ഈയിടെ ഒരു ഓൺലൈൻ പത്രത്തിൽ ഒരേ ദിവസം കണ്ട മൂന്ന് വാർത്തകൾ ഒറ്റനോട്ടത്തിൽ ഒരു വാർത്തയേ അല്ലായിരുന്നെങ്കിലും, പിന്നീട് അതെല്ലാം അല്‍പ്പം ഇരുത്തി ചിന്തിപ്പിച്ചു. വാർത്തകൾ ഇങ്ങനെ പോകുന്നു.
വാർത്ത 1:- മദ്യപിച്ച് കോടതിയിൽ ബഹളം വെച്ച യുവാവിന് ഒരു മാസം തടവ്.
വാർത്ത 2:- അമിതമായി മദ്യം കൊടുക്കാത്തതിന്റെ പേരിൽ എയർഹോസ്റ്റസ്സിനോട് അപമര്യാദയായി പെരുമാറിയവർ അറസ്റ്റിൽ.
വാർത്ത 3:- രണ്ടുമാസം, വാഴച്ചാലിൽ വനം വകുപ്പിന് ലഭിച്ചത് 6000 കുപ്പികൾ. (കുപ്പികളെന്നാൽ നല്ലൊരു ഭാഗം മദ്യക്കുപ്പികൾ തന്നെ.)
മലയാളിയുടെ മദ്യപാനം കുപ്രസിദ്ധമാണ്. ഓരോ ആഘോഷദിവസം കഴിയുമ്പോഴും, ബിവറേജസ് കോർപ്പറേഷനിലൂടെ മലയാളി കുടിച്ച് വറ്റിച്ച മദ്യത്തിന്റെ കണക്ക് നമ്മൾ അഭിമാനപൂർവ്വം പ്രസിദ്ധീകരിക്കാറുള്ളതും സ്ഥിരമായി ഒന്നാം സമ്മാനം ‘കുടി‘ച്ചെടുക്കുന്ന ചാല‘ക്കുടി‘ക്കാരെ നോക്കി മറ്റ് ജില്ലകളിലെ കുടിയന്മാർ അസൂയാലുക്കളാകുന്നതുമൊക്കെ ഒരു വാർത്തയല്ലാതായി മാറിയിരിക്കുന്നു.
കുടിയന്മാർ സർക്കാരിന്റെ ഖജനാവിലേക്ക് നല്ലൊരു തുക മനസ്സറിഞ്ഞ് കുടിച്ച് നൽകുന്നതുകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കി ഇതിനൊരു അറുതി വരുത്താൻ ഒരു ഭരണകൂടവും തയ്യാറാകില്ലെന്നുള്ളത് സ്പഷ്ടമാണ്. അങ്ങനൊരു സമ്പൂർണ്ണ മദ്യനിരോധനം വരുമെങ്കിൽ, വല്ലപ്പോഴുമൊക്കെ ചെറിയ തോതിൽ മദ്യപിക്കുന്ന ഞാനുണ്ടാകും അതിനെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിൽ. മദ്യനിരോധനമൊന്നും കേരളത്തിൽ നടക്കുന്ന കാര്യമല്ലെന്ന് മാത്രമല്ല, അങ്ങനെ എന്തെങ്കിലും സംഭവിച്ചാലും, മദ്യം ഒരുതരത്തിലും അനുവദിക്കാത്ത ഇസ്ലാമിൿ രാജ്യങ്ങളിൽ, തങ്ങളുടെ ഫ്ലാറ്റുകളിൽ യഥേഷ്ടം വാറ്റി കുടിക്കുന്ന മലയാളിക്ക് അതൊന്നും ഒരു വിഷയവുമല്ല.
എങ്കില്‍പ്പിന്നെ അല്‍പ്പമൊന്ന് മാറി ചിന്തിച്ചുകൂടെ ? മദ്യപിച്ചേ പറ്റൂ എന്നുള്ള മലയാളികളെ, മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകാത്ത രീതിയിൽ മദ്യപിക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ബോധവൽക്കരിച്ചുകൂട ?! ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾക്ക് മുന്നിൽ തികഞ്ഞ അച്ചടക്കത്തോടെയും പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടുകൂടെയും ക്യൂ നിന്ന് മദ്യം വാങ്ങി അകത്താക്കുന്ന മലയാളി, മദ്യപിച്ചുകഴിഞ്ഞാൽ എന്തുകൊണ്ട് ഈ മര്യാദയും പരസ്പരബഹുമാനവുമൊക്കെ മറ്റുള്ള സഹജീവികളോട് കാണിക്കുന്നില്ല, സ്വന്തം കുടുംബത്തോട് കാണിക്കുന്നില്ല ?!
മുകളിൽ 3 വാർത്തകൾ നിരത്തിയത് ഇത്രയുമൊക്കെ ഒന്ന് പറഞ്ഞൊപ്പിച്ചെടുക്കാനായിരുന്നു. മദ്യപിച്ച് കോടതിൽ കയറാമെന്നൊക്കെ പറഞ്ഞാൽ തോന്ന്യാസമല്ലേ ? ഒന്നോ രണ്ടോ ന്യായാധിപന്മാർ കാരണം കോടതിയുടെ അന്തസ്സിന് മാർക്കറ്റിൽ അല്‍പ്പസ്വല്‍പ്പം ഇടിവുണ്ടായിട്ടുണ്ടെങ്കിലും അവിടെച്ചെന്ന് ബഹളമുണ്ടാക്കുക എന്നൊക്കെ വെച്ചാൽ ശുദ്ധ തെമ്മാടിത്തരം കൂടെയല്ലേ ? എന്നിട്ടും കോടതി വിധിച്ചതോ ? സുഖമില്ലാത്ത ആളാണെന്നോ മറ്റോ കരുതി ആയിരിക്കും, ഒരു മാസമാണ് തടവിത്തരാൻ ഏർപ്പാടാക്കിയിരിക്കുന്നത്. കൈയ്യിലോ കാലിലോ വേദന വന്നാൽ സ്വന്തം മക്കളോ ഭാര്യയോ പോലും തിരിഞ്ഞു നോക്കാത്ത ഇക്കാലത്താണ് കോടതിയുടെ ഈ ‘തടവ് ’ എന്നത് സ്മരണ വേണം മദ്യപരേ, സ്മരണ വേണം.
വിമാനത്തിൽ കയറുന്നത് തന്നെ മദ്യപിച്ച് കോൺ തിരിയാനാണെന്നാണ് ചില മലയാളികളുടെ വിചാരം. കേറുന്ന സമയം മുതൽ ഇറങ്ങുന്നതുവരെ തലയ്ക്ക് മുകളിലുള്ള സ്വിച്ച് അമർത്തി എയർഹോസ്റ്റസിനെ വിളിച്ച് പെഗ്ഗ് പെഗ്ഗായി ആവശ്യപ്പെടുന്നത് കാണാറുണ്ട്. വിമാനത്തിലെ സഹോദരിമാരാകട്ടെ, ചത്തുപോകും അടുത്ത പെഗ്ഗ് കിട്ടിയില്ലെങ്കിൽ എന്ന് പറഞ്ഞാൽ പോലും ഒരു പരിധിക്കപ്പുറം ഒഴിച്ച് കൊടുക്കാറുമില്ല.
കാട്ടിലും, മേട്ടിലും, നടുറോഡിലും, ഓഫീസിലും, വാഹനത്തിനകത്ത് വാഹനം ഓടിച്ചും, ബീച്ചിലും, എന്നിങ്ങനെ പറ്റുന്ന എല്ലാ സ്ഥലങ്ങളിലിരുന്നും മദ്യപിക്കുക എന്നത് അത്ര നല്ല ശീലമൊന്നുമല്ല. പ്രത്യേകിച്ചും അതുകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകളും ജീവഹാനി വരെയും ഉണ്ടാകും എന്ന അവസ്ഥ വരുമ്പോൾ. നല്ല ശീലമല്ലെങ്കിൽ പിന്നെന്തുചെയ്യും ? എന്താണ് ‘നല്ല‘ മദ്യപാനശീലങ്ങൾ എന്ന് ആരെങ്കിലും പറഞ്ഞുകൊടുത്താലല്ലേ മനസ്സിലാക്കാൻ പറ്റൂ. എനിക്കറിയുന്ന ചില ‘നല്ല‘ മദ്യപാനശീലങ്ങൾ ഞാൻ പറഞ്ഞുതരാം. അതിനുമുൻപ് ഒരു അറിയിപ്പ്. ജീവിതത്തിൽ ഇന്നേ വരെ മദ്യപിക്കാത്തവർ, പ്രായപൂർത്തി ആകാത്തവർ, മദ്യപിക്കണമെന്ന ആഗ്രഹം ഇതുവരെ മനസ്സിലോ മാനത്തോ പോലും തോന്നാത്തവർ, മദ്യപാനത്തെ എല്ലാത്തരത്തിലും വെറുക്കുന്ന സ്ത്രീകൾ എന്നിവരൊക്കെ ഈ ലേഖനം വായിക്കുന്നത് ഇവിടെ വെച്ച് അവസാനിപ്പിക്കണം. ഇത്, മോശമായ രീതിയിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് മാത്രമായുള്ള മദ്യോപദേശങ്ങളാണ്. ഇത് വായിച്ച് രസം പിടിച്ച് ഇത്രയ്ക്ക് കേമൻ സാധനമാണോ ഇതെന്ന് വെളിപാടുണ്ടായി, മദ്യപാനം തുടങ്ങിക്കളയാമെന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാൽ, ആ കുറ്റത്തിന് ലേഖകനോ പ്രസാധകരോ ഉത്തരവാദികളല്ല. മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ഗുരുദേവന്റെ ആഹ്വാനം വെള്ളാപ്പള്ളി നടേശൻ കേട്ടില്ലെങ്കിലും നിങ്ങൾ ഓരൊരുത്തരും കേൾക്കണം അനുസരിക്കണം.
ഇനി വിഷയത്തിലേക്ക് കടക്കാം. എന്തൊക്കെയാണ് ആവറേജ് മലയാളിയുടെ മദ്യപാന ശീലങ്ങൾ ?
1. നേരവും കാലവും നോക്കാതെ കുടിക്കുക എന്നതാണ് അതിൽ പ്രധാനം. അത് ആദ്യമേ തന്നെ ഉപേക്ഷിക്കുക. ജോലിയെല്ലാം തീർത്തിട്ടുള്ള സമയത്ത് മദ്യപിക്കുക എന്നത് ഒരു പോളിസി ആക്കി മാറ്റുക. ജോലിക്കിടയിൽ മദ്യപിക്കുന്നത് ജോലിയുടെ കൃത്യത നഷ്ടപ്പെടുത്തും. ജോലിയിൽ പിഴവുകൾ സംഭവിക്കും. ജോലി തന്നെ ഇല്ലാതായെന്നും വരും. ‘കുടിച്ചുകൊണ്ടേ ഓഫീസിൽ വരൂ‘ എന്ന ചീത്തപ്പേരൊന്നും പലർക്കും വിഷയമല്ലാത്തതുകൊണ്ട് അക്കാര്യം പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കുന്നില്ല.
2. പൊതുസ്ഥലങ്ങളിൽ ഇരുന്നുള്ള മദ്യപാനം ഒഴിവാക്കുക. പൊതുസ്ഥലങ്ങൾ കുടിയന്മാരെപ്പോലെ കുടിക്കാത്തവർക്കും അവകാശപ്പെട്ടതാണ്. ഇപ്പറയുന്ന കൂട്ടത്തിൽ കോടതി, പാടവരമ്പ്, കലുങ്ക്, ബീച്ച്, തുടങ്ങിയ എല്ലാ സ്ഥലങ്ങളും പെടും.
