കോയമ്പത്തൂര് നിന്ന് അര മണിക്കൂർ സഞ്ചരിച്ചാൽ പാല മലയിൽ എത്താം.
പാല മലയിലെ അരങ്കനാഥർ തിരുക്കോവിൽ, മലമടക്കുകളിൽ നേർരേഖയിൽ മൂന്നിടത്തായി സ്ഥിതിചെയ്യുന്ന മൂന്ന് വിഷ്ണുക്ഷേത്രങ്ങളിൽ നടുവിലത്തേതാണ്. കൃത്യമായി പറഞ്ഞാൽ മഹാവിഷ്ണുവിന്റെ വയർ ഭാഗം ഇതാണെന്നാണ് സങ്കല്പം. അതുകൊണ്ടുതന്നെ ഇവിടെ എല്ലാ ദിവസവും ഉച്ചഭക്ഷണം ഉണ്ടാകും.
രാവിലെ 9 മണിക്ക് ക്ഷേത്രം ഇരിക്കുന്ന മലമുകളിലേക്ക് ഒരു ബസ്സുണ്ട്. വൈകീട്ട് 5 മണിക്ക് താഴേക്കും ഒരു ബസ്സുണ്ട്. ഇത്രയുമാണ് പൊതുഗതാഗതം.
ഇത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമല്ല. പണ്ട് ആദിവാസികളുടേതായിരുന്നു. ഇപ്പോൾ ഏതോ ഗൗണ്ടറുടെ ഉടമസ്ഥതയിലാണ്.
തൊട്ടടുത്ത മലമുകളിൽ വിഷ്ണുവിന്റെ തല ഇരിക്കുന്നതെന്ന് വിശ്വസിക്കുന്ന ക്ഷേത്രത്തിലേക്ക് ആദിവാസികൾക്കും സാഹസികരായ സഞ്ചാരികൾക്കും മാത്രമേ പോകാൻ കഴിയൂ. പാദം ഇരിക്കുന്ന ക്ഷേത്രത്തിലേക്ക് റോഡ് മാർഗ്ഗം പോകാൻ കഴിയും.
ഭക്തിക്കും വിശ്വാസത്തിനുമൊക്കെ അപ്പുറം, പാലമല ഒരു മനോഹര കാഴ്ച്ചയാണ്. രാത്രി കാലത്ത് ഇവിടെ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ ഊട്ടിയും കൂനൂരും കാണാം. താഴെയായി മേട്ടുപ്പാളയവും കാരമടയും കോയമ്പത്തൂരും വെളിച്ചം വാരിപ്പൂശി നിൽക്കുന്ന മനോഹര ദൃശ്യമുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 890 മീറ്റർ ഉയരത്തിൽ എത്തുമ്പോളേക്കും 15 ഡിഗ്രിയോളം താപമാനം കുറയുമെന്നാണ് പാല മലയുടെ മറ്റൊരു ആകർഷണം. പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങൾ മലകൾക്ക് കീഴെ കുടുങ്ങിക്കിടക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്.
അടിവാരത്ത് നിന്ന് മുകളിലേക്കുള്ള 3.8 കിലോമീറ്റർ ദൂരത്തിൽ, കുറിയ ഹെയർ പിന്നുകളും S വളവുകളും ഉള്ളതുകൊണ്ട് ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണം. ഇരുളാണോ വെളിച്ചമാണോ എന്ന വ്യാകുലതകൾ ഇല്ലാതെ ഏത് നിമിഷവും ആന ഇറങ്ങുന്ന വഴികൾ കൂടെയാണ് ഇത്.
പാല മലയിൽ താമസസൗകര്യം ഇല്ല. വിഷ്ണു ഭഗവാന്റെ വയറ് തൊഴുത് ഇരുള് വീഴുന്നതിന് മുന്നേ മലയിറങ്ങുന്നതാണ് സുരക്ഷയ്ക്ക് നല്ലത്.
വാൽക്കഷണം:- ഇതിലുമധികം വിശേഷങ്ങൾ പാല മലയുമായി ബന്ധപ്പെട്ട് ഉണ്ട്. രാജ്യസുരക്ഷ മാനിച്ച് ഇതിൽക്കൂടുതൽ പറയുക വയ്യ.