സെപ്റ്റംബർ പകുതി ആകുമ്പോഴേക്കും ചൂട് കുറയും എന്നുള്ള കണക്കുകൂട്ടലിലാണ് രാജസ്ഥാനിലേക്ക് ഈ സമയത്ത് തിരിച്ചത്. ചിലരോടെല്ലാം സംസാരിച്ച് മനസ്സിലാക്കിയതാണ് ചൂടിന്റെ കാര്യം. പക്ഷേ കണക്കുകൂട്ടലുകൾ ശരിക്കും തെറ്റി.
ഇന്ന് റെക്കോർഡ് ചൂടായിരുന്നു. പാപി ചെന്നിടം പാതാളം എന്നത് പോലെ.
ജയ്സാൽമീർ എനിക്ക് നല്ല പരിചയമുള്ള നഗരം ആയതുകൊണ്ട് പ്രഭാതകൃത്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല. അതിന് ശേഷം ഭാഗിയെ അകംപുറം തേച്ച് കഴുകി മിനുക്കിയെടുത്തു. കേരളത്തിൽ നിന്ന് വരുമ്പോൾ ഒന്നു രണ്ടിടത്ത് മഴ പെയ്തെങ്കിലും, കൊച്ചി മുതലുള്ള അഴുക്ക് അവളുടെ മേൽ ഉണ്ടായിരുന്നു. ആ വൃത്തിയാക്കൽ പരിപാടി കഴിഞ്ഞപ്പോഴേക്കും ചൂടിന്റെ കാഠിന്യം ഞാനറിഞ്ഞു.
11 മണിയോടെ ജയ്സാൽമീർ കോട്ടയിലെത്തി. അവിടെ ആക്രികൾ വിൽക്കുന്ന കടയിലെ മഹേഷും ഷാളുകൾ വിൽക്കുന്ന കടയിലെ സമീറും ഇതിനകം എൻ്റെ നല്ല സുഹൃത്തുക്കളാണ്. അവരെ കണ്ടതിന് ശേഷം കോട്ടയിൽ എവിടെയെങ്കിലും ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് വൈകുന്നേരം വരെ അവിടെത്തന്നെ ഇരിക്കാൻ ആയിരുന്നു പരിപാടി. കോട്ടയെപ്പറ്റി വിശദമായി കഴിഞ്ഞ പ്രാവശ്യം ഞാൻ എഴുതിയിട്ടുള്ളതാണ്.
മഹേഷിനേയും സമീറിനേയും കണ്ടു. അവർക്ക് വലിയ സന്തോഷം. ഒരിക്കൽ വന്നുപോയ ടൂറിസ്റ്റ് പിന്നൊരിക്കൽ അവരെ അന്വേഷിച്ചു വന്ന അനുഭവം ഇല്ലത്രെ! അതിന് ഞാൻ ടൂറിസ്റ്റ് അല്ല സുഹൃത്തുക്കളേ. പരമ തെണ്ടിയായ നിരക്ഷരനാണ്.
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ ചുട്ടുപൊള്ളി. കണങ്കാലിൽ സോക്സ് മാറിക്കിടന്ന ഭാഗത്ത് കാലുപൊള്ളി എന്ന് പറഞ്ഞാൽ ചൂടിന്റെ തീക്ഷ്ണത മനസ്സിലാകുമല്ലോ.
ഒരു മാസമെങ്കിലും എടുക്കും രാജസ്ഥാൻ തണുക്കാൻ എന്ന് ഒരു കൂട്ടർ പറയുന്നു. മറ്റു ചിലർ പറയുന്നു, മൂന്ന് നാല് ദിവസത്തിനകം ചൂട് ശമിക്കുമെന്ന്. എന്തായാലും ഈ ചൂടിൽ യാത്രയും കോട്ട ചുറ്റലുമെല്ലാം ബുദ്ധിമുട്ടാകും. ഒരു മാസത്തേക്ക് ആരെങ്കിലും ഒരു ജോലി തരാമെങ്കിൽ ഇവിടെ എവിടെയെങ്കിലും കൂടാം. ചൂട് കുറഞ്ഞ ശേഷം കറക്കം ആരംഭിക്കാം. എന്നുപോലും ചിന്തിക്കുന്നുണ്ട്.
