Monthly Archives: June 2016

തക്കിജ്ജ


thakkijja1കുറേ നാളുകൾക്ക് മുന്നേ കോഴിക്കോട് നിന്നും സുഹൃത്ത് മൈന ഉമൈബാന്റെ ഫോൺ.

“ ഒരു സുപ്രധാന കാര്യം പറയാനുണ്ട് മനോജ്. നമ്മൾ ഓൺലൈനിൽ ഇടപഴകുന്നവരൊക്കെ കാര്യമായിട്ട് ഇടപെടേണ്ട വിഷയമാണ്. മാലിയിൽ ജയചന്ദ്രൻ മാഷിന്റെ തടങ്കൽ അന്യായമായി നീണ്ടുപോകുന്നത് അറിയാമല്ലോ ? അദ്ദേഹം അവിടത്തെ ജയിലിൽ പെട്ടുപോകുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. അതുണ്ടാകാൻ പാടില്ല. നമ്മളെക്കൊണ്ട് ചെയ്യാവുന്നതെല്ലാം നമ്മൾ ചെയ്തിരിക്കണം. ചെയ്യേണ്ട കാര്യങ്ങൾ ഞാൻ അപ്പപ്പോൾ അറിയിക്കാം. “

ജയചന്ദ്രൻ മാഷിന്റെ (ജയചന്ദ്രൻ മൊകേരി) കാര്യങ്ങൾ ഓൺലൈനിലൂടെയും പത്രമാദ്ധ്യമങ്ങളിലൂടെയും അറിയുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം മാലിദ്വീപിലെ തുറുങ്കിൽ കുടുങ്ങാൻ പോകുകയാണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു. പിന്നവിടന്നങ്ങോട്ട് മൊയ്തു വാണിമേലും മൈനയും ജയചന്ദ്രൻ മാഷിന്റെ മോചനത്തിനായുള്ള ഓൺലൈൻ പോസ്റ്റുകൾ സജീവമാക്കി. അത് ഷെയർ ചെയ്യുക എന്നതിനപ്പുറം എന്തെങ്കിലുമൊന്ന് ചെയ്യാൻ എനിക്കുണ്ടായിരുന്നില്ല. എന്തായാലും തെറ്റൊന്നും ചെയ്യാതെ ജയിലിലായ മാഷിന്റെ മോചനം എന്റെ കൂടെ ആവശ്യമായിരുന്നു.

ക്ലാസ്സിൽ ബഹളമുണ്ടാക്കി ഓടി നടന്നിരുന്ന ഒരു വിദ്യാർത്ഥിയെ ശാസിക്കുകയും അവനെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തി തോളിൽ ഒന്ന് തട്ടിയതുമാണ് മാഷ് ചെയ്തെന്ന് പറയുന്ന കുറ്റം. പക്ഷെ, മാഷിനെ കുടുക്കാൻ തക്കം പാർത്തിരിക്കുന്ന സ്ക്കൂളിലുള്ള ചിലർ അത് മുതലെടുത്തു. കുട്ടിയെക്കൊണ്ട് പരാതി കൊടുപ്പിച്ചു. കുട്ടിയെ പീഢിപ്പിച്ചു എന്നായി കേസ്. താമസിയാതെ കുട്ടിയും സ്ക്കൂൾ അധികൃതരും കേസ് പിൻ‌വലിച്ചെങ്കിലും മാഷ് ജയിലിൽത്തന്നെ കിടന്നു. നിയമനടപടികൾ ഒച്ചിഴയുന്ന വേഗത്തിലോ ഇഴയാത്ത ഒച്ചിനെപ്പോലെയോ മരവിച്ചുനിന്നു. അതിനിടയ്ക്ക് മാഷിന് 25 വർഷത്തെ ശിക്ഷ കിട്ടാനുള്ള സാദ്ധ്യതയുണ്ടെന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായി. ഇന്ത്യാമഹാരാജ്യത്ത് ജീവപര്യന്തമെന്ന് പറയുന്നത് പോലും 14 വർഷത്തിലൊതുങ്ങുമ്പോളാണ് ചെയ്യാത്ത കുറ്റത്തിന് മാലിദ്വീപ് എന്ന കുത്തഴിഞ്ഞ രാജ്യത്ത് ഈ കടുത്ത ശിക്ഷ. കുത്തഴിഞ്ഞ രാജ്യമെന്ന് പറഞ്ഞതെന്തുകൊണ്ടാണെന്ന് മാലിദ്വീപിനെ അടുത്തറിയുന്ന ആർക്കും ബോദ്ധ്യമുണ്ടാകും.

