നെല്ലിയാമ്പതിയിൽ മഴ നനഞ്ഞ്


നെല്ലിയാമ്പതി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിവരുന്ന ചിത്രം സീതാർകുണ്ട് കുന്നിൻ മുകളിൽ നിന്ന് താഴ്‌വരയിലേക്ക് തള്ളിനിൽക്കുന്ന പാറയും അതിൽ നിന്നൽ‌പ്പം മാറി ഒറ്റപ്പെട്ട് നിൽക്കുന്ന നെല്ലിമരവുമാണ്. ഈയിടക്കാലത്ത് ആ ദൃശ്യങ്ങളുടെ കൂട്ടത്തിലേക്ക് ഭ്രമരം എന്ന ബ്ലസ്സി-മോഹൻ‌ലാൽ ചിത്രവും കടന്നുകൂടിയിട്ടുണ്ട്. നെല്ലി ദേവതയുടെ ഊര് (പതി) എന്ന സ്ഥലനാമ വ്യാഖ്യാനവും പാവപ്പെട്ടവന്റെ ഊട്ടി എന്ന വിശേഷണവും നെല്ലിയാമ്പതിക്കുണ്ട്.

ഇത്രയും പറയാൻ കാരണം പത്രപ്രവർത്തകനായ കെ.എ. ഷാജി കഴിഞ്ഞ വർഷം തുടങ്ങിവെച്ച ഒരു മഴയാത്രയാണ്. വാൽ‌പ്പാറയിലേക്കായിരുന്നു കഴിഞ്ഞവർഷത്തെ യാത്ര. മഴ നനയുക എന്നതിനപ്പുറം പ്രത്യേക ലക്ഷ്യങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് അപ്പപ്പോൾ തീരുമാനിക്കുന്നതിനനുസരിച്ച് മാത്രം. മുൻ‌കൂട്ടി തീരുമാനിച്ച് നടപ്പിലാക്കുന്ന പരിപാടികൾ ഒന്നുമില്ല എന്നതാണ് ആ യാത്രയിലേക്ക് എന്നെ ആകർഷിച്ച പ്രധാന ഘടകം.

വർഷാവർഷം മഴ കുറഞ്ഞുകുറഞ്ഞ് വരുകയാണ്. പോകപ്പോകെ വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ട അവസ്ഥവന്നാൽ‌പ്പോലും ചില മഴയോർമ്മകൾ പച്ചപിടിച്ച് ഉള്ളിലെന്നുമുണ്ടെങ്കിൽ അതൊരു ചെറിയ ആശ്വാസമായെന്ന് വരും. പക്ഷെ, സംഘാടകരുടെ വേദനയും സമ്മർദ്ദവും സംഘാം‌ഗങ്ങൾ അറിയുന്നില്ലല്ലോ ? യാത്ര നിശ്ചയിക്കുന്ന ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ‘മുഖ്യമന്ത്രി രാജിവെക്കണം’ എന്നുവരെ മുദ്രാവാക്യങ്ങൾ ഉയർന്നെന്ന് വരും.

അത്തരത്തിലുള്ള ആശങ്കകളൊക്കെ നെല്ലിയാമ്പതിയുടെ ചരിത്രമറിയാത്തതുകൊണ്ടാണെന്ന് യാത്രാന്ത്യമായതൊടെ ബോദ്ധ്യമായി. കൊല്ലത്തിൽ 8 മാസവും വന്നും പോയും നെല്ലിയാമ്പതിയിൽ മഴയുണ്ടാകുമത്രേ ! ജൂൺ മാസം മുഴുവൻ മഴ പെയ്തുനിന്ന വർഷങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അവിടുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

1
കരടി ബംഗ്ലാവിന് മുന്നിൽ മഴയാത്രികർ 

രാവിലെ 8 മണിയോടെ തൃശൂര് നിന്ന് 24 പേരുമായി ഇക്കൊല്ലത്തെ മഴയാത്രികരുടെ വാഹനം നെല്ലിയാമ്പതിക്ക് പുറപ്പെട്ടു. ഇടയ്ക്ക് വടക്കഞ്ചേരിയിൽ നിന്ന് ഷാജിയും നെന്മാറയിൽ നിന്ന് ആണ്ടൂർ സഹദേവൻ ചേട്ടനും കുടുംബവും ശ്യാമും കയറി. ചുരം കയറാൻ തുടങ്ങിയതോടെ മഴയും ഒപ്പം കൂടി.

പോത്തുണ്ടി ഡാമിന്റെ പരിസരത്ത് വാഹനം കിതപ്പണച്ചു. മഴക്കാലമാണെങ്കിലും ഡാമിൽ ജലനിരപ്പ് വളരെക്കുറവാണ്. വാൽ‌പ്പാറ യാത്രയിലുണ്ടായിരുന്ന പലരും ഈ യാത്രയിലില്ല. പകരം പുതുമുഖങ്ങൾ ചേർന്നിട്ടുമുണ്ട്. എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം യാത്ര തുടർന്നു.

