E0-B4-95-E0-B5-8D-E0-B4-95-E0-B5-8D

റോഡ് മുറിച്ച് കടക്കുമ്പോൾ…


റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട് പെടുന്നവർ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഒരു സാധാരണ കാഴ്ച്ചയായി മാറിയിരിക്കുന്നു. നഗരത്തിലെ, സ്കൂളുകളും പ്രധാന ജങ്ഷനും അടക്കം പലയിടത്തും ട്രാഫിക്ക് പൊലീസ് നേരിട്ട് നിന്നാണ് റോഡ് കുറുകെ കടക്കാൻ ജനങ്ങളെ സഹായിക്കുന്നത്. സീബ്രാ ക്രോസ്സിങ്ങ് ഉള്ളയിടത്ത് പോലും വാഹനങ്ങൾ കാൽനടക്കാരെ വകവെക്കാതെ ചീറിപ്പായുന്ന സംസ്ക്കാരം പൊടിപൊടിക്കുന്നു. സീബ്രാ ക്രോസിങ്ങിൽ തങ്ങൾക്കാണ് കൂടുതൽ അധികാരം എന്ന് കാൽനടക്കാരും മനസ്സിലാക്കുന്നില്ല. ചിലർക്ക് നമ്മൾ വണ്ടി നിർത്തിക്കൊടുത്താലും അവർ മുന്നോട്ട് നീങ്ങില്ല. നമ്മൾ പോയിട്ടേ അവര് പോകൂ എന്ന നിലപാടാണ്. .ചിലരാകട്ടെ മുക്കാൽ ഭാഗം മുറിച്ച് കടന്ന റോഡ് തിരിച്ച് അപ്പുറത്തേക്ക് കടക്കും, ഒരു വാഹനം ദൂരേന്ന് വരുന്നത് കണ്ടാൽ. അങ്ങനെ പല പല പ്രശ്നങ്ങൾ.

നമ്മൾ ഒരു വാഹനത്തിലാണ് പോകുന്നത്. കാൽനടക്കാരനേക്കാൾ മുന്നേ എന്തായാലും വീടെത്തും, എന്ന ചിന്തയുള്ളതുകൊണ്ട് സീബ്രാ ക്രോസ്സിങ്ങിൽ അല്ലെങ്കിൽ‌പ്പോലും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവർക്കായി വാഹനം നിർത്തിക്കൊടുക്കുന്നത് എന്റെയൊരു പതിവാണ്. അതിനൊരു പ്രത്യേക സുഖം കൂടെയുണ്ട്. അത് പറയാനായിരുന്നു ഇത്രേം നീട്ടിവലിച്ച ഈ മുഖവുര.

എറണാകുളം നഗരത്തിലെ തിരക്കിലൂടെ കാറോടിച്ച് വരുകയായിരുന്നു ഒരു ദിവസം. കിൻ‌കോ ജങ്‌ഷനിലെ സീബ്രാ ക്രോസ്സിങ്ങിൽ എത്തിയപ്പോൾ സുമുഖനായ ഒരാൾ റോഡ് മുറിച്ച് കടക്കാൻ തുടങ്ങുന്നു. ഞാൻ വാഹനം നിറുത്തി. പിന്നെ മൊത്തം തലകൊണ്ടും കൈകൊണ്ടുമൊക്കെയുള്ള ആ‍ശയവിനിമയമായിരുന്നു. താങ്കൾ പൊയ്ക്കോളൂ എന്ന് ഞാൻ. വേണ്ട, ഞാൻ അപ്പുറം കടക്കാൻ തുടങ്ങുന്നതേയുള്ളൂ താങ്കൾ പൊയ്ക്കോളൂ എന്ന് കാൽ‌നടക്കാരൻ. വേണ്ട, സീബ്രാ ക്രോസ്സിങ്ങ് താങ്കളുടെ അധികാര മേഖലയാണ് താങ്കൾ പോകൂ എന്ന മട്ടിൽ ഞാൻ വീണ്ടും. അവസാനം ഞാൻ തന്നെ ജയിച്ചു. അദ്ദേഹം റോഡ് മുറിച്ച് കടന്നു. കൂട്ടത്തിൽ നന്ദി സൂചകമായി കൈ ഉയർത്തി കാണിക്കുകയും ഞാനത് വരവ് വെക്കുകയും ചെയ്തു. അതാണ് ഞാൻ പറഞ്ഞ ആ പ്രത്യേക സുഖം. പക്ഷെ, അതിനേക്കാൾ വലിയ അത്ഭുതവും സുഖവും ഒരു അഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞപ്പോളാണ് എനിക്ക് കിട്ടിയത്.

വീട്ടിലെത്തി വണ്ടി ഒതുക്കിയിട്ട് അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോൾ ഫോണിലേക്കൊരു മെസ്സേജ്……

”മനോജേട്ടാ, താങ്കളെന്നെ ഇപ്പോൾ റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിച്ചു. നന്ദി.” എന്നായിരുന്നു ആ സന്ദേശം. ഞാൻ ശരിക്കും ഞെട്ടി !!

