നിയന്ത്രണമില്ലാത്ത ബസ്സുകളുടെ നഗരം


ലയാള മനോരമ ദിനപത്രത്തിൽ ഇന്നലെ (07.06.2016) വന്ന 5 കോളം വാർത്തയും ചിത്രവും ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ ? എറണാകുളത്ത് മറൈൻഡ്രൈവിൽ, കൃത്യമായി പറഞ്ഞാൽ ശ്രീധറിന് മുന്നിൽ വെച്ച് അമിതവേഗത്തിൽ വന്ന പ്രൈവറ്റ് ബസ്സ് U ടേൺ എടുക്കുകയായിരുന്ന മാരുതി 800 കാറിനെ വട്ടം ഇടിച്ച് ചളുക്കി. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയ്ക്ക് പരിക്ക് പറ്റുകയും ബാക്കിയെല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

33

മലയാള മനോരമ വാർത്ത – 07 ജൂൺ 2016

അപകടം നടന്നത്, റോഡിന്റെ എതിർവശത്തേക്ക് കടക്കാനായി നിൽക്കുന്ന എന്റെ തൊട്ട് മുൻപിലാണ്. അപകടത്തിന്റെ കാരണം ബസ്സിന്റെ അമിതവേഗം മാത്രമാണ്. ഞാൻ ആ സമയത്ത് റോഡ് മുറിച്ച് കടന്നിരുന്നെങ്കിൽ കാറിലിടിച്ചതുപോലെ എന്നേയും ഇടിച്ച് തെറിപ്പിക്കുമായിരുന്നു ആ ബസ്സ്. കാറിനെ ഇടിച്ച് അപായപ്പെടുത്തുക മാത്രമല്ല, അപകടത്തിൽ‌പ്പെട്ട കാർ യാത്രക്കാരോട് തട്ടിക്കയറുകയും ചെയ്തു ബസ്സിലെ ജീവനക്കാർ. അത്രയും വലിയ അനീതി കണ്ടുനിൽക്കാൻ പറ്റാത്തതുകൊണ്ട് ദൃക്‌‌സാക്ഷികളായ ഞാനടക്കമുള്ള ചിലർക്ക് ബസ്സുകാർക്കെതിരെ ശബ്ദമുയർത്തേണ്ടി വന്നു.

ഈ സമയത്ത് ട്രാഫിക്ക് ഭാഗികമായി ബ്ലോക്ക് ആയി. പൊലീസ് വരാതെ കാറും ബസ്സും റോഡിൽ നിന്ന് നീക്കിയാൽ ബസ്സുകാർ ചിലപ്പോൾ കുറ്റം തങ്ങളുടേതല്ലെന്ന് പറഞ്ഞ് തടിയൂരുമെന്നുള്ളതുകൊണ്ട് പൊലീസ് വന്നിട്ട് വാഹനങ്ങൾ നീക്കിയാൽ മതിയെന്നായി വിഷയത്തിൽ ഇടപെട്ടവർ.

12

ആദ്യ അപകടത്തിന്റെ ഒരു ദൃശ്യം

100 ൽ പൊലീസിനെ വിളിച്ചെന്ന് പത്രവാർത്തയിൽ പറയുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. നാലുപ്രാവശ്യം വിളിച്ചപ്പോഴും കിട്ടിയ മറുപടി ‘ഈ നമ്പർ നിലവിലില്ല’ എന്നാണ്. അര കിലോമീറ്റർ അപ്പുറത്ത് കമ്മീഷണർ ഓഫീസ്, ട്രാഫിക്ക് കമ്മീഷണർ ഓഫീസ്, ടൌൺ പൊലീസ് സ്റ്റേഷൻ എന്നതൊക്കെ ഉണ്ടായിട്ടും അരമണിക്കൂറോളം ഒരൊറ്റ പൊലീസുകാരനും അപകട സ്ഥലത്ത് എത്തിയില്ല. 20 മിനിറ്റ് കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഒരു ട്രാഫിക്ക് വാർഡൻ എത്തി. 25 മിനിറ്റെടുത്തു ഒരു കോൺസ്റ്റബിൾ സ്ഥലത്തെത്താൻ. പിന്നാലെ ഒരു സബ് ഇൻസ്പെൿടർ വന്നു. കേസിനാവശ്യമായ കാര്യങ്ങൾ കുറിച്ചെടുത്ത്, ബസ്സ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടയ്ക്ക് പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിന്നിരുന്ന സ്ത്രീയെ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ഇത്രയുമാണ് ആദ്യസീൻ. പക്ഷേ പത്രത്തിൽ വന്ന ഈ വാർത്തയ്ക്കപ്പുറം രണ്ടാമതൊരു സീൻ കൂടെ ഉണ്ടായിരുന്നു. അത് മനോരമ ലേഖകൻ കണ്ടിട്ടില്ല. 2 മിനിറ്റിനകം ഹൈക്കോടതി സിഗ്നൽ വഴി പോയ എനിക്കത് കാണാനുള്ള യോഗമുണ്ടായി. ആ സീനാണ് താഴെയുള്ള ചിത്രങ്ങളിൽ.

