സിഗ്നലുകൾ തെറ്റിക്കുന്നവർ !!


33

വാഹനവുമായി പച്ച സിഗ്നൽ കിട്ടാൻ കവലകളിൽ കാത്തുകിടക്കുമ്പോൾ സിഗ്നൽ ലൈറ്റിൽ മാത്രമായിരിക്കും എന്റെ നോട്ടം. അതുകൊണ്ടുതന്നെ ആയിരിക്കണം, ഏറ്റവും മുൻ‌നിരയിലാണ് ഞാനെങ്കിൽ പച്ച തെളിയുമ്പോൾ ആദ്യം മുന്നോട്ട് നീങ്ങുന്ന വാഹനം മിക്കവാറും എന്റേത് തന്നെയായിരിക്കും. പക്ഷെ ആ പതിവ് ഇന്നുമുതൽ ഞാനങ്ങ്  നിർത്തുകയാണ്. പച്ച തെളിഞ്ഞ് രണ്ട് സെക്കന്റെങ്കിലും കഴിഞ്ഞ് മാത്രമേ വാഹനം മുന്നോട്ടെടുക്കൂ. ട്രാഫിക്ക് എന്ന രാജേഷ് പിള്ള സിനിമ കണ്ടിട്ടും പഠിക്കാതെ പോയ ഒരു പാഠം ഇന്നലെ ചേരാനെല്ലൂർ സിഗ്നലിൽ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കണ്ണുതുറപ്പിച്ച ആ സംഭവം ഇങ്ങനെയായിരുന്നു.

കണ്ടൈനർ റോഡിൽ KMRL നട്ടുവളർത്തുന്ന മരത്തൈകളിൽ കളയായി പിടിച്ചുകയറിയിട്ടുള്ള ധൃതരാഷ്ട്രപ്പച്ച എന്ന വള്ളികളും മറ്റ് കളകളും നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് 9 മണിക്ക് ചേരാനെല്ലൂർ സിഗ്നലിൽ എത്തിയത്. 9 മണിക്ക് ഹാജരായിരുന്നത് ഷെല്ലിയും ഞാനും മാത്രം. ബാക്കിയുള്ളവർ കൂടെ വരുന്നതുവരെ ഞങ്ങൾ ഓരോന്ന് സംസാരിച്ച് സിഗ്നലിന്റെ സമീപം തന്നെ നിന്നു.

55

പെട്ടെന്ന്  ചുവന്ന ബോർഡിൽ 149 എന്നെഴുതിയ ഒരു സർക്കാർ വാഹനം (ടയോട്ട ഇന്നോവ) ചുവന്ന സിഗ്നൽ മുറിച്ച് കളമശ്ശേരിയിൽ നിന്ന് ബോൾഗാട്ടി ഭാഗത്തേക്ക് ചീറിപ്പാഞ്ഞുപോയി. വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവർ മാത്രം. പച്ച സിഗ്നൽ വീണുകിടന്നിരുന്ന ഭാഗത്തുനിന്ന് വാഹനങ്ങളൊന്നും വരാതിരുന്നതുകൊണ്ട് വലിയൊരു അപകടം ഒഴിവായി എന്നതാണ് സത്യം.

സർക്കാർ വാഹനങ്ങൾ എത്രയെണ്ണം സിഗ്നൽ മുറിച്ച് കടന്നതിനും അമിതവേഗത്തിനും ഫൈൻ അടക്കേണ്ടി വന്നിട്ടുണ്ട് കേരളത്തിൽ എന്ന് ഒരു കണക്കെടുക്കാൻ പോയാൽ മനസ്സിലാക്കാൻ പറ്റുന്നത് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല കേരളത്തിൽ എന്നാകും. വിവരാവകാശം വഴി അങ്ങനെയൊന്ന് അറിയാൻ ശ്രമിക്കണമെങ്കിൽ എവിടെ അപേക്ഷിക്കണമെന്ന് വലിയ നിശ്ചയമില്ല എനിക്ക്. എങ്കിലും. അന്വേഷിച്ചറിഞ്ഞ് അത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ഞാൻ. ഗതാഗത നിയമങ്ങൾ കൊടിവെച്ച കാറുകൾ കൂടെ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയില്ലെങ്കിൽ ഗതാഗത വകുപ്പ് നടത്തുന്ന ട്രാഫിക്ക് ബോധവൽക്കരണവും സുരക്ഷാനടപടികളുമെല്ലാം ശുദ്ധ പൊറാട്ട് നാടകങ്ങൾ മാത്രമാണെന്ന് പറയേണ്ടി വരും.

