എൽനിനോ എന്ന പ്രതിഭാസമാണ് പോലും നമ്മളിപ്പോൽ അനുഭവിക്കുന്ന സഹിക്കാൻ പറ്റാത്ത ഈ ചൂടിന് കാരണം. വായിൽക്കൊള്ളാത്ത പേരുകൾ എന്തുവേണമെങ്കിലും പറയാം, ശാസ്ത്രീയ കാരണങ്ങൾ എന്തുവേണമെങ്കിലും നിരത്താം. പക്ഷെ അതുകൊണ്ട് ചൂടിന് ശമനമൊന്നും ഉണ്ടാകുന്നില്ലല്ലോ. വെളിയിലിറങ്ങി ഒരു മണിക്കൂറ് ചിലവഴിച്ച് വരുമ്പോഴേക്കും വെട്ടിപ്പൊളിക്കുന്ന തലവേദനയും ക്ഷീണവും ദാഹവുമൊക്കെയാണ് അനുഭവപ്പെടുന്നത്.
നമുക്കങ്ങനെയാണെങ്കിൽ ഒരു ദിവസം മുഴുവൻ നമുക്ക് വേണ്ടി ഗതാഗതം നിയന്ത്രിച്ചുകൊണ്ട് നിരത്തിൽ ജോലി ചെയ്യുന്ന ട്രാഫിക്ക് പൊലീസുകാർ, ട്രാഫിക്ക് വാർഡന്മാർ എന്നിവരുടെ കാര്യം എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? മുകളിൽ നിന്നുള്ള ചൂടിന് പുറമേ വാഹനങ്ങളിൽ നിന്നുള്ള പുകയും ചൂടുമൊക്കെച്ചേർന്ന പഞ്ചാഗ്നി മദ്ധ്യത്തിലാണ് അവരുടെ ഓരോ ദിവസവും മുന്നോട്ട് നീങ്ങുന്നത്.
ചൂടിനേയോ കാലാവസ്ഥാ വ്യതിയാനത്തെയോ ഒറ്റയടിക്ക് മാറ്റിമറിക്കാനോ പിടിച്ചുനിർത്താനോ നമുക്കാവില്ല. പക്ഷേ, ചൂടിൽ നിന്ന് അൽപ്പശമനം നൽകാനായി നിരത്തിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് കുറച്ച് വെള്ളമെത്തിച്ചുകൊടുക്കുന്ന കാര്യം ആലോചിച്ചാലോ ? മിഡിൽ പാത്ത് എന്ന സംഘടന അതാണ് നാളെ മുതൽ പ്രാവർത്തികമാക്കാൻ പോകുന്നത്. (Say No to Harthal എന്ന ആശയവുമായി നിങ്ങൾക്ക് മുന്നിൽ മുൻപും എത്തിയിട്ടുള്ള പ്രവർത്തകരുടെ കൂട്ടായ്മയാണ് മിഡ്ഡിൽ പാത്തിന്റെ പിന്നിലും.) ഓരോ ദിവസവും 1000 ലിറ്റർ വെള്ളം റോഡിൽ നിൽക്കുന്ന പോലീസുകാർക്ക് എത്തിക്കുന്ന സംരംഭത്തിന് നാളെ തുടക്കം കുറിക്കുകയാണ്. തുടർന്നങ്ങോട്ടുള്ള രണ്ട് മാസത്തിൽ 60,000 ലിറ്റർ വെള്ളം ശേഖരിക്കുകയും വിതരണം ചെയ്യുകയുമാണ് മിഡിൽ പാത്തിന്റെ ലക്ഷ്യം.
ഇതിലേക്കായി ലുലു മാളും ബെസ്റ്റ് ബേക്കറിയും അടക്കമുള്ള പല സ്ഥാപനങ്ങളും വെള്ളം വാഗ്ദാനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പറ്റാവുന്ന അത്രയും ഷോപ്പിങ്ങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും വെള്ളം ശേഖരിക്കാനുള്ള സംവിധാനം നാളെ വൈകുന്നേരം മുതൽ ഉണ്ടായിരിക്കുന്നതാണ്. ഇടപ്പള്ളിയിലെ ലുലുമാൾ, എം.ജി റോഡിലെ സെൻട്രൽ മാൾ എന്നിവിടങ്ങളിൽ വെള്ളം ശേഖരിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കമിടുന്നു. ശേഖരിക്കുന്ന വെള്ളം പൊലീസുകാർക്ക് വിതരണം ചെയ്യാനായി നഗരത്തിലെ പോലീസ് ആസ്ഥാനങ്ങളിൽ എത്തിക്കപ്പെടും. മിഡിൽ പാത്തിന്റെ സന്നദ്ധ സേവകർ നഗരത്തിൽ സഞ്ചരിക്കുന്ന മുറയ്ക്ക് നേരിട്ടും വെള്ളം വിതരണം ചെയ്യുന്നതാണ്.
