
തടവുകാരുടെ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും വെട്ടിച്ചുരുക്കാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നു. ആ വകയിൽ 10 കോടി രൂപ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.
ജയിൽപ്പുള്ളികൾക്ക് കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച് നൽകിയ കൂലി പഴയത് പോലെ ആക്കിയാൽ ഇതിൽക്കൂടുതൽ തുക ലാഭിക്കാൻ പറ്റും.
പെട്രോൾ ബങ്കിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് കിട്ടുന്ന ദിവസക്കൂലി 450 രൂപയാണ്. അവരുടെ കറൻസി ബാഗ് തട്ടിപ്പറിച്ചതിൻ്റെ പേരിൽ ജയിലിൽ ആകുന്ന ഒരു ക്രിമിനലിന് 530 – 620 രൂപ ശമ്പളം കിട്ടും. അതിലും കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്ന എത്രയോ അയ്യോ പാവങ്ങൾ ജയിലിന് വെളിയിലുണ്ട്. അത് അനീതിയാണ്.
വിദഗ്ദ്ധ തൊഴിലാളികൾക്ക് 620 രൂപയും, അർദ്ധവിദഗ്ദ്ധ തൊഴിലാളികൾക്ക് 560 രൂപയും അവിദഗ്ദ്ധ തൊഴിലാളികൾക്ക് 530 രൂപയുമാണ് ജയിലിലെ പുതുക്കിയ കൂലി നിരക്ക്. അത് പഴയത് പോലെ 63 – 163 – 230 രൂപ നിരക്കുകൾ ആക്കണമെന്നാണ് എൻ്റെ പക്ഷം.
എൻ്റെ ഈ അഭിപ്രായം, മേൽപ്പടി വാർത്തയുടെ അടിയിൽ കമന്റായി പറഞ്ഞപ്പോൾ, ജയിൽ തൊഴിലാളികൾക്ക് 100 രൂപ മാത്രമാണ് ശമ്പളം എന്ന് എതിരഭിപ്രായവും വന്നു. ജയിലിൽ കിടക്കുന്ന ക്രിമിനൽക്കുവേണ്ടി വാദിക്കാനും സോഷ്യൽ മീഡിയയിൽ ആൾക്കാരുണ്ട് എന്നതാണ് തമാശ.
ഒരു കാര്യം ശരിയാണ്; ഈ തുക മുഴുവനും കുറ്റവാളികൾക്ക് കിട്ടില്ല. 30% ഇവർ കാരണം ദുരിതമനുഭവിക്കുന്നവരുടെ വീട്ടിലേക്ക് പോകും. കുറച്ച് പണം ജയിലിൽ ഇവരുടെ ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി എടുക്കും. അത് കഴിഞ്ഞുള്ള തുകയാണ് തടവുകാർക്ക് കിട്ടുക.
കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയാം. ജയിലിൽ, മെനു പ്രകാരമുള്ള മട്ടനും ചിക്കനും മീനും മറ്റും ആഴ്ച്ചതോറും നൽകുന്നില്ല. ജയിൽ ഉദ്യോഗസ്ഥന്മാരും മേസ്തിരിമാരും കുശാലായി അവർക്ക് ആവശ്യമുള്ള ഭക്ഷണം അടിക്കുന്നുണ്ട്. വല്ലപ്പോഴെല്ലാം ജയിൽവാസികൾക്കും കിട്ടുമായിരിക്കും. പക്ഷേ ഇതിനാവശ്യമായ തുക കൃത്യമായി എഴുതിയെടുക്കുന്നുണ്ട്. അത് എങ്ങോട്ട് പോകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (എല്ലാ ജയിലിലും കാര്യങ്ങൾ ഇങ്ങനെ ആകണമെന്നില്ല. ഉദ്യോഗസ്ഥന്മാടെ ഇടപെടൽ പോലെയിരിക്കും.) ഇക്കാര്യം ഞാൻ മനസ്സിലാക്കിയത് ജയിൽ കിടന്നിട്ടുള്ള ഒരാളുടെ കമന്റിൽ നിന്ന് തന്നെയാണ്. (കർമ്മവശാൽ ഞാൻ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല.) അഴിമതി എന്ന് പറയുന്ന സംഭവം പുരാണത്തിലെ ഹിരണ്യകശിപു പറഞ്ഞത് പോലെയാണ്. അത് തൂണിലും തുരുമ്പിലും മാത്രമല്ല ജയിലിലുമുണ്ട് നമ്മുടെ രാജ്യത്ത്.
അതൊക്കെ എന്തായാലും ജയിലിൽ തുച്ഛശമ്പളം മാത്രമേ കൊടുക്കാൻ പാടുള്ളൂ. ജയിലിൽ അയക്കുന്നത്, ചെയ്ത കുറ്റത്തിൻ്റെ ശിക്ഷ എന്ന നിലയ്ക്കാണ്. സുഖിച്ച് ജീവിക്കാനും പുറത്ത് ജീവിക്കുന്നവരേക്കാൾ കൂടുതൽ സമ്പാദിക്കാനുമല്ല. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആദ്യത്തെ കുറച്ച് ദിവസങ്ങൾ പിടിച്ച് നിൽക്കാനും ജീവിക്കാനും അൽപ്പം പണം കയ്യിൽ വേണം. അത് തീരുമ്പോഴേക്കും, പണ്ട് ചെയ്തിരുന്ന പണിയോ (കളവും തട്ടിപ്പും കൊട്ടേഷനും അല്ല ഉദ്ദേശിച്ചത്) മറ്റൊരു ജോലിയോ കണ്ടുപിടിച്ച് ജീവിതം മുന്നോട്ടു നീക്കേണ്ടത് ജയിലിൽ നിന്നും പുറത്തു വരുന്ന വ്യക്തിയുടെ മാത്രം ബാദ്ധ്യതയാണ്.
വാൽക്കഷണം:- മൂന്ന് നേരം ഭക്ഷണവും ആവശ്യമെങ്കിൽ മരുന്നും പണി ചെയ്യുന്നവർക്ക് ചെറിയൊരു കൂലിയും കൊടുക്കുന്നുണ്ടെങ്കിൽ മനുഷ്യാവകാശം സംരക്ഷിക്കുകയും നടപ്പിലാകുകയും ചെയ്ത് കഴിഞ്ഞു. ജയിൽപ്പുള്ളികളും മനുഷ്യരല്ലേ എന്ന ചോദ്യം ഉയർന്നാൽ അതിനുള്ള മറുപടിയാണ്.