ഇരുളടഞ്ഞ ഭൂഖണ്ഡമായി നമ്മളിന്നും കണക്കാക്കുന്ന ആഫ്രിക്കയെ അഴിമുഖം വെബ്ബ് പോർട്ടലിലൂടെ കൂടുതലായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സോമി സോളമൻ എന്ന എഴുത്തുകാരിയെ ഓൺലൈൻ വായനക്കാരും എഴുത്തുകാരും ഫേസ്ബുക്ക് വഴി കറങ്ങുന്നവരുമൊക്കെ അറിയാതിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. എന്നിരുന്നാലും ഇനിയും അറിയാത്തവർ ഏഷ്യാനെറ്റ് ഓൺലൈനിൽ ശ്രീ.കെ.പി.റഷീദ് എഴുതിയ ഈ ലേഖനം വായിക്കുക.
ലേഖനം വായിക്കാൻ സമയമില്ലാത്തവർക്കായി അതൊന്ന് ചുരുക്കിപ്പറയാം. കഴിഞ്ഞ കുറച്ച് നാളുകളായി, താൻ ജീവിക്കുന്ന ടാൻസാനിയയിലെ കിച്ചങ്കനി എന്ന ഗ്രാമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് സോമി സോളമൻ. ഗ്രാമവാസികൾക്കാവശ്യമായ ശുദ്ധജലം, ലൈബ്രറി, കുട്ടികളുടെ പഠനം എന്നിങ്ങനെ തന്നാലാവുന്ന വിഷയങ്ങളിലൊക്കെ ഗ്രാമപഞ്ചായത്തുമായി കൈകോർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സോമി.
ഗ്രീൻവെയ്‌ന്റെ മരം നടൽ പദ്ധതിയുടെ ഭാഗമായി സോമിയുടെ സഹോദരൻ സോളി സോളമനെ നേരിട്ട് പരിചയമുണ്ടെനിക്ക്. സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ രക്തത്തിലുണ്ട് സോമിക്കും സോളിക്കും എന്ന കാര്യം ഉറപ്പ്. ചോരയിലുള്ളത് അരിച്ച് മാറ്റാനാവില്ലല്ലോ ? ജീവിക്കുന്നതെവിടെയായാലും അവിടത്തെ മണ്ണിനും മക്കൾക്കും വേണ്ടി പ്രവർത്തനങ്ങൾ സ്വാഭാവികമായി നടന്നുകൊണ്ടിരിക്കും അത്തരക്കാർക്ക്. അതൊരു ചെറിയ കാര്യമൊന്നുമല്ല.
കിച്ചങ്കനി എന്ന ടാൻസാനിയൻ ഗ്രാമത്തിന് വേണ്ടി സോമി തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഇന്നാട്ടിൽ ഇരുന്നുകൊണ്ട് നമുക്ക് സഹായിക്കാനാവുന്നതിന് പരിമിതികളുണ്ട്. പക്ഷെ ആ പരിമിതികളെ തരണം ചെയ്യാൻ അത്ര ബുദ്ധിമുട്ട് ഉണ്ടെന്നും തോന്നുന്നില്ല.
‘കിച്ചങ്കനിയുടെ സ്വപ്നത്തിൽ പങ്കാളികളാവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക‘ എന്ന് അഴിമുഖത്തിലെ സോമിയുടെ ലേഖനത്തിൽ വായിച്ചപ്പോൾ എന്ത് സഹായമാണ് വേണ്ടതെന്ന് അന്വേഷിച്ചു. അതിന് കിട്ടിയ മറുപടി ഇപ്രകാരമാണ്.