2
പോത്തുണ്ടി ഡാം.

പോത്തുണ്ടിയിൽ നിന്ന് മുകളിലേക്കുള്ള യാത്ര പുറം‌ലോകത്തുനിന്നുള്ള വിടുതൽ കൂടെയാണ്. പല മൊബൈൽ സിഗ്നലുകളും ഇവിടെ വെച്ച് മുറിയാൻ തുടങ്ങുന്നു. മൊബൈൽ ഫോണിന്റെ നാലിഞ്ച് സ്ക്രീനിൽ ഒതുങ്ങിക്കൂടി നിൽക്കുന്ന മനുഷ്യന്മാരെ സ്വാഗതം ചെയ്തുകൊണ്ട് പ്രകൃതിയുടെ വിശാലമായ സ്ക്രീനാണ് പിന്നങ്ങോട്ട്.

ചുരം കയറുന്നതോടെ താപനില താഴേക്കിറങ്ങി. മഴയും കോടയും ഒരുമിച്ച് തീർത്ത വലയം ഭേദിച്ച് വാഹനം മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ഇടയ്ക്ക് മരങ്ങൾക്കും കോടയ്ക്കും ഇടയിലൂടെ താഴെ പോത്തുണ്ടി ഡാമിന്റെ ജലപ്പരപ്പും അതിന് നടുക്ക് മുഴച്ച് നിൽക്കുന്ന കൊച്ചുതുരുത്തും കാണാം.

3
പോത്തുണ്ടി അണക്കെട്ടിന്റെ മറ്റൊരു ദൃശ്യം

ചുരത്തിൽ ഇടയ്ക്കിടയ്ക്ക് ചില വ്യൂ പോയന്റുകളുണ്ട്. അതിലൊന്നിൽ വാഹനം നിന്നു. കോടയിൽ അലിഞ്ഞുചേരാൻ എല്ലാവരും വെളിയിലിറങ്ങി. ആവോളം ചിത്രങ്ങളെടുത്തു. ചിത്രങ്ങൾക്ക് പകർത്താനാവാത്ത മഴയും കോടയും ഉള്ളിലെവിടെയൊക്കെയോ ക്ലിക്ക് ചെയ്തുനിറച്ചു. താഴെ നിന്ന് കയറിവരുന്ന വാഹനങ്ങളുടെ ശബ്ദം കേൾക്കാം. പക്ഷേ, ഹെഡ് ലൈറ്റിന്റെ പ്രകാശം പോലും കാണണമെങ്കിൽ വാഹനം വളരെ അടുത്തെത്തണമെന്ന നിലയ്ക്ക് കാഴ്ച്ച മറയ്ക്കുന്ന കോടയാണ് ചുറ്റിനും.

4
കോട മൂടിയ ചുരത്തിൽ യാത്രാംസംഘം

നെല്ലിയാമ്പതിയിൽ സർക്കാരിന്റെ പാഷൻ ഫ്രൂട്ട് ഫാമുകളിൽ നിന്നുള്ള സ്ക്വാഷ്, ജെല്ലി, അച്ചാർ, ജാം എന്നിങ്ങനെ നിരവധി ഉൽ‌പ്പന്നങ്ങൾ വാങ്ങാനുള്ള അവസരമുണ്ട്. മിക്കവാറും അവിടെയെത്തുന്ന സഞ്ചാരികൾക്ക് വാങ്ങാനുള്ള ഉത്പന്നങ്ങളേ ഉണ്ടാക്കുന്നുള്ളൂ. ഫാമിനകത്ത് കയറി പാഷൻ ഫ്രൂട്ടുകൾ വിളഞ്ഞുകിടക്കുന്നത് കാണാൻ ടിക്കറ്റെടുക്കുന്നതടക്കമുള്ള തടസ്സങ്ങളൊന്നുമില്ല. പൂക്കളും ഫലങ്ങളും പറിക്കുന്നവർക്ക് നിന്നനിൽ‌പ്പിൽ 500 രൂപ് പിഴയടിക്കുമെന്ന് മാത്രം. മഴ ചന്നം‌പിന്നം ചാറിക്കൊണ്ട് നിൽക്കുന്നുണ്ട്. മഴയാത്രയിൽ കുട ഉപയോഗിക്കില്ല എന്ന നിശ്ചയിച്ചിട്ടുള്ളതുകൊണ്ട് ഫാമിനകത്ത് ചുറ്റിയടിച്ചപ്പോൾ സന്തോഷത്തോടെ നനഞ്ഞുകൊണ്ടേയിരുന്നു. വിളഞ്ഞ ഫലങ്ങൾ നേരിട്ട് വാങ്ങാനാവുന്നില്ല എന്നത് മാത്രമാണ് എനിക്കുള്ള നിരാശ. മടക്കയാത്രയിൽ ഉൽ‌പ്പന്നങ്ങൾ വാങ്ങാൻ ആയില്ലെങ്കിലോ എന്ന ആശങ്കയിൽ ചില ഉൽ‌പ്പന്നങ്ങൾ കൈയ്യോടെ വാങ്ങി ബാഗിലാക്കി.

