വാർത്ത 1:- ജലന്ധറിൽ മതാചാരത്തിന്റെ ഭാഗമായി കനലിലൂടെ നടന്ന അച്ഛന്റെ കൈയ്യിൽ നിന്ന് കനലിൽ വീണ് ആറ് വയസ്സുകാരന് പൊള്ളലേറ്റു.
കമന്റ് 1:- സതി നിരോധിച്ച രാജ്യമാണ്. അതിലും വലുതൊന്നും ആകില്ലല്ലോ കനലിലൂടെയുള്ള നടത്തം നിരോധിക്കൽ.
വാർത്ത 2:- പെട്രോൾ പമ്പ് ജീവനക്കാർ ഖാദി യൂണിഫോം ധരിക്കണമെന്ന് കേന്ദ്രനിർദ്ദേശം.
കമന്റ് 2:- ജീവനക്കാർ എന്ത് വസ്ത്രം ധരിച്ചാലും മാസത്തിൽ രണ്ട് പ്രാവശ്യം നടപ്പിലാക്കുന്ന വിലവർദ്ധനവ് എന്ന ചടങ്ങിന് മാറ്റമൊന്നും ഉണ്ടാകില്ലല്ലോ?
വാർത്ത 3 :- നല്ല അച്ഛന് ജനിച്ചതിന്റെ അഹങ്കാരമുണ്ടെന്ന് ഷിബു ബേബി ജോൺ.
കമന്റ് 3 :- നല്ല തന്തയ്ക്ക് പിറക്കണമെന്ന പറച്ചിലിന്റെ ഏറ്റവും പുതിയ വേർഷൻ.
വാർത്ത 4:- സുധീരന് എതിരെ ഐ – എ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി അയച്ചു.
കമന്റ് 4:- കോൺഗ്രസ്സ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സുധീരൻ തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് നടപ്പിലാക്കി എന്നേയുള്ളൂ.
വാർത്ത 5:- രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി താന്‍ ഉപയോഗിക്കപ്പെടുന്നെന്ന് റോബര്‍ട്ട് വാദ്ര.
കമന്റ് 5:- അല്ലാതെ തന്റെ നേട്ടങ്ങൾക്കായി രാഷ്ട്രീയക്കാരായ അമ്മായിഅമ്മയേയും അളിയനേയും ഉപയോഗിച്ചിട്ടേയില്ല.
വാർത്ത 6:- അഞ്ജു ബോബി ജോർജ്ജ് പ്രധാനമന്ത്രിയുടെ ‘ഖേലോ ഇന്ത്യ’ നിർവ്വാഹക സമിതി അംഗം.
കമന്റ് 6:- സംസ്ഥാനം, കേന്ദ്രം, പിന്നെ ജമ്പിങ്ങ് പിറ്റ്. അങ്ങനെയാണ് ട്രിപ്പിൾ ജമ്പിന്റെ ഒരു രീതി.
വാർത്ത 7:- ഗീർ പശുവിന്റെ ഒരു ലിറ്റർ മൂത്രത്തിൽ 3 മുതൽ 10 മില്ലീഗ്രാം വരെ സ്വർണ്ണം അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തൽ.
കമന്റ് 7:- പൊന്മുട്ടയിട്ട താറാവിന്റെ ഗതി പൊൻമൂത്രമൊഴിക്കുന്ന പശുവിന് ഉണ്ടാകാതിരിക്കട്ടെ.
വാർത്ത 8:- സ്വവർഗ്ഗരതി കുറ്റകരമല്ലാതാക്കണമെന്ന് സുപ്രീം കോടതിയിൽ പ്രശസ്തരുടെ ഹർജി.
കമന്റ് 8:- അതിന് മുന്നേ സദാചാര പൊലീസിങ്ങ് കുറ്റകരമാക്കണമെന്ന് ഒരു ഹർജി കൊടുക്കണമായിരുന്നു.
വാർത്ത 9:- കോഴിക്കോട് കളൿടർ ‘പ്രശാന്ത് ബ്രോ‘ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട എം.കെ.രാഘവൻ എം.പി. യ്ക്ക് കുന്നങ്കുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് കളൿടർ ബ്രോയുടെ മറുപടി.
കമന്റ് 9:- വോട്ടിലൂടെ ജനനായകൻ ആയവരേക്കാൾ ഒരു പണത്തൂക്കം മുന്നിൽ പ്രവർത്തിയിലൂടെ ജനനായകൻ ആയവരാണ് കോയാ.
വാർത്ത 10:- താന്‍ വായ തുറന്നാല്‍ രാജ്യം കുലുങ്ങുമെന്ന് ദാവൂദ് ബന്ധം ആരോപിക്കപ്പെട്ട് മഹാരാഷ്ട്ര മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഏക്‌നാഥ് ഖഡ്‌സെ.
കമന്റ് 10:- വായ്‌നാറ്റം ഒരു രാജ്യം കുലുക്കാൻ പോന്ന അത്രയും വലിയ സംഭവമാണോ ?