പാലാരിവട്ടം മേൽ‌പ്പാലം ‘തകർന്നു‘.


55

രു സന്തോഷവാർത്തയുണ്ട്. നാളെ (13 ഏപ്രിൽ 2019) മുതൽ അറ്റകുറ്റപ്പണികൾക്കായി പാലാരിവട്ടം ഫ്ലൈ ഓവർ അടക്കുകയാണ്. ആ സിഗ്നൽ വഴി പോകുന്ന വാഹനങ്ങൾ ഏതൊക്കെ വഴിക്ക് തിരിഞ്ഞ് പോകണമെന്ന് ഈ പത്രക്കുറിപ്പ് വായിച്ച് മനസ്സിലാക്കുക. എന്തായാലും മേൽപ്പാലത്തിന് അടിയിലൂടെയും മുകളിലൂടെയുമുള്ള യാത്രകൾ താൽക്കാലികമായെങ്കിലും ഇന്നത്തോടെ അവസാനിക്കുകയാണ്. മാത്രമല്ല ഈ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് മേൽ‌പ്പാലം വീണ്ടും സഞ്ചാരയോഗ്യമാകുന്നത് വരെ എറണാകുളം മെഡിക്കൽ സെന്റർ മുതൽ ഇടപ്പള്ളി വരെ കൊടിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാൻ പോകുന്നത്. ആ വഴിക്ക് പോകണമെന്നുള്ളവർ കൂടുതൽ സമയം കൈയിൽ കരുതുകയോ മറ്റേതെങ്കിലും വ്ഴി തിരഞ്ഞെടുക്കുന്നതോ ആവും ബുദ്ധി.

2014 തറക്കല്ലിട്ട ഈ മേൽ‌പ്പാലം രണ്ടരക്കൊല്ലം സമയമെടുത്ത് 2016 ഒൿടോബറിലാണ് ഉത്ഘാടനം ചെയ്തത്. ഇതുണ്ടാക്കാൻ ചിലവഴിച്ചത് 72 കോടി രൂപ. ഒരു വർഷം പോലും തികയുന്നതിന് മുൻപ് ഈ മേൽ‌പ്പാലത്തിൽ പടുകുഴികൾ വീണത് അതിലൂടെ പോയിട്ടുള്ള ഏവരും നേരിട്ട് കണ്ടിട്ടുണ്ടാകും. ആ കുഴികളിൽ കുറച്ച് പാറക്കല്ലിട്ട് നിരത്തിയെങ്കിലും ഇപ്പോഴും അതൊന്ന് മര്യാദയ്ക്ക് ടാർ ചെയ്യാൻ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.

മേൽ‌പ്പാലത്തിന്റെ 1,2,3,7,10,12, പിയർ ക്യാപ്പുകൾക്ക് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടോൾ ഒഴിവാക്കാനായി ദേശീയപാത അതോറിറ്റിയെ മാറ്റി നിർത്തി കേരള ബ്രിഡ്ജസ് & റോഡ്സ് കോർപ്പറേഷനാണ് ഈ മേൽ‌പ്പാലം RDS പ്രോജൿറ്റ്സ് എന്ന കോൺ‌ട്രാൿടർ വഴി ഉണ്ടാക്കിയത്. ഇതിന് ശേഷം നിർമ്മാണം ആരംഭിച്ച് ഇതിന് മുന്നേ പണി തീർന്ന ഇടപ്പള്ളി മെട്രോ മേൽ‌പ്പാലത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നിരിക്കെ സർക്കാരിന്റെ വെള്ളാന കോർപ്പറേഷൻ ഉണ്ടാക്കുന്ന പാലങ്ങളുടേയും റോഡുകളുടേയുമൊക്കെ പിന്നാമ്പുറത്ത് നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും തട്ടിപ്പും വെട്ടിപ്പും ഒക്കെ എത്രത്തോളമാണെന്നുള്ളതിന് ഉദാഹരണമാണ് പാലാരിവട്ടം മേൽ‌പ്പാലം.