“നിനക്കെന്ത് പറ്റി നിരക്ഷരാ? ഇതിനേക്കാൾ വലിയ ചൂടത്ത് എണ്ണപ്പാടങ്ങളിൽ പണിയെടുത്തിട്ടില്ലേ? …… എന്ന് അന്തരംഗം ചോദ്യം ഉന്നയിച്ചു കൊണ്ടേയിരുന്നു.
“ആ പ്രായമല്ല ഇപ്പോൾ അന്തരംഗമേ” …. എന്നല്ലാതെ മറ്റ് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.
ഉച്ചക്ക് റസ്റ്റോറന്റിൽ നിന്ന് വിയർത്ത് കുളിച്ച് അവശനായി വരുന്ന എന്നെ കണ്ടപ്പോൾ തന്റെ കടയിൽ വിശ്രമിക്കൂ എന്ന് സമീർ പറഞ്ഞു. അങ്ങനെ എന്തെങ്കിലും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. വൈകീട്ട് 5 മണിവരെ സമീറിൻ്റെ ഷോൾ കടയിലെ മെത്തയിൽ കിടന്നുറങ്ങി.
വൈകീട്ട് കടയിൽ വന്ന ഫ്രഞ്ച് ദമ്പതികൾക്കും എനിക്കും, സിൽക്ക് റൂട്ട് കാലഘട്ടം മുതൽ അറബ് വംശജർ ഉപയോഗിച്ച് പോരുന്ന തലക്കെട്ട് പഠിപ്പിച്ച് തന്നു സമീർ.
ഇപ്പോൾ, സമീറിന്റെ കട അടച്ച് ഒരു റസ്റ്റോറന്റിൽ ഭക്ഷണത്തിന് ഇരിക്കുകയാണ് ഞങ്ങൾ രണ്ടുപേരും. ഞാൻ ദാ ഇപ്പോഴും വെട്ടി വിയർക്കുന്നു. ഇതിനൊരു പരിഹാരം വേണമല്ലോ?
ജയ്പൂരിൽ ഉള്ള ഓൺലൈൻ സുഹൃത്ത് മഞ്ജു പരീക്കിനെ Manju Pareek വിളിച്ചു. ആ ഭാഗത്തേക്ക് വിട്ടാൽ ചൂട് കുറവുണ്ടെങ്കിലോ? അവിടെ ഇത്രയും ചൂടില്ല എന്നാണ് മഞ്ജു പറയുന്നത്. അതിൻെറ കൃത്യമായ വിവരം നാളെ നൽകാമെന്ന് ഏറ്റിട്ടുണ്ട്.
നാളെ (സ)തനോത് മാതാ ക്ഷേത്രത്തിലേക്കും പാക്കിസ്ഥാൻ അതിർത്തിയിലുള്ള സീറോ പോയിൻ്റിലേക്കും പോകാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ജയ്സാൽമീറിൽ ബാക്കി വെച്ചത് ഈ രണ്ട് സ്ഥലങ്ങളാണ്. അത് കഴിഞ്ഞ് നാളെ രാത്രി കൂടെ ജയ്സാൽമീറീൽ തങ്ങേണ്ടിവരും. അടുത്ത ദിവസം ജയ്പൂരിലേക്ക്. അങ്ങനെയാണ് നിലവിലെ പദ്ധതി.
ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട്, ഇനിയുള്ള ചില ദിവസങ്ങളിൽ യാത്രയുടേതായ എല്ലാ ഹരവും നിങ്ങളിലേക്ക് പകർന്ന് തരാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. അഥവാ, ഇതെല്ലാം ചേർന്നതാണ് ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ എന്ന ഈ യാത്ര.
ശുഭരാത്രി കൂട്ടരേ.