സ്ക്കൂ‍ൾ ജീവിതകാലത്ത് കണ്ടതും അറിഞ്ഞതുമായ മാലിദ്വീപിനെപ്പറ്റി ഒരു ഓൺലൈൻ പോർട്ടലിൽ മാഷ് എഴുതിക്കൊണ്ടിരുന്നു. അതവർക്ക് അലോസരം ഉണ്ടാക്കിയിട്ടുണ്ടാ‍കാം എന്നാണ് മാഷും സഹപ്രവർത്തകരും അനുമാനിക്കുന്നത്.  അല്ലെങ്കിൽ ബാലപീഢനം എന്ന് ചാർജ്ജ് ചെയ്തിരിക്കുന്ന ‘കുറ്റ’ത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയായ 15 വർഷത്തേക്കാളും ഉയർന്ന് രാജ്യദ്രോഹക്കുറ്റത്തിന് നൽകുന്ന 25 വർഷത്തെ ശിക്ഷ എന്ന നിലയിലേക്ക് എന്തുകൊണ്ടാണ് നടപടികൾ നീങ്ങിയത് ?

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ ശിക്ഷാനിയമം എങ്കിൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും അഞ്ഞൂറ് നിരപരാധികളെങ്കിലും ശിക്ഷിക്കപ്പെട്ടിരിക്കണമെന്നതാണ് മാലിദ്വീപിന്റെ നിഷ്ക്കർഷയെന്ന് തോന്നും ജയചന്ദ്രൻ മാഷിന്റെ മാലിയിലെ ജയിലനുഭവങ്ങൾ വായിച്ചാൽ.  8 മാസവും 20 ദിവസവും നീണ്ട ജയിൽ‌ജീവിതത്തിൽ നിന്ന് മോചിതനായി നാട്ടിലെത്തിയ ശേഷം ജയചന്ദ്രൻ മാഷ് എഴുതിയ അനുഭവങ്ങൾ പുസ്തകരൂപത്തിൽ വയലറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

തക്കിജ്ജ. അതാണ് പുസ്തകത്തിന്റെ പേര്. മാലിദ്വീപിലെ ദിവേഹി ഭാഷയിൽ ‘പുറത്തേക്ക് ‘ എന്നാണ് ആ പദത്തിന്റെ അർത്ഥം. ലേഖകന്റെ തന്നെ വരികൾ കടമെടുത്ത് പറഞ്ഞാൽ “ ഈ പരദേശി വാക്കുപോലെ ഞാൻ സ്നേഹിക്കുകയും കാമിക്കുകയും ചെയ്ത മറ്റൊരു വാക്ക് എന്റെ മലയാളത്തിൽ പോലുമില്ല, “

കോടതിയിലേക്ക് കൊണ്ടുപോകാനായി ‘കുറ്റവാളി‘കളുടെ പേര് വിളിക്കുമ്പോൾ വിടുതൽ കിട്ടിയിരിക്കുന്ന അല്ലെങ്കിൽ കിട്ടാൻ സാദ്ധ്യതയുള്ള ആളാണെങ്കിൽ, പേരിനൊപ്പം  തക്കിജ്ജ എന്ന് ചേർത്ത് വിളിക്കുന്നത് പതിവാണ് മാലി ജയിലുകളിൽ. അതുകൊണ്ടുതന്നെ തക്കിജ്ജ എന്ന പദത്തിനെ ഓരോ ജയിൽ അന്തേവാസിയും അത്രയേറെ നെഞ്ചേറ്റുന്നുണ്ട്.