3. അമിതമായി മദ്യപിക്കാതിരിക്കുക. കഴിക്കുന്ന മദ്യത്തിന്റെ രുചിയും അതിൽ നിന്ന് കിട്ടുന്ന ലഹരിയും ആസ്വദിക്കാൻ പറ്റണമെങ്കിൽ അമിതമദ്യപാനം പാടില്ല. ഒരു ചെറു ലഹരിയും മുഴുവനായി മറയാത്ത ബോധവുമായി കിടന്നുറങ്ങുന്നതിന്റെ സുഖം അബോധാവസ്ഥയിൽ കിട്ടില്ല എന്നുമാത്രമല്ല, അബോധാവസ്ഥയിലേക്ക് കടന്നാൽ പിന്നെ കുടിക്കുന്ന മദ്യത്തിനായി ചിലവാക്കുന്ന ജോർജ്ജൂട്ടി പോലും നഷ്ടക്കണക്കാണ്.
4. വാള് വെക്കുന്ന വരെ കുടിക്കുക എന്ന ശീലം ഒഴിവാക്കുക. കുടിക്കുന്ന മദ്യം ശരീരത്തിന് താങ്ങാവുന്നതിലും അധികമായതുകൊണ്ടാണ് പലരും വാളുവെക്കുന്നത്. വാള് വെച്ച് കളയുന്നതിനും ഭേദം അത്രയും മദ്യം അടുത്ത ദിവസം കുടിക്കുന്നതല്ലേ ? പണം മിച്ചം ലഹരി മെച്ചം ! മാത്രമല്ല വാള് വെച്ച് ബോധമില്ലാതെ ഓടയിലൊക്കെ കിടന്നാൽ അതിന്റെ പടമൊക്കെ വല്ലവന്മാരുമൊക്കെ എടുത്ത് ‘കേരളത്തിലെ വിവിധയിനം പാമ്പുകൾ‘ എന്ന ലേഖന പരമ്പര തുടങ്ങിക്കളയും.
5. ആരെയെങ്കിലും തെറിവിളിക്കാനോ കൈയ്യേറ്റം ചെയ്യാനോ ഉള്ള ധൈര്യം സംഭരിക്കാനാൻ വേണ്ടി കരുതിക്കൂട്ടി ഉറപ്പിച്ചാണ് മദ്യപിക്കുന്നതെങ്കിൽ പോലും അമിതമായി മദ്യപിക്കരുത്. തെറി കേൾക്കുന്നവന് കാര്യം മനസ്സിലാകാൻ പാകത്തിന് അല്‍പ്പം മണം അടിപ്പിക്കുന്ന തരത്തിലുള്ള മദ്യപാനം പാടുള്ളൂ. ബാക്കിയൊക്കെ സ്വല്‍പ്പം അകത്ത് ചെന്നാൽ അഭിനയിപ്പിച്ച് ഫലിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ മിതമായി മദ്യപിച്ച് തെറിവിളികുക, കൈയ്യേറ്റം ചെയ്യുക എന്നതുകൊണ്ട് ഒരു ഗുണമുണ്ട്. കൈയ്യേറ്റം ചെയ്യപ്പെടുന്നവൻ മദ്യപനേക്കാൾ ആരോഗ്യമുള്ളവനാകുകയും കൈയ്യേറ്റം മദ്യപന് നേർക്ക് ആകുകയും ചെയ്താൽ ഓടി രക്ഷപ്പെടാനുള്ള പഴുത് ഉണ്ടായിരിക്കും. കാലുറയ്ക്കുന്നില്ല എങ്കിൽ ഓടാനാവില്ലല്ലോ ?
6. മദ്യപിച്ച് വീട്ടിൽ ചെന്ന് ഭാര്യയേയും മക്കളേയും എടുത്തിട്ട് പൊതിക്കുന്ന ശീലമുണ്ടെങ്കിൽ അതും അവസാനിപ്പിക്കുക. മിതമായ തോതിലാണ് മദ്യപാനമെങ്കിൽ വീട്ടിലിരുന്ന് തന്നെ മദ്യപിക്കാനും ടച്ചിങ്ങ്‌സായി അച്ചാർ, മിക്ച്ചർ, മുട്ട ചിക്കി വറുത്തത് എന്നീ സാധനങ്ങൾ ഭാര്യ തന്നെ അടുക്കളയിൽ ഉണ്ടാക്കിത്തന്നെന്ന് വരും. എത്ര സന്തുഷ്ടമായ മദ്യപാനകുടുംബം അല്ലേ ? ആലോചിച്ചിട്ട് തന്നെ രോമാഞ്ചം വരുന്നില്ലേ ?
7. ഇനി പറയാൻ പോകുന്നത് പലർക്കും തീരെ ദഹിച്ചെന്ന് വരില്ല. എന്നാലും ശ്രമിച്ച് നോക്കൂ. പറ്റുമെങ്കിൽ ഭക്ഷണത്തിനുശേഷം മദ്യപിക്കുക. അതുകൊണ്ട് പലഗുണങ്ങളുണ്ട്. ഭക്ഷണത്തിന് മുന്നേ, അതായത് ഒഴിഞ്ഞ വയറിൽ കുടിക്കുന്നതുകൊണ്ടാണ് പലരും പെട്ടെന്ന് ഓഫായി പോകുന്നത്. നിറഞ്ഞ വയറ്റിൽ അധികം മദ്യപിക്കാൻ പറ്റില്ല എന്നതാണ് ഒരു ഗുണം. മറ്റൊന്ന് വയറ്റിൽ ഭക്ഷണം എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് ഓഫായി പോകില്ല. വീട്ടിലിരുന്ന് മദ്യപിക്കുന്നവരാണെങ്കിൽ, പ്രത്യേകിച്ചും ഒത്തുചേരലുകൾക്കും മറ്റുമായുള്ള മദ്യപാനമാണെങ്കിൽ ഭക്ഷണം കഴിച്ചുള്ള മദ്യപാനം വീട്ടിലുള്ള സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കും. നിങ്ങൾ ആൺപ്രജകൾ ഭക്ഷണം കഴിച്ചിട്ട് വേണമല്ലോ ഭാരത നാരിക്ക് നിങ്ങളുടെ ബാക്കിവന്ന ഭക്ഷണവും കഴിച്ച്, പാത്രവും കഴികിവെച്ച് കിടന്നുറങ്ങാൻ. നിങ്ങൾ ആദ്യമേ ഭക്ഷണം കഴിച്ചാൽ സ്ത്രീകൾക്ക് അങ്ങനെയുള്ള ജോലികൾ ഒക്കെ തീർത്ത് വെടിവട്ടം പറഞ്ഞിരിക്കാനോ കിടന്നുറങ്ങാനോ ആകും. ഇതിനൊക്കെ പുറമേ ഭക്ഷണം എല്ലാവരും കഴിക്കും എന്ന ഗുണവും ഉണ്ട്. ചിലർ മദ്യപിച്ച് ഓഫായി പോകുന്നതുകൊണ്ട് പിന്നെ ഭക്ഷണം കഴിക്കൽ ഉണ്ടാകില്ല. ഭക്ഷണം വേസ്റ്റ് ആകുമെന്ന് മാത്രമല്ല, മദ്യം മാത്രം അകത്താക്കിയുള്ള നിങ്ങളുടെ ഓഫാകൽ ആരോഗ്യത്തിനെ കൂടുതൽ ഹാനികരമാക്കും.
8. എങ്ങിനെ ആസ്വദിച്ച് രുചിയറിഞ്ഞ് മദ്യപിക്കാം എന്നതാണ് ഇനി പറയാൻ പോകുന്നത്. മദ്യപിക്കാൻ തുടങ്ങുന്നതിന് മുന്നായി എന്താണ് കഴിക്കാൻ പോകുന്ന മദ്യം എന്നത് മനസ്സിലാക്കാൻ ശ്രമിക്കുക. ചവർപ്പും രൂക്ഷഗന്ധവും പൊള്ളലുമൊക്കെയുള്ള ഈ സാധനം ലഹരി കിട്ടാൻ വേണ്ടി മാത്രം മൂക്കടച്ചുപിടിച്ച് അകത്താക്കുന്ന രീതി ഉപേക്ഷിക്കുക. ഒരു ചെറിയ കവിൾ എടുത്തതിനുശേഷം വായിലിട്ട് അതിനെ ചെറുതായി വായിലാകെ പടർത്തുക(Rinse). നാവിലെ രസമുകുളങ്ങളിലൂടെയും മോണയിലെ വിടവുകളിലൂടെയുമൊക്കെ അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടട്ടെ. അതിനുശേഷം മെല്ലെ മെല്ലെ കുടിച്ച് തീർക്കാൻ ശ്രമിക്കുക. ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തടിക്കുന്ന സ്ഥിരം ശൈലി അവസാനമായി ക്യാമറയിൽ പകർത്തി യൂ ട്യൂബിൽ ഇട്ട് ഇടയ്ക്കിടയ്ക്ക് ഇരുന്ന് കണ്ട് ആസ്വദിച്ചാൽ മാത്രം മതി. ഇങ്ങനെ റിൻസ് ചെയ്ത് കഴിക്കുന്നതുമൂലം കഴിക്കുന്ന മദ്യത്തിന്റെ രുചി മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിവരും. വ്യാജനാണെന്ന് പോലും മനസ്സിലാക്കാനുള്ള കഴിവ് കിട്ടിയാൽ ജീവൻ തന്നെ രക്ഷിക്കാൻ കുടിയന്മാർക്ക് പറ്റിയെന്ന് വരും.തുടർന്നുള്ള ദിവസങ്ങളിലും മദ്യപിക്കാം എന്നുള്ളത് സന്തോഷമുള്ള കാര്യമല്ലേ ?
9. സ്ഥിരമദ്യപാനികൾ ആണെങ്കിൽ ഒരാഴ്ച്ച മദ്യം കഴിക്കാതെ ഇരുന്ന് നോക്കുക. പറ്റുന്നില്ലെങ്കിൽ രണ്ട് ദിവസമെങ്കിലും ശ്രമിക്കുക. പിന്നീട് മദ്യം കഴിക്കുന്ന ദിവസം നിങ്ങൾക്ക് അതിന്റെ രുചി കൂടുതലായി അനുഭവപ്പെടും. ഈ ശ്രമം വിജയിച്ചാൽ രണ്ടാഴ്ച്ച, ഒരുമാസം എന്ന തോതിൽ ഈ പരീക്ഷണം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുക. മത ആരാധനാപരമായ ഒരു നോമ്പ് പോലുള്ള കാര്യത്തിനാണെന്ന് കരുതി ഒരിക്കലെങ്കിലും ശ്രമിച്ച് നോക്കുക. പലപ്പോഴായി ഇത് ശ്രമിച്ച് വിജയിച്ചാൽ. 6 മാസത്തേക്ക് ഒരു കൊല്ലത്തേക്ക് എന്ന തോതിൽ നിങ്ങൾക്ക് മദ്യപിക്കാതെ ഇരിക്കാൻ പറ്റിയെന്നും വരും. മദ്യപാനം നിറുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹം ഉണ്ടായിട്ടും അതിന് അടിമ ആയിപ്പോയതിന്റെ പേരിൽ മദ്യപാനം നിറുത്താനാകാതെ പോകുന്ന ഒരാൾക്കെങ്കിലും ചിലപ്പോൾ ഈ മാർഗ്ഗം ഫലപ്രദമായെന്ന് വരും. മദ്യപാനം നിറുത്തി പരീക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ മദ്യത്തിന്റെ തോത് കുറച്ച് കുറച്ച് കൊണ്ടുവന്ന് ശ്രമിക്കാം.
10. മദ്യപിക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകാതിരിക്കുകയും സ്വയം അപഹാസ്യനാകുകയും ചെയ്യാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. മദ്യപിച്ചാൽ വയറ്റിൽ കിടക്കണം എന്ന് കേട്ടിട്ടില്ലേ ? മദ്യം അകത്തുചെന്നതുകൊണ്ടുള്ള സ്വഭാവ വ്യതിയാനങ്ങൾ വെളിയിൽ കാണിക്കരുത് എന്നാണ് അതിനർത്ഥം.
