കൊല്ലത്ത് ഇന്നലെ കാണാതായ ദേവനന്ദന എന്ന 6 വയസ്സുകാരിയുടെ മൃതശരീരം ഇന്ന് രാവിലെ തൊട്ടടുത്തുള്ള ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെടുത്തിരിക്കുന്നു. ആ കുരുന്നിന് ആദരാഞ്ജലികൾ !!
ദേവനന്ദനയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത്ത തരത്തിലുള്ള ജാഗ്രതയോടെയാണ് പൊതുജനങ്ങളും പൊലീസും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളായത്. കുട്ടിയെ കണ്ടെത്താൻ വേണ്ടി ഇന്നലെ രാത്രി മുഴുവൻ ഉണർന്ന് പ്രവർത്തിച്ച മുഴുവൻ പേർക്കും അഭിവാദ്യങ്ങൾ. എന്നിട്ടും കുട്ടിയെ ജീവനോടെ തിരിച്ചെത്തിക്കാനായില്ലല്ലോ എന്ന ദുഖത്തിൽ എല്ലാവർക്കുമൊപ്പം പങ്കുചേരുന്നു.
ഈ വിഷയത്തെപ്പറ്റി ചിലത് പറയണമെന്നാഗ്രഹിക്കുന്നു. ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം അത് അപഗ്രഥിക്കുന്ന നമ്മുടെ സംസ്ക്കാരം അതേ രീതിയിൽ പിന്തുടർന്നുകൊണ്ടുതന്നെയാണിത് പറയുന്നതെന്ന ലജ്ജയോട് കൂടെത്തന്നെ.
കൊല്ലത്ത് ദേവനന്ദയെ കാണാതായ അതേ ദിവസം (27.02.2020) തന്നെ കേരളത്തിൽ മറ്റ് രണ്ട് കുട്ടികളെക്കൂടെ കാണാതായിട്ടുണ്ട്. അതിൽ മുസ്തഫ എന്ന കുട്ടിയെ ചിറയിൻകീഴ് എന്ന സ്ഥലത്തുള്ള ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. മൂന്നാമത്തെ കുട്ടിയെ (അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീൻ) ഈ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോഴേക്കും കണ്ടെത്തിയതായി അറിയിപ്പ് കിട്ടി. (അത് സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.)
ഇടയ്ക്കിടയ്ക്ക് നമ്മൾ കേൾക്കുന്നതല്ലേ ഇങ്ങനെ കുട്ടികളെ കാണാതാകുന്ന വാർത്തകൾ. അതിൽ ചില കുട്ടികളെ തിരികെ കിട്ടിയിട്ടുണ്ടാകാം. ചിലരെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന അച്ഛനമ്മമാരെ, അവർ നമ്മുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലെങ്കിൽ, നമ്മൾ പിന്നീട് അറിയുന്ന് പോലുമില്ല. കാണാതാകുന്ന അടുത്ത കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളിയാകുന്നത് വരെ നമ്മൾക്കിതേപ്പറ്റിയൊന്നും ചിന്തിക്കേണ്ടി വരുന്നതേയില്ല.
വെറുതെയൊന്ന് ഇന്റർനെറ്റിൽ പരതി നോക്കിയിട്ടുണ്ടോ, ഒരു വർഷത്തിൽ എത്ര കുട്ടികളെയാണ് രാജ്യത്ത് ഇങ്ങനെ കാണാതായിട്ടുള്ളതെന്ന് ? മുൻപ് പലപ്പോഴും ഞാനത് ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് വീണ്ടും തിരക്കിയപ്പോൾ കിട്ടിയ മറുപടിയാണ് താഴെയുള്ള ചിത്രത്തിൽ കാണുന്നത്.
2019ൽ മാത്രം ഇന്ത്യയിൽ 60210 കുട്ടികളെ കാണാതായിട്ടുണ്ട്. (ഡൽഹിയിൽ ഓരോ ദിവസവും ശരാശരി 19 കുട്ടികളെയാണ് കാണാതാകുന്നതെന്നും ഗൂഗിൾ പറയുന്നു.) അതിൽ 12,465 കുട്ടികളെ കണ്ടെത്തിയപ്പോൾ 47,745 കുട്ടികളെ കണ്ടെത്താനായിട്ടില്ല. അരലക്ഷത്തോളം കുട്ടികൾ !! അത്രയും കുടുംബാഗംങ്ങളുടെ കണ്ണുനീർ. ആലോചിച്ചിട്ട് നെഞ്ച് കലങ്ങുന്നില്ലേ ? ഇത്രയും കുട്ടികൾ എങ്ങോട്ട് പോയി ? വർഷങ്ങൾ കഴിഞ്ഞിട്ടായാലും അവരിൽ കുറച്ച് പേരെങ്കിലും തിരികെ വീടണഞ്ഞിട്ടുണ്ടോ ? നമുക്കറിയില്ല. അങ്ങനെന്തെങ്കിലും കണക്കുകൾ ഉണ്ടെങ്കിൽ അതെവിടെ തിരയണമെന്ന് പോലും അറിയില്ല.
