ഇന്നലെ (18.11.2018) 100 ദിവസം സൈക്കിൾ ചാലഞ്ചിന്റെ 65-)ം ദിവസമായിരുന്നു. കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ് സംഘടിപ്പിച്ച Misty morning classic 200 BRM ഉം ഇന്നലെത്തന്നെ ആയിരുന്നു. രാവിലെ 6 മണിക്ക് റൈഡ് ആരംഭിച്ചു. 100 പേരുടെ റെക്കോഡ് പങ്കാളിത്തമാണ് ഈ റൈഡിലുണ്ടായത്. നാൾക്ക് നാൾ അത് വർദ്ധിച്ചുവരുക തന്നെ ചെയ്യും എന്ന കാര്യത്തിലും സംശയം വേണ്ട.
കലൂർ – ഹൈക്കോർട്ട് – ഗോശ്രീ – കണ്ടൈനർ ടെർമിനൽ റോഡ് വഴി കളമശ്ശേരി – ആലുവ – അങ്കമാലി – മൂവാറ്റുപുഴ – തൊടുപുഴ – മുട്ടം – ആറക്കുളം – തൊടുപുഴ – മൂവാറ്റുപുഴ – അങ്കമാലി – ആലുവ – ഇടപ്പള്ളി – കലൂർ…. ഇതായിരുന്നു 200 കിലോമീറ്റർ റൈഡിന്റെ റൂട്ട്. മൂന്ന് പേർ ഒരികെ എല്ലാവരും നിശ്ചിതസമയമായ 13.5 മണിക്കൂറിനുള്ളിൽ റൈഡ് പൂർത്തിയാക്കി. തൊടുപുഴ എത്തിയപ്പോൾ ബി.ജെ.പി.യുടെ വഴിതടയൽ എന്ന അശ്ലീകര ജനസേവനം. (അതേപ്പറ്റിയുള്ള വിശദമായ പോസ്റ്റ് ഉടനെ വരുന്നതാണ്.)
110 കിലോമീറ്റർ പിന്നിടുമ്പോൾ ആറക്കുളം ഗ്യാസ് സ്റ്റേഷനിൽ ഒരു റൈഡ് ചെക്ക് പോയന്റുണ്ട്. ആ കെട്ടിടത്തിന് പിന്നിലൂടെ അടിത്തട്ട് കാണിച്ച് ചിരിച്ചുകൊണ്ട് പുഴയൊഴുകുന്നത് മൂന്ന് മാസം മുൻപ് നടന്ന കാര്യങ്ങളെല്ലാം മറന്നിട്ടെന്ന പോലെയാണ്. ഉടുവസ്ത്രത്തോടെ പത്ത് മിനിറ്റ് ആ തണുത്ത വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ അതുവരെ സൈക്കിളോടിച്ച ക്ഷീണമെല്ലാം പമ്പകടക്കുന്നു. ശരീരതാപം 10 ഡിഗ്രിയെങ്കിലും താഴോട്ട് പോകുന്നു. റൈഡേർസ് മിക്കവാറും എല്ലാവരും ക്ഷീണമെല്ലാം പുഴയിൽ ഒഴുക്കിക്കളഞ്ഞാണ് റൈഡ് പുനരാരംഭിച്ചത്.
തൊടുപുഴ കഴിഞ്ഞതോടെ ഗംഭീര മഴ. മഴയുണ്ടെങ്കിൽ ഒരു ഗുണവും ഒന്നിലധികം ദോഷങ്ങളുമുണ്ട്. ക്ഷീണമില്ലാതെ ചവിട്ടി മുന്നേറാം എന്നുള്ളതാണ് ഗുണം. വെള്ളക്കെട്ടുള്ള റോഡിൽ എവിടെയൊക്കെ കുഴികളുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ലെന്നതാണ് ഒരു പ്രശ്നം. വെള്ളവും മണ്ണും ചെളിയുമൊക്കെ കയറി സൈക്കിളിന്റെ ഗിയറുകൾ കുഴപ്പത്തിലാകാനുള്ള സാദ്ധ്യതയുണ്ടെന്നുള്ളതാണ് മറ്റൊരു പ്രശ്നം. മൂവാറ്റുപുഴ കഴിഞ്ഞ് വീണ്ടും മഴ. മഴയായതുകൊണ്ടുതന്നെ അങ്കമാലി എത്തിയപ്പോഴേക്കും നേരത്തെ ഇരുവീണിരുന്നു.
