Bangalore Days

വരുന്നിടത്ത് വെച്ച് കാണാം


22
തിങ്കളാഴ്ച്ച (മെയ് 11) മുതൽ ബാംഗ്ലൂരിൽ എല്ലാം പഴയപടി ആയതുപോലെ. ബസ്സുകളും മെട്രോയും ഓടുന്നില്ല, മാളുകളും സിനിമാ തീയറ്ററുകളും മറ്റ് ചില കടകളും തുറക്കുന്നില്ല, എന്നതൊഴിച്ചാൽ നിരത്തിൽ വാഹനത്തിരക്ക് നല്ല തോതിൽ വർദ്ധിച്ചിരിക്കുന്നു.

ലോക്ക് ഡൌൺ കഴിയാൻ പോകുന്നു; കൊറോണഭീഷണിയും കഴിഞ്ഞിരിക്കുന്നു എന്ന മട്ടിലാണ് പൊതുജനത്തിന്റെ പെരുമാറ്റം. കഴുത്തിൽ (മുഖത്തല്ല) ഒരു മാസ്ക്ക് തൂക്കി പൊലീസിൽ നിന്ന് (കൊറോണയിൽ നിന്നല്ല) രക്ഷപ്പെടാനുള്ള ഉടായിപ്പ് ചെയ്യണമെന്നതിനപ്പുറം 50 ദിവസം അടച്ചുപൂട്ടി ഇരുന്നത് എന്തുകൊണ്ടാണെന്നോ എന്തിനാണെന്നോ ഭൂരിഭാഗത്തിന് ഇപ്പോഴും പിടിയില്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇന്നലെ ഓഫീസിൽ നിന്ന് സ്ക്കൂട്ടറിൽ മടങ്ങുമ്പോൾ മുൻപിൽ പോകുന്ന ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നിരുന്ന യുവാവ് റോഡിലേക്ക് നീട്ടിത്തുപ്പിയതിൽ നിന്ന് രക്ഷപ്പെടാൻ ശരിക്കും കഷ്ടപ്പെട്ടു. എന്നിട്ടും അതെന്റെ ശരീരത്തിൽ അൽപ്പമെങ്കിലും വീണിട്ടുണ്ടാകണം. എങ്ങനെയോ വീടണഞ്ഞ് തേച്ചുരച്ച് കഴുകിയെങ്കിലും ഇപ്പോഴും അതിന്റെ അറപ്പ് മാറിയിട്ടില്ല.

കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോൾ, മാസ്ക്ക് ഇല്ലാത്ത ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ തിക്കിത്തിരക്കുന്നു. ഇന്നലെ വരെ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പാലിച്ചവരാണ് ഒന്നോരണ്ടോ ദിവസം കൊണ്ട് മാറിമറിഞ്ഞിരിക്കുന്നത്. ക്യൂവിൽ എന്റെ പുറകിൽ മുട്ടിമുട്ടി നിന്ന മനുഷ്യനോട്, നീങ്ങിനിൽക്കാൻ അൽപ്പം കടുപ്പിച്ച് തന്നെ പറയേണ്ടി വന്നു. ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിച്ച് കൊറോണയ്ക്കൊപ്പം ജീവിക്കാൻ തുടങ്ങുന്നത് മുതൽ നല്ല ചേലായിരിക്കും കാര്യങ്ങൾ.

മാസ്ക്ക് ഇല്ലാതെ ഫ്ലാറ്റ് സൊസൈറ്റിയിൽ ചുറ്റിയടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതുകൊണ്ട്, ഫൈൻ ഈടാക്കുന്ന നടപടിയിലേക്ക് കടക്കുന്നുവെന്ന് സൊസൈറ്റിയുടെ അറിയിപ്പ് വന്നിട്ടുണ്ട്. സൊസൈറ്റിക്കുള്ളിലുള്ള മേൽപ്പറഞ്ഞ കടയിലും സാമൂഹിക അകലം കർശനമായി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊറോണയെങ്ങാനും പിടിപെട്ടാൽ എന്ത് ചെയ്യണണമെന്ന് ഇന്നലെ ആദ്യമായി കുടുംബത്തിൽ ചർച്ച ചെയ്യേണ്ടി വന്നു. ഓഫീസിലും പുറത്തും പോകുന്ന ആളെന്ന നിലയ്ക്ക് ഞാനാകും വീട്ടിലേക്ക് വൈറസിനെ എത്തിക്കുക എന്നതുറപ്പ്.