വിഷയത്തിലേക്ക് തിരികെ വരാം. സർക്കാർ വാഹനം ചീറിപ്പാഞ്ഞ് ചുവന്ന സിഗ്നൽ മുറിച്ചുകടന്നതുകൊണ്ടൊന്നുമല്ല എന്റെ കണ്ണുതുറന്നത്. പത്ത് മിനിറ്റിനകം  കളമശ്ശേരിയിൽ നിന്ന് ബോൾഗാട്ടിയിലേക്ക് പച്ച സിഗ്നൽ വീണ് അങ്ങോട്ടുള്ള വാഹനങ്ങൾ നീങ്ങിത്തുടങ്ങിയതും ഇടപ്പള്ളിയിൽ നിന്നും വരാപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഒരു മാരുതി 800 കാർ ചുവന്ന സിഗ്നൽ മുറിച്ച് ആ വാഹനങ്ങൾക്ക് മുന്നിലെക്ക് ചെന്നുകയറി. നീങ്ങിത്തുടങ്ങിയ വാഹനങ്ങളിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്ന ഒരു മാരുതി സ്വിഫ്റ്റ് കാറ് സിഗ്നൽ മുറിച്ച് കടന്ന മാരുതി 800 ന്റെ ഉത്ത നടുക്ക് ഇടിച്ചു. സ്വിഫ്റ്റ് കാറുകാരൻ നന്നായി ബ്രേക്ക് ചെയ്തെങ്കിലും ഇടി ഒഴിവാക്കാൻ ആയില്ല. സ്വിഫ്റ്റ് ഇടിച്ചതുകൊണ്ട് മറ്റ് കാറുകൾ ഇടിക്കാതെ രക്ഷപ്പെടുകയും ചെയ്തു. ബ്രേക്കിടാൻ അയാൾക്ക് കഴിഞ്ഞില്ലായിരുന്നെങ്കിൽ മാരുതി 800 കൂടുതൽ വലിയ അപകടം നേരിടുമായിരുന്നു. സിഗ്നൽ മുറിച്ചുകടന്ന മാരുതി 800 ഓടിച്ചിരുന്നത് 60 ന് അടുക്കെ പ്രായമുള്ള ഒരാളും, കാറിൽ ഉണ്ടായിരുന്നത് അയാളുടെ ഭാര്യയും മൂന്ന്  മുതിർന്ന പെൺ‌മക്കളുമായിരുന്നു. ഒരു മാരുതി 800 ൽ 5 മുതിർന്ന ആൾക്കാർ കയറിയാൽ എങ്ങനിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടതിന്റെ പള്ളയ്ക്ക് മറ്റൊരു വാഹനം വന്നിടിച്ചാൽ എന്താകുമെന്ന് പറയേണ്ടതുമില്ല.

ഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ,  മാരുതി 800 ന്റെ മദ്ധ്യഭാഗം ഇടിച്ച് ചളുങ്ങിയെന്നല്ലാതെ കാറിലുണ്ടായിരുന്ന കുടുംബത്തിന് ഒന്നും സംഭവിച്ചില്ല. പച്ച സിഗ്നലിൽ നിന്ന് വന്നിടിച്ച മാരുതി സ്വിഫ്റ്റുകാരന്റെ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും അതിലുണ്ടായിരുന്ന ഛാർക്കണ്ടുകാരനും ഭാര്യയ്ക്കും കൈക്കുഞ്ഞിനും പരിക്കൊന്നും ഉണ്ടായില്ല. സംഭവം നടന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഹാർഡ് വിവരമറിയിച്ച് 1 മണിക്കൂർ കഴിഞ്ഞിട്ടും ഒരു പൊലീസുകാരൻ പോലും സ്ഥലത്തെത്തിയില്ല എന്നത് വേറെ വിഷയം. അവസാനം, കണ്ടുനിന്നിരുന്ന ഞങ്ങളുടെ സംഘത്തിലെ ഒരാൾ (പേര് പറയാൻ ഉദ്ദേശിക്കുന്നില്ല) വിളിച്ച് 5 മിനിറ്റിനകം പൊലീസ് എത്തുകയും ചെയ്തു.

