ഖൊനോമ (സെമോമ കോട്ട) കോട്ട # 162 (GIE 2025-26. Day#15 – Dec 13)


12
കൊഹീമയിലെ റോങ്ങ്സെൻ ജാമിർ കുടുംബം, ഷൈനിക്കും എനിക്കും നൽകിയ ആതിഥ്യ മര്യാദയുടെ വിസ്മയം ഇപ്പോഴും വിട്ടു മാറിയിട്ടില്ല.

രാവിലെ ഉണരുമ്പോൾ പല്ല് തേക്കാനുള്ള ബ്രഷ്, കുളിക്കാനുള്ള സോപ്പ്, ടവ്വൽ എന്നിവയെല്ലാം രണ്ടാൾക്കും തയ്യാറാക്കി വെച്ചിരുന്നു. രാവിലെ കഴിക്കാൻ ഓട്സ്, ഓംലെറ്റ്, പുഴുങ്ങിയ മുട്ട, അംസു (നാഗ മധുരപലഹാരം) എന്നീ വിഭവങ്ങൾ പ്രാതലിന് നിരന്നു. നാഗരുടെ കുന്തത്തിൻ്റെ ചെറിയ മോഡലും സ്മോക്ക്ഡ് ചായപ്പൊടിയും മോസെൽനയുടെ കവിതാ സമാഹാരവും സമ്മാനമായി തന്നു. അനന്തരം ഞങ്ങളെ പടിവാതിൽക്കൽ വന്ന് യാത്രയയച്ചു.

വാടികാല ദീദിയുടെ വലിയ ആഗ്രഹമാണ് ഹൗസ്ബോട്ടിൽ യാത്ര ചെയ്യണമെന്ന്. എല്ലാവരേയും ഞാൻ കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നാറിലും കൊച്ചിയിലും ആലപ്പുഴയിലും ഒരാഴ്ച്ചയോളം അതിഥേയൻ ആയാലും എനിക്ക് കിട്ടിയ നാഗ ആതിഥേയത്തിന് പകരമാകില്ല.

ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ മനുഷ്യരുമായി നന്നായി ഇടപഴകാനും അവിടത്തെ ഭക്ഷണം രുചിക്കാനും കിട്ടുന്നതാണ്, ആ യാത്രയുടെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഞാൻ കരുതുന്നു. അത് നാഗാലാൻഡിൽ ആവോളം കിട്ടിയിരിക്കുന്നു. ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാൻ പാകത്തിന്. റോങ്ങ്സെൻ ജാമിർ കുടുംബത്തിന് ഒരുപാട് നന്ദി.

ഇന്നത്തെ ദിവസം പോകാൻ പദ്ധതി ഇട്ടിരിക്കുന്നത് പ്രധാനമായും നാഗാലാൻഡിലെ ആദ്യത്തെ കോട്ടയും ഏക കോട്ടയുമായ ഖൊനോമ അഥവാ സെമോമ കോട്ടയിലേക്കാണ്. 2023ൽ ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ അജുവിനും Aju Vechoochira സംഘത്തിനും ഒപ്പം നാഗാലാൻഡിൽ വന്നപ്പോൾ ഈ കോട്ടയിൽ ഞാൻ പോയിട്ടുണ്ട്. പക്ഷേ അന്നത്തെ തിരക്കിനിടയിൽ കോട്ട ഔദ്യോഗികമായി ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ആ ജോലിയാണ് ഇന്ന് നിർവ്വഹിക്കാനുള്ളത്.

വില്ലേജിലേക്കുള്ള വഴിയിൽ നാഗ ഫെഡറൽ സർക്കാരിൻ്റെ ആദ്യ പ്രസിഡൻ്റായ Khrisanisa Seyie യുടെ ശവകുടീരത്തിലെ ശിലയിൽ ഒരു സഞ്ചാരിയും നിർത്താതെ പോകില്ല. അതിന് കാരണങ്ങൾ രണ്ടാണ്. ഒന്ന് അവിടെ നിന്നുള്ള താഴ്വാരത്തിന്റെ മനോഹരമായ കാഴ്ച. രണ്ട്, ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.

Khrisanisa Seyie യുടെ ശവകുടീരത്തിലെ ശിലയിൽ എഴുതിവെച്ചിരിക്കുന്നത് അല്പം വിചിത്രമായ ഒരു കാര്യമാണ്.