11. മദ്യപിച്ചുകൊണ്ട് ഒരിക്കലും വാഹനം ഓടിക്കരുത്. നിങ്ങൾക്ക് മദ്യപിച്ച് ജീവിതം ആസ്വദിക്കാനുള്ള അവകാശം ഉണ്ടെന്നതുപോലെ തന്നെ, അപകടങ്ങളിൽ ഒന്നും പെടാതെ നല്ല രീതിയിൽ ജീവിച്ചുപോകാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട്.
എനിക്കറിയാവുന്ന ചില മദ്യപാനശീലങ്ങൾ മാത്രമാണിത്. ഇക്കൂട്ടത്തിൽ നിങ്ങൾക്കെന്തെങ്കിലും ചേർക്കാനുണ്ടെങ്കിൽ അതുകൂടെ ചേർത്ത് മര്യാദയ്ക്ക് മദ്യപിക്കുന്നത് ഒരു ശീലമാക്കൂ. മദ്യം ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിലും മാന്യനായ ഒരു മദ്യപാനി ആകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നാട്ടുകാർക്കും എല്ലാം ഗുണകരമാകും. അവനവന് ആത്മസുഖത്തിനായ് ചെയ്യുന്നത് അപരന്…. സുഖമൊന്നും ഉണ്ടാക്കിക്കൊടുത്തില്ലെങ്കിലും ശല്യമായി മാറാതെ നോക്കാമല്ലോ ?
ഈ ലേഖനത്തിന്റെ പേരിൽ ഞാൻ കുറേ വാങ്ങിച്ചുകൂട്ടും എന്നെനിക്കറിയാം എന്നാലും എഴുതാതിരിക്കാനായില്ല.
തരാനുള്ളതൊക്കെ കൈയ്യോടെ ഇങ്ങ് തന്നേര്. ഏറ്റുവാങ്ങാൻ തയ്യാറായി ഇരിക്കുന്നു.
വിഷയം മദ്യം ആയതിനാലും താമസം നിരോധിത രാജ്യതായതിനാലും, കുടിക്കാന്‍ അവസരം കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ആയതിലാലും, ലേഖനം വായിച്ചു എന്ന് നിരക്ഷരനോട് പറയാനും വേണ്ടി മാത്രം കമന്റുന്നു!
മദ്യപാന ശീലം മാറ്റണം എന്നല്ലേ എഴുതിയുള്ളൂ. അത് കൊണ്ട് ഇഷ്ടമായി. മദ്യപിക്കരുത് / മദ്യം നിരോധികണം എന്നൊക്കെ പറഞ്ഞിരുന്ണേല്‍ കാണാമായിരുന്നു.
ഓഫ്: പറയേണ്ടത് തന്നെ പറഞ്ഞിരിക്കുന്നു.
ആശംസകള്‍!!
വായിച്ചു… സാമുഹിക പ്രതിബധത നിലനിര്‍ത്താന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. ഒരു കൈ എന്റേയും വക…
“മദ്യം ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കിലും മാന്യനായ ഒരു മദ്യപാനി ആകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നാട്ടുകാര്‍ക്കും എല്ലാം ഗുണകരമാകും. അവനവന് ആത്മസുഖത്തിനായ് ചെയ്യുന്നത് അപരന് സുഖമൊന്നും ഉണ്ടാക്കിക്കൊടുത്തില്ലെങ്കിലും ശല്യമായി മാറാതെ നോക്കാമല്ലോ?”
100% യോജിക്കുന്നു.
മദ്യപാനമൊക്കെ എന്നോ നിര്‍ത്തേണ്ട കാലം കഴിഞ്ഞു….
മദ്യപാനം ഒരു തെറ്റല്ല. പക്ഷെ അതൊരു തപസ്സ് ആക്കരുത്.
മിതമായ തോതിലാണ് മദ്യപാനമെങ്കില്‍ വീട്ടിലിരുന്ന് തന്നെ മദ്യപിക്കാനും ടച്ചിങ്ങ്‌സായി അച്ചാറ് മിക്ച്ചറ മുട്ട ചിക്കി വറുത്തത് എന്നീ സാധനങ്ങള്‍ ഭാര്യ തന്നെ അടുക്കളയില്‍ ഉണ്ടാക്കിത്തന്നെന്ന് വരും…
ഉവ്വേ… അടികൊണ്ടില്ലെങ്കില്‍ കാണാം…
എനിക്കറിയാവുന്ന ചില മദ്യപാനശീലങ്ങള്‍ മാത്രമാണിത്. ഇക്കൂട്ടത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും ചേര്‍ക്കാനുണ്ടെങ്കില്‍ അതുകൂടെ ചേര്‍ത്ത് മര്യാദയ്ക്ക് മദ്യപിക്കാന്‍ ശ്രമിക്കൂ.
മര്യാദയ്ക്ക് മദ്യപിക്കാന്‍ ശ്രമിക്കൂന്ന്..
ഹും… തമ്മില്‍ ഭേദം തൊമ്മന്‍…
(അവനാണിപ്പോ പുരയ്ക്ക് തീവെയ്ക്കുന്നത്:))
ശരിയാണ്… ചില ശീലങ്ങള്‍ മാറേണ്ടതു തന്നെയാണ്
രസികന്‍. അപ്പൊ ആള്‍ക്കാരെ കള്ളുകുടിക്കാന്‍ പഠിപ്പിച്ചുകളയാം എന്നാണു തീരുമാനം, ല്ലേ?
പറഞ്ഞ പന്ത്രണ്ടിന്റെ കൂടെ ഒരു നാല് ബുള്ളെറ്റ് ഐറ്റം എനിക്കും ചേര്‍ക്കാം. “അതുകൂടെ ചേര്‍ത്ത് മര്യാദയ്ക്ക് മദ്യപിക്കാ”നല്ലേ ഉപദേശിച്ചത്? അങ്ങനെയാവട്ടെ.
ചാലക്കുടിക്കാര്‍ക്കിട്ട് പണിഞ്ഞതിനുള്ള പരാതി ഞാന്‍ കലാഭവന്‍ മണിയെ ബോധിപ്പിച്ചോളാം (പുള്ളിയാണ് ടൌണിന്റെ അനൌദ്യോഗിക രക്ഷാധികാരി). ഞങ്ങളെ അങ്ങനെ അടച്ചാക്ഷേപിക്കുന്നത് വെറുതെ കേട്ടിരിക്കാന്‍ പറ്റില്ലല്ലോ.
-ഒരാഴ്ച്ച മദ്യം കഴിക്കാതെ ഇരുന്ന് നോക്കുക. പറ്റുന്നില്ലെങ്കില്‍ രണ്ട് ദിവസമെങ്കിലും ശ്രമിക്കുക. പിന്നീട് മദ്യം കഴിക്കുന്ന ദിവസം നിങ്ങള്‍ക്ക് അതിന്റെ രുചി കൂടുതലായി അനുഭവപ്പെടും. ഈ ശ്രമം വിജയിച്ചാല്‍ രണ്ടാഴ്ച്ച, ഒരുമാസം എന്ന തോതില്‍ ഈ പരീക്ഷണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുക-
യത് വളരെ കറക്ട്. ഒന്ന് രണ്ടാഴ്ചകൂടിയൊക്കെയൊരു സ്മാളടിക്കുമ്പോ എന്താ സുഖം..
മാറ്റങ്ങളോടെ മദ്യപാനം തുടങ്ങി
താങ്ക്സ് ലേഖകന്‍
ഫ്ലാറ്റിലിരുന്ന് വാറ്റിക്കുടിക്കുന്ന കാര്യം ഒരു പുതിയ അറിവാണെനിക്ക്. പിന്നെ, എട്ടാമത്തെ പോയിന്റ് ഇഷ്ടമായി. വൈന്‍ ടേസ്റ്റ് ചെയ്യുന്ന പോലെ ബാക്കി മദ്യങ്ങളൊക്കെ വായിലിട്ട് ചുറ്റി ടേസ്റ്റ് ചെയ്താല്‍ പിന്നത് കുടിക്കാന്‍ തോന്നുമോ ആവോ!
കള്ള് കുടിച്ചിട്ട് ബൈക്കില്‍ പോയി ആരെയെങ്കിലും ഇടിച്ചിടണമെന്ന് ഒരാള്‍ (മലയാളിയല്ല)പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ ലേഖനം വായിച്ച് കുറച്ച് പേരെങ്കിലും ശീലങ്ങള്‍ മാറ്റുമെന്ന് കരുതാം.
മദ്യപാനം ശീലമല്ലാത്ത, തീരെയില്ലാത്ത വീട്ടിലാണ് ഞാൻ ജനിച്ചതും വളർന്നതും ജീവിച്ചതും, ഇപ്പോൾ ജീവിക്കുന്നതും. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല.
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ബിവറേജ് ക്യൂവിലെ തള്ളുമാത്രം…
മലയാളികളെ മാത്രം കണ്ണുമടച്ച് പറയുന്നത് സത്യവിരോധമാണ്. ഇന്ന് പരമാവധിയും ബീവറേജിലൂടെ മലയാളികള്‍ മദ്യം വാങ്ങിക്കുന്നത്, ആയതിനാല്‍ അതിന്റെ സുതാര്യമായ (ഗവണ്മെന്റിന്റെ കയ്യിലാണെങ്കിലും) കണക്കുകള്‍ ഉള്ളത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും മറ്റും ഉപഭോഗം ഇതിലുമേറെയാണ് എന്ന് ഉറപ്പില്ല, പക്ഷെ ഒരു ഹോളി-ഗണേശൊത്സവം-മറ്റും കഴിഞ്ഞാല്‍ കണക്കുകള്‍ പുറത്ത് വരാറില്ല, കണക്കുകള്‍ക്ക് പുറമേ നാടന്‍ വാറ്റുപയോഗിക്കുന്നവരാണ് അധികവും എന്ന് പറഞ്ഞ് കേള്‍ക്കുന്നു.
അറിയാവുന്ന കാര്യം, നമ്മടെ നാടല്ല, വിദേശം, ചായയ്ക്ക് പകരം ബീയര്‍ ശീലമാക്കിയ നാടെനിക്കറിയാം :))
മ്മ്….
ചിയേഴ്സ് …UU -
ഞാനിപ്പോള്‍ ഉള്ളത് ജര്‍മ്മനിയില്‍. സമയം വൈകിട്ട് ആറുമണി. പുറത്ത് തണുപ്പ് -2. ഒരണ്ണം വിടരുത് എന്ന് പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ഒരു കൊലപാതകിയാവും..ഹി..ഹി… നീരുജിയുടെ പോയിന്റ് No 3,7,8,12 എന്നിവയ്ക്ക് എന്‍റെ എന്‍റെ വക രണ്ടു ഒപ്പ്. അതാണെന്റെ പതിവ്…….സസ്നേഹം
@ നിശാസുരഭി – മലയാളികളെ മാത്രം കണ്ണുമടച്ച് പറയുന്നത് സത്യവിരോധമാണ്. അപ്പറഞ്ഞതിനോട് യോജിക്കുന്നില്ല. ഇതിൽ അസത്യമായി ഒന്നും ഇല്ല. മലയാളിയെ മാത്രം പറഞ്ഞത് ശരിയായില്ല എന്നാക്ഷേപം ഉന്നയിക്കാമായിരുന്നു. ബിവറേജസിൽ ക്യൂ നിന്ന് വാങ്ങി കുടിച്ചതുകൊണ്ട് മാത്രം മലയാളിയുടെ മദ്യപാനശീലങ്ങൾ നല്ലതാകുന്നില്ല. മദ്യത്തിന്റെ ശ്രോതസ്സ് ഏതാണെന്നും ബ്രാൻഡ് ഏതാണെന്നുമല്ല ഇവിടെ വിഷയം. എന്തൊക്കെയാണ് കുടിയന്മാറുടെ ശീലങ്ങൾ എന്നതാണ്. എനിക്ക് അറിയാവുന്ന ഒരു കൂട്ടരെപ്പറ്റി പറഞ്ഞു. മറ്റുള്ളവർക്ക് ഇതിലും മോശം ശീലം ഉണ്ടാകാം, ഇല്ലായിരിക്കാം. എനിക്കതിനെപ്പറ്റി കൃത്യമായി ധാരണ ഇല്ലാത്തതുകൊണ്ട് അതൊന്നും പറഞ്ഞില്ല എന്നുവെച്ച് ഇവിടെ പറഞ്ഞതൊന്നും അസത്യമാകുന്നില്ല.