രോഗവുമായി കേരളത്തിലേക്ക് പോകാൻ കഴിയില്ലല്ലോ ? മാത്രമല്ല, എവിടെ ജീവിക്കുന്നോ അവിടെ നിന്ന് നേരിടുക എന്നതാണ് ഈ വിഷയത്തിൽ എന്റെ ശരി. ഇവിടത്തെ ആശുപത്രികളിൽ കേരളത്തിലേത് പോലുള്ള പരിചരണമൊന്നും ഇല്ലെന്നാണ് കേൾവി. അതുകൊണ്ട് തന്നെ ആകണമല്ലോ ഇവിടെ കേരളത്തേക്കാൾ മരണനിരക്ക്? രോഗം പിടിപെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്ത്, സർക്കാർ കൊണ്ടിടുന്ന ആശുപത്രിയിൽ ചെന്ന് കിടക്കും. അവിടന്ന് രോഗം മാറി രക്ഷപ്പെട്ട് പോന്നാൽ വീണ്ടും കാണാം. അല്ലെങ്കിൽ കർണ്ണാടക കോവിഡ്  മരണക്കണക്കിലെ ഒരാളായി ചേരും. കോവി(ഡ)ന്ദ !!

വളരെയേറെ നിരാശയോടെയാണ് ഇതൊക്കെ പറയേണ്ടി വരുന്നത്. അതിന് കാരണവുമുണ്ട്. ഇന്ന് രാവിലെ ഒരു വീഡിയോ കണ്ടിരുന്നു. ഒരാൾക്ക് സാനിറ്റൈസർ കൈയ്യിൽ ഇറ്റിച്ച് കൊടുക്കുമ്പോൾ, ഹിന്ദു ആചാരപ്രകാരം തീർത്ഥം എന്ന് നിലയ്ക്ക് അയാളത് കുടിക്കുന്നു; ബാക്കി വന്നത് തലയിൽ തേക്കുന്നു. കൊറോണ എന്താണെന്നും സാനിറ്റൈസർ എന്താണെന്നും വൈറസിനെ നേരിടേണ്ടത് എങ്ങിനെയാണെന്നും ഇപ്പോഴും അറിയാത്ത കോടിക്കണക്കിന് ഭാരതീയർ ഇനിയുമുണ്ടെന്നതിന്റെ തെളിവാണത്. അവർക്കിടയിൽ നിന്നാണ് ന്യൂനപക്ഷക്കാർ പടപൊരുതുന്നത്. കഷ്ടമാണത്.

അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ വൈറസ് വ്യാപനം അതിന്റെ വിശ്വരൂപം കാണിക്കാൻ പോകുന്നതേയുള്ളൂ. അടച്ചുപൂട്ടി പട്ടിണി കിടന്ന് ചാകാനാവില്ല എന്നതുകൊണ്ട് വൈറസിനൊപ്പം ജീവിച്ച് അതിജീവിക്കുക എന്ന പോളിസി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, ഏറ്റവും കുറഞ്ഞത് അതിജീവനം എന്താണെന്നും എന്ത് കുന്തമാണ് ജീവന് ഭീഷണിയുണ്ടാക്കുന്നതെന്നും ഓരോരുത്തരും അറിഞ്ഞിരുന്നേ പറ്റൂ. അത് ഈ രാജ്യത്തുണ്ടാകുമെന്ന് കരുതാൻ വയ്യ.

പിന്നെ ഒരൊറ്റ മാർഗ്ഗമേ മുന്നിലുള്ളൂ. വരുന്നിടത്ത് വെച്ച് കാണാം എന്ന വളരെ ലളിതമായ മാർഗ്ഗമാണത്. അത് തന്നെ ശരണം.

വാൽക്കഷണം:- ചക്ക പൊളിച്ച് ചുളയാക്കി വിൽക്കുന്ന വഴിയോര കച്ചവടക്കാരനെ വരെ കണ്ടു കഴിഞ്ഞയാഴ്ച്ച. ഗംഭീര മുൻകരുതൽ ! ചക്ക കണ്ടപ്പോൾ ഓടിക്കളഞ്ഞ അനുഭവവും അങ്ങനെ സ്വന്തം.
—————————————
#Bangalore_Days
#ബാംഗ്ലൂർ_‌ഡേയ്സ്