ഭൂമി ചുറ്റിയുള്ള പായ് വഞ്ചി സഞ്ചാര മത്സരമാണ് ‘ഗോൾഡൻ ഗ്ലോബ് റേസ്‘.
പായ് വഞ്ചിയിൽ ഏകനായി ലോകം ചുറ്റി വന്ന ആദ്യത്തെ ഇന്ത്യക്കാരനായ കമാൻഡർ അഭിലാഷ് ടോമി, ഗോൾഡൻ ഗ്ലോബ് മത്സരത്തിനായി, സ്പോൺസർമാരെ തേടുന്നു എന്ന വാർത്ത, ഇന്ത്യയ്ക്ക് ഇത്ര ദാരിദ്യമോ എന്ന ആശങ്കയോടെയാണ് വായിച്ചത്.
സ്വാതന്ത്ര്യലഭ്ദ്ധിക്ക് ശേഷം ഇന്ത്യയിൽ നിന്ന് എത്ര പേർ ഇതുവരെ പങ്കെടുത്തിട്ടുണ്ട് അതീവ സാഹസികമായ ഈ കടൽ റേസിൽ ? കണക്ക് കൈവശമില്ല. എങ്കിലും ഒരൂഹം പറഞ്ഞാൽ ചിലപ്പോളത് വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കാം. അല്ലെങ്കിൽ കമാൻഡർ അഭിലാഷ് ടോമി മാത്രമായ്രിക്കാം.
2018 ൽ ഇതേ മത്സരത്തിൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്തത് അദ്ദേഹം മാത്രമായിരുന്നു. അന്ന് 150 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ പായ് വഞ്ചി തകരുകയും പായ് മരം വീണ് നടുവിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തപ്പോൾ മൂന്ന് ദിവസം അതേ പരിക്കുകളോടെ കടലിനെ അതിജീവിച്ച സാഹസികനാണ് അദ്ദേഹം. ചികിത്സകളെല്ലാം കഴിഞ്ഞ് വീണ്ടും ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ (2022) പെങ്കെടുക്കാൻ ശ്രമിക്കുമ്പോളാണ് അദ്ദേഹത്തിന് സാമ്പത്തികം പ്രശ്നമാകുന്നത്.
ഇന്ത്യൻ സർക്കാറിന് തന്നെ ചിലവഴിക്കാവുന്നതല്ലേയുള്ളൂ ഇപ്പറഞ്ഞ 4 കോടി പണം ? സേനയിൽ സേവനമനുഷ്ടിച്ചിരുന്ന, റെക്കോഡ് ജേതാവായ ഒരു നാവികനോട് ചെയ്യാവുന്ന ആദരവ് കൂടെ ആകില്ലേ അത് ? ഇന്ത്യൻ സർക്കാറിന് പറ്റുന്നില്ലെങ്കിൽ 4 കോടി രൂപ ചിലവഴിക്കാൻ കേരള സർക്കാരിന് ആകില്ലെന്നുണ്ടോ ?
ഇന്ന് മുതൽ ഗ്യാസ് സ്റ്റേഷനുകളിൽ ഇന്ധനം നിറക്കാൻ എത്തുന്ന മലയാളികൾ അഭിലാഷ് ടോമിക്ക് വേണ്ടി 1 രൂപ ഒറ്റ പ്രാവശ്യം കൂടുതലായി അവിടെ കൊടുക്കാൻ തയ്യാറായാൽ ചിലപ്പോൾ അര ദിവസം കൊണ്ട് സമാഹരിക്കാവുന്നതേയുള്ളൂ ഈ തുക. 110 രൂപ പെട്രോളിന് നൽകുന്ന കൂട്ടത്തിൽ ഒരു സാഹസിക സ്പോർട്ട്സിന് 1 രൂപ കൂടുതൽ കൊടുക്കാൻ കുറഞ്ഞപക്ഷം സ്പോർട്ട്സ് പ്രേമികളെങ്കിലും തയ്യാ റാകും.
ഇതൊന്നും പറ്റുന്നില്ലെങ്കിൽ കേരളത്തിലെ പേരുകേട്ട വ്യവസായികൾ ആരെങ്കിലും ഒരാൾ വിചാരിച്ചാൽ അവരുടെ സ്ഥാപനത്തിൻ്റെ സ്പോൺസർഷിപ്പിൽ നടക്കാവുന്നതല്ലേയുള്ളൂ ഇക്കാര്യം. യൂസഫലിയും രവി പിള്ളയുമൊക്കെ ഇക്കാര്യം അറിഞ്ഞിട്ടില്ല എന്ന് കരുതാനാനിഷ്ടം.
ഇതിനേക്കാൾ വലിയ കാര്യങ്ങളുണ്ട് നടത്താൻ. അരപ്പട്ടിണിക്കാരൻ്റേയും കൂരയില്ലാത്തവൻ്റേയും പ്രശ്നങ്ങളുണ്ട് തീർക്കാൻ, അതിനിടയ്ക്ക് ഇയാളുടെ ആഡംബരച്ചുറ്റലിന് ഖജനാവിൽ നിന്ന് കൊടുക്കുന്നതും പിരിവിട്ട് കൊടുക്കുന്നതുമൊക്കെ ശുദ്ധ അസംബന്ധമാണെന്ന വാദങ്ങളും ഉയർന്ന് വന്നേക്കാം. അവരോട് പറയാനുള്ളത് ഇത്രമാത്രം. കഷ്ടപ്പാടുകാരുടേയും ദുരിതം അനുഭവിക്കുന്നവരുടേയും പ്രശ്നങ്ങളും പിരിവിട്ട് ഏറ്റെടുക്കുന്നുണ്ടല്ലോ നമ്മൾ. അതിനിടയിൽ ഒളിമ്പിക്സ് അടക്കമുള്ള കാര്യങ്ങളും രാജ്യം നടത്തുന്നില്ലേ ? ചൊവ്വയിലേക്ക് റോക്കറ്റ് വിടുന്നില്ലേ ? അത്തരത്തിലൊന്നായി കണ്ടാൽ മതി ഇതും. അല്ലെങ്കിൽപ്പിന്നെ നാളെ മുതൽ പട്ടിണി പ്രശ്നങ്ങൾ മാത്രം തീർപ്പാക്കിയാൽ മതി എന്ന് വെക്കണം.
വാൽക്കഷണം:- സോഷ്യൽ മീഡിയ കയറി വല്ല ഹാഷ് ടാഗ് ധനസമാഹരണ ചാലഞ്ച് തുടങ്ങുന്നതിനും മുന്നേ പണമിറക്കുന്നവർക്ക് സംഭവത്തിൻ്റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാം. ഒരു മലയാളിയാണ് കമാൻഡർ അഭിലാഷ് ടോമി എന്ന നിലയ്ക്ക് കേരള സർക്കാർ തന്നെ പണമിറക്കണമെന്നാണ് എൻ്റെ പക്ഷം.