ജയിലിലെ വിശേഷങ്ങൾ. അഥവാ മാറിമാറിക്കിടക്കേണ്ടി വന്ന നിരവധി ജയിലുകളിലെ പലതരം സെല്ലുകളിലെ ശോചനീയമായ സാഹചര്യങ്ങൾ,  കുറ്റവാളികളും അല്ലാത്തവരുമായ ഓരോരോ തടവുകാരുടേയും കഥകൾ,  അവർ കടന്നുപോകുന്ന മാനസ്സികപിരിമുറുക്കങ്ങളുടെ അഴിയാക്കുരുക്കുകൾ,  പുറത്തെന്ത് നടക്കുന്നു എന്നറിയാൻ പറ്റാതെ കുടുസ്സ് ജയിൽ മുറികളിൽ അന്തമായി നീളുന്ന ‘ശിക്ഷ’. ഒരു ഉൾക്കിടിലത്തോടെയല്ലാതെ തക്കിജ്ജ വായിച്ച് തീർക്കാൻ ആർക്കുമാവില്ല.

മാലിദ്വീപിന്റെ ജനജീവിതവും സംസ്ക്കാരവും വിദ്യാഭ്യാസരംഗവും സർവ്വോപരി കുത്തഴിഞ്ഞ നീതിന്യായ വ്യവസ്ഥയുമെല്ലാം 343 പേജുകളുള്ള പുസ്തകത്തിൽ സന്ദർഭോചിതമായി കടന്നുവരുന്നുണ്ട്. ടൂറിസമാണ് പ്രധാന വരുമാന മാർഗ്ഗം. ടൂറിസത്തിനൊപ്പമുള്ള സെക്സ് ടൂറിസവും മയക്കുമരുന്ന് വ്യാപാരവും അഴിമതിയുമൊക്കെ പൊടിപൊടിക്കുന്ന ഒരു രാജ്യം. ജയിലിൽ കിടക്കുന്ന നല്ലൊരു ശതമാനം കുറ്റവാളികളും മയക്കുമരുന്ന് കേസുകളിലെ അല്ലെങ്കിൽ ലൈംഗിക പീഢന കേസുകളിലെ പ്രതികളാണ്.

അൽ‌പ്പം നല്ല വരുമാനമുണ്ടാക്കാൻ വേണ്ടി അദ്ധ്യാപന ജോലിയുമായി ദ്വീപിലെത്തുന്ന ഗുരുക്കന്മാരോട് പക്ഷെ ദ്വീപ്‌വാസികൾക്ക് മാത്രമല്ല, ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പോലും നമ്മുടെ നാട്ടിൽ അദ്ധ്യാപകനോട് കാണിക്കുന്ന ആദരവും ബഹുമാനവും ഒന്നുമില്ല. വെള്ളക്കാരല്ലാത്തവരെല്ലാം ദ്വീപുകാർക്ക് ‘ബെറൂമിയ‘ (Useless) ആണ്. ഗതികെട്ട് നടക്കുന്നവരായിട്ടാണ് അവിടെ ജോലിക്ക് ചെന്നിരിക്കുന്ന ഓരോ ഇന്ത്യാക്കാരേയും അവർ കാണുന്നത്. പാക്ക്, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ രാജ്യക്കാരുടെ കാര്യത്തിലും അങ്ങനെ തന്നെ. അദ്ധ്യാപകരെ കളിയാക്കലും ദേഹോപദ്രവം ഏൽ‌പ്പിക്കലും എല്ലാം കുട്ടികൾക്ക് ഒരു തമാശ മാത്രമാണ്. ഗുരുക്കന്മാരോടുള്ള ആദരവ് എന്നൊന്ന് അന്നാട്ടിലില്ല. കുട്ടികളെ ശിക്ഷിച്ച് നന്നാക്കുക എന്നതിനെപ്പറ്റി ചിന്തിക്കുന്നത് പോലും ആത്മഹത്യാപരമാണ്. ക്ലാസ്സിൽ വെച്ച് ശിഷ്യന്റെ തോളിലൊന്ന് തട്ടിയതിന് 9 മാസത്തോളം കാരാഗൃഹത്തിൽ കഴിയേണ്ടി വരുകയും 25 വർഷത്തോളം നീണ്ടേക്കാവുന്ന ശരിയത്ത് ശിക്ഷ തുറിച്ചുനോക്കുകയും ചെയ്ത അവസ്ഥയുണ്ടായെങ്കിൽ ശരിക്കുള്ള കുറ്റവാളിയാണെങ്കിൽ എന്താകും അവസ്ഥ ?! എന്നാലോ ശരിയായ കുറ്റവാളികൾ പുറത്ത് വിലസുമ്പോൾ കേസുമായി ഒരു ബന്ധമില്ലാത്തവരെ ജയിലിൽ ലേഖകൻ കാണുന്നുമുണ്ട്. 15 ഉം 25ഉം വർഷം ശിക്ഷ കിട്ടാൻ സാദ്ധ്യതയുള്ള, കിലോഗ്രാം കണക്കിന് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികൾ ലക്ഷങ്ങൾ വാരിയെറിഞ്ഞ് ജഡ്ജിയെ സ്വാധീനിച്ച് പുറത്തേക്ക് പോകുന്നുമുണ്ട്.