5
പാഷൻ ഫ്രൂട്ട് തോട്ടത്തിലെ കാഴ്ച്ച

ഇനി മുൻപോട്ടുള്ള യാത്ര, എല്ലാവരും ഒരുമിച്ച് ഇതുവരെ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവല്ലറിൽ അല്ല. ദുർഘടമായ വഴിയാണ്. ആദ്യമേ പറഞ്ഞ ഭ്രമരം സിനിമയിലെ വഴികൾ. ഫോർ വീൽ ഡ്രൈവ് ജീപ്പുകളിലേ പോകാൻ പറ്റൂ. ഞങ്ങൾക്ക് പോകേണ്ട 12 കിലോമീറ്റർ വഴിയിൽ ചില അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് അൽ‌പ്പം ചുറ്റിവളഞ്ഞ് 20 കിലോമീറ്റർ സഞ്ചരിക്കേണ്ടതുമുണ്ട്. അതിൽത്തന്നെ അവസാനത്തെ 7 കിലോമീറ്ററിൽ ജീപ്പ് മാറിക്കയറണം. ആ ഭാഗത്ത് റോഡ് തകർന്ന് കിടക്കുകയാണ്. പൊളിഞ്ഞ റോഡിന്റെ ഓരം പിടിച്ച് അപ്പുറം ചെന്ന് അവിടെക്കിടക്കുന്ന ജീപ്പുകളിലേക്ക് കയറണം. കൊളുക്കുമല യാത്ര പോലും അത്രയ്ക്ക് ദുർഘടമല്ലെന്ന് എനിക്ക് തോന്നി. ചിലയിടങ്ങളിൽ എടുത്തെറിയുന്നത് പോലെയുള്ള ചാട്ടങ്ങൾ. റോഡെന്ന് പറയുന്നതിനേക്കാൾ യോജിക്കുക പാറക്കൂട്ടങ്ങൾ നിരത്തിയ കാട്ടുപാതകൾ എന്നാവും.

7
ജീപ്പ് പോകുന്ന ദുരിത പാതകൾ

മഴ പെയ്ത് വഴിയാകെ ചെളി പരന്നിരിക്കുന്നു . അത്തരമൊരു റോഡിലൂടെ വാഹനമോടിക്കുന്നത് ചില്ലറക്കാര്യമല്ല. ഒരു വശത്ത് മല, മറുവശത്ത് കൊക്ക. റോഡിനാണെങ്കിൽ കഷ്ടി ഒരു ജീപ്പിന് പോകാനുള്ള വീതിയും. ബ്രേക്ക് പിടിക്കുമ്പോൾ ചെളിയിൽ വാഹനം തെന്നിപ്പോയാൽ എല്ലാം തീർന്നു. പക്ഷേ എണ്ണം പറഞ്ഞ ഡ്രൈവർമാരായ വാവയും ശരവണനുമൊക്കെ ഒരു കൈകൊണ്ടാണ് വളയം നിയന്ത്രിക്കുന്നത്. ഒരു ജീപ്പിന് പോകാനുള്ള വീതിയുള്ള സ്ഥലത്തിട്ടാണ് അവരത് വളക്കുന്നതും തിരിക്കുന്നതുമൊക്കെ. നിത്യാഭ്യാസികളാണവർ. വാഹനം ഓടിക്കുക മാത്രമല്ല, അതിന്റെ മിക്കവാറും അറ്റകുറ്റപ്പണികളും കേടുപാടുകളും തീർക്കുന്നതും അവർ തന്നെ. അത്തരം ആവശ്യങ്ങൾക്കായി നെന്മാറയിൽ നിന്ന് ആളെക്കൊണ്ടുവരുന്നതിനേക്കാളും എളുപ്പം സ്വയം മെക്കാനിക്കിന്റെ കുപ്പായം അണിയുന്നതാണല്ലോ.

9
ജീപ്പ് തള്ളുന്ന സംഘാംഗങ്ങൾ

ചുറ്റിവളഞ്ഞ് മഴയും കോടയും വകഞ്ഞുമാറ്റി പോകുന്നതിനിടയ്ക്ക് താഴ്വാരത്തിന്റെ ഭംഗിയാസ്വദിക്കാൻ ഏതൊരു സഞ്ചാരിയും നിന്നുപോകുന്ന ചെരുവിലാണ് കാരാസുരി അമ്മൻ കോവിൽ. മേൽക്കൂരയൊന്നുമില്ല. കല്ലിലുള്ള പ്രതിഷ്ഠയും അതിനു ചുറ്റും ഒരു കൽക്കെട്ടും ഭക്തർ നാട്ടിപ്പോയിട്ടുള്ള ശൂലങ്ങളുമാണ് ആകെയുള്ളത്. വിളിച്ചാൽ വിളിപ്പുറത്താണത്രേ കാരാസുരി !!