“Nagas are not Indians; their territory is not a part of the Indian Union. We shall uphold and defend this unique truth at all costs and always”

എന്നാണ് അദ്ദേഹം പറയുന്നത്. ഫെഡറൽ ഇന്ത്യയിൽ ഇങ്ങനെയുള്ള ഒരു ഫലകം എന്തുകൊണ്ട് ഇപ്പോഴും പ്രദർശിപ്പിക്കപ്പെടുന്നു എന്ന് ഏതൊരു ഇന്ത്യക്കാരനും മൂക്കത്ത് വിരൽ വെക്കുമെന്നതിൽ തർക്കമില്ല.

Khrisanisa Seyie യുടെ ശവകുടീരത്തിൻ്റെ തൊട്ടടുത്ത് തന്നെ Sievizo Siyie എന്ന നാഗൻ ക്യാപ്റ്റൻ്റെ പ്രതിമയും ഉണ്ട്. ക്യാപ്റ്റൻ Sievizo Siyieയെ ആസ്സാം റൈഫിൾസ് അറസ്റ്റ് ചെയ്തത് ഒരു ഇന്ത്യൻ പട്ടാളക്കാരനെ കൊന്നു എന്ന കുറ്റത്തിനാണ്. അതേപ്പറ്റി ചോദിച്ചപ്പോൾ Sievizo Siyie പറഞ്ഞു. “ ഞാൻ ഒന്നിലധികം ഇന്ത്യൻ പട്ടാളക്കാരെ കൊന്നിട്ടുണ്ട്. ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ, ഞങ്ങളുടെ ആൾക്കാരെ പച്ചയ്ക്ക് കത്തിക്കുമ്പോൾ, അവരെ വെടിവെച്ച് കൊല്ലുമ്പോൾ, ക്രൂരമായി മർദ്ദിക്കുമ്പോൾ, അഹിംസ എന്ന് പറഞ്ഞ് മാറി നിൽക്കാൻ എനിക്കാവില്ല.“

ഇന്ത്യൻ ക്യാപ്റ്റൻ അദ്ദേഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ചെയ്തത് കുറ്റമാണെന്ന് കരുതാത്തതുകൊണ്ട് മാപ്പ് പറയാനാവില്ലെന്ന് Sievizo Siyie ഉറച്ചുനിന്നു. ഇന്ത്യൻ ക്യാപ്റ്റൻ Sievizo Siyieൻ്റെ കണ്ണുകൾ മൂടിക്കെട്ടി വെടിയുതിർത്തു. പക്ഷേ ശരീരത്തിലേക്കല്ല വെടി വെച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ അടുത്ത പ്രാവശ്യം ഉണ്ടകൾ ശരീരം വഴി കയറിയിറങ്ങുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും Sievizo Siyie മാപ്പ് പറയാൻ തയ്യാറായില്ല. മതിയായ തെളിവുകൾ ഇല്ലാത്തതുകൊണ്ട് അവസാനം Sievizo Siyieയെ വെറുതെ വിട്ടു.

ഈ സ്മാരകങ്ങളിൽ നിന്ന് അധികം ദൂരത്തല്ല ഖൊനോമ വില്ലേജ്.

ധാരാളം സഞ്ചാരികൾ വന്നു പോകുന്ന ഇടമാണ് ഖൊനോമ വില്ലേജ്. നാഗാലാൻഡ് ഭംഗിയും വൃത്തിയും ആസ്വദിക്കാൻ പറ്റിയ ധാരാളം വില്ലേജുകൾ അത്തരത്തിലുണ്ട്.

2023ൽ നിന്ന് ഒരുപാട് വ്യത്യാസം വന്നിരിക്കുന്നു കാര്യങ്ങൾക്ക്. വില്ലേജിലേക്ക് എത്തുന്നതിന് മുന്നേ തന്നെ റോഡിൽ 50 രൂപ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്. മുൻപ് അത് വാങ്ങിയിരുന്നത് വില്ലേജിന്റെ കവാടത്തിലാണ്. അങ്ങോട്ടുള്ള റോഡ് പുതുക്കി പണിത് കൊണ്ടിരിക്കുന്നത് കൊണ്ട് ചെറിയ ഗതാഗത വ്യതിയാനം ഉണ്ട്. സത്യത്തിൽ വില്ലേജിൽ ഇപ്പോൾ ഒരുപാട് വലിയ കെട്ടിടങ്ങൾ വന്നിരിക്കുന്നു. വില്ലേജ് എന്ന് പറയാനാവാത്ത അവസ്ഥ. എങ്കിലും വൃത്തിക്കും വെടിപ്പിനും ഒരു കുറവ് സംഭവിച്ചിട്ടില്ല.