“ തകർന്നുപോകരുത്. പിടിച്ചുനിൽക്കുക. ലോകത്ത് ഇനിയും
നന്മ ബാക്കിയുണ്ടെന്ന് തന്നെ കരുതുക.” ജയിലിലുള്ള പലരോടും മാഷ് പറഞ്ഞുകൊടുത്തിരുന്ന മന്ത്രമാണത്. പക്ഷെ പലപ്പോഴും സ്വന്തം കാര്യത്തിൽ ഈ മന്ത്രം ആശ്വാസം നൽകാത്ത തരത്തിൽ കടുത്ത വ്യഥയിലേക്ക് ലേഖകൻ പതറിപ്പോകുന്നുമുണ്ട്. പറയാനും ഉപദേശിക്കാനും സ്വാന്തനിപ്പിക്കാനുമെല്ലാം എളുപ്പമാണ്. അനുഭവിച്ചറിയുമ്പോളേ മനസ്സിലാക്കാനാവൂ. ഒരു ദിവസം പോലും ജയിൽ ജീവിതം എന്താണെന്ന് മനസ്സിലാക്കാത്ത നമുക്കാർക്കും തക്കിജ്ജയിൽ പറയുന്ന കാര്യങ്ങൾ അതിന്റെ ശരിക്കുള്ള കാഠിന്യത്തോടെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ പറ്റണമെന്നില്ല. അങ്ങനെയൊരു അവസ്ഥ നമുക്കാർക്കും ഉണ്ടാകാതിരിക്കട്ടെ.

ആദ്യ അദ്ധ്യായം കഴിഞ്ഞതോടെ എത്രയും പെട്ടെന്ന് വായിച്ചവസാനിപ്പിക്കണമെന്ന പിരിമുറുക്കമാണ് എനിക്കുണ്ടായത്. വായന നീളുന്ന ഓരോ മണിക്കൂറും ഓരോ ദിവസവും മാഷ് ജയിലിൽത്തന്നെ കുടുങ്ങിക്കിടക്കും, അഥവാ വായനക്കാരനായ ഞാൻ സ്വയം ആ ജയിലിൽ കിടന്ന് ശ്വാസം മുട്ടും. പെട്ടെന്ന് വായിച്ച് തീർത്താൻ അത്രയും വേഗത്തിൽ ജയിലിൽ നിന്നദ്ദേഹത്തിന് മോചനമുണ്ടാകുമല്ലോ. അതുകൊണ്ട്, ഒരു രാത്രിയും അടുത്ത പകലിന്റെ കുറച്ചു സമയവുമെടുത്ത് ഞാൻ മാഷിനെ ജയിൽ മോചിതനാക്കി.