ഇത്തരം പാലങ്ങൾക്കും മറ്റും ഏറ്റവും കുറഞ്ഞത് 300 മുതൽ 400 വർഷം വരെയെങ്കിലുമാണ് ആയുസ്സ് ഉണ്ടാകേണ്ടത്. രണ്ടര കൊല്ലത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന ഒരു മേൽ‌പ്പാലത്തിന് എത്രകൊല്ലം ആയുസ്സ് പ്രതീക്ഷിക്കാമെന്നാണ് ? രണ്ടര കൊല്ലത്തിനുള്ളിലെ അവസ്ഥ ഇതാണെങ്കിൽ, അടുത്ത 10 കൊല്ലത്തിനുള്ളിൽ ഒരു ദാരുണ അപകടത്തോടെ ഈ പാലം നിലം‌പൊത്തുക തന്നെ ചെയ്യും. അതിൽ പെടാതിരുന്നാൽ കൊച്ചിക്കാരുടെ ഭാഗ്യം.

തൊട്ടപ്പുറത്ത് വൈറ്റിലയിലും കുണ്ടന്നൂരിലും രണ്ട് മേൽ‌പ്പാലങ്ങളുടെ കൂടെ പണി നടക്കുന്നുണ്ട്. അതൊന്ന് തുറന്ന് കിട്ടിയാൽ, ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവായി ശ്വാസം നേരെ വീഴുമെന്ന് വ്യാമോഹിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കിക്കോളൂ. ആ പാലങ്ങളുടെ ഗതിയും ഇത് തന്നെയാണ്. അത്രയ്ക്ക് നേരും നെറിയും ഇല്ലാത്ത ഒരു സർക്കാർ സംവിധാനമാണ് നമുക്കിന്നുള്ളത്. ഏത് പാർട്ടി ഭരിച്ചാലും അതിന് മാറ്റമൊന്നുമില്ല.

പാലാരിവട്ടം മേൽ‌പ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ കാരണം ഉണ്ടാകാൻ പോകുന്ന ഗതാഗതക്കുരുക്ക് ചെറുതൊന്നുമല്ല. ആയതിനാൽ ഓഫീസിലേക്കടക്കം യാത്ര പോകുന്നവർ ഒന്നോ രണ്ടോ മണിക്കൂർ നേരത്തേ വീട്ടിൽ നിന്നിറങ്ങിയാൽ നന്നായിരിക്കും.

പുതിയ ഹൈക്കോടതി കെട്ടിടത്തിന്റെ അവസ്ഥയും ഇതൊക്കെത്തന്നെ ആണെന്ന് നന്നായിട്ട് അറിയാമെങ്കിലും, ഹൈക്കോടതിയോട് ഒരപേക്ഷയുണ്ട്. ഈ മേൽ‌പ്പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട കരാറുകാർ, ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിങ്ങനെ എല്ലാത്തിനേയും കണ്ടെത്തി ശിക്ഷിക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ അത് ചെയ്യണം. പറ്റുമെങ്കിൽ സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് പിരിച്ചുവിട്ട് റോഡ്, പാലം പണികൾ KMRL പോലുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളെ ഏൽ‌പ്പിക്കാൻ നിഷ്ക്കർഷിക്കണം. അവരുണ്ടാക്കിയ പാലങ്ങളും റോഡുകളും നല്ല നിലവാരത്തിൽ നിൽക്കുന്നത് എന്തുകൊണ്ടെന്ന് പഠനം നടത്തി, അവരുടെ നിർമ്മാണ രീതികൾ പിന്തുടരാനുള്ള സംവിധാനം കൊണ്ടുവരണം.

Comments

comments

One thought on “ പാലാരിവട്ടം മേൽ‌പ്പാലം ‘തകർന്നു‘.

  1. പാലാരിവട്ടം മേല്പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നത് തിരഞ്ഞെടുപ്പിനു ശേഷം മതി എന്ന് സർക്കാർ തീരുമാനിച്ചു. ബ്ലൊക്കിൽപ്പെട്ട് ഉഴലുന്ന ജനങ്ങൾ ഭരിക്കുന്ന പാർടിയ്ക്കെതിരെ വോട്ട് ചെയ്താൽ അതും പ്രശ്നമല്ലെ. അതുകൊണ്ട് മെയ് ഒന്നിനു അറ്റകുറ്റപ്പണികൾക്കായി പാലം അടയ്ക്കാൻ തീരുമാനമായി. ഇപ്പോൾ കേൾക്കുന്നത് അറ്റകുറ്റപ്പണികൾ പൂർത്തിയാവാൻ മൂന്നു മാസം സമയം എടുക്കും എന്നാണ്. ഒരുമാസം കഴിഞ്ഞാൽ പിന്നെ മഴക്കാലം ആണ്. അതൊക്കെ കഴിഞ്ഞ് ഓണത്തിനെങ്കിലും ഈ പാലം തുറന്നാൽ പറയാം തുറന്നു എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>