മാരുതി 800 കാരൻ ചെയ്തത് ലൈസൻസ് ക്യാൻസൽ ചെയ്യാൻ പോന്ന വളരെ വ്യക്തമായ ട്രാഫിക്ക് ലംഘനമാണ്. പക്ഷെ, ആ നടപടി എടുക്കാൻ, ആസ്റ്റർ മെഡിസിറ്റിയുടെ പരസ്യങ്ങൾ മാത്രം തൂങ്ങുന്ന സിഗ്നലിൽ ക്യാമറ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. ഗോം ഗാർഡ് അതേപ്പറ്റി വ്യക്തമായൊന്നും പറയുന്നില്ല. നിസ്സംഗനായാണ് അദ്ദേഹത്തിന്റെ നിൽ‌പ്പ്. അല്ലെങ്കിലും അധികാരങ്ങളൊന്നും ഇല്ലാത്ത ന്യൂട്രൽ ആയി നിൽക്കേണ്ട ഒരു ജോലി സ്വഭാവം ഉള്ളയാളാണ് ഹോം ഗാർഡ്. പൊലീസ് വന്ന് രണ്ട് വാഹനങ്ങളേയും അതിലുള്ളവരേയും ഇടപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം എന്തുണ്ടായി എന്നറിയില്ല.

മൂന്ന് പെൺ‌മക്കളും ഭാര്യയുമായി കാറോടിക്കുന്ന ഒരാൾ ട്രാഫിക്ക് നിയമങ്ങൾക്ക് പുല്ലുവിലയാണ് കൊടുക്കുന്നതെന്ന സത്യം ഒരു ഞെട്ടലോടെയാണ് ഞാൻ മനസ്സിലാക്കിയത്. അപ്പോൾപ്പിന്നെ തിന്നിട്ട് എല്ലിനിടയിൽ കയറിയതുകാരണം നിലംതൊടാതെ പറക്കുന്ന ചോരത്തിളപ്പുള്ള വായുപുത്രന്മാർ* (*വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതുകൊണ്ടും വായു ഗുളിക വാങ്ങാൻ പോകുന്നവരാണെന്നുള്ള പൊതുവെയുള്ള പറച്ചിലുള്ളതുകൊണ്ടും ഇക്കൂർക്ക് ആ പേരാണ് യോജിക്കുക)  എന്തായിരിക്കും ചെയ്യുക ? സിരകളിൽ കള്ളും കഞ്ചാവുമായി വളയം പിടിക്കുന്നവർ ഏത് രീതിയിലായിരിക്കും വാഹനമോടിക്കുക ? എന്റെ മനം‌മാറ്റത്തിന് പിന്നിലുള്ള കാരണം ഈ ചിന്ത മാത്രമാണ്. സിഗ്നൽ പച്ചയായാലും മറ്റ് മൂന്ന് വശങ്ങൾ കൂടെ നിരീക്ഷിച്ച ശേഷം മാത്രമേ ഇനിയങ്ങോട്ടുള്ള കാലം ഞാൻ വാഹനം മുന്നോട്ട് നീക്കൂ.