9bകാരാസുരി അമ്മൻ കോവിൽ

ആനമട എസ്റ്റേറ്റ് 916 ഏക്കറോളം വരുന്ന ഒരു പ്ലാന്റേഷനാണ്. കാപ്പിയും ഏലവും ഓറഞ്ചുമൊക്കെ വിളയുന്ന ഈ തോട്ടത്തിനകത്തുള്ള ചില പുരാതനമായ കെട്ടിടങ്ങളിലാണ് മിസ്റ്റ് വാലി എന്ന റിസോർട്ട് പ്രവർത്തിച്ചുപോരുന്നത്. സായിപ്പിന്റെ കാലത്ത് കല്ലുവെച്ച് കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങൾ പലയിടങ്ങളിലായുണ്ട്. അതിൽക്കൂടുതലൊന്നും പിന്നീട് പണികഴിപ്പിച്ചിട്ടില്ല. വേണമെന്ന് വെച്ചാലും കൂടുതൽ നിർമ്മാണസാമഗ്രികൾ ഇങ്ങോട്ടെത്തിക്കുക ദുഷ്ക്കരം തന്നെയാണ്. സായിപ്പിൽ നിന്ന് മൂന്ന് സ്വകാര്യവ്യക്തികളിലേക്ക് കൈമറിഞ്ഞ് നാലാമത്തെ സ്വാകാര്യവ്യക്തിയാണ് ഇപ്പോളിതിന്റെ ഉടമസ്ഥർ. 2000ൽ‌പ്പരം തൊഴിലാളികൾ ജോലി ചെയ്തിരുന്ന തോട്ടത്തിൽ ഇപ്പോൾ 50 ജോലിക്കാർ മാത്രമാണുള്ളത്. മാത്രമല്ല EFL (Ecologically Fragile Land) നിയമമനുസരിച്ച് 400 ഏക്കറിൽ‌പ്പരം തോട്ടം വനഭൂമിയായി സർക്കാർ തിരികെ എടുക്കുകയും ചെയ്തിരിക്കുന്നു.

collage_20170625064533757
മിസ്റ്റ് വാലി റിസോർട്ടിന്റെ ദൃശ്യങ്ങൾ

ഞങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളോട് ചേർന്നാണ് മുളവെച്ച് കെട്ടി ഓലമേഞ്ഞ ഭക്ഷണഹാളും അടുക്കളയും സജ്ജീകരിച്ചിരിക്കുന്നത്. കാട്ടുപാതയിലൂടെ ഒരു കിലോമീറ്ററോളം നടന്നാൽ ഇതേ റിസോർട്ടിന്റെ ഭാഗമായ കരടി ബംഗ്ലാവിലെത്താം. നിറയെ ഫലവൃക്ഷങ്ങളാണ് കരടി ബംഗ്ലാവിന് ചുറ്റും. അവിടന്നുള്ള താഴ്വാരക്കാഴ്ച്ചയും മനോഹരം. പ്ലാന്റേഷന് ഉള്ളിലൂടെ ജീപ്പ് പോകുന്ന വഴികൾ നിറയെയുണ്ട്. നമുക്കത് വഴിയാണെന്ന് തോന്നില്ലെങ്കിലും വാഹനം പെട്ടന്നതിലേക്ക് തിരിയുന്നതോടെ കാടിന്റെ മറ്റൊരു ഭാവം പെട്ടെന്ന് മുന്നിൽ വന്ന് നിൽക്കുന്ന അനുഭവമാണുണ്ടാകുന്നത്.