ഇതുവരെ നേരിൽ കാണാത്ത, നേരിൽ സംവദിക്കാത്ത എന്റെ വളരെ അടുത്ത ഒരു ഓൺലൈൻ സുഹൃത്തായിരുന്നു അത്. കേരളം മുഴുക്കെയുള്ള സ്കൂളുകളും അദ്ധ്യാപകരും അദ്ദേഹത്തെ അറിയും എന്നെനിക്കുറപ്പാണ്. (ഞാനായിട്ട് കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഫേസ്ബുക്കിൽ ഈ ലേഖനം വായിച്ച ശേഷം അദ്ദേഹം തന്നെ അവിടെ വന്ന് ഹാജർ വെക്കുകയുണ്ടായി.) ഒരുപാട് സന്തോഷം തന്ന ഒരു മെസ്സേജായിരുന്നു അത്. നേരിൽ കാണാത്ത ഒരു സുഹൃത്ത് കാറിനകത്തിരിക്കുന്ന എന്നെ തിരിച്ചറിയുന്നു, മെസ്സേജ് അയക്കുന്നു. എനിക്കാകെ ചിലവായത് ഒരു ബ്രേക്ക് മാത്രം. ആ സുഖം പറഞ്ഞറിയിക്കാൻ എന്നെക്കൊണ്ടാവുന്നില്ല.

ഇന്ന് രാവിലെ, മുഴങ്ങോടിക്കാരിയെ എയർപ്പോർട്ടിൽ കൊണ്ടുപോയി കളഞ്ഞ് മടങ്ങും വഴി ഒരിടത്ത് റോഡ് ക്രോസ് ചെയ്യാൻ പാടുപെടുന്ന നാൽ‌പ്പതിനടുത്ത് പ്രായമുള്ള ഒരു സ്ത്രീ. രാവിലെ 7 മണി ആകുന്നതേയുള്ളെങ്കിലും പട്ടണം തിരക്കിലേക്ക് ഊളിയിട്ട് കഴിഞ്ഞിരിക്കുന്നു. ഞാൻ വാഹനം നിറുത്തി. അവർ റോഡ് മുറിച്ചുകടന്നു. ഞാൻ വാഹനം നിർത്തുമെന്ന് അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം. ഞാൻ വീണ്ടും വാഹനം മുന്നോട്ടെടുക്കുന്നതിന് മുൻപ് അവർ കാണിച്ച നന്ദി പ്രകടനം കണ്ടപ്പോൾ സന്തോഷത്തോടൊപ്പം ചിരിയും തിരതല്ലി. കിമോണ ഉടുത്ത ജപ്പാൻ വനിതകൾ കുമ്പിട്ട് വണങ്ങുന്നത് പോലെ ഒരു കൈ ശരീരത്തോട് ചേർത്ത് വട്ടം പിടിച്ച്, നന്നായി നടുവളച്ച് മറ്റേ കൈ മുഖത്തോട് ചേർത്ത് രണ്ട് പ്രാവശ്യം തുറന്നടച്ച് ഒരു നർത്തകിയെപ്പോലെ…… ഒരു ദിവസം തുടങ്ങാൻ ഇതിലും വലിയൊരു ആശീർവാദം ഇനി കിട്ടാനില്ല.

ഒരു കാര്യം എനിക്കുറപ്പാണ്. റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കാതെ ഹോൺ മുഴക്കി നമ്മൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ, നിസ്സഹായനായ കാൽനടക്കാരൻ നമ്മൾടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമ്പോൾ ഈ സുഖം ഒരിക്കലും കിട്ടില്ല.

Comments

comments

8 thoughts on “ റോഡ് മുറിച്ച് കടക്കുമ്പോൾ…

  1. ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്ത ഈ ലേഖനം കുറച്ച് ദിവസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.

  2. ചൂടുപിടിച്ച ജീവിതപാതയിലൂടെയുള്ള ഓട്ടത്തിനിടയില്‍ മനസ്സിന് ലഭിക്കുന്ന കുളിര്‍മ്മയുടെ
    സുഖം….!!
    ആശംസകള്‍

  3. സീബ്രാ ലൈനിൽ വണ്ടി നിർത്തിയപ്പോൾ പുറകെ വന്നവന്റെ ഹോണ്‍ അടിയും തെറിവിളിയും കേട്ട അനുഭവസ്തൻ.

  4. റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കാതെ ഹോൺ മുഴക്കി നമ്മൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ, നിസ്സഹായനായ കാൽനടക്കാരൻ നമ്മൾടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമ്പോൾ ഈ സുഖം ഒരിക്കലും കിട്ടില്ല.

  5. നാട്ടില്‍ എത്തിയാല്‍ റോഡ്‌ മുറിച്ചു കടക്കാന്‍ പേടിയാണ്, സത്യായിട്ടും… സീബ്രാ ക്രോസിംഗ് ഒന്നും ഒരു പ്രശ്നവുമില്ല വണ്ടിയോടിക്കുന്നവര്‍ക്ക്. നല്ല കുറിപ്പ്

  6. അതെ, ഇന്നിപ്പോള്‍ എല്ലാവര്‍ക്കും തിരക്കാണ്. വളരെ നല്ല പോസ്റ്റ്‌. എന്തായാലും അയാള്‍ മനോജ്‌ ചേട്ടനെ തിരിച്ചറിഞ്ഞല്ലോ. ഒരു ദിവസം ഞാനും ഇതുപോലെ ഒരു മെസ്സേജ് അയക്കും കേട്ടോ …

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>