“ നമുക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ വേണം. കുട്ടികളുടെ പുസ്തകങ്ങൾ. ഇംഗ്ലീഷ് നേഴ്സറി പാട്ടുകളുടെയും ആക്ഷൻ സോങ്ങുകളുടെയും സീഡികളോ ഡീവിഡികളോ വേണം. മാപ്പുകൾ,. ഗ്ലോബ്, മൃഗങ്ങൾ, പക്ഷികൾ ഇവിടെയുടെ പടങ്ങൾ ഉള്ള പോസ്റ്ററുകൾ വേണം. പഴയത്, ഉപയോഗ യോഗ്യമായത് നമുക്ക് നാട്ടിൽ നിന്നും ശേഖരിക്കണം. അതിന് സഹായം വേണം. ഇവിടെ ഞാൻ ഒറ്റയ്ക്കാണ്. നിങ്ങളുടെയൊക്കെ പിന്തുണ ധൈര്യം നൽകുന്നു. നാട്ടിൽ നിന്നും ശേഖരിച്ച് കപ്പലിൽ ഇവിടെ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്. അതിനു വേണ്ടി പലരോടും സംസാരിക്കുന്നു. അനുകൂലമായ മറുപടിക്കായി കാത്തിരിക്കുന്നു. പുസ്തകങ്ങളും സീഡികളും ഡീവിഡികളും ശേഖരിക്കാൻ, സഹായിക്കാൻ കഴിയുമോ?……….നന്ദിയോടെ – സോമി “
ഇതത്ര വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കുമാകില്ലേ മേൽപ്പറഞ്ഞതിൽ എന്തെങ്കിലുമൊക്കെ ഒന്ന് സംഭാവന ചെയ്യാൻ ? ലിസ്റ്റിലുള്ളതിൽ ചിലതെങ്കിലും എറണാകുളത്ത് എത്തിക്കാൻ കഴിയുന്നവർ, ദർബാർ ഹാളിന് പിന്നിലുള്ള CARE ലൈബ്രറിയിലെ ലൈബ്രേറിയൻ ചിത്തിരയെ ഏൽപ്പിക്കുക. ഇവിടന്ന് അതെല്ലാം ടാൻസാനിയയിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം ഞാനേൽക്കുന്നു. സമയബന്ധിതമായി കാര്യങ്ങൾ നീക്കാൻ ശ്രമിക്കാം. ഫെബ്രുവരി മാസം അവസാനിക്കുന്നതിന് മുന്നേ പരമാവധി സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കണം. കിച്ചങ്കനിയിലേക്ക് ഇവിടന്നധികം ദൂരമില്ലെന്ന് തെളിയിക്കാൻ നമുക്ക് കിട്ടുന്ന ഒരവസരം കൂടെയാണിത്. അത് പ്രയോജനപ്പെടുത്തുമല്ലോ ?
വാൽക്കഷണം:- കേരളത്തിൽ, അല്ലെങ്കിൽ ഇന്ത്യയിൽത്തന്നെ ഉണ്ടല്ലോ ഇതുപോലെ സഹായം ആവശ്യമായിട്ടുള്ള അനേകം ഗ്രാമങ്ങൾ?! നിങ്ങളെന്തുകൊണ്ട് അവരെയൊക്കെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നില്ല എന്ന്, ഇത് വായിക്കുന്ന ആർക്കെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടെങ്കിൽ അതിനുള്ള മറുപടി ഇതാണ്. അങ്ങനെയൊരു ഗ്രാമമുണ്ടെങ്കിൽ, അവിടെ നിങ്ങളുണ്ടെങ്കിൽ അവിടത്തെ പ്രവർത്തനങ്ങൾ നിങ്ങളോ മറ്റാരെങ്കിലുമോ തുടങ്ങിവെക്കൂ. എന്നിട്ടറിയിക്കൂ. ദൂരദേശത്തിരുന്ന് കുടുംബവും ജോലിയുമൊക്കെ കൊണ്ടുപോകുന്നതിനിടയ്ക്ക് ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന സഹായം ഇത്രമാത്രമാണ്. കിച്ചങ്കനിയിൽ ഒറ്റയ്ക്കാണെന്ന് പറയുന്ന സോമിയ്ക്ക് വേണ്ടി ഇത് ചെയ്യുന്നത് പോലെ ലോകത്തിന്റെ ഏതൊരു കോണിലുമുള്ളവർക്ക് വേണ്ടിയും സഹായഹസ്തങ്ങൾ നീളുക തന്നെ ചെയ്യും.