ഇനി കേരളത്തിന്റെ കണക്കെടുക്കാം. 2019ൽ കേരളത്തിൽ കാണാതായത് 3851 കുട്ടികൾ. അതിൽ 3163 പേർ തിരികെയെത്തി. 688 കുട്ടികളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതായത് ഒരു ദിവസം ഏറെക്കുറെ 2 കുട്ടികളെ വീതം തിരിച്ച് വരാത്ത രീതിയിൽ കേരളത്തിന് നഷ്ടമായിട്ടുണ്ട്. അതോടൊപ്പം മറ്റൊരു കണക്ക് കൂടെ കേട്ടോളൂ. കുട്ടികളെ കാണാതായ കൂട്ടത്തിൽ 16913 മുതിർന്നവരേയും കേരളത്തിൽ കാണാതായിട്ടുണ്ട്. അതിൽ നിന്ന് 11829 പേർ തിരികെയെത്തി. 5084 പേർ ഇനിയും മടങ്ങിവന്നിട്ടില്ല. അതായത് ഓരോ ദിവസവും തിരികെ വരാത്ത നിലയ്ക്ക് കാണാതായ മുതിർന്ന മനുഷ്യന്മാരുടെ എണ്ണം 14.
ഇത്രയും പേർ എവിടെപ്പോയി ? തിരികെ വന്നവരുടെ പഠനങ്ങൾ നടത്തി തരം തിരിച്ച് ഇത്രയും പേർക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകാം എന്ന് എന്തെങ്കിലും നിഗമനങ്ങൾ സംസ്ഥാനത്തോ രാജ്യത്ത് തന്നെയോ ഉണ്ടായിട്ടുണ്ടോ ? കുറേപ്പേർ ആരോടും പറയാതെ ബന്ധുവീടുകളിലേക്ക് പോയതാകാം. അവർ തിരികെ വന്നിട്ടുണ്ടാകാം; പക്ഷേ, പിന്നീടുള്ള കണക്കുകളിൽ അത് കയറിക്കാണണമെന്നില്ല. കുറേപ്പേർ എന്തെങ്കിലും കുഴപ്പങ്ങൾ ഒപ്പിച്ച് വെച്ച് സ്വയം നാട് വിട്ടതാകാം; ഒളിവിൽ കഴിയുന്നതാകാം. ഇതുപോലെ സ്വയം മാറിനിന്നതല്ലാതെ, കടത്തിക്കൊണ്ട് പോയവരോ അപകടത്തിൽ പെട്ടവരോ ഉണ്ടോ ? ഉണ്ടെങ്കിൽ ആ കണക്കുകളാണ്, തിരികെ എത്തിയവരുടെ ഡാറ്റാ ബേസിൽ നിന്ന് തരം തിരിച്ചെടുക്കേണ്ടത്.
എന്റെ ഒരു അനുഭവം പറയാം. ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് അച്ഛൻ വഴിയുള്ള ഒരു ബന്ധുവിന്റെ മകനെ (ഏകദേശം 12 വയസ്സ്) കാണാതായി. ഏതൊരു അച്ഛനും അമ്മയും ചെയ്യുന്നത് പോലെ നാടൊട്ടുക്ക് അവർ പയ്യനെ തിരക്കി നടന്നു. ആലപ്പുഴയിലെ അവരുടെ വീട്ടിൽ നിന്ന് എറണാകുളത്തുള്ള എന്റെ വീട്ടിലുമെത്തി. ഇവിടെ എത്തിയിട്ടില്ലെന്ന മറുപടിക്കപ്പുറം ഒന്നും പറയാനാവാതെ, തിരക്കി നടക്കാൻ സാമ്പത്തികമായി എന്തെങ്കിലും സഹായം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ചെയ്യാനാവാതെ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന അവസ്ഥ പോലും ഭീകരമാണ്. കുട്ടികൾ നഷ്ടപ്പെട്ടവരുടെ മാനസ്സിക സ്ഥിതി നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റിയെന്ന് വരില്ല.