13
രണ്ടാമത്തെ അപകടത്തിന്റെ ദൃശ്യം – 1

11
രണ്ടാമത്തെ അപകടത്തിന്റെ ദൃശ്യം – 2

കസ്റ്റഡിയിൽ കൊണ്ടുപോയ ബസ്സ് 200 മീറ്ററിനപ്പുറമുള്ള ഹൈക്കോടതി സിഗ്നലിന്റെ ഭാഗത്തുള്ള മീഡിയൻ ഇടിച്ച് തകർത്ത് അകത്തേക്ക് കയറി നാലഞ്ച് കൊല്ലം വളർച്ചയെത്തിയ ഒരു കണിക്കൊന്നയും കോർപ്പറേഷന്റെ ബോർഡും മറിച്ചിട്ടു. അത് കാരണം അവിടെ വീണ്ടും ഒരു ട്രാഫിക്ക് കുരുക്ക്.  മുക്കാൽ മണിക്കൂറിനുള്ളിൽ ഒരു ബസ്സിന്റെ വക രണ്ടപകടങ്ങൾ, ഒരു കാർ തകർത്തു, ഒരാൾക്ക് പരിക്ക്, രണ്ട് ട്രാഫിക്ക് ബ്ലോക്കുകൾ.  രണ്ടാമത്തെ ഇടിക്കുള്ള കാരണം പറഞ്ഞത് ബ്രേക്ക് കിട്ടിയില്ല എന്നാണ്.  അതെ, ബെല്ലും ബ്രേക്കുമില്ലാത്ത ഇത്തരം ഡ്രൈവിങ്ങ് തന്നെയാണ് ബസ്സപകടങ്ങളുടെ പ്രധാന കാരണം.

ബസ്സ് കസ്റ്റഡിയിൽ എടുത്ത ഇൻസ്പെൿടറും സംഘവും പുതിയ ട്രാഫിക്ക് കുരുക്ക് അഴിക്കുന്നുണ്ടായിരുന്നു.  അതിനിടയിലൂടെ 10 മിനിറ്റെടുത്തു ബസ്സ് മീഡിയനിൽ നിന്ന് പുറത്തെടുക്കാൻ. പൊലീസ് കസ്റ്റഡിയിൽ കൊണ്ടുപോകുമ്പോൾ പോലും ഇങ്ങനെയാണ് ഇവർ ബസ്സ് ഓടിക്കുന്നതെങ്കിൽ മറ്റുള്ള സമയങ്ങളിലെ കാര്യം ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. 100 ൽ വിളിച്ചാൽ ‘ഈ നമ്പർ നിലവിലില്ല‘ എന്ന മറുപടിയാണോ പൊതുജനത്തിന് കിട്ടേണ്ടത് ? മറ്റേത് നമ്പറിലാണ് പൊലീസ് സഹായം ലഭ്യമാകുക എന്നുകൂടെ അറിഞ്ഞാൽ കൊള്ളാം. ഇതേ വിഷയത്തിൽ രാഷ്ട്രദീപിക പത്രവാർത്ത (07.06.2016) താഴെ പങ്കുവെക്കുന്നു. അതിൽ‌പ്പറയുന്നത് ഇങ്ങനെ….