വില്ലേജിനുള്ളിലേക്ക് കടന്നാൽ കാഴ്ചകളെല്ലാം കണ്ട് ഏതാണ്ട് ഏറ്റവും മുകൾഭാഗത്ത് എത്തുമ്പോൾ കോട്ട കാണാം. കഷ്ടി 500 ചതുരശ്ര അടി വിസ്തൃതിയേ കോട്ടയ്ക്ക് ഉണ്ടാകൂ. മുൻപ് കണ്ടിട്ടുള്ളതുകൊണ്ട് മാത്രമാണ് ഞാനത് ഒരു കോട്ട എന്ന നിലയ്ക്ക് പെട്ടെന്ന് തിരിച്ചറിയുന്നത്.

മൂന്ന് പ്രാവശ്യം തകർക്കപ്പെടുകയും പുനരുദ്ധാരണം നടത്തപ്പെടുകയും ചെയ്തിട്ടുള്ള കോട്ടയാണ് അത്. അതിന്റെ നാൾവഴി ഇപ്രകാരമാണ്.

* സെമോമ കോട്ട നിർമ്മിക്കപ്പെട്ടത് 1825ലാണ്.

* 1850ൽ ആദ്യത്തെ ആഗ്ലോ നാഗ യുദ്ധം ഇവിടെ നടന്നു.

* 1879 ൽ രണ്ടാമത്തെ ആംഗ്ലോ നാഗ യുദ്ധവും ഇവിടെ വെച്ച് നടന്നു. അനന്തരം കോട്ട തകർക്കപ്പെട്ടു.

* 1890ൽ കോട്ട പുനഃനിർമ്മിക്കപ്പെട്ടു.

* 1906ൽ ബ്രിട്ടീഷ് സർക്കാർ കോട്ട വീണ്ടും തകർത്തു.

* 1919ൽ കോട്ട വീണ്ടും പുനഃനിർമ്മിക്കപ്പെട്ടു.

* 1956 ലെ ഇന്തോ-നാഗ അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിൽ കോട്ട വീണ്ടും തകർക്കപ്പെട്ടു.

* 1990ൽ നാലാമത്തെ പ്രാവശ്യം കോട്ട പുനഃനിർമ്മിക്കപ്പെട്ടു.

ആരാണ് കോട്ട നിർമിച്ചതെന്ന് മനസ്സിലാക്കാനായില്ല. 500 ചതുരശ്ര അടി വലിപ്പത്തിൽ ഒരു കോട്ട നിർമ്മിക്കേണ്ട ആവശ്യമില്ലല്ലോ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്ന ആ മലയുടെ മുകൾഭാഗം മുഴുവനായി കോട്ട ഉണ്ടായിരുന്നു എന്നാണ്. പല തകർക്കപ്പെടലുകൾക്ക് ശേഷം നാമമാത്രമായ ഒരു ഭാഗം ഇപ്പോൾ നിലനിർത്തിയിരിക്കുന്നു. ബാക്കിയെല്ലാം വില്ലേജിന്റെ ഭാഗമായി മാറി.

വില്ലേജിനുള്ളിൽ, കോട്ടയിൽ നിന്ന് അല്പം മാറി, കാണാനാവുന്ന, രാഷ്ട്രീയ ഉദ്യോഗസ്ഥൻ ദാമന്ദിന്റേയും മേജർ കോക്കിന്റെയും സുബൈദാര്‍ നുർബീർ സാഹിയുടേയും സ്മാരകം സൂചിപ്പിക്കുന്നത്, അത്രയും ഭാഗത്ത് പരന്നു കിടന്നിരുന്ന ഒന്നാണ് ഈ കോട്ട എന്ന് തന്നെയാണ്. നാഗന്മാർ ദാമന്തിന് വധിച്ച കൂട്ടത്തിൽ മേജർ കോക്കും സുർബീറും കൊല്ലപ്പെട്ടു. 1879 ഒക്ടോബർ 14ന് നടന്ന സംഭവമാണ്. അതേവർഷം നവംബർ 22ന് പട്ടാളം തിരിച്ചടിച്ചു. അങ്ങനെയാണ് യുദ്ധം ഉണ്ടാകുന്നത്.