മുൻപൊരിക്കൽ പരിചയപ്പെടാനായ ഒരു ഡ്രൈവറിൽ നിന്ന് മനസ്സിലാക്കാനായ ചില വസ്തുതകൾ അടിസ്ഥാനമാക്കിയും ഞാനിത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതുകൂടെ ഈയവസരത്തിൽ പറയാൻ താൽ‌പ്പര്യപ്പെടുന്നു. ഇപ്പറഞ്ഞ ഡ്രൈവർ ഒരു പ്രമുഖ (തെളിവൊന്നും എന്റെ പക്കലില്ലാത്തതിനാൽ മുഖ്യധാ‍രാ മാദ്ധ്യമങ്ങൾ പഠിപ്പിച്ചുതന്ന ഈ ‘പ്രമുഖ’ സമ്പ്രദായം അനുകരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അപകീർത്തിക്കേസ് വന്നാൽ, നഷ്ടപരിഹാരം കൊടുക്കാനും മാത്രം നീക്കിയിരിപ്പൊന്നും എനിക്കില്ല. ക്ഷമിക്കുക.) പാർട്ടി നേതാവിന്റെ ഡ്രൈവറായി ഇന്റർവ്യൂന് പോയിട്ടുണ്ട്. അന്ന് നേതാവ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിരുന്നില്ലെങ്കിലും ഇപ്പോൾ എം.പി.യാണ്. ഇന്റർവ്യൂ മറ്റൊന്നുമല്ല. റോഡിലെ കുണ്ടും കുഴിയും കുലുക്കവുമൊക്കെ ഒഴിവാക്കാനായി നേതാവ് എറണാകുളത്തുനിന്ന് തിരുവനന്തപുറത്തേക്ക് പോകുന്നത് തീവണ്ടിയിലായിരിക്കും. അദ്ദേഹത്തെ എറണാകുളത്ത് തീവണ്ടിയാപ്പീസിൽ കൊണ്ടുപോയാക്കിയ ശേഷം ഡ്രൈവർ കാറുമെടുത്ത് തിരുവനന്തപുറത്തേക്ക് വിടണം. എന്നിട്ട് നേതാവിന്റെ തീവണ്ടി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ കാറുമായി അവിടെ ഉണ്ടാകണം. സമയത്ത് എത്താൻ ഡ്രൈവർക്ക് പറ്റിയില്ലെങ്കിൽ അയാൾ ഇന്റർവ്യൂവിൽ പരാജയപ്പെട്ടെന്നും ജോലി പോയെന്നും സാരം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ഈ പരക്കം പാച്ചിലിനിടയിൽ ഏതെങ്കിലും ഭാഗത്ത് പോലീസ് ചെക്കിങ്ങോ മറ്റോ ഉണ്ടെങ്കിൽ വാഹനം നിറുത്തരുതെന്നും അവരെ താൻ കൈകാര്യം ചെയ്തോളാം എന്നുമാണ് നേതാവ് ഡ്രൈവർക്ക് കൊടുത്തിട്ടുള്ള നിർദ്ദേശം. നേതാവിന്റെ വാഹന നമ്പർ കേരളത്തിൽ മിക്കവാറും എല്ലാ പോലീസ് സ്റ്റേഷനുകളിലും പരിചയമുള്ളതുകൊണ്ട് അവരത് കേസാക്കാറുമില്ലെന്ന് ഡ്രൈവർ പറയുന്നു.

ഈ കഥ ഡ്രൈവറിൽ നിന്നും കേട്ടതോടെ ഞാനൊന്ന് മനസ്സിലാക്കി. ഇതുപോലുള്ള നേതാക്കന്മാർ ഒന്നല്ല ഒരു നൂറുപേരെങ്കിലും ഉണ്ടാകാം കേരളത്തിൽ. റോഡിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പാഞ്ഞുവരുന്നതായി നാം കാണുന്ന വാഹനങ്ങൾ അതിലേതെങ്കിലും ഒരു നേതാവിന്റെ നിർദ്ദേശം ശിരസ്സാ വഹിക്കുന്ന ഡ്രൈവർ ഓടിക്കുന്നതാകാം. അതുകൊണ്ട് അത്തരത്തിൽ പാഞ്ഞുവരുന്നവന്മാർ എതിർ ദിശയിൽ ആണെങ്കിൽ‌പ്പോലും നമ്മുടെ വാഹനം അൽ‌പ്പം ഒതുക്കിക്കൊടുത്ത് സ്വയരക്ഷ ഉറപ്പാക്കുക. സാധാരണ നിലയ്ക്ക് എന്റെ പതിവ് എതിർ ദിശയിൽ ആരൊക്കെ വന്നാലും എന്റെ വാഹനം തെല്ല് പോലും റോഡിൽ നിന്ന് ഗട്ടറിലേക്ക് ഇറക്കാതെ എന്റെ സൈഡിൽത്തന്നെ നിർത്തുക എന്നതാണ്. പക്ഷെ, ജോലി പോകുമെന്ന് ഭയന്ന് പാഞ്ഞുവരുന്ന ഒരു നേതാവിന്റെ കാർ ഡ്രൈവറോട് ഗുസ്തിപിടിക്കാൻ പോയാൽ നഷ്ടം എനിക്ക് മാത്രമാണെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.