“ കൺ‌ട്രോൾ റൂമിലേക്ക് വിളിക്കുമ്പോൾ മൂന്ന് കണൿഷനുകളിലാണ് കണൿറ്റാകുന്നത്. ആ മൂന്ന് കണൿഷനുകളും പ്രവർത്തിച്ചിരുന്നതുകൊണ്ടാകാം അങ്ങനെ സംഭവിച്ചിട്ടുള്ളത്. കൊച്ചി പോലുള്ള നഗരതിനാൽ നിരവധി കോളുകൾ ഒരേസമയം വരാറുണ്ട്. ഈ പോരായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. ഒരേസമയം 90 കോളുകൾ വരെ ഡിജിറ്റൽ സംവിധാനത്തിൽ അറ്റന്റ് ചെയ്യാൻ കഴിയും. 15 ദിവസത്തിനുള്ളിൽ ഇത് പ്രവർത്തിച്ച് തുടങ്ങും എന്നാണ് പ്രതീക്ഷ.”

34a

രാഷ്ട്രദീപിക വാർത്ത് – 07 ജൂൺ 2016

വിവരസാങ്കേതിക വിദ്യയും ടെലികമ്മ്യൂണിക്കേഷനുമൊക്കെ അത്യുന്നതിയിൽ നിൽക്കുന്ന ഇക്കാലത്തും മൂന്ന് കണൿഷനുകൾ വെച്ചാണ് കൊച്ചിയിൽ 100 എന്ന പൊലീസ് നമ്പർ ഓപ്പറേറ്റ് ചെയ്യുന്നത് എന്നത് എത്ര പരിതാപകരമാണ്. 10 കൊല്ലം മുന്നേ ഡിജിറ്റൽ ആക്കേണ്ടിയിരുന്ന ഇത്തരം അവശ്യ സർവ്വീസുകളൊക്കെ 2016 മദ്ധ്യത്തിലെത്തി നിൽക്കുന്ന ഈ സമയത്തും 15 ദിവസത്തിനുള്ളിൽ ശരിയാകും എന്ന പ്രതീക്ഷയോടെ കാത്തിരിക്കണം പോലും !!  അല്ലെങ്കിലും ഇത്തരം കുഴഞ്ഞുമറിഞ്ഞ സാങ്കേതിക പ്രശ്നങ്ങളൊക്കെ സാധാരണക്കാരിൽ സാധാരണക്കാരനായ പൊതുജനം അറിയേണ്ട കാര്യമെന്തിരിക്കുന്നു ? അവർക്ക് ഒരു അത്യാവശ്യം വരുമ്പോൾ 100ൽ വിളിച്ചാൽ പൊലീസിനെ കിട്ടണം. സിനിമകളിൽ കാണുന്നത് പോലെ, നായകന്റേയും വില്ലന്റേയും പരാക്രമങ്ങളെല്ലാം കഴിഞ്ഞശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന പൊലീസിനെക്കൊണ്ട് ജനത്തിനെന്ത് കാര്യം ?

ഇനി കാതലായ വിഷയത്തിലേക്ക് കടക്കാം. നഗരത്തിൽ സ്വകാര്യബസ്സുകളുടെ മത്സര ഓട്ടവും മരണപ്പാച്ചിലും ഇന്നുമിന്നലേയും തുടങ്ങിയതല്ല. മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ ജീവൻ കൈയ്യിലെടുത്താണ് റോഡിലിറങ്ങുന്നത്. നേരം വെളുക്കുമ്പോൾ, കുറഞ്ഞ ട്രാഫിക്ക് മാത്രമുള്ള സമയത്ത് തുടങ്ങുന്നു നിരത്തിലെ ബസ്സുകളുടെ തോന്ന്യവാസങ്ങൾ.  നഗരത്തിലെ പ്രധാനപ്പെട്ട കവലകളെല്ലാം ബ്ലോക്കാക്കുന്ന വിധം ബസ്സ് നിറുത്തുന്നതും ആളെക്കയറ്റുന്നതും വൺ‌വേയിലൂടെ ബസ്സോടിക്കുന്നതുമൊക്കെ നിത്യസംഭവമാണ്. നഗരത്തിൽ ബസ്സുകൾ ഓവർടേക്ക് ചെയ്യാൻ പാടില്ലെന്ന് കോടതി നിഷ്ക്കർഷിച്ചിട്ടുള്ളതാണ്. എന്നിട്ടും പാലാരിവട്ടം സിഗ്നലിന്റെ ഭാഗത്ത് മാത്രം ബസ്സുകൾ നടത്തുന്ന ഓവർടേക്കിങ്ങുകൾ എണ്ണമറ്റതാണ്. ഇതൊക്കെ നിയന്ത്രിക്കാനോ  നിയമം അനുസരിക്കാത്ത ബസ്സുകൾക്കെതിരെ നടപടിയെടുക്കാനോ ഒരു പോലീസുകാരൻ പോലും ആ ഭാഗത്തെങ്ങും ഉണ്ടാകാറില്ല. ജീവനിൽക്കൊതിയുള്ളതുകൊണ്ട് മാത്രം ചെറുവാഹനങ്ങൾ ഓടിക്കുന്നവർ സ്വന്തം വാഹനങ്ങൾ ഒതുക്കിക്കൊടുത്ത് ഇതൊക്കെ സഹിച്ചുപോരുന്നു.

