രാവിലെ നല്ല തണുപ്പായിരുന്നു. ആ സമയത്ത് തണുത്ത വെള്ളത്തിൽ കുളി ബുദ്ധിമുട്ടാണ്. ഒരു വിധത്തിലാണ് കുളിച്ച് വീണ്ടും സ്വറ്ററിൽ കയറിപ്പറ്റിയത്. ഒരു ചെറിയ ഇലക്ട്രിക് കോയൽ വാങ്ങി ചൂടുവെള്ളം ഉണ്ടാക്കാനുള്ള പരിപാടി നോക്കണം.
ആൽവാർ കോട്ടയിലേക്കാണ് ഇന്ന് പോകാനുള്ളത്. 15 കിലോമീറ്റർ ദൂരമേ ഉള്ളൂ. പക്ഷേ ഒരു ചെറിയ പ്രശ്നം. അതൊരു വൈൽഡ് ലൈഫ് സങ്കേതം കൂടെയാണ്. രൺധംബോറിലേത് പോലെ വന്യമൃഗ സങ്കേതത്തിന് നടുവിലാണ് കോട്ട നിൽക്കുന്നത്. സ്വകാര്യ വാഹനത്തിൽ പോകാൻ 60 രൂപയുടെ ടിക്കറ്റ് എടുത്താൽ മതി. പക്ഷേ, ആ ടിക്കറ്റ് ഉപയോഗിച്ച് കോട്ടയിലേക്ക് മാത്രമേ പോകാൻ കഴിയൂ.
കർണ്ണി മാതാ ക്ഷേത്രം, കർണ്ണി മാതാ ബാവ്ടി അഥവാ പടിക്കിണർ, പ്രതാപ് സിങ്ങിന്റെ സ്മൃതി മണ്ഡപം, അജിത് മന്ദിർ, ലക്ഷ്മൺ പോൾ, എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ പോകാൻ പറ്റില്ല.
ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ഇപ്പറഞ്ഞ സ്ഥലങ്ങളിലേക്ക് പോകാനുള്ള ജിപ്സി ജീപ്പുകൾ കിട്ടും. ഒരു ജീപ്പിന് 2148 രൂപയാണ് നിരക്ക്. അതിൽ വൈൽഡ് ലൈഫ് സഫാരിയും ഒരു ഗൈഡിന്റെ ഫീസും ഉൾപ്പെടും. എന്നിരുന്നാലും എനിക്ക് ഒറ്റയ്ക്ക് അത് വലിയ തുകയാണ്. മറ്റാരെങ്കിലുമായി ജീപ്പ് പങ്കിടുന്നതിന് കുഴപ്പമില്ല. ആരെയെങ്കിലും കിട്ടുമോ എന്നറിയാൻ കുറച്ചുനേരം കാത്തുനിന്നു.
5 പെൺകുട്ടികൾ ടുക്ക് ടുക്കിൽ വന്നിറങ്ങി. എന്റെ നേഹയേക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രായം കുറവായിരിക്കും എല്ലാവർക്കും. അകത്തേക്ക് കാൽനടയായി വിടില്ല എന്ന് കൗണ്ടറിൽ നിന്ന് പറഞ്ഞപ്പോൾ അവർ ജീപ്പിന്റെ നിരക്ക് തിരക്കി. പക്ഷേ 2148 രൂപ പോയിട്ട് 500 രൂപ പോലും അവരുടെ കയ്യിൽ ഇല്ല. ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് അവർ; നാളത്തെ അദ്ധ്യാപികമാർ. പണമില്ലാത്തത് കൊണ്ട് അവർ മടങ്ങിപ്പോകുന്നത് കഷ്ടമല്ലേ? “വിരോധമില്ലെങ്കിൽ എന്റെ ജീപ്പിൽ പോന്നോളൂ” എന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷം. ഞങ്ങൾ എല്ലാവരും കൂടെ ഒരു ജിപ്സിയിൽ കയറി. കൂടെ ആകാശ് എന്ന ഗൈഡും.