66

ഇന്നത്തെ മാതൃഭൂമി നഗരം പേജിൽ, വെണ്ണലക്കാരൻ സനിൽകുമാർ ബുള്ളറ്റിൽ 20,000 കിലോമീറ്റർ ഓടിച്ച് 36 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ കാണാൻ ഇറങ്ങിത്തിരിച്ചതിനെപ്പറ്റി ലേഖനമുണ്ട്. നിലവിൽ ഗുജറാത്തിലെത്തിയിരിക്കുന്ന സനിൽകുമാർ പറയുന്നത് ട്രാഫിക്ക് സിഗ്നലുകളോട് മലയാളികൾക്കുള്ള ആദരവ് പ്രധാനമന്ത്രിയുടെ നാട്ടുകാർക്കില്ല എന്നാണ്. ചുവപ്പ് തെളിഞ്ഞാലും വക വെക്കാതെ കടന്നുപോകുന്നവർക്കിടയിൽ താനൊരു അപവാദമാണെന്നാണ് സനിൽ പറയുന്നത്.

കേരളത്തിൽ ഇന്നലെ ചേരാനെല്ലൂർ സിഗ്നലിൽ മാത്രം 15 മിനിറ്റിനുള്ളിൽ ഞാൻ കാണാനിടയായ ഗുരുതരമായ രണ്ട് ട്രാഫിക്ക് നിയമലംഘനങ്ങൾ ദേശീയതലത്തിൽ ഒന്നുമല്ലെന്നോ ??!! എങ്കിൽ വർഷങ്ങളായി പദ്ധതിയിട്ടുകൊണ്ടിരിക്കുന്ന എന്റെ അഖിലേന്ത്യാ പര്യടനത്തിന് മുന്നേ പൊതുജനത്തിന്റെ ട്രാഫിക്ക് നിയമലംഘനങ്ങളെക്കുറിച്ച് ഞാനിനിയും ഒരുപാട് ബോദ്ധ്യപ്പെടാനുണ്ടെന്ന് തന്നെയാണ് അതിനർത്ഥം. എന്റെ സമരസപ്പെടൽ ഒട്ടും പരാപ്തമായിട്ടില്ല.

ഗുണപാഠം:- ട്രാഫിക്ക് നിയമങ്ങളൊക്കെ കടലാസിൽ മാത്രമിരിക്കും. സർക്കാർ വാഹനങ്ങൾക്കും നേതാക്കന്മാർക്കും വാഹനത്തിൽ കൂടെയുള്ള കുടുബത്തെപ്പറ്റിപ്പോലും ചിന്തയില്ലാത്തവർക്കും ലഹരിക്കടിമപ്പെട്ട് വാഹനമോടിക്കുന്നവർക്കും അതൊന്നും ബാധകമാവില്ല. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്; നമ്മുടെ കുടുംബത്തിന് നല്ലത്.

Comments

comments

3 thoughts on “ സിഗ്നലുകൾ തെറ്റിക്കുന്നവർ !!

    1. മൂന്ന് ബ്ലോഗുകളിലുള്ളതെല്ലാം കൂടെ ഇതിലേക്ക് ഒരുമിപ്പിച്ച ശേഷം ബ്ലോഗുകൾ അടച്ചുപൂട്ടിയിട്ട് ഏറെ നാളായി.

  1. ആലുവ ബൈപാസിലെ സിഗ്നൽ ഒരു എടാകൂടം തന്നെ ആണ്. ആലുവ മേല്പാലം ഇറങ്ങി സിഗ്നലിനു മുന്നിൽ ആദ്യമായി എത്തുന്നവർ ആകെ ആശയക്കുഴപ്പത്തിലാവും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>