ബസ്സിനകത്തുള്ളവരുടേയും നിരത്തിലുള്ളവരുടേയും ജീവനുകൾ അപകടത്തിലാക്കിക്കൊണ്ട് എങ്ങോട്ടാണീ  മരണപ്പാച്ചിൽ ? പഞ്ചിങ്ങ് സിസ്റ്റം ആണോ ഈ പ്രശ്നത്തിന് പിന്നിൽ ? ടൈമിങ്ങും പഞ്ചിങ്ങും ആണ് കുഴപ്പക്കാരെങ്കിൽ അത് രണ്ടും പരിഷ്ക്കരിക്കുകയോ ഒഴിവാക്കുകയോ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ടുള്ള ബസ്സുകാരുടെ ഇത്തരം പോക്രിത്തരങ്ങൾക്ക് നിയമപരമായി കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  കടുത്ത നടപടിയുണ്ടാകുമെന്ന് കമ്മീഷണർ എം.പി.ദിനേശ് പറഞ്ഞതായി പത്രത്തിലുണ്ട്.  നരഹത്യ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ വെച്ച് കേസ് ചാർജ്ജ് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. കുറഞ്ഞത് 6 മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദ് ചെയ്യുകയും വേണം.  അങ്ങനെ എന്തെങ്കിലും കർശന നടപടികൾ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ട്രാഫിക്ക് നിയമങ്ങൾ നടപ്പിലാക്കുക എന്നാൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാ‍ത്തവരെ പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും ഇല്ല എന്ന മട്ടിലുള്ള പൊലീസിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായേ തീരൂ.

ഗുണപാഠങ്ങൾ :- ചുവപ്പ് മാറ്റി നീല പെയിന്റടിച്ചെന്ന് കരുതി ബസ്സുകളുടെ ഫിറ്റ്നസ്സ് കേമമാണെന്ന് ധരിച്ച് ആരും റോഡിലിറങ്ങരുത്. പല ബസ്സുകൾക്കും ബ്രേക്കും ബ്രേക്ക് ലൈറ്റുമൊക്കെ അന്യമാണ്. ഡ്രൈവർ‌മാരിൽ പലരും മദ്യപിച്ചാണ് ബസ്സോടിക്കുന്നത്. ചെക്കിങ്ങ് നടത്തിയപ്പോഴൊക്കെ പത്തും പതിനഞ്ചും പേരെ മദ്യലഹരിയിൽ പിടിച്ചിട്ടുണ്ട്. മയക്കുമരുന്ന് അടിച്ച് ബസ്സോടിക്കുന്നവർ (മറ്റ് വാഹനങ്ങളും) എത്രപേരുണ്ടെന്ന് കണ്ടുപിടിക്കാൻ നിലവിൽ മാർഗ്ഗങ്ങളൊന്നുമില്ല. സിറ്റിയിലെ പല ബസ്സുകളുടേയും ഉടമകൾ പൊലീസുകാ‍രാണ്. ആയതിനാൽ, കേസ് നടത്തി നീതി സമ്പാദിക്കാമെന്ന് ആരും മനക്കോട്ട കെട്ടരുത്. കേസ് കൊടുക്കുന്നവന്റെ മനസ്സമാധാനം ഇല്ലാതാകും. നോക്കീം കണ്ടും നിരത്തിലൂടെ നടന്നാൽ/വാഹനമോടിച്ചാൽ അവനവന് കൊള്ളാം. ഒരാവശ്യത്തിന് 100 കറക്കി പൊലീസ് സഹായം ലഭ്യമാക്കാമെന്ന് കരുതുന്നത് ശുദ്ധ വങ്കത്തരമാണ്.