ഇന്ത്യ എന്ന രാജ്യം അയൽ‌രാജ്യമായ മാലിക്ക് ചെയ്യുന്ന സഹായങ്ങൾ നിരവധിയാണ്. അത് ധനമായിട്ടും സൈനിക സേവനമായിട്ടും ആതുരസേവനമായിട്ടും അവശ്യവസ്തുക്കളുടെ സംഭാവന ആയിട്ടും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. എന്നിട്ടും ഇന്ത്യയോടവർക്ക് തികഞ്ഞ പുച്ഛം മാത്രമാണ്. വെറും ബെറൂമിയകൾ. ഇന്ത്യ കൊടുത്ത ചില സഹായങ്ങൾ അമേരിക്ക കൊടുത്തതാണെന്ന് വലിയ വായിൽ വിളിച്ച് കൂവാനും മടിയില്ല.

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കണമെന്ന് ആത്യാഗ്രഹമുള്ള ആളാണ് ഞാൻ. ടൂറിസ്റ്റായി എത്തിയ നൈജീരിയക്കാരൻ ഡാനിയേൽ മാലി ജയിലിൽ എത്തിപ്പെട്ട കഥ വായിച്ചതോടെ, മാലി ദ്വീപുകൾ എന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ നിന്ന് കുടിയിറങ്ങി. സ്ഥിരം കഴിക്കുന്ന മരുന്ന് (8 ഗുളികകൾ) കൈവശം വെച്ചതിനാണ് മയക്കുമരുന്ന് കൊണ്ടുവന്നു എന്ന കുറ്റം ചുമത്തി ഡാനിയേൽ അകത്താകുന്നത്. ഒരു മരുന്ന് ടെസ്റ്റ് ചെയ്ത് നിജസ്ഥിതി കണ്ടുപിടിക്കാൻ അന്നാട്ടിലെന്താ വകുപ്പൊന്നുമില്ലേ ?

അങ്ങനെ ചിന്തിക്കുമ്പോളാണ് മാലിയിലെ ജയിലുകളിലേക്ക് നിരപരാധികൾ എത്തിപ്പെടുന്നതിന്റെ രഹസ്യം  ‘തക്കിജ്ജ’ നമുക്ക്
വെളിപ്പെടുത്തിത്തരുന്നത്. മാലി ജയിലുകൾ നടക്കുന്നത് വിദേശ ഫണ്ടുകൾ ഉപയോഗിച്ചാണ്. ജയിൽ അവർക്കൊരു വരുമാന മാർഗ്ഗമാണെന്ന് ചുരുക്കും. ജയിലിൽ നിറയെ ‘കുറ്റവാളികൾ’ ഉണ്ടായാലല്ലേ വരുമാനം ഉണ്ടാക്കാനാവൂ. അങ്ങനെയുള്ള ഒരു രാജ്യത്ത് വിശ്വസിച്ചെങ്ങനെ ടൂറിസ്റ്റായി പോകും ? ദുരുദ്ദേശമൊന്നും ഇല്ലാത്ത ഒരു നോട്ടം, ഒരു സ്പർശനം, ഒരു നടത്തം ഒക്കെയും ജയിലിലേക്ക് വഴി തെളിച്ചെന്ന് വരില്ലേ ?

മാലിദ്വീപിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് നല്ലൊരു മുന്നറിയിപ്പ് കൂടെയാണ് തക്കിജ്ജ. മരുന്ന്, കൂവപ്പൊടി തുടങ്ങി ടാൽകം പൌഡർ പോലും കൊണ്ടുപോകാതിരുന്നാൽ അത്രയും നന്ന്. തിരുവനന്തപുരം എയർപ്പോർട്ടിൽ പോലും സഞ്ചാരികളെ കുടുക്കാൻ  മയക്കുമരുന്ന് മാഫിയ കറങ്ങി നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയും കുടുക്കിലാക്കിയും അവർ സഞ്ചാരികളെക്കൊണ്ട് മയക്ക് മരുന്ന് കടത്തിപ്പിക്കും. പിടിക്കപ്പെട്ടാൽ പെട്ടതുതന്നെ. മുംബൈയിൽ നിന്ന് ഐ.ടി.ജോലിക്കായി മാലിയിലേക്ക് പുറപ്പെട്ട ഫഹീം എന്ന ചെറുപ്പക്കാരൻ എഞ്ചിനീയർ അഴികൾക്ക് പിന്നിലായത് അങ്ങനെയൊരു ചതിയിലൂടെയാണ്.

