ആധികാരിക കേരള ചരിത്രം. (DC ബുക്ക്സ്)


22
ഡി.സി.ബുക്ക്സ് 7 വാള്യമായി ഇറക്കാൻ പോകുന്ന 4000 പേജുള്ള ‘ആധികാരിക കേരള ചരിത്രം’ എന്ന പുസ്തകത്തിൻ്റെ പ്രമോഷണൽ വീഡിയോ https://www.facebook.com/share/v/1UYWXjvYYL/ കണ്ടത് മുതൽ ഉണ്ടായ ചില സംഭവവികാസങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം.

ആ വീഡിയോയിൽ വസ്തുതാപരമായ ഒരു പിശകുണ്ട്. അത് ചൂണ്ടിക്കാണിച്ച് ആ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് താഴെക്കാണുന്ന വരികൾ ഞാൻ എഴുതി.
**********
പള്ളിപ്പുറം കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേക്ക് ഭൂഗർഭതുരങ്കം ഉണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. കോട്ടയുടെ കീഴ്ഭാഗത്ത് കാണുന്ന ഇടുങ്ങിയ മുറി വെടിമരുന്ന് ശേഖരിക്കാൻ വേണ്ടി മാത്രമുള്ള ഒരു ഇടമാണ്. അത് ഒരു തുരങ്കത്തിന്റെ കവാടമാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളമുണ്ട്.

ഇത്തരം ഭോഷ്ക്കുകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അല്പം കൂടെ ചരിത്രം പഠിച്ചിരുന്നെങ്കിൽ!
അടിസ്ഥാനമില്ലാത്തതും വസ്തുതാപരമല്ലാത്തതുമായ മുത്തശ്ശിക്കഥകൾ പോലുള്ള പൊള്ളത്തരങ്ങൾ, നല്ല മുഴങ്ങുന്ന ശബ്ദത്തിൽ DCയെപ്പൊലുള്ള പ്രസാധകരുടെ ലേബലിൽ ജനങ്ങളിലേക്ക് പടർത്തുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമാണ്.

വാൽകഷണം:- ‘ആധികാരിക കേരള ചരിത്രം’ എന്ന പേരിൽ ആ പുസ്തകത്തിൽ ഇനി എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് കണ്ടറിയണം.
************
ഒരു പോസ്റ്റ് ഷെയർ ചെയ്താൽ അതിന് വളരെ മോശം റീച്ച് ആണ് ഫേസ്ബുക്ക് നൽകുന്നതെന്ന് നമുക്കറിയാമല്ലോ ? അതുകൊണ്ട് എൻ്റേതായി ഒരു പോസ്റ്റാക്കിത്തന്നെ ഈ വിഷയം എഴുതിയിടാൻ തയ്യാറെടുക്കുമ്പോഴേക്കും, ഷെയർ ചെയ്ത പോസ്റ്റ് കാണാനിടയായ എൻ്റെ സുഹൃത്ത് റാണി ബി. മേനോൻ Rani B Menon അതിവേഗം ഇടപെട്ടു. ഡി.സി.ബുക്സിൽ പരിചയമുള്ളവരിലേക്ക് ഇത് അറിയിച്ച്, ഇക്കാര്യം ശ്രദ്ധിക്കണം; നടപടി ഉണ്ടാകണം എന്ന് അവർ അറിയിച്ചു.

ഡി.സി.അത് വലിയ പ്രാധാന്യത്തോടെ തന്നെ പരിഗണിച്ചു. അര മണിക്കൂറിനകം ഡീ.സി.യിൽ നിന്ന് ശ്രീ.രാമദാസ് ആർ. എന്ന വ്യക്തിയുടെ ഫോൺ എനിക്ക് വന്നു. ഞങ്ങൾ ഇതേപ്പറ്റി സംസാരിച്ചു. അക്കാര്യങ്ങളുടെ ഉള്ളടക്കമാണ് താഴെ സൂചിപ്പിക്കുന്നത്.

രാമദാസ്:- ആ വീഡിയോ ഒരു പ്രമോഷൻ്റെ ഭാഗമായി ഉണ്ടാക്കിയതാണ്. അൽപ്പം ജിജ്ഞാസ ഉണർത്താൻ വേണ്ടിയുള്ള തരത്തിലാണ് അത് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് തുരങ്കം ഉണ്ട് എന്ന രീതിയിൽ പറഞ്ഞത്.