അവർ എനിക്കൊപ്പം ഫോട്ടോ എടുത്തെങ്കിലും ഒന്നും സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല എന്നായിരുന്നു അഭ്യർത്ഥന. രക്ഷിതാക്കൾക്ക് അത് ഇഷ്ടമല്ലത്രെ! കോട്ടക്കകത്ത് സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ അവർ ഒരു കുസൃതി കാണിച്ചു. മുഖം വീട്ടുകാർ കണ്ടാലല്ലേ പ്രശ്നമുള്ളൂ. അവർ അഞ്ചുപേരും തിരിഞ്ഞ് നിന്ന് എനിക്കൊപ്പം ഫോട്ടോയെടുത്തു.
നമുക്ക് കോട്ടയുടെ വിശേഷങ്ങളിലേക്ക് കടക്കാം.
* അന്ധേരി പോൾ, ലക്ഷ്മൺ പോൾ, സൂരജ് പോൾ എന്നിങ്ങനെ 7 കവാടങ്ങളാണ് ഈ കോട്ടയ്ക്ക് ഉള്ളത്.
* കോട്ടയുടെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്.
* കോട്ടക്ക് അകത്തുള്ള കൊട്ടാരത്തിന്റെ അവസ്ഥയും അതുതന്നെ.
* ബാല കില്ല എന്ന ഒരു പേര് കൂടെയുണ്ട് ആൽവാർ ഫോർട്ടിന്. ഈ കോട്ട ഒരിക്കലും ആക്രമിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇതിന് ഒരു ബാലനായ കോട്ട ആയിട്ടാണ് കണക്കാക്കുന്നത്. ബാല കില്ല എന്ന പേരിന് കാരണവും അതുതന്നെ. കോട്ട ആക്രമിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. പക്ഷേ പല രാജവംശങ്ങൾ കൈമാറി വന്നിട്ടുണ്ട്.
* 5 കിലോമീറ്റർ നീളവും 1.5 കിലോമീറ്റർ വീതിയും ഉണ്ട് ആൽവാർ കോട്ടയ്ക്ക്.
* C.E. 928ൽ പർമാർ രജപുത്രരാണ് ഈ കോട്ട ഉണ്ടാക്കിയത്.
* പിന്നീട് കോട്ട നികുംഭ് രജപുത്രരുടെ കൈവശമായി.
* പഴയ കാലത്ത് ഇവിടെ മൃഗബലി നടക്കുമായിരുന്നു.
* CE 1521ൽ ഹസ്സൻ ഖാൻ മേവാടി കോട്ട പുതുക്കി പണിതു.
* പിന്നീട് കോട്ട മുഗളന്മാരുടെ കൈവശമായി.
* അവസാനം കോട്ട എത്തിച്ചേർന്നത് രാജ പ്രതാപ് സിങ്ങിന്റെ കയ്യിലാണ്.
കോട്ടയിലെ പ്രധാന ആകർഷണം, എട്ട് ലോഹങ്ങൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതും ഉപയോഗത്തിൽ വരാഞ്ഞത് കൊണ്ട് മുൻഭാഗം മുറിച്ച് കളഞ്ഞതുമായ ഒരു പീരങ്കിയാണ്. അതിന്റെ 40% സ്വർണ്ണമാണ് എന്ന് ഗൈഡ് ആകാഷ് പറയുന്നു. എത്ര ചൂടുള്ള സമയത്തും ആ പീരങ്കിയിൽ തണുപ്പാണ് അനുഭവപ്പെടുന്നത്. മക്രാണയിൽ നിന്ന് കൊണ്ടുവന്ന മാർബിൾ കൊണ്ട് ഉണക്കിയ ഒരുപാട് തൂണുകൾ ഉണ്ട് കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തിൽ. ആ തൂണുകൾക്കും സമാനമായ തണുപ്പാണ്.
