മാനസ്സിക വിഭ്രാന്തി എന്ന രക്ഷാമാർഗ്ഗം


66
കാട്ടാക്കട ഡിപ്പോയിലെ KSRTC ഗുണ്ടാ ആക്രമണത്തിൽ, എം. ഡി. യുടെ ഫേസ്ബുക്ക് ക്ഷമാപണ പോസ്റ്റ് വന്നിട്ടുണ്ട്. മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണത്രേ പ്രശ്നക്കാർ !!

ആഹഹ. എത്ര മനോഹരമായ ന്യായീകരണം. മാനസ്സിക വിഭ്രാന്തിയുള്ളവരാണെങ്കിൽ കേസിൽ നിന്ന് ഊരിപ്പോരാൻ എളുപ്പമായല്ലോ ? എങ്കിലും മറ്റ് ചില ആശങ്കകൾ ബാക്കി നിൽക്കുന്നു ബഹുമാനപ്പെട്ട KSRTC – MD ബിജു പ്രഭാകർ. അക്കമിട്ട് ചോദിക്കാം.

ചോദ്യം 1:- KSRTC യിൽ മൊത്തത്തിൽ എത്രപേർ കാണും ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവർ ? നിലവിൽ കണക്കൊന്നും ഇല്ലെങ്കിൽ കണക്കെടുത്ത് ഫേസ്ബുക്ക് വഴി ബോധിപ്പിക്കാമോ?

ചോദ്യം 2:- നശിച്ച് അടിത്തറ തോണ്ടി നിൽക്കുന്ന KSRTC യുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവരാണോ ? അതോ മറ്റെന്തെങ്കിലുമാണോ കാരണം? (ഇങ്ങനെയെന്തോ ചോദിച്ചതിനാണല്ലോ ആ മനുഷ്യനെ തല്ലിച്ചതച്ചത്)

ചോദ്യം 3:- ഒരു ഡിപ്പോയിൽത്തന്നെ 4 മാനസ്സിക വിഭ്രാന്തിയുള്ളവരെ നിയമിക്കുന്നതിന് പകരം ഓരോ ഡിപ്പോയിലും ഓരോന്ന് വീതം മാനസ്സിക വിഭ്രാന്തിക്കാരെ നിയമിക്കാൻ സാധിക്കുമോ ? അതോ എല്ലാ ഡിപ്പോയിലും നാല് വീതം മാനസ്സിക വിഭ്രാന്തിക്കാർ നിലവിൽ ഉണ്ടെന്നാണോ ?

ചോദ്യം 4:- ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നീ തസ്തികകളിൽ എത്ര വീതം കാണും ഈ മാനസ്സിക വിഭ്രാന്തിയുള്ളവർ എന്നതും കണക്കെടുത്ത് അറിയിച്ചാൽ വളരെ ഉപകാരം. ഡിപ്പോകളിലെ ഇടിമുറികളിൽ നിന്ന് ഒഴിവായി നടന്നാലും പൊതുജനത്തിന് ബസ്സിൽ കയറാതെ വയ്യല്ലോ ? സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും തുടർന്ന് യാത്ര ചെയ്യാനുള്ളതുകൊണ്ട് ആത്മരക്ഷാർത്ഥം ചോദിക്കുന്നതാണ്.

ചോദ്യം 5:- കുറ്റക്കാരെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുമെന്ന് പറയുന്നുണ്ടല്ലോ ? അവരുടെ സംഘടനയും പാർട്ടിയുമൊക്കെ താങ്കൾക്ക് പ്രശ്നമല്ലെന്നാണോ ? അതൊന്നും കണക്കാക്കാതെ നടപടി എടുക്കാനുള്ള ആർജ്ജവം താങ്കൾക്കുണ്ടോ ?

ചോദ്യം 6:- ബഹുമാനപ്പെട്ട എം. ഡീ., മാനസ്സിക വിഭ്രാന്തിയുള്ളവർ ഒപ്പിച്ച പണിയാണിതെന്ന് പറഞ്ഞ് തടിയൂരാനുള്ള ബുദ്ധി താങ്കളെ ഉപദേശിച്ചത് ആരാണ്? എതൊരു ചെറിയ പ്രശ്നമുണ്ടായാലും, മാനം മര്യാദയ്ക്ക് ജോലി ചെയ്ത് പോരുന്ന മറ്റ് ജീവനക്കാരെപ്പോലും മാനസ്സികവിഭ്രാന്തിയുള്ളവർ എന്ന് പൊതുജനത്തെക്കൊണ്ട് വിളിപ്പിക്കാൻ പോന്ന അബദ്ധമാണ് താങ്കൾ എഴുന്നള്ളിച്ചിരിക്കുന്നതെന്ന് വല്ല ബോദ്ധ്യവുമുണ്ടോ ?

ക്ഷമാപണം:- നല്ല പെരുമാറ്റവും സേവനവും നൽകുന്ന KSRTC യിലെ ജീവനക്കാരെ അടച്ച് പറയുന്ന തരത്തിൽ എൻ്റെ ചില ചോദ്യങ്ങൾ നിഴലിക്കുന്നുണ്ടെങ്കിൽ അതിന് നിർവ്യാജം ക്ഷമ ചോദിക്കുന്നു. പക്ഷേ, അതിന് കാരണക്കാരൻ നിങ്ങളുടെ എം. ഡി. മാത്രമാണ്. മാനസ്സിക വിഭ്രാന്തി എന്ന കാരണം പറഞ്ഞ് ശുദ്ധ തെമ്മാടികളായ ചില ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിലും ഭേദം മറ്റെന്തെങ്കിലും കാരണം പറയുകയോ, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മാത്രമോ പറയാമായിരുന്നില്ലേ അദ്ദേഹത്തിന്?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>