നാലുപേർക്ക് കിടക്കാവുന്ന സെല്ലിൽ പത്ത് പേർ കിടക്കുമ്പോളും, വെള്ളമില്ലാത്തതുകൊണ്ട് ദിവസങ്ങളോളം കക്കൂസ് നിറഞ്ഞ് അതിന്റെ ദുർഗ്ഗന്ധം സഹിച്ച് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി കഴിയുന്നതിനിടയ്ക്കും ജയിലിനുള്ളിൽ ഉരുത്തിരിഞ്ഞ് വരുന്ന ചില നല്ല സൌഹൃദങ്ങളുണ്ട്, ഉള്ള് മനസ്സിലാക്കി ചേർന്ന് നിൽക്കുന്ന ചില സ്വാന്തനങ്ങളുണ്ട്, ചെയ്ത തെറ്റ് മനസ്സിലാക്കിയുള്ള പശ്ചാത്താപങ്ങളുണ്ട്, രാജ്യങ്ങൾക്കും ഭാഷകൾക്കും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന ഉള്ളിൽത്തട്ടുന്ന നല്ല അനുഭവങ്ങളുണ്ട്. ഒരാളെങ്കിൽ ഒരാൾ ജയിലിന് പുറത്തേക്ക് പോകുമ്പോൾ സന്തോഷിക്കുന്നവരാണ് മറ്റ് തടവുകാർ. വിവാഹിതരും കുടുംബമുള്ളവരുമായി കൂട്ട് പ്രതികൾക്ക് വേണ്ടി സ്വജീവിതം ബലികഴിക്കാൻ തയ്യാറായ തമിഴ് തടവുകാരൻ പാർത്ഥിപന്റെ കഥ പറയുന്നത് കുറ്റവാളിയാണെങ്കിലും ഉള്ളിലെവിടെയോ നന്മ ബാക്കി നിൽക്കുന്ന ഓരോ മനുഷ്യനെപ്പറ്റിയുമാണ്.

എടുത്ത് പറയേണ്ടത് ഇന്ത്യൻ എംബസിയുടെ നിസ്സംഗതയും കാര്യപ്രാപ്തിയില്ലായ്മയുമാണ്. അവരെന്തിന് വേണ്ടി അവിടെ നിലകൊള്ളുന്നു, ആരുടെ ക്ഷേമം അന്വേഷിക്കലാണ് അവരുടെ ജോലി ? ജയിലിൽ പെട്ടുകിടക്കുന്ന നിരപരാധികളുടെ നിജസ്ഥിതി അന്വേഷിക്കാൻ അവർക്ക് ബാദ്ധ്യതയൊന്നും ഇല്ലേ ? എല്ലാ രാജ്യങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാണോ എംബസി സംവിധാനവും ജീവനക്കാ‍രും പ്രവർത്തിക്കുന്നത് എന്നൊക്കെ വായനക്കാരൻ ചിന്തിച്ചുപോയാൽ അതിശയിക്കാനൊന്നുമില്ല.  ഇറ്റാലിയൻ നാവികൾ ഇന്ത്യൻ ജയിലിലായപ്പോൾ അവർ സ്വീകരിച്ച നിലപാടുകൾ നാം കണ്ടതാണല്ലോ ? വിദേശകാര്യമന്ത്രിയടക്കമുള്ള പ്രമുഖരാണ് അവരുടെ പ്രജകൾക്ക് വേണ്ടി നേരിട്ട് ഇന്ത്യയിലെത്തിയത്. മറ്റ് പല രാജ്യങ്ങളും അവരുടെ പൌരന്മാർക്ക് വേണ്ടി ഇത്തരം കാര്യക്ഷമമായ നിലപാട് സ്വീകരിക്കുമ്പോൾ ഇന്ത്യൻ എംബസി മാത്രം എന്തുകൊണ്ട് ഇങ്ങനെയൊക്കെ പെരുമാറുന്നു.  ജയചന്ദ്രൻ മാഷിന്റെ സുഹൃത്തുക്കളും ഭാര്യയും മറ്റ് അഭ്യുദയ കാംക്ഷികളും നേരിട്ടിറങ്ങി പ്രവർത്തിക്കുകയും ഡൽഹിയിൽ വരെ ചെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനേയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും എം.പി.മാരേയും ഒക്കെ ഇടപെടുത്തുകയും ചെയ്തതുകൊണ്ട് മാഷിന്റെ വിടുതൽ സാദ്ധ്യമായി. പക്ഷേ, ഇന്ത്യക്കാരായ എത്രയോ നിരപരാധികൾ ഏതൊക്കെയോ വിദേശ ജയിലുകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഇവരുടെയൊക്കെ കാര്യങ്ങൾ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ അന്വേഷിക്കുന്നുണ്ടോ, നടപടിയെടുക്കുന്നുണ്ടോ ?