അച്ചാറ് മിക്ച്ചറ എന്നീ മുട്ട ചിക്കി വറുത്തത് എന്നീ
looks like a small correction is good??
സാമാന്യം നല്ല ബോറായിപ്പോയി! ഒന്നാമതായി, ഇതേ പാറ്റേണിൽ മനോരമയിൽ ഒരു ലേഖനം വന്നിരുന്നു.
“അതിനുമുന്‍പ് ഒരു അറിയിപ്പ്. ജീവിതത്തില്‍ ഇന്നേ വരെ മദ്യപിക്കാത്തവര്‍, പ്രായപൂര്‍ത്തി ആകാത്തവര്‍, മദ്യപിക്കണമെന്ന ആഗ്രഹം ഇതുവരെ മനസ്സിലോ മാനത്തോ പോലും തോന്നാത്തവര്‍, മദ്യപാനത്തെ എല്ലാത്തരത്തിലും വെറുക്കുന്ന സ്ത്രീകള്‍ എന്നിവരൊക്കെ ഈ ലേഖനം വായിക്കുന്നത് ഇവിടെ വെച്ച് അവസാനിപ്പിക്കണം.“ ഈ വാചകം പോലും കാര്യമായ വ്യത്യാസമില്ലാതെ അതിൽ ഉണ്ടായിരുന്നു.
“എങ്ങിനെ ആസ്വദിച്ച് രുചിയറിഞ്ഞ് മദ്യപിക്കാം എന്നതാണ് ഇനി പറയാന്‍ പോകുന്നത്. മദ്യപിക്കാന്‍ തുടങ്ങുന്നതിന് മുന്നായി എന്താണ് കഴിക്കാന്‍ പോകുന്ന മദ്യം എന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചവര്‍പ്പും രൂക്ഷഗന്ധവും പൊള്ളലുമൊക്കെയുള്ള ഈ സാധനം ലഹരി കിട്ടാന്‍ വേണ്ടി മാത്രം മൂക്കടച്ചുപിടിച്ച് അകത്താക്കുന്ന രീതി ഉപേക്ഷിക. ഒരു ചെറിയ കവിള്‍ എടുത്തതിനുശേഷം വായിലിട്ട് അതിനെ ചെറുതായി വായിലാകെ പടര്‍ത്തുക. നാവിലെ രസമുകുളങ്ങളിലൂടെയും മോണയിലെ വിടവുകളിലൂടെയുമൊക്കെ അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടട്ടെ. അതിനുശേഷം മെല്ലെ മെല്ലെ കുടിച്ച് തീര്‍ക്കാന്‍ ശ്രമിക്കുക.“ സ്ക്കോച്ചടിക്കുന്ന പോലെ ഒ സി ആർ അടിക്കാൻ പറ്റുമോ? മോണയിലെ വിടവൊക്കെ പൊള്ളിപ്പോകും!
“ആരെയെങ്കിലും തെറിവിളിക്കാനോ കൈയ്യേറ്റം ചെയ്യാനോ ഉള്ള ധൈര്യം സംഭരിക്കാനാന്‍ വേണ്ടി കരുതിക്കൂട്ടി ഉറപ്പിച്ചാണ് മദ്യപിക്കുന്നതെങ്കില്‍ പോലും അമിതമായി മദ്യപിക്കരുത്. തെറി കേള്‍ക്കുന്നവന് കാര്യം മനസ്സിലാകാന്‍ പാകത്തിന് അല്‍പ്പം മണം അടിപ്പിക്കുന്ന തരത്തിലുള്ളത് മതി. ബാക്കിയൊക്കെ സ്വല്‍പ്പം അകത്ത് ചെന്നാല്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ മിതമായി മദ്യപിച്ച് തെറിവിളിക്കുക, കൈയ്യേറ്റം ചെയ്യുക എന്നതുകൊണ്ട് ഒരു ഗുണമുണ്ട്. കൈയ്യേറ്റം ചെയ്യപ്പെടുന്നവന്‍ മദ്യപനേക്കാള്‍ ആരോഗ്യമുള്ളവനാകുകയും കൈയ്യേറ്റം മദ്യപന് നേര്‍ക്ക് ആകുകയും ചെയ്താല്‍ ഓടി രക്ഷപ്പെടാനുള്ള പഴുത് ഉണ്ടായിരിക്കും. കാലുറയ്ക്കുന്നില്ല എങ്കില്‍ ഓടാനാവില്ലല്ലോ?“ … ഇമ്മച്ച്വർ ആന്റ് സില്ലി
മദ്യപാനം ഒരു കഴിവായി ആഘോഷിക്കുന്ന എത്രമലയാളികള്‍ക്ക് മദ്യം കഴിക്കാതിരിക്കുന്നത് ഒരു കഴിവായി കാണാന്‍ കഴിയും?
നമുക്ക് ചിന്തകള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇങ്ങിനെ എന്തെല്ലാം വിഷയങ്ങള്‍ അല്ലെ ?
ഈ പോസ്റ്റിന് “ഒരു മിതമദ്യപാനിയുടെ സുവിശേഷം“എന്ന തലക്കെട്ടായിരുന്നൂ വേണ്ടിരുന്നത്
നിരക്ഷരന്റെ നിരീക്ഷണങ്ങൾ ശരിയാണ്. കള്ളുകുടിച്ചു കഴിഞ്ഞാൽ ആളുകളുടെ സ്വഭാവം വേറെയാണ്. കള്ളുകുടിച്ചാൽ നാലാൾ അറിയണമെന്നാണ് ഭാവം. അതു പോലെ ഫ്ലൈറ്റിൽ കള്ളുകുടിച്ച് ആളുകൾ കാട്ടികൂട്ടുന്ന തോന്നിവാസങ്ങൾ ആരേയും ലജ്ജിപ്പിക്കുന്നതാണ്. പഞ്ചാബികളും നല്ല പോലെ കള്ളുകുടിക്കും ബട്ട് മലയാളിയെ പോലെ അച്ചാറ് തോട്ട് നക്കിയല്ലന്ന് മാത്രം വയറ് നിറച്ച ഫുഡ് അടിക്കും.
ഒരു സമ്പൂര്‍ണ്ണ സ്ത്രീവിരുദ്ധ പോസ്റ്റ്.
ഹോ… സമാധാനമായി അനോണിയായിട്ടെങ്കിലും ആരെങ്കിലും വന്ന് ആക്രമിച്ചല്ലോ !?
സാധാരണഗതിയിൽ കാര്യമാത്രപ്രസക്തവും, മറുപടി അർഹിക്കുന്നതുമായ അഭിപ്രായങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറുള്ളതാണ്. മുഖമില്ലാത്തവർ മറുപടി അർഹിക്കുന്നില്ല എന്നതുകൊണ്ട് അഭിപ്രായങ്ങളിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും… അനോണികൾക്ക് മറുപടി കൊടുത്ത് സമയം പാഴാക്കാൻ ഉദ്ദേശമില്ല.
മദ്യപാനം അസാന്മാര്‍ഗികതയുടെ മാതാവാണ്.കുടിച്ചു കഴിഞ്ഞ് ചെയ്യുന്നതെല്ലാം വേണ്ടാതീനങ്ങളും..
അപ്പൊപ്പിന്നെ അങ്ങിനെ കുടിച്ചാല്‍ കുഴപ്പമില്ല,ഇങ്ങനെ കുടിച്ചാല്‍ മതി എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
മദ്യത്തിന്റെ സ്വന്തം നാടായ മാഹിക്കാരിയാണേ ഇപ്പറയുന്നത്..
@ mayflowers – അങ്ങിനെ കുടിച്ചാല്‍ കുഴപ്പമില്ല,ഇങ്ങനെ കുടിച്ചാല്‍ മതി എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
അതിനുള്ള മറുപടി ലേഖനത്തിൽ തന്നെ ഹാജരാക്കിയിട്ടുണ്ട്. എന്നാലും അത് ഒന്നൂടെ താഴെ കട്ട്&പേസ്റ്റ് ചെയ്യുന്നു.
കുടിയന്മാര്‍ സര്‍ക്കാരിന്റെ ഖജനാവിലേക്ക് നല്ലൊരു തുക മനസ്സറിഞ്ഞ് കുടിച്ച് നല്‍കുന്നതുകൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കി ഇതിനൊരു അറുതി വരുത്താന്‍ ഒരു ഭരണകൂടവും തയ്യാറാകില്ലെന്നുള്ളത് സ്പഷ്ടമാണ്. അങ്ങനൊരു സമ്പൂര്‍ണ്ണ മദ്യനിരോധനം വരുമെങ്കില്‍, വല്ലപ്പോഴുമൊക്കെ ചെറിയ തോതില്‍ മദ്യപിക്കുന്ന ഞാനുണ്ടാകും അതിനെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിൽ. മദ്യനിരോധനമൊന്നും കേരളത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് മാത്രമല്ല, അങ്ങനെ എന്തെങ്കിലും സംഭവിച്ചാലും, മദ്യം ഒരുതരത്തിലും അനുവദിക്കാത്ത ഇസ്ലാമിക് രാജ്യങ്ങളിൽ, തങ്ങളുടെ ഫ്‌ളാറ്റുകളില്‍ യഥേഷ്ടം വാറ്റി കുടിക്കുന്ന മലയാളിക്ക് അതൊന്നും ഒരു വിഷയവുമല്ല.
എങ്കില്‍പ്പിന്നെ അല്‍പ്പമൊന്ന് മാറി ചിന്തിച്ചുകൂടെ? മദ്യപിച്ചേ പറ്റൂ എന്നുള്ള മലയാളികളെ, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാത്ത രീതിയില്‍ മദ്യപിക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ബോധവല്‍ക്കരിച്ചുകൂട?
“സാധാരണഗതിയിൽ കാര്യമാത്രപ്രസക്തവും, മറുപടി അർഹിക്കുന്നതുമായ അഭിപ്രായങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറുള്ളതാണ്. മുഖമില്ലാത്തവർ മറുപടി അർഹിക്കുന്നില്ല എന്നതുകൊണ്ട് അഭിപ്രായങ്ങളിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും… അനോണികൾക്ക് മറുപടി കൊടുത്ത് സമയം പാഴാക്കാൻ ഉദ്ദേശമില്ല.“
അങ്ങനെയെങ്കിൽ അനോണി ഓപ്ഷൻ മാറ്റരുതോ? അതൊ ഒരു പേരും ഫോട്ടോയുമായി വന്നാൽ മറുപടി പറയുമോ?
മനോരമയുടെ കാര്യത്തിൽ ലിങ്കില്ല. പക്ഷെ താങ്കൾ അതു വായിച്ചിട്ടില്ലെന്നു പറയരുതു. സത്യത്തിൽ ഈ ലേഖനത്തിന്റെ ഉദ്ദേശം നർമ്മമായിരുന്നോ അതോ സാരോപദേശമോ… രണ്ടായാലും ചീറ്റിപ്പോയി!
