വാർത്ത 1:- മലപ്പുറത്ത് എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍.
കമന്റ് 1:- സഹകരണ സ്ക്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.
വാർത്ത 2:- ഒക്ടോബര്‍ മുതല്‍ മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധം.
കമന്റ് 2:- പരേതന്റെ ആധാർ, സ്വർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ ലിങ്ക് ചെയ്യേണ്ടതെന്ന് കൂടെ അറിഞ്ഞാൽ പൂർത്തിയായി.
വാർത്ത 3:- മൂന്നാറില്‍ പുതിയ സബ്കളക്ടറും പണി തുടങ്ങി; കൈയ്യേറ്റം ഒഴിപ്പിച്ചതായി വ്യാജ റിപ്പോർട്ട് നൽകിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍.
കമന്റ് 3:- പുതിയ സബ് കളൿടർക്ക് ഉടനെ തന്നെ പ്രമോഷനോടുകൂടിയ സ്ഥലം മാറ്റം ഉണ്ടാകുന്നതാണ്.
വാർത്ത 4:- ലോക ആന ദിനത്തില്‍ ആനയെക്കൊല്ലാന്‍ റാഞ്ചിയിൽ സര്‍ക്കാര്‍ ഉത്തരവ്.
കമന്റ് 4:- എല്ലാദിവസവും കൊല്ലാക്കൊല ചെയ്യപ്പെടുന്ന നാട്ടാനകൾക്കും വേണമല്ലോ ഒരു രക്തസാക്ഷിദിനം.
വാർത്ത 5:- കൂടുതൽ മദ്യശാലകൾ തുറക്കാനായി സംസ്ഥാനപാതകളെ തരം താഴ്ത്താൻ മന്ത്രിസഭ തീരുമാനിച്ചു.
കമന്റ് 5:- പാതാളത്തോളം താഴ്ണ്ണ കേരള സംസ്ഥാനത്തിലെ പാതകളെ ഇനിയെന്തോന്ന് തരം താഴ്ത്താൻ ?
വാർത്ത 6 :- കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവര്‍ക്ക് രാജസ്ഥാനില്‍ മര്‍ദ്ദനമേറ്റു.
കമന്റ് 6: – കഴുതയ്ക്ക് ഒരു പശുവിന്റെ മുഖം മൂടി അണിയിച്ച് കൊണ്ടുപോയാൽ പോരായിരുന്നോ ?
വാർത്ത 7:- രാജ്യതാൽപ്പര്യത്തിനായി കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കില്ലെന്ന് മോദി.
കമന്റ് 7:- എണ്ണക്കമ്പനികൾ അവരുടെ സൌകര്യത്തിനനുസരിച്ച് നിത്യേന ഇന്ധനവില കൂട്ടുന്ന ഏർപ്പാട് നിർത്താക്കിക്കൊണ്ട് ഒരു തീരുമാനം എടുക്കാൻ പറ്റുമോ ?
വാർത്ത 8:- ഇന്നത്തെ ഇന്ത്യയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചേതന്‍ ഭഗത്ത്.
കമന്റ് 8:- മറ്റ് ജനങ്ങൾക്ക് അത് മുൻപേ മനസ്സിലായതാണ്. നോവലുകൾ എഴുതിത്തീർക്കുന്ന തിരക്കിൽ താങ്കൾ അറിയാതെ പോയതാവും.
വാർത്ത 9:- ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിങ്ഗ്യകളെ സഹായിക്കുമായിരുന്നെന്ന് ദലൈലാമ.
കമന്റ് 9:- ബുദ്ധനോ കൃസ്തുവോ കൃഷ്ണനോ ഇല്ലാതെ മനുഷ്യന് മനുഷ്യനെ സഹായിക്കാൻ പറ്റുന്നില്ലെന്നതാണ് മനുഷ്യകുലത്തിന്റെ പരാജയം.
വാർത്ത 10:- ക്ഷേത്രക്കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.
കമന്റ് 10:- മീനുകൾ മൃത്യുഞ്ജയഹോമം നടത്താൻ വിട്ടുപോയിക്കാണും.