തക്കിജ്ജയുടെ പ്രസക്ത ഭാഗങ്ങൾ സൂചനയായി പോലും പറഞ്ഞുപോകാൻ ഞാൻ അശക്തനാണ്. മാഷിന്റെ അവസ്ഥയും ചെറുത്തുനിൽ‌പ്പും മനസ്സിലാക്കിയ എല്ലാവരും പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ. മാഷിന് നല്ല മനോബലമുണ്ട്. ഞാനായിരുന്നെങ്കിൽ ചിലപ്പോൾ ടോയ്‌ലറ്റിന്റെ ഉത്തരത്തിൽ നിന്ന് മാഷിന്റെ കഴുത്തിലേക്ക് നീണ്ട മരണക്കുരുക്ക് മുറുക്കിക്കൊണ്ടു തന്നെ പ്രശ്നപരിഹാരമുണ്ടാക്കുമായിരുന്നു.

പുസ്തകം കിട്ടാനായി ജയചന്ദ്രൻ മാഷുമായി ബന്ധപ്പെട്ടപ്പോൾ വായിച്ചിട്ട് അഭിപ്രായം പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനെന്താണ് പറയേണ്ടത് മാഷേ? താങ്കളുടെ തക്കിജ്ജ അസ്സലായിട്ടുണ്ടെന്നോ ? അനുഭവിച്ച ദുരിതങ്ങളൊക്കെയും കേമമായിട്ടുണ്ടെന്നോ ? സെല്ലിൽ നിന്ന് പുറത്തേക്ക് കിട്ടുന്ന അൽ‌പ്പക്കാഴ്ച്ചയിലെ പ്രകൃതിയേയും മാറിവന്ന ഋതുക്കളേയും ഒക്കെ കോർത്തിണക്കി മനോഹരമായി താങ്കളാ ദുരിതപർവ്വം എഴുതിയിട്ടുണ്ടെന്നോ ? രണ്ടാമതൊന്ന് ഓർത്തെടുക്കാൻ പോലും ആരും മടിച്ചേക്കാവുന്ന സംഭവങ്ങൾ ഈ കുറഞ്ഞ കാലയളവിൽ എഴുതിയുണ്ടാക്കിയ മനക്കരുത്തിന് മുന്നിൽ നമസ്ക്കരിക്കാൻ മാത്രമേ എനിക്കിപ്പോൾ ആകുന്നുള്ളൂ. ഏതെങ്കിലുമൊരു തബലവാദകന്റെ കൈവിരലുകൾ തക്കിജ്ജ തക്കിജ്ജ എന്ന് താളത്തിൽ തബലയിൽ വീഴുമ്പോൾ ജയചന്ദ്രൻ മാഷ് കൂടെ ഇനിയങ്ങോട്ട് അതിനൊപ്പം ചേർന്ന് നിൽക്കുമെന്ന് ഉറപ്പ്.  എന്നെങ്കിലും നേരിൽ കാണുമ്പോൾ പറച്ചിലിനപ്പുറം എനിക്കൊരു കാര്യം ചെയ്യാനുണ്ട് മാഷേ. അത് നേരിലാകട്ടെ.