ഞാന്‍ എന്റെ ശീലം മാറ്റി പുതിയ മധ്യപാനിയായി…
മദ്യം കഴിക്കാന്‍ അറിയാത്തതാണു കുഴപ്പം, വെറുതെ ഗ്ളാസില്‍ മുക്കാലും നിറച്ചു അല്‍പ്പം വെള്ളം ഒഴിച്ചു ഒറ്റ പിടി പിന്നെ ചിറി തുടച്ചു അച്ചാറ്‍ ഉണ്ടേല്‍ ഒന്നു നക്കി ഒരൊറ്റ ഓട്ടം ഇതാണു ബാറില്‍ കാണുന്നത്,
ടിപ്പ് കൊടുക്കല്‍ ഒക്കെ അധികപറ്റാക്കി അതിനാല്‍ ഇപ്പോള്‍ ബാറില്‍ പഴയപോലെ വെയിറ്ററ്‍ ഇല്ല പലരും അടി കുത്ത് എന്നിവ കാരണം പണിക്കു പോകുന്നില്ല ബില്‍ അടക്കാതെ വെട്ടിച്ചു പോകുന്നവറ്‍ ഏറി വരുന്നു മൊത്തത്തില്‍ ബാറ്‍ ഇന്നൊരു ചാരായ ഷാപ്പാണു
മദ്യ വില കേരളത്തില്‍ വളരെ കൂടുതല്‍ ആണു വെളിയില്‍ ഇരു നൂറും മുന്നൂറുമുള്ള ബ്റാന്‍ഡിനു കേരളത്തില്‍ അഞ്ഞൂറും അറുനൂറും ബീയറിനാണു അല്‍പ്പം കുറവ്
അതു തന്നെ കേ റ്റേ ഡീ സി ബാറ്‍ ഒക്കെ ഇപ്പോള്‍ ഡബിള്‍ വില വാങ്ങുന്നു, ഇതു ലഹരി കുറഞ്ഞ മദ്യപാനത്തെ നിരുത്സാഹപ്പെടുത്തും,
പലറ്‍ക്കും മദ്യപാനം എന്നാല്‍ ചുറ്റിക കൊണ്ട് തലക്കടി കിട്ടിയ പോലെ വേണം അതിനു അനുസരിച്ചു കുറെ തറ ബ്റാന്‍ഡൂകള്‍
ഉണ്ട്, ഈ വിഷമൊന്നും വെളിയില്‍ കിട്ടുന്നവയല്ല
നല്ല ബ്റാന്‍ഡുകള്‍ ഇല്ല, പാറ്‍ട്ടിക്കും എം ഡിക്കും പിണിയാളുകള്‍ക്കും കൈക്കൂലി കൊടുക്കുന്ന കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ആണു അധികം,
സീ ഗ്രാം നല്ല മദ്യം ഉല്‍പ്പാദിപ്പിക്ക്ന്ന കമ്പനി ആണു ഇതിണ്റ്റെ ഒരു ബ്റാന്‍ഡും കേരളത്തില്‍ ഇല്ല, കേ റ്റീ ഡീ സിയുടെ മികച്ചതെന്നറിയപ്പെടുന്ന ബാറില്‍ ഒരു വീ ഐ പി സുഹ്റത്തിനെ സല്‍ക്കരിക്കാന്‍ കയറിയപ്പോള്‍ നല്ല ബ്റാന്‍ഡ് ഏതുണ്ടെന്ന ചോദ്യത്തിനു മാനേജറ്‍ ഭവ്യമായി കാണിച്ചത് ഗ്രീന്‍ ലേബല്‍ വിസ്ക്കി ആണു പെഗ്ഗിനെ തൊണ്ണൂറു രൂപ
ഈ സാധനം വെളിയില്‍ ഇന്നു മൈക്കാട് കാറ്‍ പോലും കഴിക്കുന്നില്ല വിലയോ ഫുള്ളിനു നൂറ്റി എഴുപത് , ഇതില്‍ നിന്നും മനസ്സിലായല്ലോ ഭീകരമായ കൊള്ളയടി
, മദ്യപാനിയെ എല്ലാവരും ചൂഷണം ചെയ്യുന്നു, ഇതു കാരണം മദ്യപാനത്തിണ്റ്റെ സ്റ്റാന്‍ഡേറ്‍ഡ് തറ ആകുന്നു, മാന്യന്‍മാരായ മദ്യപാനികള്‍ പോലും കൂതറ റമ്മിലേക്കു തിരിയുന്നു, ഇതിണ്റ്റെ മണം , കഴിച്ച ശേഷം വിയറ്‍പ്പിണ്റ്റെ മണം ഒക്കെ ആരെയും ഓക്കാനം വമിപ്പിക്കുന്നതാണു
എത്റ മദ്യം കഴിച്ചവനായാലും കാക്കിക്കുപ്പായം കണ്ടാല്‍ മര്യാദക്കു നടക്കും, കേരളത്തില്‍ ഇപ്പോള്‍ ആറ്‍ക്കും എന്തും ആകാം എന്ന ഒരു അവസ്ഥ ഉണ്ട്, ഇതു മാറി ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ട് എന്ന അവസ്ഥ വന്നാല്‍ കുടിച്ച് കൂത്താടുന്നവറ്‍ മര്യാദരാമന്‍ ആകും
ഒരു ദിവസം ലോക്കപ്പില്‍ കിടന്നാല്‍ മാത്റം മതി ഡീസന്‍സി പഠിക്കും
ശാരദക്കുട്ടി ഒരു ലേഖനം എഴുതിയിരുന്നു ഇന്നു കേരളത്തിലെ ആണിനു ഛറ്‍ദ്ദിലിണ്റ്റെ മണം ആണെന്നു, കൂതറ റമ്മടിച്ചുണ്ടാകുന്ന വിയറ്‍പ്പിണ്റ്റെ മണം ആണു ശാരദക്കുട്ടിക്കു അനുഭവപ്പെട്ടത് ,
മിതമായ വിലയില്‍ നല്ല ബ്റാന്‍ഡൂകളും മര്യാദക്കു കുടിക്കാന്‍ ഒരു അറ്റ്മോസ്ഫിയറും ഗവണ്‍മണ്റ്റ് സ്റ്‍ഷ്ടിക്കണം , ഇതു നിറ്‍ത്താന്‍ ആറ്‍ക്കും പറ്റില്ല
പക്ഷെ ഡീസണ്റ്റാകാന്‍ കഴിയും
@ അനോണിമസ് – ഞാൻ എന്റെ പോളിസി മാറ്റിവെച്ച് താങ്കളുമായി സംവദിക്കാൻ തീരുമാനിച്ചു
അനോണിമസ് ഓപ്‌ഷൻ വെച്ചിരിക്കുന്നത്….. ബ്ലോഗിലൊന്നും കമന്റിട്ട് ശീലമില്ലാത്ത പല കക്ഷികളും ഉണ്ട്. അവർ ചിലപ്പോൾ ഈ ഓപ്‌ഷ്ൻ ഉപയോഗിച്ച് അഭിപ്രായങ്ങൾ പറയുകയും എന്നിട്ട് അതിനടിയിൽ പേരും മെയിൽ വിലാസവുമൊക്കെ വെക്കാറും പതിവുണ്ട്. അവർക്ക് വേണ്ടിയാണ് ആ ഓപ്‌ഷൻ തുറന്ന് കിടക്കുന്നത്. ഇനിയിപ്പൊൾ ഒരാൾ സനോനി ആണെന്ന് കാണിക്കാനായി ഒരു ബ്ലോഗുതന്നെ ഉണ്ടാക്കി അതിന്റെ പ്രൊഫൈൽ വഴി വന്ന് പറഞ്ഞാലും, അതൊക്കെ എളുപ്പം മനസ്സിലാക്കാനാവും. അങ്ങനുള്ളവർക്ക് അനോണിയുടെ പരിഗണന മാത്രമേ കൊടുക്കാറുള്ളൂ/കൊടുക്കാൻ പറ്റൂ. അനോണി ഓപ്‌ഷൻ തുറന്നിട്ടിരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമായിക്കാണുമെന്ന് കരുതുന്നു. ഇതിൽക്കൂടുതൽ വിശദീകരിക്കാൻ എനിക്കാവില്ല എന്ന് മനസ്സിലാക്കി ക്ഷമിക്കുമല്ലോ ?
ലേഖനം ചീറ്റിപ്പോയി എന്ന് പറഞ്ഞത് പൂർണ്ണമനസ്സോടെ മാനിക്കുന്നു. ഉള്ള് തുറന്ന് അഭിപ്രായം പറയുന്നതിൽ സന്തോഷമുണ്ട്. അൿസപ്റ്റ് ചെയ്യുന്നു, നന്ദി. ആരാണ് അനോണിയായി ഇത് പറഞ്ഞതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇതിലേറേ സന്തോഷത്തോടെ അത് അൿസപ്റ്റ് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു പ്രശംസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ കേൾക്കാൻ മാത്രമല്ല കമന്റ് ബോക്സ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അനോണിയുമായി ഒരു വിയോജിപ്പുള്ളത് മനോരമയിൽ ഇതേ പാറ്റേണിൽ വന്ന ഒരു ലേഖനത്തിലെ ചില വരികളെങ്കിലും കാര്യമായ വ്യത്യാസം ഇല്ലാതെ ഞാൻ ഉപയോഗിച്ചു എന്ന് പറഞ്ഞതിലാണ്. ഞാനതിനെ ഒരു കോപ്പിയടി ആരോപണം ആയിട്ടുതന്നെ എടുക്കുന്നതിൽ വിരോധമില്ലല്ലോ ? മനോരമ ലേഖനം ഞാൻ വായിച്ചിട്ടില്ല എന്ന് മാത്രം പറയരുത് എന്ന് അനോണി അഡ്വാൻസായിട്ട് പറഞ്ഞും കഴിഞ്ഞു. എന്നിരുന്നാലും ദയവായി കേൾക്കൂ.
സമയമുള്ളപ്പോൾ മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങളിലെ പ്രധാന വാർത്തകളും ലേഖനങ്ങളുമൊക്കെ വായിക്കുകയും സമയമില്ലാത്തപ്പോൾ/ഇന്റർനെറ്റ് കിട്ടാൻ സൗകര്യമില്ലാത്ത ഇടങ്ങളിൽ ചെല്ലുമ്പോൾ ദിവസങ്ങളോളം പത്രങ്ങളും ബ്ലോഗുകളും മെയിലും ഒക്കെ നോക്കുക പോലും ചെയ്യാത്ത ഒരാളാണ് ഞാൻ. എന്തൊക്കെപ്പറഞ്ഞാലും ഇപ്പറഞ്ഞ മനോരമ ലേഖനം, വായിച്ചിട്ടില്ല എന്ന് തെളിയിക്കാൻ എനിക്ക് ഒരു മാർഗ്ഗവും ഇല്ല.
അങ്ങനെ കോപ്പിയടിക്കാരനായി മുദ്രകുത്തപ്പെട്ട് നിൽക്കുന്ന ഈ അവസരത്തിൽ എനിക്കൊന്നേ ചെയ്യാനുള്ളൂ. താങ്കൾ ഇത്തിരി ബുദ്ധിമുട്ടിയിട്ടായാലും ആ ലിങ്ക് ഒന്ന് സംഘടിപ്പിച്ച് തരൂ. ഞാനത് ഗൾഫ് മലയാളി എഡിറ്റോറിയൽ ബോർഡിന് അയച്ച് കൊടുക്കാം, ഞാനും വായിക്കാം. ഒരു ശതമാനമെങ്കിലും അത് കോപ്പിയടി ആണെന്നും, അതിലെ വരികൾ അല്ലെങ്കിൽ ആശയം കട്ടെടുത്തു അല്ലെങ്കിൽ മാറ്റിമറിച്ച് എഴുതി എന്ന് അവർക്ക് (ഒരാൾക്കെങ്കിലും)തോന്നുന്ന പക്ഷം ഈ ലേഖനം ഡിലീറ്റ് ചെയ്യാൻ അവരോട് ആവശ്യപ്പെടാം. മാത്രമല്ല അങ്ങനെ എന്തെങ്കിലും സാമ്യം മനസ്സറിയാതെ പോലും മറ്റൊരു ലേഖനവുമായി വന്നുപോയിട്ടുണ്ടെങ്കിൽ ക്ഷമാപണം അഭ്യർത്ഥിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ഇതേ ബ്ലോഗിൽ എഴുതി ഇടാനും ഞാൻ തയ്യാറാണ്. അതിനെ ലിങ്ക്/പരസ്യം എന്റെ ബസ്സിലും, ഫേസ്‌ബുക്കിലും കൊടുക്കുകയും ആവാം. ഇതിൽക്കൂടുതൽ ഞാനെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അനോണി തന്നെ നിർദ്ദേശിക്കൂ.