15മല കയറി വരുന്ന ജീപ്പുകൾ

ഒരുകാലത്ത് ഈ തോട്ടത്തിനകത്തുള്ള കെട്ടിടങ്ങളിലെല്ലാം വൈദ്യുതി ഉണ്ടായിരുന്നു. അതിന്റെ തെളിവായി ഉപേക്ഷിക്കപ്പെട്ട വൈദ്യുത കമ്പികളും പോസ്റ്റുകളും ട്രാൻസ്‌ഫോർമറുകളും പലയിടങ്ങളിലായി കാണാനാകും. തൊട്ട് മുൻപ് തോട്ടം കൈവശം വെച്ചിരുന്ന ഉടമ, വൈദ്യുതി തുക അടക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുകയാണുണ്ടായത്. റിസോർട്ടിലെ ആവശ്യങ്ങൾ ഇപ്പോൾ നിർവ്വഹിക്കുന്നത് ജനറേറ്റർ ഉപയോഗിച്ചാണ്. എനിക്ക് സത്യത്തിൽ ആ സംവിധാനം പോലും ഇല്ലാതെ മണ്ണെണ്ണയുടേയോ മെഴുകുതിരിയുടേയോ വെളിച്ചത്തിൽ ഇത് നടത്തിക്കൊണ്ട് പോകുന്നതാകും നല്ലതെന്നാണ് തോന്നിയത്. നഗരത്തിൽ ഇത്തരം സൌകര്യങ്ങൾ എല്ലാം ഉപയോഗിച്ച് വഷളായിപ്പോയവരാണ് നമ്മൾ. അഞ്ച് മിനിറ്റ് വൈദ്യുതി ഇല്ലാ‍തായാൽ ജീവിതത്തിന്റെ താളം തന്നെ തെറ്റുന്നു നമുക്ക്. കാട്ടിൽ വരുമ്പോഴെങ്കിലും മൊബൈൽ ഫോണും വൈദ്യുതിയും എല്ലാം ഉപേക്ഷിച്ച് പ്രകൃതിയോട് പരമാവധി പൊരുത്തപ്പെടാൻ ഒരാൾക്ക് കഴിയണം.

9c
വൻ‌മരങ്ങൾ നിരക്കുന്ന പാതയോരം

പേരക്കയും പനിനീർ‌ചാമ്പക്കയും മാങ്ങയും നാരങ്ങയുമൊക്കെ പറിച്ച് തിന്ന് കാട്ടുവഴിയിലൂടെ കറങ്ങിനടന്നു, മഴ നനയാനും കാടുകാണാനും ഇറങ്ങിയവർ. മഴയും കാറ്റും വന്നും പോയും, ഉള്ളും പുറവും നനച്ചുകൊണ്ടേയിരുന്നു. കാട്ടുപാതയോരത്ത് നട്ട യൂക്കാലി അടക്കമുള്ള മരങ്ങൾ വളരെ ഉയരത്തിലും വണ്ണത്തിലും വളർന്നുനിൽക്കുന്നു. ഇംഗ്ലീഷ് സിനിമകളെ മനോഹരമായി അവലോകനം ചെയ്യുകയും മലയാളം ചാനലുകളിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ആണ്ടൂർ സഹദേവൻ സാർ, കാട്ടിലെ അത്തരം ചില കാഴ്ച്ചകൾ അനുസ്മരിപ്പിക്കുന്ന ഇംഗ്ലീഷ് സിനിമാരംഗങ്ങളുടെ ഓർമ്മ  പുതുക്കിത്തന്നുകൊണ്ടിരുന്നു.

10
തോട്ടത്തിനകത്തെ കാട്ടുപാതകൾ

കാടെന്നും മഴയെന്നും പറയുമ്പോൾ അട്ടകളെ മാറ്റി നിർത്താനാവില്ലല്ലോ. എല്ലാവരേയും സാമാന്യം ഭേദമായിട്ട് തന്നെ അട്ട കടിച്ചുകൊണ്ടിരുന്നു. യാത്ര കഴിഞ്ഞ് വന്നപ്പോഴേക്കും മൂന്ന് ഡസന് മേലെ അട്ടകൾ ആക്രമിക്കുകയും അതിൽ ഒരു ഡസൻ അട്ടകൾ കടിച്ച് പറിക്കുകയും ചെയ്തതുകാരണം കാലിൽ നീരുവന്ന് വീർത്ത അവസ്ഥയിലായിരുന്നു ഞാൻ. മുൻപൊരു കാനനയാത്രയിലോ ട്രക്കിങ്ങിലോ അട്ടകൾ ഇത്ര ക്രൂരമായി ആക്രമിച്ചിട്ടില്ല. തലയിൽ കാക്ക തൂറുമ്പോഴും കാലിൽ അട്ട കടിക്കുമ്പോഴും ഹൈസ്ക്കൂളിൽ ഫിസിക്സ് പഠിപ്പിച്ച സുകുമാരൻ സാറിനെ ഓർമ്മവരും. പ്രകൃതിയോട് നമ്മൾ ചേർന്ന് നിൽക്കുമ്പോഴാണ് തലയിൽ കാക്ക തൂറുന്നതെന്ന് പഠിപ്പിച്ചത് സുകുമാരൻ സാറായിരുന്നു.

