സുഭാഷ് ചന്ദ്രന്റെ ‘മദ്ധ്യേയിങ്ങനെ’ അൽപ്പം പഴയ (2006) പുസ്തകമാണ്. ഞാനിപ്പോഴാണ് വായിക്കുന്നതെന്ന് മാത്രം.
2020ൽ വായന കൊഴുപ്പിക്കാൻ കാരണമായ ബാംഗ്ലൂർ മെട്രോയ്ക്ക് നന്ദി.
മുഴുനീള പുസ്തകാവലോകനം എഴുതാനൊന്നും ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ഈ അനുഭവക്കുറിപ്പുകളിലെ രണ്ട് അദ്ധ്യായങ്ങളെപ്പറ്റി പറയണമെന്ന് തോന്നി.
സാമ്പത്തിക ഞെരുക്കം കാരണം രണ്ടാമത്തെ കുട്ടിയെ ഗർഭച്ഛിദ്രത്തിലൂടെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനെപ്പറ്റിയാണ് ‘പെൺകുട്ടികളുടെ അച്ഛൻ‘ എന്ന അദ്ധ്യായം. സ്വന്തം കുഞ്ഞിനെ ഒഴിവാക്കാൻ ശ്രമിച്ച കാര്യം ബാലചന്ദ്രൻ ചുള്ളിക്കാട് കൂടാതെ മറ്റേതൊക്കെ എഴുത്തുകാർ കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്നറിയാത്തത് എന്റെ വായനക്കുറവായി കണക്കാക്കണം. എന്തായാലും, എല്ലാ വേദനയോടും ഇടയ്ക്കിടയ്ക്ക് ഇപ്പോഴും തികട്ടി വരുന്ന കുറ്റബോധത്തോടും കൂടെ എഴുത്തുകാരൻ അക്കഥ പറയുമ്പോൾ ഹൃദയസ്പർശിയായ അനുഭവമായി അത് മാറുന്നു. ഗർഭച്ഛിദ്രത്തെ നിരുത്സാഹപ്പെടുത്തുന്ന എല്ലാ ഡോൿടർമാർക്കും ഒരു ഫലപ്രദമായ ആധാരമെന്ന നിലയ്ക്ക് തന്നെ പ്രയോജനപ്പെടുത്താൻ പറ്റുന്ന ഒന്നാണിത്.
അനുഭവക്കുറിപ്പുകൾക്ക് ശേഷം പുസ്തകത്തിന്റെ അവസാന ഭാഗത്ത്, സുസ്മേഷ് ചന്ദ്രോത്തുമായി ലേഖകൻ നടത്തുന്ന അഭിമുഖത്തിൽ പറയുന്ന ഒരു കത്ത് വിചിത്രവും വിസ്മയിപ്പിക്കുന്നതുമാണ്.
‘സതിസാമ്യാജ്യം‘ എന്ന അദ്ദേഹത്തിന്റെ പുസ്തകമിറങ്ങിക്കഴിഞ്ഞ ശേഷം കോളേജ് അദ്ധ്യാപികയായ ഒരു വായനക്കാരി അദ്ദേഹത്തിനൊരു കത്തയക്കുന്നു. അതദ്ദേഹം കൈപ്പറ്റുന്നതിന് മുന്നേ തന്നെ, ആ കത്ത് വായിക്കാതെ തിരികെ അയച്ചുകൊടുക്കണമെന്ന് ഫോണിൽ അവർ കരഞ്ഞപേക്ഷിക്കുന്നു. പൊട്ടിച്ച് വായിച്ച ശേഷം ഒട്ടിച്ച് തിരികെ അയക്കാമെന്ന് ആദ്യം സുഭാഷ് ചന്ദ്രൻ കരുതുന്നുണ്ടെങ്കിലും അദ്ദേഹത്തിനത് ചെയ്യാനാകുന്നില്ല. കത്ത് പൊട്ടിക്കാതെ തന്നെ അദ്ദേഹം തിരിച്ചയച്ച് കൊടുക്കുന്നു.
താനും ഭർത്താവുമായുള്ള ചില കാര്യങ്ങൾ, ‘സതിസാമ്രാജ്യം’ വായിച്ചതിന്റെ അടിസ്ഥാനത്തിൽ കത്തിൽ എഴുതിയിരുന്നുവെന്നും, കത്ത് അയച്ച് കഴിഞ്ഞതിന് ശേഷമാണ് അതെഴുതാൻ പാടില്ലായിരുന്നു എന്ന ചിന്ത കലശലായത്, എന്നതാണ് വായനക്കാരിയുടെ പ്രശ്നം. തിരികെ കിട്ടിയ കത്തിൽ പറയാൻ പാടില്ലായിരുന്ന ആ ഭാഗങ്ങൾ, യാതൊരു തരത്തിലും മനസ്സിലാക്കാൻ പറ്റാത്ത തരത്തിൽ മറച്ചശേഷം വീണ്ടും അവർ സുഭാഷ് ചന്ദ്രന് അയച്ച് കൊടുക്കുന്നു. മറയ്ക്കപ്പെട്ട ഭാഗങ്ങളിൽ എഴുതിയത് എന്തായിരിക്കുമെന്ന സമസ്യ പേറിക്കൊണ്ടാണെങ്കിലും ഒരവാർഡ് പോലെ എഴുത്തുകാരൻ ഇന്നും ആ കത്ത് സൂക്ഷിക്കുന്നു.
എഴുത്തുകാരന് വായനക്കാർ കത്തെഴുതുന്ന പതിവുള്ളതാണ്. അത്തരം പല കത്തുകളെപ്പറ്റിയും നമുക്കറിയുന്നതുമാണ്. പക്ഷേ, അത്തരം കത്തുകളുടെ കൂട്ടത്തിൽ ഇതൊരു പ്രത്യേക കത്തായി ഇടം പിടിക്കുന്നു. മറ്റെഴുത്തുകാർക്ക് ഇതിനേക്കാൾ വ്യത്യസ്തവും വിചിത്രവുമായ കത്തുകൾ കിട്ടിയിട്ടുണ്ടാകാമല്ലോ എന്ന് ചിന്തിപ്പിക്കാൻ പോന്ന ഒരു കത്ത്.
ലേഖകന്റെ ശരിക്കുള്ള പേരായ സുരേഷ് കുമാർ എങ്ങനെയാണ് സുഭാഷ് ചന്ദ്രൻ ആയി മാറിയതെന്നാണ് ആദ്യലേഖനം ‘പേര്’ വെളിപ്പെടുത്തുന്നത്. അത് മറ്റൊരു കൌതുകകരമായ കഥ.
വാൽക്കഷണം:- മാദ്ധ്യമങ്ങളുടെ ‘മധ്യേയിങ്ങനെ‘ അല്ല എന്റെ ‘മദ്ധ്യേയിങ്ങനെ‘. കുഞ്ഞുന്നാളിൽ പഠിച്ച മലയാളം അൻപത്തൊന്നിൽ മാറ്റാൻ ഉദ്ദേശമില്ല.