എന്തായാലും…. വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്കുക. ആ ലേഖനം ഞാൻ വായിച്ചിട്ടില്ല. അങ്ങനുണ്ടായിരുന്നെങ്കിൽ ഈ കുറിപ്പ് എന്റെ ഉള്ളിൽത്തന്നെ ഞാൻ കുഴിച്ചുമൂടുമായിരുന്നു. അത്രയ്ക്കധികം കോപ്പിയടികൾക്കെതിരെ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട് ഞാൻ. മാത്രമല്ല മറ്റ് ഒരുപാട് വിഷയങ്ങൾ/ലേഖനങ്ങൾ എഴുതാനായി മനസ്സിലും ഡ്രാഫ്റ്റിലുമൊക്കെയായി കിടക്കുന്നുണ്ട്. ആശയദാരിദ്യം കാരണം അങ്ങനെയെന്തെങ്കിലും മോശം പ്രവണതയ്ക്ക് തുനിഞ്ഞതല്ല. അങ്ങനെ ഒരിക്കലും ചെയ്യുകയുമില്ല. ഒരുപാട് നാളായി മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ എഴുതി പൂർത്തിയാക്കി ഗൾഫ് മലയാളിക്ക് അയച്ചുകൊടുത്തെന്ന് മാത്രം.
ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെ, അനോണിയാണെങ്കിലും ഇതിന്റെ പിന്നിലുള്ള ആളെ എന്റെ ന്യായീകരണങ്ങൾ അറിയിക്കണം എന്ന് തോന്നിയതുകൊണ്ടാണ് അനോണികൾക്ക് മറുപടി അയച്ച് സമയം കളയില്ല എന്ന് പറഞ്ഞ അതേ ഞാൻ ഇത്രയും ദീർഘമായ ഒരു മറുപടി എഴുതിയത്. മനസ്സിലാക്കുമല്ലോ ?
ഞാനെന്ന വ്യക്തിയോട് എന്തെങ്കിലും കാരണത്താൽ വ്യക്തിവൈരാഗ്യം ഉള്ളയാളാണ് അനോണിയെങ്കിൽ അതിന്റെ പേരിൽ ഈ കമന്റ് ബോക്സും ലേഖനവും ഉപയോഗപ്പെടുത്തരുതെന്നും വിനീതമായി അപേക്ഷിക്കുന്നു.(എനിക്കൊരുപാട് ശത്രുക്കൾ ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.)ആരോഗ്യപരമായ ഒരു ചർച്ച അനോണിമസ് പ്രൊഫൈലിൽ വരുന്ന ഒരാളോടും ആകാം എന്ന് ഞാൻ മനസ്സിലാക്കുന്നു/തയ്യാറാകുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സസ്നേഹം
-നിരക്ഷരൻ
(അന്നും, ഇന്നും, എപ്പോഴും)
മദ്യപാനം സർവ്വ തിന്മകൾക്കും വഴിമരുന്നിടുന്ന സാമൂഹ്യ തിന്മയാണെന്നറിയാത്തവരാരാണു…. മുമ്പു കാലത്ത് വൈദ്യന്മാർക്കു വേണ്ടി കുറുന്തോട്ടി പറിച്ചിരുന്നവർ ഇപ്പോൾ ‘കുപ്പി’ പൊറുക്കാൻ ഇറങ്ങിയിരിക്കുന്നത് അവരുടെ വരുമാനം മുന്നില്കണ്ടുകൊണ്ടാണു. വഴിയോരങ്ങളിലും, പുഴയോരങ്ങളിലും കുട്ടിക്കാടുകളിലും ‘കുപ്പിക്കുന്നുകൾ’ രൂപപ്പെട്ടുകിടക്കുകയല്ലെ…… മാറിമാറി വരുന്ന നമ്മുടെ സർക്കാരുകൾ, മദ്യപാനം പ്രോൽസാഹിപ്പിക്കനല്ലതെ മറ്റെന്തെങ്കിലും അക്കാര്യത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടൊ?……
ഇഛാശക്തിയോടെ വേണം പ്രവർത്തനം. അപ്പോഴെ ഫലം കാണൂ….
കാലിക പ്രാധാന്യമുള്ള വിഷയം..
ആശംസകൾ!
കളിവീട് എന്ന സിനിമയില്‍ മദ്യ നിരോദന സമിതിയുടെ തലവന്‍ ആയ ഇന്നസന്റ്റ് ഇതു മദ്യ കച്ചവടക്കാര്‍ തന്നെയാണ് സ്പോന്സര്‍ ചെയ്യുന്നത്
എന്ന് പറയുന്നുണ്ട്. കാരണം എത്ര തവണയാണ് മദ്യം എന്ന് പറഞ് കൊണ്ടിരിക്കുന്നത് ………ഇന്നിപ്പോ മദ്യം എന്ന് കേട്ടാല്‍ കൊച്ചു കുട്ടി വരെ
കരച്ചില്‍ നിര്‍ത്തും ..മദ്യം കഴിക്കാത്തവന്‍ ഇന്നു out of ആണ് …….ഏതു?
സത്യം. കേരളത്തിലെ കുടിയന്മാര്‍ മര്യാദ പഠിക്കേണ്ടിയിരിക്കുന്നു. കുടിക്കാതവരോടുള്ള പുച്ഹ മനോഭാവം ഇപ്പൊ വളരെ കൂടുതല്‍ ആണ്. കള്ളടിച്ചാല്‍ നാലാളെ അറിയിക്കണം എന്നാണ് ചിലരുടെ വിചാരം.
അപ്പൊ നാളെ മുതല്‍ നിരുജി പറഞ്ഞ പോലെ ഡീസന്റ് കുടിയന്‍ ആയിക്കളയാം
പിന്നെ യാദൃശ്ചികമായി മറ്റൊരു ലേഖനത്തിനോടു സാമ്യം വന്നു എന്ന് കരുതി, കഷ്ടപ്പെട്ട് എഴുതിയത് പിന്‍വലിക്കുകയോ ക്ഷമാപണം നടത്തുകയോ വേണ്ട എന്നാണു എന്റെ അഭിപ്രായം .
ലോകത്തിൽ എന്തെങ്കിലും ആഹാരസാധനങ്ങളുണ്ടെങ്കിൽ അതിൽ നിർത്തലാക്കേണ്ടത് മദ്യവും പന്നിയും മാത്രമല്ല. അതുകൊണ്ട് എന്തും കുടിക്കുകയും തിന്നുകയും ആകാം എന്ന ഒരു പോളിസി അംഗീകരിക്കുകയാകും ഉത്തമം. പക്ഷെ ഒന്നിലും ആസക്തി പാടില്ല. അത് ശീലിക്കുകയാണ് വേണ്ടത്. മദ്യം കഴിക്കുന്നത് അച്ചന്റെയും ഭാര്യയുടെയും മക്കളുടെയും കൂടെയാകുമ്പോൾ പാമ്പാവാൻ മാത്രം മദ്യപിക്കാതെ സംയമനം പാലിക്കാൻ ശീലിക്കാം. മദ്യപാനത്തെക്കുറിച്ച് രജനീഷിന്റെ (ഓഷോ) നിർദ്ദേശങ്ങളാണ് എനിക്ക് ഏറ്റവും നന്നായി തോന്നിയിട്ടുള്ളത്.
@ പാർത്ഥൻ – ഓഷോയുടെ നിർദ്ദേശങ്ങൾ ഒന്ന് ചുരുക്കി പറയാമോ ? ഇല്ലെങ്കിൽ ഏത് പുസ്തകം ആണെന്ന് പറഞ്ഞാലും മതി.
മദ്യം,ഒരു സാമൂഹ്യ വിഷയം മാത്രമല്ല.അതൊരു സാംസ്കാരികവും,സാമ്പത്തികവുമായ മാനങ്ങൾ ഉൾചേരുന്നതിനാൽ,നിരക്ഷരന്റെ വാദം സമാനനിലയും വിലയുമുള്ളവരോടാണന്നു കരുതുന്നു.ഞാൻ കഴിക്കുന്നയാളാണന്നു നിരക്ഷരനറിയാം.ഇതൊരു ‘ഞ്യായം’അടിയാണന്നു കരുതരുത്.സിപ്പ് ചെയ്ത്,അണ്ടിപരിപ്പും,മൊട്ടചിക്കിയതുമൊക്കെകൂടി കഴിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടോ,ഇറങ്ങാത്തതുകൊണ്ടോ ഒന്നുമല്ലല്ലോ..?പണികഴിഞ്ഞുവന്ന് അമ്പതുരൂപയും ഇസ്ക്കി ക്യൂവിനു പുറത്ത്’ഒട്ടിക്കാൻ’നിൽക്കുന്നവരെ നിരക്ഷരനറിയില്ലായിരിക്കാം.എനിക്കറിയാം.വെലകുറഞ്ഞ(കരിയോയിൽ എന്ന് )റം വാങ്ങി ഇരുട്ടിന്റെ മറപറ്റി അടിച്ചു,ചിറിതുടച്ചു പോകുന്നവനോട്,എന്തിനാടോ ഇത്രകഷ്ടപെടുന്നത്,ഈ കാശിന്,രണ്ടു മൊട്ടയും ഒരുക്ലാസ്സ് പാലും വാങ്ങികുടിച്ചു കൂടായോ..?അപ്പം കേൾക്കാം അവന്റെ ‘കൊണവതികാരം’.
അപ്പം.ചിയേഴ്സ്.
“അവനവന് ആത്മസുഖത്തിനായ് ചെയ്യുന്നത് അപരന് സുഖമൊന്നും ഉണ്ടാക്കിക്കൊടുത്തില്ലെങ്കിലും ശല്യമായി മാറാതെ നോക്കാമല്ലോ?”
ആപ്പറഞ്ഞത് ശരിയാ!
നല്ല ചിന്തകൾ,
ചെറിയ തരിപ്പിൽ നടക്കുന്ന സുഖം ഓവറായാൽ കിട്ടില്ല. മദ്യ നിരോധനം എന്നതും മദ്യ വർജ്ജനം എന്നതും ഒരു കാലത്തും നടപ്പിലാവാത്ത സംഗതിയാണ്. സ്വയം നിയന്ത്രിച്ചുള്ള മദ്യപാനമാണെങ്കിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല.
@ നിരക്ഷരൻ:
കുറെ കാലം മുമ്പ് ഒരു കാസ്സറ്റ് കേട്ടതാണ്. നെറ്റിൽ നോക്കിയിട്ട് ആ വിഷയം കാണുന്നില്ല. ഓർമ്മയിൽ നിന്നും ചിലത് പറയാം.
മദ്യം കഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് ആദ്യം നോക്കേണ്ടത് സ്വന്തം ആരോഗ്യമാണ്. മദ്യം ശരീരത്തിന് യോജിക്കുന്നില്ലെങ്കിൽ അത് ഒഴിവാക്കണം. രണ്ടാമത്: മദ്യം ഒരു അവശ്യവസ്തു അല്ലാത്തതുകൊണ്ട്, മദ്യവും കഴിക്കാനുള്ള സാമ്പത്തിക വരുമാനം ഉണ്ടോ എന്നു നോക്കണം. മൂന്നാമത് : മദ്യത്തിന്റെ ലഹരിയിൽ ബോധം നഷ്ടപ്പെടാതിരിക്കാൻ നോക്കണം. നാലാമത് : മദ്യത്തിന്റെ ലഹരിയിൽ വീട്ടിൽ കേറിവന്ന് ഭാര്യയെ അടിക്കുന്നതാണ് ശീലമെങ്കിൽ ഉടൻ തന്നെ എതെങ്കിലും ഒരു “അടി” നിർത്തണം എന്ന് അടിവരയിട്ടു പറയുന്നു. പിന്നെ ഇതിന്റെയെല്ലാം ഉപാഖ്യാനങ്ങളാണ്.
