വിവാഹ വാർഷികമാണിന്ന്. അത് പ്രമാണിച്ച് കാര്യമായ ഭക്ഷണം താഴ്‌വാരത്ത് ചെന്നിട്ടാകാമെന്ന് തീരുമാനമായി. ഞാൻ പിക്ക് അപ്പിൽ  നിന്ന് സൈക്കിളിറക്കി. രാവിലെ പുറപ്പെടുമ്പോൾ ജോസഫിന്റെ സൈക്കിൾ എബ്രഹാമിന്റെ കാറിന് മുകളിലാണ് കയറ്റിയത്. അതുകൊണ്ട് ആ കാറ് വന്നാലേ ജോസഫിന് എനിക്കൊപ്പം ചേരാനാകൂ. ലക്കിടിയിലെ കഫേയ്ക്ക് മുന്നിൽ കണ്ടുമുട്ടാം എന്ന ഉറപ്പോടെ ഞാൻ പെഡലിങ്ങ് ആരംഭിച്ചു. അവിടെ കാത്തുനിന്നെങ്കിലും നിർഭാഗ്യവശാൽ സംഘാഗങ്ങൾ ആരും അവിടെയെത്തിയില്ല. അവരെന്നെ കടന്ന് പോയോ അതോ പിന്നിലാണോ എന്നൊരു പിടിയുമില്ല. കുറച്ചുനേരം കൂടെ കാത്തുനിന്ന ശേഷം, ബാക്കി താഴെ ചെന്നശേഷം നേരിടാമെന്നുറച്ച് ഞാൻ ചുരത്തിലേക്കിറങ്ങി.

ഒന്നാമത്തെ ഹെയർ പിന്നിൽത്തന്നെ നല്ല ബ്ലോക്ക്. ഒരു സൈക്കിളുകാരന് കടന്നുപോകാൻ ട്രാഫിക്ക് ബ്ലോക്കൊന്നും പ്രശ്നമേയല്ല. താമരശ്ശേരി ചുരത്തിൽ, സ്ലോപ്പ് ഒരു ദിശയിലേക്ക് മാത്രമാണെന്ന് ആദ്യമേ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ ഒരിക്കൽ‌പ്പോലും പെഡൽ ചെയ്തില്ലെങ്കിലും സുഗമമായി താഴെയെത്തിയിരിക്കും. വളവുകളിൽ കാലുകൾ കൊണ്ട് സൈക്കിളിന്റെ ഗതി നിയന്ത്രിക്കുന്ന രീതി എനിക്കത്ര വശമില്ല. അതൊക്കെ പഠിപ്പിച്ച് തരാമെന്ന് ഏറ്റ ജോസഫ് കൂടെയുമില്ല. ഒറ്റയ്ക്കെങ്കിൽ ഒറ്റയ്ക്ക്. ഞാനാ ഇറക്കം നന്നായി ആസ്വദിക്കുക തന്നെ ചെയ്തു. ചിലയിടങ്ങളിൽ വേഗത 47 കിലോമീറ്റർ വരെ എത്തി. ഒന്നാം ഹെയർ പിന്നിൽ ബ്ലോക്കായതുകൊണ്ട്, മുകളിലേക്ക് വരുന്നവരെ ഒഴിച്ചാൽ, താ‍ഴെ വരെ ഞാനൊരു സൈക്കിൾ യാത്രക്കാരൻ മാത്രമാണ് ചുരമിറങ്ങാനുള്ളത്.

bഫയൽ ചിത്രം.(ക്ലിക്ക് സമോർ)

മിന്നൽ വേഗത്തിൽ താഴെയെത്തിയെന്ന് തോന്നി. ഇപ്പോൾ വിശപ്പ് സാരമായിത്തന്നെയുണ്ട്. സംഘാഗങ്ങളെ കണ്ടുപിടിക്കാൻ ഫോണെടുത്തപ്പോൾ എയർടെല്ലിൽ നിന്ന് പോർട്ട് ചെയ്യാൻ കൊടുത്തിരുന്നതുകൊണ്ടാകാം ഫോൺ പൂർണ്ണമായും പണിമുടക്കിയിരിക്കുന്നു. ഒരു ഫോൺ ചെയ്തോട്ടേ എന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് അറുത്ത് മുറിച്ച് മറുപടി തന്നു അവിടെ ആകെയുള്ളൊരു കടക്കാരൻ. അതെന്നെ ശരിക്കും അമ്പരപ്പിച്ചു. അയാൾ മനസ്സുകൊണ്ടുപോലും കോഴിക്കോട്ടുകാരനല്ലായിരിക്കാം. ആ കടയ്ക്ക് മുന്നിൽ നിന്നാണ് കഴിഞ്ഞ ദിവസം ബൈക്കിൽ കയറ്റി ഫൈസൽ എന്ന ചെറുപ്പക്കാരൻ എന്നെ അടിവാരത്ത് കൊണ്ടുപോയി വിട്ടത്.

അധികം കാത്തിരിക്കുന്നതിന് മുന്നേ ജോസഫ് താഴെയെത്തി. പിന്നാലെ രണ്ട് വാഹനങ്ങളിലായി വർമ്മാജിയും വിൻഷാ‍ദും എബ്രഹാമും. അങ്ങനെ ഓട്ടം, ട്രക്കിങ്ങ്, സൈക്കിളിങ്ങ് എന്നീ മൂന്നിനങ്ങളും ഉദ്ദേശിച്ചതുപോലെതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഒരു കാര്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. സൈക്കിൾ ചവിട്ടി ഞാനിനിയും ചുരം കയറിയിട്ടില്ല. പൂർണ്ണമായും തോറ്റുകൊടുക്കാൻ മനസ്സില്ല എന്ന ഭാവത്തിൽത്തന്നെയാണ് താമരശ്ശേരി ചുരത്തിന്റെ നിൽ‌പ്പ്. ഞാനിനിയും ഒരുപാട് വിയർക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും ഒരുറക്കം കഴിഞ്ഞുണർന്നപ്പോൾ ഉണ്ടായതല്ലല്ലോ താമരശ്ശേരി ചുരം.

Comments

comments

One thought on “ താമരശ്ശേരി ചുരത്തിൽ ഓട്ടവും സൈക്കിളിങ്ങും, ചെമ്പ്രയിൽ ട്രക്കിങ്ങ്.

  1. ആസ്വദിച്ചു വായിച്ചു .
    വയനാട്ടില്‍ പലതവണ പോയിട്ടുണ്ട് ..
    ഒക്കെ കാറോടിച്ചുമാത്രം . അതിനാല്‍ ചുരത്തിന്റെ സൌന്ദര്യം ഒരിക്കലും ശരിക്ക് ആസ്വദിക്കാന്‍ ആയിട്ടില്ല!
    ഒരിക്കല്‍ ഞാനും ഓടിക്കയറും ഈ ചുരം ……..

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>