സത്യത്തിൽ 2023 ഞാൻ ഇവിടം സന്ദർശിക്കുമ്പോൾ ഈ കോട്ടയുടെ പേര് ഇന്ത്യയിലെ കോട്ടകളുടെ വിക്കിപീഡിയ ലിസ്റ്റിൽ പോലും ഇല്ലായിരുന്നു. അതവിടെ എഴുതി ചേർത്തത് ഞാനാണ്. എന്തുകൊണ്ടോ ആരും അതിന്റെ ആധികാരികത ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

കോട്ടയിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും എത്തിയിരിക്കുന്ന ചെറുപ്പക്കാർ അഞ്ചുപേരുടെ ഒരു സംഘവുയി ഞങ്ങൾ പരിചയപ്പെട്ടു. മൂന്ന് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. ചെറുപ്പക്കാർ ഇങ്ങനെ യാത്ര ചെയ്യുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്.

വില്ലേജിന്റെ കവാടത്തിന് അടുത്തുള്ള ചെറിയ റസ്റ്റോറന്റിൽ നിന്ന് ഞാൻ ഉച്ച ഭക്ഷണം കഴിച്ചു. ഷൈനി ഉച്ചഭക്ഷണം കഴിക്കാറില്ല. അനന്തരം ഞങ്ങൾ സുലേഖേ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രി അവിടെ തങ്ങാനാണ് പദ്ധതി. 24 കിലോമീറ്റർ ദൂരമുണ്ട്. ഒരു മണിക്കൂറോളം യാത്ര. അതൊരു ഹിൽ സ്റ്റേഷൻ ആണ്. അവിടെ കൊഹീമയേക്കാൾ തണുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

ചെറിയൊരു അരുവി ഒഴുകി വരുന്നതിന്റെ ഇരുവശവും വലിയ മലനിരകളാണ്. അരുവി ഒഴുകി ഒരു ദ്വാരത്തിലൂടെ കടന്നാണ് മുന്നോട്ട് നീങ്ങുന്നത്. അത്തരം ദ്വാരങ്ങളെ നാഗർ വിളിക്കുന്ന പേരാണ് സുലേഖേ. മനോഹരമായ ആ ഭൂപ്രകൃതിയിൽ അരുവിക്കരയിൽ ടെന്റടിച്ച് തങ്ങാനാണ് ഞങ്ങൾ പദ്ധതി ഇട്ടിരുന്നത്.

അവിടെ ടെന്റ് അടിക്കാൻ വഴിമദ്ധ്യേ കാണുന്ന ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത് ആളൊന്ന് 100 രൂപ കൊടുക്കണം. ഞങ്ങൾ ചെല്ലുമ്പോൾ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് നേരെ ക്യാമ്പ് സൈറ്റിലേക്ക് നീങ്ങി. അധികം വൈകാതെ രണ്ട് ചെറുപ്പക്കാർ സൈറ്റിൽ വന്ന് ഞങ്ങളുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.

ഇരുള് വീണു വീഴുന്നതിനു മുന്നേ തണുപ്പിന്റെ സ്വഭാവം മാറി. രാത്രി തണുപ്പ് കനക്കും എന്ന മുന്നറിയിപ്പ് കൂടെയായിരുന്നു അത്.

പകൽ മുഴുവൻ ക്യാമ്പ് ചെയ്ത വലിയൊരു സംഘം മടങ്ങി പോകാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നു. വേൾഡ് ബാങ്കിന്റെ ഒരു ടീമായിരുന്നു അത്. അക്കൂട്ടത്തിൽ തൃശ്ശൂരിൽ നിന്നുള്ള ഐശ്വര്യ ഞങ്ങൾക്ക് രാത്രി കഴിക്കാനുള്ള ഭക്ഷണം തന്നു.

ഒറ്റയ്ക്കും കൂട്ടാമായും വേറെയും ചിലർ ക്യാമ്പ് ചെയ്യുന്നുണ്ട്. എല്ലാവരും കാണുന്നുണ്ട് ഞങ്ങൾക്ക് ആയാൽ വിറകില്ല. പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ വിറക് വാങ്ങിക്കൊണ്ട് വരണമായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നീടാണ്. എങ്കിലും അവിടന്നും ഇവിടുന്നുമൊക്കെ കുറച്ചു വിറക് സംഘടിപ്പിച്ചു തീ കാഞ്ഞു. അത് അടയുന്നതിനു മുന്നേ ഭക്ഷണം കഴിച്ച് ഷൈനി Shyni TheRider ടെന്റിലേക്കും ഞാൻ ഭാഗിലേക്കും കയറി കിടന്നു.

പുറത്ത് തണുപ്പ് കനക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ തെർമൽ കുപ്പായങ്ങൾ വലിച്ചു കയറ്റി.

ശുഭരാത്രി.

#greatindianexpedition2025_26 #niraksharan
#dzuleke
#northeastindia
#motorhomelifestyle
#khonomafort
#semomafort
#fortsofindia
#nagalandfort

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>