
ആദ്യകാലത്തെ AI ഇമേജുകളെപ്പോലെയല്ല ഇപ്പോളുള്ളത്. കുറേക്കൂടെ കൃത്യത വന്നിട്ടുണ്ട്. ഇനിയങ്ങോട്ട് ആ കൃത്യത കൂടിക്കൂടി വരുകയും ചെയ്യും. എന്നാലും ശ്രദ്ധിച്ചു നോക്കുന്നവർക്ക് നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടൊന്നുമില്ല.
ഇത്തരം AI ഇമേജുകൾക്കടിയിൽ പോയി കമൻ്റിട് ഇളിഭ്യരാകുന്ന മലയാളികളെ കാണുമ്പോൾ സഹതാപവും സങ്കടവും തോന്നുന്നതിനാലാണ് ഈ പോസ്റ്റിടുന്നത്.
318K ഫോളോവേർസ് ഉള്ള ‘WORLD മലയാളി’ എന്നൊരു പേജ് പരിചയപ്പെടുത്താം. AI ഇമേജുകളിലൂടെ മനുഷ്യന്മാരെ വിഡ്ഢികളാക്കുന്ന ഒരു കൂട്ടരാണിവർ. അവരുടെ അത്തരം ഇമേജുകളിൽ ഒന്നാണ് ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്നത്. സുഖം ഇല്ലാത്ത കുടുംബം ആണെന്ന മുഖവുരയോടെ ഒരു അച്ഛനേയും അമ്മയേയും കുട്ടിയേയുമാണ് കാണിച്ചിരിക്കുന്നത്. മൂന്ന് പേർക്കും ഇരുകൈകളും ഇല്ല. ഞങ്ങൾക്ക് ഒരു ഹായ് തന്നുകൂടെ എന്ന് മാത്രമാണ് ഈ ‘കുടുംബം’ ചോദിക്കുന്നത്. അനുകമ്പ വഴിഞ്ഞൊഴുകുന്ന മണ്ടൻ മലയാളിക്കൂട്ടം കമൻ്റുകളും ആശംസകളും കൊണ്ട് ആ പോസ്റ്റിനെ വൈറലാക്കുന്നു. AI പോസ്റ്റ് പടച്ചുണ്ടാക്കിയ WORLD മലയാളിക്ക് അതിലൂടെ ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കുന്നു. പോരേ പൂരം?
വിജ്ഞാനപ്രദമായ പോസ്റ്റുകളും വീഡിയോകളും ഇട്ട് പണമുണ്ടാക്കിക്കൂടെ പരാന്നഭോജികളേ. ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടും വ്യാജ ഇമേജുകൾ പടച്ചുണ്ടാക്കിയും പണമുണ്ടാക്കുന്നത് എന്തിനാണ്?
മേൽപ്പറഞ്ഞ പേജും സമാനമായ പേജുകളും സബ്സ്ക്രൈബ് / ഫോളോ ചെയ്തിട്ടുള്ളവരുണ്ടെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കുക. നാളെ ഇതുപോലുള്ള ഒരു കുടുംബത്തിന് ധനസഹായം ആവശ്യമുണ്ടെന്ന് ഒരു പോസ്റ്റ് കണ്ടാൽ പലരും പണമയച്ചെന്നും വരും. പണം കൊടുക്കുന്നതോ ഉണ്ടാക്കുന്നതോ എന്നതിലുമപ്പുറം മലയാളികൾ വിഡ്ഢികളാക്കപ്പെടുന്നത് കാണുമ്പോൾ വിഷമമുണ്ട്.
അവരുടെ ഇത്തരം പല പോസ്റ്റുകളിലും പോയി “ഇത് AI പോസ്റ്റാണ്, മലയാളികളെ ഇങ്ങനെ വിഡ്ഡികളാക്കുന്നത് എന്തിനാണ്?” എന്ന് കമൻ്റിട്ടു ഞാൻ. അങ്ങനെ കമൻ്റിടുന്നത് പോലും മറ്റൊരു വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങനെ ചെയ്തത്. എൻ്റെ ആ കമൻ്റിലൂടെ അവർക്ക് കൂടുതൽ റീച്ച് കിട്ടും എന്നതാണ് വാസ്തവം. നമ്മളിടുന്ന ഓരോ ലൈക്കും കമൻ്റും അവരുടെ റീച്ച് കൂടുകയാണ്. പക്ഷേ ഇനിയങ്ങോട്ട് ആ പോസ്റ്റുകൾ കാണുന്നവരെങ്കിലും എൻ്റെ കമൻ്റിലൂടെ യാഥാർത്ഥ്യം മനസ്സിലാക്കട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അത് ഒന്നാം ഘട്ടം മാത്രമായിരുന്നു. രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് ഈ പോസ്റ്റ് ഇടുന്നത്.
AI വ്യാജ വീഡിയോക്കാരെ സമൂഹത്തിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയില്ലെങ്കിൽ ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഉണ്ടാകാൻ പോകുന്നത്. അത് അറിഞ്ഞ് മനസ്സിലാക്കി നീങ്ങിയാൽ അവനവന് കൊള്ളാം. ഈ പോസ്റ്റ് ഇടുന്നതോടെ എൻ്റെ ടൈം ലൈനിൽ ഇനിയൊരിക്കലും കയറിവരാൻ കഴിയാത്തവിധം അവന്മാരെ ഞാൻ ബ്ലോക്ക് ചെയ്യുകയാണ്.
അൽപ്പവസ്ത്രധാരികളായ AI സ്ത്രീകളുടെ പേജുകൾ ഫോളോ ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുന്നവരും ധാരാളമായി വേറെയുമുണ്ട്; ഒറിജിനൽ വേറെങ്ങും കിട്ടാനില്ലാത്തത് പോലെ!
വാൽക്കഷ്ണം:- കഴിഞ്ഞ ദിവസം ത്രിപുരയിലെ ഉനക്കോടി എന്ന സ്ഥലത്തെപ്പറ്റിയുള്ള ഒരു വീഡിയോ കാണാനിടയായി. വീഡിയോയിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷേ അതിന്റെ വിഷ്വൽ എല്ലാം AI ആണ്. അതിന് ഉനക്കോടി എന്ന സ്ഥലവുമായി പുലബന്ധം പോലുമില്ല. അവിടെ പോയിട്ടുള്ളതുകൊണ്ട് എനിക്കത് മനസ്സിലായി. പോകാത്തവർ ആ വ്യാജ വിഷ്വൽ കണ്ട് മോഹിച്ച് നേരിട്ട് ചെല്ലുമ്പോളാണ് അമളി പിണഞ്ഞത് തിരിച്ചറിയുക. കാരൂർ സോമൻ്റെ പരിസരത്ത് കൂടെ പോലും സാങ്കേതിക വിദ്യ കടന്ന് പോകാത്തത് സമൂഹമാദ്ധ്യമങ്ങളിലുള്ളവരുടെ സുകൃതം.
#fakeaiposts