കോട്ട സന്ദർശനത്തിന് ശേഷം ഞങ്ങളെ കൊണ്ടുപോയത് കാട്ടിലേക്കാണ്. ഈ കാട്ടിൽ 7 കടുവകൾ ആണ് ഉള്ളത്. അതിൽ പ്രധാനിയാണ് ST -18. രൺധംബോറിനേക്കാൾ വലിയ കാടാണ് ഇത്. എന്നിരുന്നാലും കാടിന് നടുവിലൂടെയുള്ള റോഡ് മുറിച്ച് കടന്ന് കടുവകൾ എപ്പോഴും സഞ്ചരിക്കുന്നുണ്ട്. റോഡ് മുഴുവനും കടുവുകളുടെ കാൽപ്പാടുകൾ ഞങ്ങൾ കണ്ടു. പക്ഷേ കടുവയെ കാണാൻ മാത്രം ഭാഗ്യമുണ്ടായില്ല. ആകെ കണ്ടത് ഒരു സാമ്പ ഡിയറിനേയും ഒരു കീരിയേയും മാത്രം.
ജിപ്സി പോലുള്ള വാഹനങ്ങളിലെ സഞ്ചാരികളെ കടുവ ആക്രമിക്കാനുള്ള സാദ്ധ്യതയില്ലേ എന്നത് എൻ്റെ വലിയ ഒരു സംശയമായിരുന്നു. അതിന് മറുപടി തന്നത് ഡ്രൈവർ രൺവീർ ആയിരുന്നു. ഈ കടുവകൾ ജനിച്ച അന്നുമുതൽ കാണുന്ന വാഹനങ്ങൾ ആണ് ഇത്. കാട്ടിലെ ഏതോ ജീവികൾ എന്നാണ് അവർ മനസ്സിലാക്കിയിട്ടുള്ളത്. തങ്ങളേക്കാൾ ശക്തരായ ജീവികൾ ആണെന്നും അവർ കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ, വല്ല മാനിനേയും മ്ലാവിനെയും സാമ്പാർ ഡിയറിനേയും ഒക്കെ കൊന്നുതിന്ന് കടുവകളും ചീറ്റപ്പുലികളും ഈ കാട്ടിൽ വാഴുന്നു.
രൺധംബോറിൽ നിന്ന് രണ്ടാഴ്ച്ച മുൻപ് 25 കടുവകളെ കാണാതായി എന്ന വാർത്തയെപ്പറ്റി ഞാൻ ഡ്രൈവറോട് തിരക്കി. എന്തായിരിക്കാം ആ കടുവകൾക്ക് സംഭവിച്ചിരിക്കുക?
“വേട്ടയാടി കൊന്ന് കടത്തി. വേറെന്ത് സംഭവിക്കാൻ? ആദിവാസികളിലെ പല ഗ്രൂപ്പുകളും ഇപ്പോഴും മൃഗവേട്ട നടത്തുന്നുണ്ട്. ഒരു കടുവയുടെ തോലും നഖവും പല്ലും എല്ലാം വിറ്റാൽ 40 മുതൽ 50 ലക്ഷം രൂപ വരെ കിട്ടും. കടുവകളുടെ കോളറുകളും കാട്ടിലെ ക്യാമറകളും എല്ലാം നിഷ്പ്രഭമായി രൺധംബോറിൽ. മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ അതൊന്നും സംഭവിക്കില്ല. കൊന്ന് നേപ്പാൾ വഴി വിദേശത്തേക്ക് കടത്തിയത് തന്നെ.” അത് പറയുമ്പോൾ രൺവീറിന് ഒരു സംശയവും ഇല്ലായിരുന്നു.
പെൺകുട്ടികൾ എനിക്ക് നന്ദി പറഞ്ഞ് എന്റെ ഫോൺ നമ്പറും വാങ്ങി, “ഇടയ്ക്ക് വിളിക്കും” എന്ന് പറഞ്ഞ് ടുക്ക് ടുക്കിൽ മടങ്ങി. ഞാൻ മടക്ക വഴിയിലുള്ള ആൽവാർ സിറ്റി പാലസ്സിലേക്ക് നീങ്ങി. ആ പടുകുട്ടൻ കൊട്ടാരം ഒന്നിൽ, ആൽവാറിന്റെ മുഴുവൻ ഔദ്യോഗിക കെട്ടിടം ഓഫീസുകളുമാണ് ഇപ്പോൾ വർത്തിക്കുന്നത്; കളക്ടറുടേയും പൊലീസ് സൂപ്രണ്ടിന്റേയും ഓഫീസുകൾ അടക്കം. പക്ഷേ കൊട്ടാരത്തിനോട് ചേർന്നുള്ള സ്മൃതി മണ്ഡപം മാത്രം അതേപടി സംരക്ഷിച്ചിട്ടുണ്ട്. അത് വെറുമൊരു സ്മൃതി മണ്ഡപം അല്ല. രാജ്ഞിയുടെ സതി നടന്ന ഇടം കൂടെ ആണ്.