collage_20170625181830141
അട്ടകളുടെ ആക്രമണത്തിൽ ചോരവീഴ്ത്തിയപ്പോൾ

മിസ്റ്റ് വാലിയിലെ പാക്കേജ് പ്രകാരം, ഇരുട്ടുവീണശേഷം കാട്ടിലൂടെ ഒരു നൈറ്റ് സഫാരിയുണ്ട്. പല വനമൃഗസംരക്ഷണ കേന്ദ്രങ്ങളിലും (wildlife sanctuary) നൈറ്റ് സഫാരി ചെയ്തിട്ടുണ്ടെങ്കിലും ഒരു സ്വകാര്യ റിസോർട്ടിൽ അത്തരമൊരു സൌകര്യം ഇതാദ്യമാണ് അനുഭവിക്കുന്നത്. ജീപ്പ് തിരിയുന്ന കാട്ടുവഴികളിലൂടെയെല്ലാം നമ്മളെ അവർ കൊണ്ടുപോകുന്നു. ഒരു കൈയ്യിൽ ജീപ്പിന്റെ വളയവും മറ്റേ കൈയ്യിൽ സെർച്ച് ലൈറ്റും പിടിച്ചുകൊണ്ട് വിദഗ്ദ്ധമായാണ് ഡ്രൈവർമാർ ജീപ്പോടിക്കുന്നത്. കാട്ടുപോത്തുകളുടേയും മ്ലാവുകളുടേയും കൂട്ടങ്ങൾക്കുള്ളിലേക്കവർ ഞങ്ങളെ കൊണ്ടുപോയി. സസ്യാഹാരികളായതുകൊണ്ടാകാം ആ മൃഗങ്ങൾ നമ്മളെ ആക്രമിക്കുന്നില്ല. കുറേ നേരം വെളിച്ചമടിക്കുന്ന ഭാഗത്തേക്ക് നോക്കി നിന്നശേഷം അവറ്റകൾ നിശബ്ദം കാടിനുള്ളിലേക്ക് വലിയുന്നു. മനുഷ്യൻ തന്നെയാണ് ഏറ്റവും പേടിക്കേണ്ട ജീവി എന്ന് തറപ്പിച്ച് പറഞ്ഞുകൊണ്ടാണവർ പോകുന്നത്. നൈറ്റ് സഫാരിക്കിടയിൽ, ഇടഞ്ഞ് നിൽക്കുന്ന ഒരു ആനയുടെ മുൻപിലേക്ക് ചെന്നുകയറിയാൽ എന്താകുമെന്ന ആശങ്ക എനിക്ക് തീർച്ചയായുമുണ്ട്. സഫാരി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ഞങ്ങളുടെ കെട്ടിടത്തിന് പിന്നിൽ പാറാവെന്ന പോലെയതാ രണ്ട് കാട്ടുപോത്തുകൾ !! തമ്മിലൊരു ശണ്ഠ കഴിഞ്ഞ ലക്ഷണമുണ്ട്. മനുഷ്യനാണെന്ന അഹങ്കാരത്തോടെ രാത്രി ഒറ്റയ്ക്ക് മുറിക്ക് പുറത്തിറങ്ങാൻ പറ്റില്ലെന്ന് ഉറപ്പായി.

9dഇരുട്ടിലേക്ക് ഒളിക്കുന്ന കാട്ടുപോത്തുകൾ

അടുത്ത ദിവസം രാവിലെ പ്രാതലിന് ശേഷം വരയാട്ടുമൊട്ടയുടെ നെറുകിലേക്കുള്ള ഒരു ട്രക്കിങ്ങ് കൂടെ ആകുമ്പോൾ മിസ്റ്റ് വാലിയിലെ പരിപാടികൾ പൂർത്തിയാകുകയാണ്. പക്ഷെ മോശം വാർത്തയാണ് രാവിലെ എതിരേറ്റത്. പുലർച്ചെ തന്നെ ഒരു കൊമ്പൻ ഇറങ്ങിയിട്ടുണ്ട്. ഞങ്ങളുടെ കെട്ടിടത്തിൽ നിന്ന് അൽ‌പ്പം മാറി അവൻ പോകുന്നത് റിസോർട്ട് ജീവനക്കാർ കണ്ടിരിക്കുന്നു. സാധാരണ അതുവഴി പോകാറുള്ള ഒരു ചില്ലിക്കൊമ്പനുണ്ട്. അവനാണെങ്കിൽ കുഴപ്പക്കാരനല്ല. പക്ഷെ ഇതവനല്ല എന്നാണ് എല്ലാവരും പറയുന്നത്. ആയതിനാൽ, കുട്ടികൾ അടക്കമുള്ള മുഴുവൻ സംഘത്തേയും നയിച്ചുകൊണ്ട് ഒരു ട്രക്കിങ്ങ് അപകടമുണ്ടാക്കും എന്നാണ് ഗൈഡ് പറയുന്നത്. അത് വല്ലാത്ത നിരാശയുണ്ടാക്കി. വരയാട്ടുമൊട്ട കയറാതെ മടങ്ങാൻ മനസ്സനുവദിക്കുന്നില്ല. പക്ഷേ അപകടം വിളിച്ചുവരുത്താനും വയ്യ.