എന്തായാലും കുറച്ച് നാളുകൾക്ക് ശേഷം പയ്യൻ വീട്ടിൽ തിരിച്ചെത്തി. സംഭവം തട്ടിക്കൊണ്ട് പോകൽ തന്നെയായിരുന്നു. തമിഴ്നാട്ടിൽ എവിടെയോ വലിയ മതിലും അടച്ചുറപ്പും ഉള്ള ഒരു വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു അത്രയും നാൾ അവനെ. വേറെയും ഒന്നുരണ്ട് കുട്ടികൾ അവിടെയുണ്ടായിരുന്നു. സമയത്ത് ഭക്ഷണമെല്ലാം കിട്ടും. കാവലിന് ആളുണ്ട്. കുട്ടികളല്ലാതെ മറ്റാരും ആ വീട്ടിൽ താമസമില്ല. ഒരു ദിവസം നമ്മുടെ പയ്യൻ കാവൽക്കാരൻ കാണാതെ എങ്ങനെയോ വീടിന് പുറത്തുകടന്നു. സമയം പാഴാക്കാതെ മതില് ചാടി വെളിയിലെത്തി ഓടി രക്ഷപ്പെട്ടു. ബുദ്ധിയുള്ള പയ്യനായിരുന്നതുകൊണ്ട് ആരുടേയോ സഹായത്തോടെ വീട്ടിലെ ഫോണിലേക്ക് വിളിച്ച് വിവരമറിയിച്ചു. വീട്ടുകാർ ചെന്ന് കൂട്ടിക്കൊണ്ടുവരുന്നത് വരെ ഒളിച്ചും പാത്തും പിടിച്ചുനിന്നു. അരാണ് അവനെ കൊണ്ടുപോയതെന്നോ ആ വീട് എവിടെയാണെന്നോ എന്താണവിടെ നടക്കുന്നതെന്നോ തുടങ്ങിയ പൊല്ലാപ്പുകൾക്ക് പിന്നാലെ അവന്റെ രക്ഷിതാക്കൾ പിന്നീട് പോകാൻ നിന്നില്ല. അവർക്ക് മകനെ തിരിച്ച് കിട്ടിയതിൽപ്പരം സന്തോഷം മറ്റെന്തുണ്ടാകാനാണ് ? കൂടുതൽ പൊല്ലപ്പുകൾക്ക് പിന്നാലെ പോകാൻ സാധാരണ ഗതിയിൽ ആരെങ്കിലും ആഗ്രഹിക്കുമോ?
ഇങ്ങനെയൊരു അനുഭവം തിരികെ വന്ന കുറച്ച് കുട്ടികൾക്കെങ്കിലും പറയാനുണ്ടാകില്ലേ ? ഇത്തരം കഥകളുടെ ഒരു കണക്കെടുപ്പ് ആവശ്യമല്ലേ ? എങ്കിൽ മാത്രമല്ലേ തട്ടിക്കൊണ്ടുപോകലുകാരെ കണ്ടത്താനും കുട്ടികളെ അവരെന്ത് ചെയ്യുന്നെന്ന് കൃത്യമായി കണ്ടുപിടിക്കാനും കഴിയൂ ? എന്നാലല്ലേ അവർക്കെതിരെ കർശന നടപടികൾ സാദ്ധ്യമാകൂ. എന്നാലല്ലേ ഈ കണ്ണീരിന് അൽപ്പമെങ്കിലും കുറവുണ്ടാകൂ ? ശിശുസംരക്ഷണ സമിതി, എന്ന് തുടങ്ങി സർക്കാരിന്റേതും അല്ലാത്തതുമായ പലരുമില്ലേ ഈ വിഷയത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്നവർ. പഠനങ്ങൾ ആവശ്യമല്ലേ ? നടപടികളും സുരക്ഷാക്രമീകരണങ്ങളും ബോധവൽക്കരണവും ആവശ്യമല്ലേ ? എവിടെന്നാണ് ഇതിനൊക്കെ തുടക്കം ഉണ്ടാകുക ? പൂച്ചയ്ക്കാരാണ് മണികെട്ടുക ?
വാൽക്കഷണം:- അല്ലെങ്കിൽപ്പിന്നെ, തട്ടിക്കൊണ്ട് പോയത് ഭിക്ഷാടന മാഫിയയാണ്, അവയവ കച്ചവട മാഫിയയാണ് എന്നൊക്കെയുള്ള സ്ഥിരം നിഗമനങ്ങളും ഊഹാപോഹങ്ങളുമായി ഇതേ കണ്ണീർച്ചാലിലൂടെ ലക്ഷ്യമേതുമില്ലാതെ ഇനിയും നമുക്ക് തുഴഞ്ഞുകൊണ്ടേയിരിക്കാം.