പദ്ധതിയുടെ ഉത്ഘാടനം നാളെ വൈകീട്ട് ബഹുമാനപ്പെട്ട എം.എൽ.എ.ഹൈബി ഈടൻ നിർവ്വഹിക്കുന്നു. യുവനടൻ ആസിഫ് അലി അടക്കമുള്ള പ്രമുഖർ പൊലീസുകാർക്ക് വെള്ളം നൽകുന്ന ചടങ്ങ് കലൂർ സിഗ്നലിൽ വൈകീട്ട് നാല് മണിക്ക് നടക്കും.
നഗരത്തിൽ നിങ്ങൾ പോകുന്ന മാളുകളിലോ പൊതു ഇടങ്ങളിലോ എവിടെയെങ്കിലും മുകളിൽ കാണുന്ന പോസ്റ്റർ അടക്കമുള്ള ഡബ്ബകൾ കണ്ടാൽ, ഒന്നോ രണ്ടോ കുപ്പി വെള്ളം വാങ്ങി അതിലിട്ട് ഈ സംരംഭത്തിൽ പങ്കാളിയാകാനാകുമെങ്കിൽ എല്ലാം വിചാരിച്ചതിലും കേമമായി നടക്കും. 5000 കുപ്പി വെള്ളം സ്പോൺസർ ചെയ്യുന്നവർക്ക് അവരുടെ പേരോ കമ്പനിയുടെ പോരോ പ്രിന്റ് ചെയ്ത വെള്ളം കുപ്പികൾ വിതരണം ചെയ്യാനുള്ള സൌകര്യവുമുണ്ട്. അങ്ങനെ താൽപ്പര്യമുള്ളവർ 9447035375 എന്ന നമ്പറിൽ മിഡിൽ പാത്തിന്റെ കൺവീനർ രാജു പി.നായരുമായി ബന്ധപ്പെടുക.
ഇതൊന്നുമല്ലാതെ, ഒരു കുപ്പി വെള്ളം വാങ്ങി ദാഹിച്ച് വലഞ്ഞ് സിഗ്നലിൽ നിൽക്കുന്ന ഒരു പൊലീസുകാരന് നൽകാൻ നിങ്ങൾക്കാകുമെങ്കിൽ അത് ധാരാളം മതി. അത്തരം ഒരു സന്ദർഭത്തിന്റെ വീഡിയോ മിഡിൽ പാത്ത് തയ്യാറാക്കിയത് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം. ഇത് കാണാൻ മറക്കരുത്. വീഡിയോയിൽ ഉള്ള സ്ക്കൂൾ കുട്ടി എന്താണ് ചെയ്യുന്നതെന്ന് നോക്കുക. അത് നിങ്ങൾക്കും ചെയ്യാൻ കഴിയും.
https://www.facebook.com/rajupnair76/videos/1065872846768839/
വാൽക്കഷണം:- പൊരിവെയിലിൽ നിൽക്കുന്ന ആർക്കും ഇതേ പോലെ വെള്ളം നൽകേണ്ടതാണ്. വെള്ളം കുടിക്കാനായി അഞ്ച് മിനിറ്റ് മാറി നിൽക്കാൻ പോലും പറ്റാത്തവരാണ് ട്രാഫിക്കിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്ന തോന്നലിൽ നിന്നാണ് അവർക്ക് വെള്ളം നൽകിക്കൊണ്ട് തുടക്കമിടുന്നത്. പൊതുജനം സഹകരിച്ചാൽ ഈ പദ്ധതി ആരിലേക്ക് വേണമെങ്കിലും വ്യാപിപ്പിക്കാൻ ബുദ്ധിമുട്ടില്ല. ഞങ്ങൾ തയ്യാറുമാണ്.