ഒരുപാട് പേരുടെ സൈക്കിൾ പഞ്ചറായി. സ്വയം പഞ്ചറൊട്ടിച്ച് നീങ്ങണമെന്നാണ് BRM ന്റെ നിബന്ധനകൾ. റൈഡിൽ പങ്കെടുക്കുന്ന ആരുടെയെങ്കിലും സഹായം സ്വീകരിക്കാം. പക്ഷെ തൊട്ടടുത്ത് ഒരു സൈക്കിൾ കടയുണ്ടെങ്കിൽ അവിടന്ന് പഞ്ചറൊട്ടിച്ചാൽ ഡിസ്‌ക്വാളിഫൈ ചെയ്യപ്പെടും. പഞ്ചറൊട്ടിക്കാനുള്ള കിറ്റും കാറ്റടിക്കാനുള്ള ചെറിയ പമ്പും എല്ലാവരുടെ പക്കലുമുണ്ടാകും. 20-30 മിനിറ്റിനുള്ളിൽ പഞ്ചറൊട്ടിച്ച് എല്ലാവരും റൈഡ് തുടർന്ന് ലക്ഷ്യം കണ്ടു. ആദ്യമായി BRM ൽ പങ്കെടുക്കുന്ന ഒരുപാട് പേർ വിജയകരമായി റൈഡ് പൂർത്തിയാക്കി.
ഇന്നലത്തെ റൈഡിൽ എടുത്ത് പറയേണ്ടത് Fat Bike എന്ന പേരിൽ അറിയപ്പെടുന്ന, ഒരു മോട്ടോർ ബൈക്കിന്റെ അത്രയ്ക്ക് വീതിയും തടിയുമുള്ള ടയറുള്ള തടിയൻ സൈക്കിളിൽ റൈഡ് നടത്തിയ ഡോ:ജിഗിനേയും ഷിനാജിനേയും , Tandem ബൈക്കിൽ റൈഡ് നടത്തിയ ഗാലിനേയും ലൊറേൻ ഡിക്കോസ്തയേയുമാണ്. സാധാരണ സൈക്കിളിൽത്തന്നെ 200 കിലോമീറ്റർ ദൂരം വെല്ലുവിളിയാകുമ്പോൾ ഭാരമേറിയ ഇത്തരം സൈക്കിളുകൾ ചവിട്ടി ലക്ഷ്യം കാണുക എന്നത് കായികക്ഷമത ഏറെ ആവശ്യമുള്ള അതികഠിനവും സാഹസികവുമായ വെല്ലുവിളിയാണ്. കേരളത്തിലാദ്യമായി Tandem സൈക്കിളിൽ BRM പൂർത്തിയാക്കുന്നവർ എന്ന ബഹുമതിയും ഇതോടെ ഗാലിനും ലൊറേനും നേടിയിരിക്കുകയാണ്.
ഏറെ നാളുകൾക്ക് ശേഷമാണ് 200 കിലോമീറ്റർ റൈഡിൽ ഞാൻ പങ്കെടുക്കുന്നത്. മുൻപ് നാല് 200 കിമീ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പ്രാവശ്യം പാലയിലേക്ക് നടത്തിയ റൈഡ് 200 കിമീ റൈഡ്, 120 കിലോമീറ്റർ കഴിഞ്ഞപ്പോൾ സൈക്കിളിന്റെ തകരാറ് മൂലം ഉപേക്ഷിക്കേണ്ടി വന്നു. കായികക്ഷമത കൂടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ, പരിക്കുകളോ വേദനകളോ ഇല്ലാതെ റൈഡ് പൂർത്തിയാക്കാൻ പറ്റുന്നുണ്ട് എന്ന് ഉറപ്പിച്ച് പറയാം. പക്ഷെ കായികക്ഷമതയ്ക്കൊപ്പം പ്രായവും കൂടുന്നുണ്ടെന്നത് അവഗണിക്കാൻ പറ്റാത്ത യാഥാർത്ഥ്യമാണ്. മനസ്സ് സഞ്ചരിക്കുന്ന വേഗം ശരീരത്തിനില്ല.
കൊച്ചിയിലെ അഥവാ കേരളത്തിലെ സൈക്കിൾ ലോകം പെട്ടെന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ കാലത്തിന്റെ തുടക്കം മുതലുള്ള സുഹൃത്ത് ഹരീഷ് തൊടുപുഴയെ ഇന്നലെ തൊടുപുഴയിൽ വെച്ച് കണ്ടിരുന്നു. ആ സമയത്ത് സൈക്കിളിന്റെ കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കിയ ഹരീഷ് അൽപ്പം പോലും വൈകിക്കാതെ സൈക്കിൾ വാങ്ങാനായി ഇന്ന് ഉച്ചയോടെ എറണാകുളത്തെത്തുന്നുണ്ട്. അധികം പിടിച്ചുനിൽക്കാൻ നിങ്ങൾക്കുമായെന്ന് വരില്ല. ജാഗ്രതൈ !!
ചിത്രങ്ങൾ:- ഫെലിൿസ്, രാജേഷ് പി.കെ, ജോസഫ്