മദ്യം കഴിച്ച് ബോധം നഷ്ടപ്പെട്ടാൽ കയ്യിലുള്ള കാശും മറ്റു വസ്തുക്കളും നഷ്ടപ്പെടും. ശരീരത്തിന് അപകടം പറ്റാനുള്ള സാധ്യതകൾ. ഭാര്യയെ അടിച്ചാലുണ്ടാകുന്ന പുകിലുകൾ. ആങ്ങിളമാർ ചിലപ്പോൾ എടുത്തിട്ടു പൂശും. അമ്മയും മക്കളും ചേർന്ന് കള്ളും കുടിച്ചു വരുന്ന തന്തപ്പടിയെ എടുത്തിട്ടു പെരുമാറിയ കഥകൾ നിരവധിയാണ്. ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ. ഞങ്ങടെ നാട്ടിൽ ഒരാളുടെ രണ്ടാംഭാര്യ (ആദ്യഭാര്യ അടി സഹിക്കാതെ ഒഴിഞ്ഞുപോയിരുന്നു) ഒരിക്കൽ പറഞ്ഞു; “ദേ അധികം കളിച്ചാൽ ചുരുട്ടിക്കൂട്ടി ആ കെണറ്റിലേക്കിടും” എന്ന്. അതിനുശേഷം, ഹാ പഷ്ട് മര്യാദക്കാരൻ.
ഇനി അല്പം തത്വചിന്തയാകാം:
മനുഷ്യൻ അടിസ്ഥാനപരമായി കാമിയാണ്. അതുകൊണ്ട് എന്തിനോടും കാണിക്കുന്ന ആഗ്രഹം, അതിൽ തന്നെ നിലനിർത്താതെ നോക്കേണ്ടത് സ്വന്തം പരിശ്രമത്തിലൂടെയാണ്. പരിശ്രമിച്ചാൽ എല്ലാവർക്കും അത് സാധിക്കും. അധർമ്മത്തിന്റെ നിലനില്പ് തന്നെ ധർമ്മത്തിനെ ചൂഷണം ചെയ്തിട്ടാണ്. അത് മനസ്സിലാക്കി ജീവിക്കാനുള്ള വിദ്യഭ്യാസം ഇന്ന് ലഭ്യമല്ല. എഞ്ചിനീയറും ഡോക്ടറും ശാസ്ത്രജ്ഞനും ഒക്കെയാകാം. പക്ഷെ സമൂഹത്തിനുവേണ്ടി ധാർമ്മികമായ ജീവിത പദ്ധതി ആവിഷ്കരിക്കാൻ അതിനെക്കൊണ്ടൊന്നും ആവില്ല. പിന്നെ ജനങ്ങളെ ചൂഷണം ചെയ്യാൻ ഇവരെല്ലാം ഒരേ മാഫിയാസംഘത്തിൽ പെട്ടവർ തന്നെ. ഒരു ഉദാഹരണം പറയാം: മദ്യം ശരീരത്തിന് ഗുണം ചെയ്യുന്നതിലേറെ ദോഷം ചെയ്യുമെന്നത് സത്യമാണ്. ഹൃദയരോഗികൾക്ക് ഒരു ദിവസത്തിൽ രണ്ട് പെഗ്ഗ് കഴിക്കാം എന്ന് വിദഗ്ദരായ ഡോക്ടർമാർ കുറിപ്പ് കൊടുക്കാറുണ്ട്. ആ ധൈര്യത്തിൽ ഭാര്യയെ വെട്ടിച്ച് പെഗ്ഗിന്റെ എണ്ണം മിനുസപ്പെടുത്താത്തവരുണ്ടാവില്ല. ഹാർട്ട് പേഷ്യന്റിനുപോലും രണ്ട് പെഗ്ഗ് കഴിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത് എന്ന് രോഗികളല്ലാത്തവരും വീമ്പടിക്കും. അപ്പോൾ പെഗ്ഗിന്റെ കണ്ട്രോൾ ആരുടെ കയ്യിലായി. ഡോക്ടറുടെ കയ്യിൽ നിന്നും കഴിക്കുന്നോരുടെ കയ്യിൽ നിന്നും കൈവിട്ടുപോയി. ഈ കുറിപ്പടി ഡോക്ടർമാരെക്കൊണ്ട് പറയിപ്പിക്കൂന്നതാരാ ? ലോകമദ്യവ്യവസായികൾക്കുവേണ്ടി ശാസ്ത്രജ്ഞന്മാരുടെ റിസർച്ചിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ തന്നെയാണ് ഇത് പറയുന്നത്. അപ്പോൾ മനുഷ്യൻ എങ്ങനെ നന്നാവുംന്നാ പറേണ്.
വിദ്യാഭ്യാസവും,വിവരവും,നൂറുശതമാനം സാക്ഷരതയും.നാം മലയാളി.അന്യനാട്ടുകാരന്റെ മുമ്പിൽ തല ഉയർത്തിനിന്നു പൊങ്ങച്ചം പറയും.
മദ്യപിക്കുന്നതിലും,അന്ധവിശ്വാസത്തിലും,പെൺവാണിഭത്തിലും നാം തന്നെ മുന്നിൽ.
ദാ ഇത് കണ്ടോ? മദ്യം നിറഞ്ഞു; അരിക്കു തലചായ്ക്കാന്‍ ഗോഡൌണില്ല!!!
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8740941&contentType=EDITORIAL&BV_ID=@@@
@ പാർത്ഥൻ – ആ കമന്റിന് പെരുത്ത് നന്ദി. ഈ പോസ്റ്റിന് അടിയിൽ അല്ലാതെ തന്നെ ഒരു ലേഖനമായി വികസിപ്പിച്ചെടുക്കേണ്ട ഒരു കമന്റാണ് അത്.
@ കൊച്ചുകൊച്ചീച്ചി – ആ വാർത്ത കണ്ടിരുന്നു. എന്ത് ചെയ്യാനാ.. ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്.
മനോരമയുടേത് ഡൈനാമിക്ക് ലിങ്കുകൾ ആണ്. മാറിക്കൊണ്ടിരിക്കും. തൊട്ടടുത്ത ദിവസം വർക്ക് ചെയ്യില്ല.
@ ചാർവാകൻ – 50 രൂപയ്ക്ക് ക്യൂവിൽ നിന്ന് ഒട്ടിച്ച് ചിറിയും തുടച്ച് പോകുന്നവരേയും എനിക്കറിയാം. അവരൊന്നും പ്രിന്റ് മാദ്ധ്യമത്തിൽ അടിച്ച് വന്ന് അത് ‘കരി ഓയിൽ‘ പൊതിഞ്ഞ് കൊണ്ടുപോകുന്ന കടലാസായി വന്നാൽ പോലും ഇങ്ങനെ ഒരു ലേഖനം വായിക്കാൻ മെനക്കെട്ടെന്ന് വരില്ല. ക്യൂവിന്റെ മുന്നിൽ പോയി നിന്ന് ബോധവൽക്കരണം നടത്താമെന്ന് വെച്ചാൽ ചേട്ടൻ പറഞ്ഞതുപോലെ ‘വല്ലതുമൊക്കെ’ കേട്ടെന്ന് വരും
ഉവ്വാ… മലയാളി ഉപേക്ഷിച്ചിട്ട് തന്നെ.! എന്തിനും ഏതിനും മദ്യം ആദ്യം അദ്ദാണ് മദ്യാളി.
valare nannayittund mr നിരക്ഷര
എനിക്ക് നിരക്ഷരന്റെ അഭിപ്രായമാണ് ശെരി എന്ന് തോന്നുന്നു…മദ്യപിക്കണം എന്നുള്ളവര്‍ മറ്റുള്ളവര്‍ക്ക് ശല്യം ആകാതെ ചെയ്യുക…അത്രമാത്രെമേ വേണ്ടു… അതിനു പകരം കുടിച്ചത് വയറ്റില്‍ കിടക്കാത്തപ്പോഴല്ലേ ഈ പ്രശ്നമെല്ലാം…
ഹോ ഇനിയൊന്ന് മദ്യപിക്കട്ടെ..:)
ഹയ്യോ ഈ മനുവേട്ടന് മദ്യപാനം കുടിക്കോ?!!
“മലയാളികളെ മാത്രം കണ്ണുമടച്ച് പറയുന്നത് സത്യവിരോധമാണ്.”
മാത്രം എന്ന് പറഞ്ഞാല്‍ മലയാളിയും ഉള്‍പ്പെടുമെന്ന് തന്നെയാണ് അര്‍ത്ഥം. ആ ലേഖനം തുടങ്ങുന്നത് മലയാളികളെ പ്രതിപാദിച്ചായതിനാലാണ് മറ്റുള്ളൊരും വലിയ മോശമല്ലാ എന്ന് പറഞ്ഞതേയ്.
എന്റെ കമന്റ് ലേഖനത്തിനനുസരിച്ചായിരുന്നില്ല എന്നത് ഞാനും അംഗീകരിക്കുന്നു. ഒരു താരതമ്യരൂപേണ അത് ഓര്‍ത്തുപോയതാ അങ്ങനെ സംഭവിച്ചത്
@ നിശാസുരഭി – അപ്പോ എല്ലാം കോമ്പ്ലിമെന്റ്സ് ആയിരിക്കുന്നു
Ladies vayikkanda ennezhuthiyenkilum , madyam haraam anenkilum , madyapaanam ithu vare aduthu kandittillenkilum post complete vayichu. Cheriya partykalilum mattum kudikathathu kondu ente husband palapozhum ottapedunnathu njan kanditundu.
Flightil kallu vilambunnath enthinanennu njan eppozhum chinthikkarundu. Gulfil ninnum nattilekulla 4 – 5 hrs yathrayil kallu vilambiyillenkil enthanu problem ennu njan palarodum chodichitundu. Eee post vayichittu arkenkilumoke manyamayittu kudikkan thonnatte (niruthan pattunnavarku niruthanum
ഈ അടുത്ത കാലത്ത് ഭാര്യയോടും കുട്ടിയോടും ഒപ്പം കുടിയന്മാരുടെ സ്വര്‍ഗമായ ഗോവയില്‍ പോയിരുന്നു . ഒരു പെഗ്ഗിനു എട്ടു രൂപ മുതലാണ് ബാറില്‍ വില തുടങ്ങുന്നത് , എന്നിട്ടും അവിടത്തെ റോഡില്‍ പാമ്പായി കിടക്കുന്ന ഒരാളെ പോലും കണ്ടില്ല. ബസ്സിലും അങ്ങിനെ തന്നെ ഒരു ശല്യവും ഇല്ല. പിന്നെ സ്ത്രീകളെ കാണുമ്പോള്‍ ഉള്ള തുറിച്ചു നോട്ടവും അവിടത്തെ കുടിയന്മാരില്‍ കുറവായിരുന്നു . മിക്ക ഹോട്ടലുകളിലും ഭക്ഷണത്തോടൊപ്പം മദ്യവും കിട്ടും. അതുകൊണ്ട് തന്നെ എന്റെ മദ്യപാനം കുടുംബത്തോടോപ്പമായിരുന്നു. ഭാര്യക്കും അത് പുതുമയായിരുന്നു . എത്ര കഴിക്കുന്നുണ്ട് എന്ന് നേരില്‍ കാണാം ഒരുമിച്ചു ഭക്ഷണം കഴിക്കാം. നമ്മുടെ നാട്ടിലും അങ്ങിനെ ആയിരുന്നെങ്കില്‍ ……………..?