വാൽക്കഷണം:- എൿസൈസ് കമ്മീഷണറാ‍യി നിയമിതനായിരിക്കുന്ന ഋഷിരാജ് സിംഗിനെ ട്രാഫിൿ കമ്മീഷണറായി മാറ്റി നിയമിക്കാൻ വല്ല വകുപ്പുമുണ്ടോ ? ഇല്ല അല്ലേ ?

Comments

comments

5 thoughts on “ നിയന്ത്രണമില്ലാത്ത ബസ്സുകളുടെ നഗരം

  1. എമർജൻസി നമ്പർ 112 ആക്കി മാറ്റിയെന്നു വാർത്ത കണ്ടിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഒറ്റ നമ്പർ മതിയെന്ന്. പോലീസിനും ഫയർഫോഴ്സിനും എല്ലാറ്റിനുംകൂടിയാ ഈ 112.

  2. എറണാകുളം നഗരത്തിലെ ബസ്സുകളിൽ പലതും പോലീസുകാർ തന്നെ ഉടമസ്ഥരായുള്ളതാണെന്ന് ഒരിക്കൽ വാർത്തകൾ ഉണ്ടായിരുന്നു. ചിലത് ഗുണ്ടാസംഘങ്ങൾ ആണ് ഓടിക്കുന്നത്. എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കും അതിനിടയിൽ സമയം പാലിക്കാൻ ഉള്ള തത്രപ്പാടും ആണ് അപകടങ്ങൾക്ക് കാരണം എന്ന് ഒരു കൂട്ടർ. ഈ വിഷയം പഠിക്കാൻ ഹൈക്കോടതി ശിവൻ മഠത്തിൽ എന്ന അഭിഭാഷകനെ കമ്മീഷൻ ആയി നിയമിച്ചിരുന്നു. ആ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിച്ചോ എന്നറിയില്ല. എന്തായാലും കൊച്ചി മഹാനഗരത്തിലെ സ്വകാര്യബസ്സ് സംവിധാനത്തിൽ കാതലായ, കാലോചിതമായ ഒരു മാറ്റം അനിവാര്യമാണ് എന്നതിൽ സംശയമില്ല.
    സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും മൂന്ന് ലൈനുമായി ഒരു കണ്ട്രോൾ റൂം ഉള്ള നഗരത്തിൽ കാലോചിതമായ മാറ്റങ്ങൾ ഇനിയും സമയം എടുക്കും.

    1. ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചതായി ഒരിക്കൽ എപ്പോഴോ വാർത്തയിൽ കണ്ട ഓർമ്മവെച്ചാണ് ശിവൻ മഠത്തിലിന്റെ കാര്യം പരാമർശിച്ചത്. ഇപ്പോൾ സേർച്ച് ചെയ്യുമ്പോൾ അത് സംബന്ധിക്കുന്ന ഒരു വാർത്തയും കാണുന്നില്ല. എന്റെ ഓർമ്മപ്പിശകാണോ?

  3. Red Devils – കൊച്ചിയിലെ സിറ്റി ബസ്സുകള്‍ക് നാട്ടുകാര്‍ ഇട്ട പേരാണ്. ആ പേര് എങ്ങിനെ എങ്ങിനെ എങ്കിലും മാറ്റി എടുക്കണം.
    ഒരു എളുപ്പ വഴി അവര്‍ തന്നെ കണ്ടുപിടിച്ചു. റെഡ് മാറ്റി ബ്ലു ആക്കി. ആഹ. എത്ര എളുപ്പം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>