നിരക്ഷരൻ:- താളിയോലകളിലും ചെമ്പുതാളുകളിലും പുസ്തകങ്ങളിലും എഴുതി വെക്കുന്നത് മാത്രമല്ല ചരിത്രം. കാലം കടന്ന് പോകുമ്പോൾ ഡിജിറ്റൽ മീഡിയയിൽ വരുന്നതും ചരിത്രത്തിൻ്റെ ഭാഗമാകും. അങ്ങനെ നോക്കിയാൽ പ്രമോഷന് വേണ്ടി ഉണ്ടാക്കിയ ആ വീഡിയോ തെറ്റായ ചരിത്രമാണ് പറയുന്നത്. അതും പ്രചരിപ്പിക്കപ്പെട്ട് മുന്നോട്ട് നീങ്ങി നാളെ ചരിത്രത്തിൻ്റെ ഭാഗമാകും.

രാമദാസ്:- പുസ്തകത്തിൻ്റെ ആ ഭാഗത്ത് ഇതേ പിശക് വന്നിട്ടില്ല എന്ന് ഞങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്.

നിരക്ഷരൻ:- അങ്ങനെയാണെങ്കിൽ ആ വീഡിയോയിൽ വീണ്ടും പിശകുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിലെ പരദേശി സിന്നഗോഗ് കഴിഞ്ഞാൽപ്പിന്നെ കേരളത്തിലെ ഏറ്റവും വലിയ സിന്നഗോഗ് ചേന്ദമംഗലത്തേത് ആണെന്നാണ് വീഡിയോയിൽ പറയുന്നത്. അതും വസ്തുതാവിരുദ്ധമാണ്. ചേന്ദമംഗലം സിന്നഗോഗിനേക്കാൾ മൂന്നിരട്ടിയെങ്കിലും വലിപ്പമുണ്ട് പറവൂർ സിന്നഗോഗിന്. പുരയിടത്തിൻ്റെ വലിപ്പവും കെട്ടിടത്തിൻ്റെ വലിപ്പവും വെച്ച് നോക്കിയാൽ പറവൂർ സിന്നഗോഗ് ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ സിന്നഗോഗ്.

രാമദാസ്:- ഇക്കാര്യവും അച്ചടിയിൽ വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണ്.

നിരക്ഷരൻ:- എങ്കിൽ ഒരു കാര്യം കൂടെ പരിശോധിക്കണം. പള്ളിപ്പുറം കോട്ടയ്ക്ക് ആയക്കോട്ട എന്നൊരു പേര് കൂടെ ഉള്ളതായി സർക്കാരിൻ്റെ ഭാഗത്ത് നിന്നും ആ ഭാഗത്തുള്ള ബോർഡുകളിലും ഒക്കെ പ്രചരണമുണ്ട്. സത്യത്തിൽ അതല്ല ആയക്കോട്ട. മുനമ്പം അഴിമുഖത്ത് ഉണ്ടായിരുന്ന തെങ്ങുകൊണ്ട് ഉണ്ടാക്കിയ ഒരു കോട്ടയാണ് ആയക്കോട്ട. അത് പിന്നീട് തീയിട്ട് നശിപ്പിക്കപ്പെട്ടു. അങ്ങനെ ഒരു കോട്ട അവിടെ ഉണ്ടായിരുന്നതായി പ്രൊഫ: എൻ. ആർ. പ്രഭാകരൻ അടക്കമുള്ള പ്രാദേശിക ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നുണ്ട്. അക്കാലത്തെ ഡച്ച് ഗവർണ്ണർമാർ ആയിരുന്ന ആഡ്രിയൻ മോയൻസ്, ഗലാറ്റി എന്നിവരുടെ രേഖകളിലും ഇക്കാര്യം ക്യത്യമായി സൂചിപ്പിക്കുന്നുണ്ട്. നശിപ്പിക്കപ്പെട്ട് പോയ ഒരു കോട്ടയുടെ പേര് മറ്റൊരു കോട്ടയ്ക്ക് ചാർത്തിക്കൊടുക്കുകയാണ് ഉണ്ടായത്. നിങ്ങളുടെ പുസ്തകത്തിൽ എവിടെയെങ്കിലും പള്ളിപ്പുറം കോട്ടയെ ആയക്കോട്ട എന്ന് പരാമർശിക്കുന്നുണ്ടെങ്കിൽ അത് വസ്താപരമായി ശരിയല്ല. പ്രാദേശിക ചരിത്രകാരന്മാർ തെളിവടക്കം നിരത്തി സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടെ ആധികാരിക ചരിത്രം എന്ന് പറയുന്ന ഒരു പുസ്തകത്തിനായി പരിഗണിക്കപ്പെടേണ്ടതാണ്.