9fസന്ദീപിന്റെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന കാട്ടുപോത്ത്

എല്ലാവരും കൂടെ കാട്ടുപാതയിലൂടെ വരയാട്ടുമൊട്ടയ്ക്ക് എതിർ ദിശയിലുള്ള കാരാസുരി അമ്മൻ കോവില് വരെ നടക്കാൻ തീരുമാനിച്ചു. ഏത് സമയത്തും കോടയും മഴയും നിറഞ്ഞുനിൽക്കുന്ന ചെരുവിൽത്തന്നെയാണ് അമ്മൻ‌ കോവിൽ. കോവിലൊഴിവാക്കിയാലും കാറ്റായും മഴയായും കോടയായും പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യമുള്ള ഇടമാണത്. ഇന്നലെ അൽ‌പ്പനേരം ചിലവഴിച്ച സ്ഥലമാണെങ്കിലും രാവിലത്തെ അന്തരീക്ഷം തികച്ചും  വ്യത്യസ്തമായിരുന്നു. മഴയും കാറ്റും കോടയും ഒറ്റയ്ക്കും കൂട്ടമായും വന്നുപൊയ്ക്കൊണ്ടേയിരുന്നു. താഴ്വാരത്തിലേക്ക് കാലുകൾ നീട്ടി കുറേനേരം ഇരുന്നുകൊണ്ടാണ് തിരുവനന്തപുരത്തുകാരിയായ ‘മോചിത പ്രകൃതി‘ തന്നെ പിറന്നാൾ ആഘോഷമാക്കിയത്.

11aകാരാസുരി അമ്മൻ

കഷ്ടി മൂന്ന് കിലോമീറ്റർ കാണും റിസോർട്ടിൽ നിന്ന് അമ്മൻ കോവിൽ വരെ. പക്ഷേ, അത്രടം വരെ കയറിച്ചെന്നപ്പോഴേക്കും പ്രാതലുപോലും കഴിക്കാത്തതുകൊണ്ട് പലരും ക്ഷീണിച്ചിരുന്നു.

റിസോർട്ടിലെത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയ്ക്ക് ചുരുക്കം ചിലർ മാത്രം ആനഭീഷണി നേരിട്ടുകൊണ്ടുതന്നെ വരയാട്ടുമൊട്ട വരെ പോകാൻ തീരുമാനമെടുത്തു. പകുതി വഴിയോളം ശരവണന്റെ ജീപ്പിൽ പോയി പിന്നെയങ്ങോട്ട് മുകളിലേക്ക് നടന്ന് കയറാനാണ് പദ്ധതി. ഞങ്ങൾ ഒൻപതുപേർ പുറപ്പെട്ടു. മഴയും കോടയും വഴിനീളെയുണ്ട്. കൊമ്പൻ ചവിട്ടി മെതിച്ച് നടന്നുപോയതിന്റെ അടയാളങ്ങളും ഇടയ്ക്കിടെ കാണുന്നുണ്ട്. ഒരു വളവിൽ ജീപ്പ് ഉപേക്ഷിച്ച് തൊട്ടുമുന്നിലുള്ള ചതുപ്പ് ചാടിക്കടന്ന് ഞങ്ങൾ മുകളിലേക്ക് കയറാൻ തുടങ്ങി.

13ചതുപ്പ് കടന്ന് വരയാട്ടുമൊട്ടയിലേക്ക്

ഇടതൂർന്ന കാട്ടിലൂടെയാണ് കയറ്റം. കാട് തീരുന്നിടത്ത് താഴ്വരയുടെ മനോഹരദൃശ്യം. വശങ്ങളിലെല്ലാം കോടയെ തടഞ്ഞുനിർത്താൻ വൃഥാ പരിശ്രമിക്കുന്ന മലനിരകൾ. നോക്കിനിൽക്കേ മലകളെ വാരിപ്പുണർന്ന് മറയ്ക്കുന്ന കോട. അതേ വേഗതയിൽ ഒഴിഞ്ഞുമാറുന്ന മലനിരകൾ. അതിവേഗത്തിലാണ് വരയാട്ടുമൊട്ടയിൽ കാറ്റ് വീശുന്നത്. ചുറ്റും വെള്ളപുതപ്പിച്ച് കോട, നാലുവശവും കൊക്ക, സ്വർഗ്ഗത്തിലാണ് നിൽക്കുന്നതെന്ന് തോന്നിപ്പോയാൽ അത്ഭുതപ്പെടാനില്ല. അത്ര മനോഹരമാണ് കോട വന്നും പോയും നിൽക്കുമ്പോൾ വരയാട്ടുമൊട്ടയിൽ നിന്നുള്ള കാഴ്ച്ച.