എന്റെ ചില അഭിപ്രായങ്ങള്‍ …
1. മദ്യ വില വളരെയധികം കുറയ്ക്കുക . കുടി കൂടും എന്നത് വെറുതെയാണ്. അമ്പതു രൂപയ്ക്കു ഫിറ്റാവാന്‍ കഴിഞ്ഞാല്‍ ബാക്കി കാശ് വീട്ടിലെത്തും .
2. നല്ല തരം ബ്രാന്‍ഡുകള്‍ മാത്രം വില്‍ക്കുക. ആരോഗ്യം തകരാറിലാവില്ല.
3. കള്ള് കേടുവരാത്ത പാക്കറ്റില്‍ ആക്കി വില്‍ക്കുക.
ലേഖനം ഉഗ്രന്‍ !!
പൊറോട്ടയും ചിക്കനും വെള്ളവും മൂക്കറ്റം അടിച്ചു വാള് വെക്കുന്നതിലും ഭേദം അതൊക്കെ toiletല്‍ നേരിട്ട് കൊണ്ട് പോയി തട്ടി ഫ്ലുഷ് ചെയ്യുന്നതല്ലേ എന്ന പഴയ ‘സംഭവം’ കൂടി കാച്ചാമായിരുന്നു !!!!
വളരെ നല്ല ലേഖനം. മദ്യം ഒരുകാലത്തും കേരളത്തിൽ നിരോധിക്കപ്പെടാൻ പോകുന്നില്ല. ഇന്നലെ പറവൂർ മാർക്കറ്റിനടുത്ത് ഒരു ഫ്ലക്സ് ബോർഡ് കണ്ടു വിദേശമദ്യവില്പനശാല അനുവദിക്കുക. ഇനി ഇത്തരം ഫ്ലക്സുകൾ കൂടുതൽ കാണാൻ സാധിക്കും എന്ന് കരുതുന്നു. കളമശ്ശേരിയിൽ അടുത്തയിടെ മദ്യപന്മാരുടെ ആവശ്യം മാനിച്ച് കൂന്തെയ്യിൽ നിന്നും സീ പോർട്ട് എയർ പോർട്ട് റോഡിലേയ്ക്ക് ബിവറേജസ് കോർപ്പറേഷൻ മദ്യവില്പനശാല മാറ്റിസ്ഥാപിച്ചു, ഉപഭോക്താക്കളുടെ അടുത്തേയ്ക്ക് കച്ചവടകേന്ദ്രം മാറ്റിയതിലൂടെ വില്പന വർദ്ധിച്ചു എന്ന് സാക്ഷ്യം. ആരോഗ്യപരമായ മദ്യപാനശീലങ്ങൾ മലയാളിയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.
ഇതിപ്പോൾ മദ്യപാനത്തിനു പെരുമാറ്റ ചട്ടം വരുന്ന് എന്നു പറഞ്ഞത് പോലെയായി
1- ജോലിക്കിടയിൽ മദ്യപിക്കുക എന്നത് വളരെ ചുരുക്കം പേരിൽ ഉള്ള ഒരു ശീലമാണു. ഏത് മുഴുക്കുടിയനാണെങ്കിലും പണി തീർത്ത് പോയിരുന്ന് അടിക്കാനാണു പരിഗണന നൽകുക. (സ്വകാര്യ കമ്പനികളിലൊക്കെ മദ്യപിച്ച് ജോലിക്ക് വരുന്നത് സീറോ ടോളറൻസാണു. ഇനി സർക്കാർ സ്ഥാപനങ്ങളിൽ രാഷ്ട്രീയം പറയൽ, ചീട്ടു കളി, മുങ്ങൽ തുടങ്ങിയവയ്ക്കൊപ്പം ഇതും ഒരു കലാപരിപാടി മാത്രമായി കണ്ടാൽ മതി)
2- പൂർണ്ണമായും യോജിപ്പ്
3- മനോജെ, ചില ചേട്ടന്മാർ ഇച്ചിരി ഓവറായടിച്ച് ഉറങ്ങാനാണു ഇഷ്ടപ്പെടുന്നത്. പിന്നെ കിടപ്പ്- അതിപ്പൊ അവരുടെ ഇഷ്ടത്തിനു വിട്ടു കൊടുക്കാം.
4- “വാളു വെയ്ക്കുന്നതോടെയാണു മദ്യപാനം പൂർണ്ണതയിലെത്തുന്നത്” എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. നമ്മളായിട്ട് എതിരു പറയണമോ?
5- അഭിനയം അറിയാത്തവർക്ക് ഇച്ചിരി അധികം അടിക്കാമോ? (ആരെങ്കിലുമുണ്ടോ അവനവനെക്കാൾ ആരോഗ്യമുള്ളവരോട് കൊളുത്താൻ പോകുന്നു!)
6- കെട്ട്യോളേം കുട്ട്യോളേം തല്ലുന്നതും ചട്ടീം കലോക്കെ പൊളിക്കുന്നതും ടൈപ്പ് കലാപരിപാടികളൊക്കെ സിംഹവാലൻ കുരങ്ങായി മാറിക്കഴിഞ്ഞു എന്നാണു അറിഞ്ഞത്. (പണ്ടത്തെ പോലെ പെണ്ണുങ്ങ്അൾ പാവങ്ങളല്ല!)
7- ഇച്ചിരി മൂഡ് ആവുക എന്നതാണു ഉദ്ദേശം എങ്കിൽ ഇതു വേവുകേലാ. പിന്നെ പെണ്ണുങ്ങളുടെ കാര്യം- നമ്മളൊക്കെ അടി തുടങ്ങിയിട്ട് അവസാനിപ്പിക്കുന്നത് വരെ കാത്തിരിക്കുന്ന ഭാര്യമാരുടെ കാലഘട്ടാമാണോ ഇത്! വേണേൽ എടുത്ത് കഴിച്ച് കഴുകി വച്ചോണം എന്നതൊക്കെയാ ഇപ്പൊഴൊത്തെ ഒക്കെ ഒരു ലൈൻ.
8- പ്ളീസ് ഇത് കുടിയന്മാർക്കുള്ള ഉപദേശമാണോ അതോ കുടി തുടങ്ങാൻ പോകുന്നവർക്കുള്ളതോ? ഹൈജിൻ ചാരായം മാത്രമേ അടിക്കാവു എന്നൊരു ഉപദേശം കൊടുത്താൽ ചാരായ ദുരന്തം ഒഴിവാക്കം.
9- ഓകെ. സമ്മതിച്ചു
10- രണ്ടെണ്ണം വിട്ടാൽ, നന്നായി സംസാരിക്കുകയും നന്നായി പാടുകയും ഒക്കെ ചെയ്യുന്ന രണ്ടുമൂന്ന് ഫ്രണ്ട്സ് ഉണ്ട്. ലവന്മാരോട് രണ്ടെണ്ണം വിട്ട് സ്വഭാവ വ്യതിയാനമുണ്ടാക്കാനാണു ഞാൻ ഉപദേശിക്കാറു.
11 -(പത്ത് കഴിഞ്ഞാൻ പതിനൊന്നാണൂ. മനോജ് അടിച്ച ബ്രാന്റ് ഏതാണെന്നറിയ്ക്കണം. ഇവിടെ കിട്ടുമോന്നറിയണമല്ലോ)
12- പൂർണ്ണമായും പിന്താങ്ങുന്നു. പൂച്ചണ്ട്!
മദ്യപാന ശീലങ്ങൾ അറിയണമെങ്കിൽ നമ്മുടെ പോക്കറ്റിലെ ഓട്ടക്കാലണ പോര എന്നത് ഒരു വലിയ സത്യം. ദേശങ്ങളൂടെയും രാജ്യങ്ങളുടെയും വൻകരകളുടെയും ചരിത്രങ്ങൾക്കൊപ്പം തുടങ്ങുന്ന ശീലങ്ങൾ.
മദ്യപിക്കാം. മദ്യപിച്ച് നശിക്കാതിരിക്കുക. ഈ ഒരു ഒറ്റ വാക്യം പോരെ?
മനോജ് മദ്യപാനത്തെ അനുകൂലിച്ചതൊന്നുമല്ല. ഒരു തമാശ.
മദ്യപാന വിപത്തുകൾ ആപൽക്കരം തന്നെ
മദ്യം തിന്മകളുടെ മാതാവ്.
വ്യക്തിപരമായ തിരക്കുകൾക്കല്പം കുറവുള്ളതുകൊണ്ട് ഞാനിപ്പോൾ ബൂലോഗത്തൊക്കെ ഇടയ്ക്ക് വരാറുണ്ട്. വളരെ കാലത്തിനു ശേഷം താങ്കളുടെ ബ്ലോഗിലൂടെയും ഒരെത്തിനോട്ടം നടത്തി. അപ്പോൾ കണ്ടത് “മുഖമില്ലാത്തവർ മറുപടി അർഹിക്കുന്നില്ല എന്നതുകൊണ്ട് അഭിപ്രായങ്ങളിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും… അനോണികൾക്ക് മറുപടി കൊടുത്ത് സമയം പാഴാക്കാൻ ഉദ്ദേശമില്ല.” എന്നാണ്.
ഈ സമീപനം ശരിയല്ല. മുഖത്തിനോ ശരീരത്തിനോ യാതൊരു പ്രസക്തിയുമില്ല; ആ ശരീരത്തിൽ നിന്നു വരുന്ന ആശയങ്ങൾക്കാണ് പ്രസക്തി.
ഞാൻ ഈ ബ്ലോഗിനെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞത് എന്നു കൂടി ഇവിടെ കുറിയ്ക്കട്ടെ. എനിയ്ക്കു തോന്നിയ ഒരു തത്വം പറഞ്ഞെന്നു മാത്രം.
@ ആള്‍രൂപന്‍ – ഞാൻ പോളിസി മാറ്റിയത് കണ്ടില്ലേ ? പിന്നീട് മുഖമില്ലാത്തവർക്കും മറുപടി കൊടുത്തു
bagyam njan ithu vare madhyapichittila..
പ്രീഡിഗ്രിക്കു പഠിക്കുമ്പം മദ്യപാനം തുടങ്ങി ഇരുപത്തഞ്ചാം വയസില്‍ കുടി പൂര്‍ണ്ണമായി നിര്‍ത്തിയ മുപ്പത്തഞ്ചു വയസുകാരനാണ് ഞാന്‍, ഇപ്പോള്‍ നാട്ടില്‍ ചെല്ലുംബം രണ്ടെണ്ണം അടിക്കാന്‍ വിളിക്കുന്നവരോട് ഹേയ് ഞാന്‍ മദ്യപിക്കില്ലന്നു പറഞ്ഞാല്‍ എന്തോ വലിയ അത്യാഹിതം സംഭവിച്ച് ജീവിതം കൈവിട്ടു പോയ ഒരു ഹതഭാഗ്യനോട് എന്നപോലെയാണ് നാട്ടുകാര്‍ പ്രതികരിക്കുന്നത്
മദ്യ വിരോധികളുടെ കടും പിടിത്തം ആണ് ഇന്ന് കേരളത്തില്‍ കാണുന്ന മദ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. Prohibition സമയത്തെ അമേരിക്കയിലെ (http://en.wikipedia.org/wiki/Prohibition_in_the_United_States) കാര്യങ്ങളെപ്പറ്റി വായിച്ചാല്‍ സംഭവം പിടി കിട്ടും. മിതമായ, നല്ല മദ്യത്തിന്റെ ഉപയോഗം ആളുകളില്‍ വളര്‍ത്താനാണ് ഗവണ്‍മെന്‍റ് ശ്രദ്ധിക്കേണ്ടത്. അതെങ്ങിനെയാ മദ്യ വിരോധി തീവ്രവാദികള്‍ സമ്മതിച്ചിട്ടു വേണ്ടേ?