രാമദാസ്:- ഇക്കാര്യവും ഞങ്ങൾ പരിശോധിക്കുന്നതാണ്. ഞങ്ങൾ അവലംബിച്ചിട്ടുള്ളത് കൊളോണിയർ ആർക്കൈവ്സ് ആണ്.

നിരക്ഷരൻ:- കൊളോണിയൽ ആർക്കൈവ്സ് പരിഗണിച്ചിട്ടുണ്ടെങ്കിൽ ആയക്കോട്ട വിഷയം കൃത്യതയോടെ വരേണ്ടതാണ്. പള്ളിപ്പുറം കോട്ടയെ ആയക്കോട്ട എന്ന് പുസ്തകത്തിൽ എവിടെയെങ്കിലും പരാമർശിക്കുന്നുണ്ടെങ്കിൽ, കൊളോണിയർ ആർക്കൈവ്സ് പരിഗണിച്ചിട്ടില്ല എന്നാണ് സാരം. അങ്ങനെയെങ്കിൽ ഈ പുസ്തകത്തെ ആധികാരിക കേരള ചരിത്രം എന്ന് പറയുന്നത് ശരിയല്ല. സത്യത്തിൽ എനിക്ക് താൽപ്പര്യമുള്ള വിഷയമാണ് കോട്ടകളും ചരിത്രവുമൊക്കെ. അതുകൊണ്ട് തന്നെ ഈ പുസ്തകം ഞാൻ വാങ്ങേണ്ട ഒന്നുതന്നെയാണ്. പക്ഷേ, ഒരു കൊച്ച് വീഡിയോയിൽ മാത്രം രണ്ട് പിശകുകൾ കാണാൻ പറ്റിയ നിലയ്ക്ക് ഈ പുസ്തകത്തിൻ്റെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ഞാനതിൻ്റെ കോപ്പി സ്വന്തമായി വാങ്ങുന്നില്ല. ലൈബ്രറിയിൽ നിന്നോ മറ്റോ എടുത്ത് വായിച്ചതിന് ശേഷം മേൽപ്പറഞ്ഞ പിശകുകൾ അതേപടി നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു പ്രസ്സ് മീറ്റ് വിളിച്ച് ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നതാണ്.
………..
…..
..
ഞങ്ങളുടെ സംസാരത്തിൻ്റെ രത്നച്ചുരുക്കം മാത്രമാണ് മുകളിലുള്ളത്.

ഈ പുസ്തകത്തിനായി കാത്തിരിക്കുന്നു. ഒരു ചരിത്രപുസ്തകം തയ്യാറാക്കുന്നത് അങ്ങേയറ്റം ശ്രമകരമായ ജോലി തന്നെയാണെന്ന് നന്നായി അറിയാം. പ്രമോഷന് വേണ്ടി വീഡിയോകൾ ഉണ്ടാക്കുമ്പോൾ പോലും തെറ്റ് പറ്റാൻ പാടില്ലാത്തതാണ്. എന്നിരുന്നാലും പുസ്തകത്തിൽ ആ പിശകുകൾ കയറി വരാതിരിക്കാൻ എൻ്റെ പോസ്റ്റും റാണി ബി.മേനോൻ്റെ ഇടപെടലും ഡീ.സി.യിൽ നിന്നുണ്ടായ പ്രതികരണവും ഇടയാക്കുമെങ്കിൽ വളരെ സന്തോഷം; വളരെ നല്ലത്. ഇത്രയും സംഭവിച്ചിട്ടും അതേ പിശകുകൾ പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിൽ നിരാശാജനകം എന്ന് പറയേണ്ടി വരും.

എന്തായാലും ഒരു പ്രശ്നം അവതരിപ്പിച്ചപ്പോൾ, അതിൻ്റെ മെറിറ്റ് നോക്കുക പോലും ചെയ്യാതെ, ഇങ്ങോട്ട് വിളിച്ച് അതേപ്പറ്റി അന്വേഷിക്കാൻ ഡി.സി.കാണിച്ച ശുഷ്ക്കാന്തി അഭിനന്ദനാർഹമാണ്. നന്ദി.

വാൽക്കഷണം:- ഡി.സി.യിൽ നിന്ന് ഇങ്ങോട്ട് വിളിച്ച് സംസാരിച്ച സ്ഥിതിയ്ക്ക്, ഇനി ഇതേപ്പറ്റി പുസ്തകം വന്നതിന് ശേഷം എഴുതിയാൽ മതി എന്നാണ് ആദ്യം കരുതിയതെങ്കിലും, നാളെ എന്ന ദിവസത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തതിനാൽ കൈയോടെ പറഞ്ഞ് പോകുന്നു എന്ന് മാത്രം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>