12വരയാട്ടുമൊട്ടയിൽ നിന്നുള്ള ദൃശ്യം

പക്ഷേ ആ സ്വർഗ്ഗത്തിൽ മനുഷ്യർ മാത്രമാണുള്ളതെന്ന് കരുതരുത്. പുലിയുടേയും കടുവയുടേയും കാഷ്ഠം വെവ്വേറെ കാണിച്ചു തന്നു ശരവണൻ. കറുത്ത നിറത്തിലാണ് പുലിയുടെ കാഷ്ഠമെങ്കിൽ വെളുത്തത് കടുവയുടേതാണ്. മുള്ളൻ‌പന്നിയുടെ മുള്ളും കണ്ടെടുത്തു അവിടന്ന്. ആ മലമുകളിൽ വെച്ചൊരു വന്യജീവി ആക്രമിച്ചാൽ, ഒന്നുകിൽ വന്യജീവിക്ക് അടിയറവ് പറയുക, അല്ലെങ്കിൽ കൊക്കയുടെ ആഴം അനുഭവിക്കുക. അതിൽക്കൂടുതലൊന്നും ആലോചിക്കാൻ പോലും നേരം കിട്ടില്ലെന്ന് വേണം പറയാൻ. പക്ഷെ, അത്തരം ബേജാറുകളൊക്കെ മനസ്സിൽ നിന്നൊഴിവാക്കി മണിക്കൂറുകളോളം ധ്യാനനിരതനായി ഇരിക്കണമെന്ന് തോന്നിപ്പോകുന്ന ഇടമാണത്.

14പുലിക്കാഷ്ഠം കടുവക്കാഷ്ഠം

മഴയും കോടയും യാത്രയിലുടനീളം വേണ്ടുവോളം അനുഭവിച്ചു. വരയാട്ടുമൊട്ട അതുക്കും മേലെയായിരുന്നു. മിസ്റ്റ് വാലിയിലെ ജീവനക്കാരുടെ സഹകരണവും നല്ല ഭക്ഷണവുമൊക്കെ നെല്ലിയാമ്പതി യാത്രയ്ക്ക് മാറ്റുകൂട്ടി. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഒളിച്ചോടിപ്പോയി പാർക്കാൻ കാട്ടിലൊരു ഇടം കൂടെ കണ്ടെത്തിയതിന്റെ സന്തോഷമുണ്ടെനിക്ക്. കണ്ണൂര് മുതൽ തിരുവനന്തപുരം വരെയുള്ള ഓൺലൈൻ സുഹൃത്തുക്കളിൽ പലരും ഓഫ്‌ലൈനായി. മുൻപരിചയമില്ലാത്ത മറ്റ് പലരും നേരിട്ട്  സുഹൃത്തുക്കളായി. പെയ്ത് തീരാത്ത മഴയുടെ ഇരമ്പമുണ്ടിപ്പോഴും ഉള്ളിൽ.

4aകോട പുതച്ച് ചുരത്തിൽ എവിടെയോ !!

മഴ നന്നായി അനുഭവിച്ചെങ്കിലും കഴിഞ്ഞ മഴയാത്രയിൽ പലയിടങ്ങളിലായി നീരൊഴുക്കുകളിൽ കുതിർന്നതുപോലെ ഇപ്രാവശ്യം അവസരമുണ്ടാക്കി കൊടുക്കാൻ പറ്റിയില്ലെന്ന സങ്കടം, മിസ്റ്റ് വാലി തരപ്പെടുത്താൻ മുന്നിട്ട് നിന്ന സന്ദീപിനും റിഞ്ജുവിനും ഷാജിക്കും രാജേഷ് അഷ്ടമിച്ചിറയ്ക്കും മറ്റ് സംഘാടകർക്കും ഉണ്ടായേക്കാം. എനിക്ക് പക്ഷേ അങ്ങനെയൊരു വിഷമമേയില്ല. കുതിർന്നലിയേണ്ടത് വെള്ളച്ചാട്ടങ്ങളിലും നീർച്ചാലുകളിലും മാത്രമല്ല. പ്രകൃതിയിൽ ഉടനീളമാണ്. അട്ടകടിക്കുമ്പോഴും മഴ നനയുമ്പോഴും കോട വന്ന് പൊതിയുമ്പോഴും പ്രകൃതിയിൽ മുഴുവനായാണ് മുങ്ങിനിവർന്നുകൊണ്ടിരുന്നത്. അതിൽ‌പ്പരം ആനന്ദം വേറെന്തുണ്ട് !

——————————————–
ചിത്രങ്ങൾക്ക് കടപ്പാട്:- സിബി പുൽ‌പ്പള്ളി, രാജേഷ് അഷ്ടമിച്ചിറ, ചിന്ത ടി.കെ, ജോയ്ആൻ‌ഡ്രൂസ്, ഷാജി കെ.എൻ. കെ.എസ്.സിജു, സന്ദീപ്കുമാർ, സാലിഷ്, ശ്യാം പ്രസാദ്, അജിത് കുമാർ, എന്നിവരോട്.

Comments

comments

2 thoughts on “ നെല്ലിയാമ്പതിയിൽ മഴ നനഞ്ഞ്

  1. നിരക്ഷരൻ എഴുതിയപ്പോൾ ഇങ്ങനെ. ഇയാൾ രണ്ടക്ഷരം പഠിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു….?!!!!!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>