മഹാരാജ ഭക്താവർ സിംഗിന്റെ സ്മൃതി മണ്ഡപമായി, 1815 അദ്ദേഹത്തിൻ്റെ മകനായ വിനയ് സിംഗ് ആണ് ഇത് നിർമ്മിച്ചത്. 1814ൽ ഭക്താവർ സിംഗ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ റാണിയായ മുസി ഇവിടെ സതി ആചരിച്ചിരുന്നതിനാൽ ഇത് മുസിയുടെ ഛത്രി അഥവാ മുസിയുടെ സ്മൃതിമണ്ഡപമായും അറിയപ്പെടുന്നു.
ജോഹർ നടന്ന പല കോട്ടകളും ഞാൻ ഇതിനകം കണ്ടുകഴിഞ്ഞു. പക്ഷേ ജീവിതത്തിൽ ആദ്യമായാണ് സതി നടന്ന ഒരു സ്ഥലത്ത് എത്തിച്ചേരുന്നത്. പേരറിയാത്ത ഒരുപാട് രജപുത്ര സ്ത്രീകൾ വെന്ത് മരിച്ച ജോഹറിനേക്കാൾ, മുസി എന്ന പേരറിയുന്ന ഈ ഒരൊറ്റ രജപുത്ര രാജ്ഞി സതി അനുഷ്ടിച്ച ഇടം കൂടുതൽ ഉലച്ചിലുണ്ടാക്കി. എന്തൊരു അവസ്ഥയായിരുന്നു അന്നത്തെ സ്ത്രീകളുടേത്, അന്നത്തെ റാണിമാരുടേത്.
നാല് കാൽപാദങ്ങളാണ് വെണ്ണക്കല്ലിൽ തീർത്ത ആ സ്മൃതി മണ്ഡപത്തിന്റെ രണ്ടാം നിലയുടെ മദ്ധ്യത്തിലുള്ളത്. രണ്ടെണ്ണം ഭക്താവർ രാജാവിന്റേയും രണ്ടെണ്ണം മുസി റാണിയുടേയും ആണെന്ന് അനുമാനിക്കാം.
കൊട്ടാരത്തിന്റെ പരിസരത്തുള്ള പല കെട്ടിടങ്ങളും കൈയേറി ആൾക്കാർ താമസിക്കുന്നുണ്ട്. തടാകത്തിന്റെ ഭാഗത്തും സ്മൃതി മണ്ഡപത്തിൻ്റെ ഭാഗത്തുമായി ഒരുപാട് സമയം ചിലവഴിച്ച ശേഷം ഞാൻ നവരത്ന ഹോട്ടലിലേക്ക് മടങ്ങി.
അന്തരീക്ഷത്തിലെ തണുപ്പ് ഇന്നലത്തേതിലും അധികമായിട്ടുണ്ട്. മുസി റാണിയുടെ സ്മൃതിമണ്ഡപത്തിൽ നിൽക്കുമ്പോൾ അടിച്ച തണുത്ത കാറ്റ് ഇപ്പോഴും ശരീരത്തിൽ ഉണ്ട്. പക്ഷേ, അവരുടെ പച്ച മാംസത്തിനേറ്റ ചൂട് നമുക്കാർക്കും സങ്കൽപ്പിക്കാൻ പോലും പറ്റുന്നതല്ല.
ശുഭരാത്രി നേരാൻ പറ്റുന്നില്ല.