111-2814-29

സ്വിസ്സര്‍ലാന്‍ഡ് (4) – ബ്രെണ്‍‌സ് & തുൺ


സ്വിസ്സ് യാത്രയുടെ 1, 2, 3, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ
———————————————————-

രാവിലെ തിരക്കിട്ട് യുങ്ങ്ഫ്രോയിലേക്ക് പോകുന്നതിനിടയില്‍ തീവണ്ടിയിലിരുന്ന് ശ്രദ്ധിക്കാതെ പോയ കാഴ്ച്ചകള്‍ മടക്കയാത്രയില്‍ കണ്ണിനിമ്പമേകി. കേബിള്‍ കാറുകള്‍ മലമുകളിലേക്ക് കയറുന്നതും ഇറങ്ങുന്നതും പലയിടത്തും കാണാം.


കുറച്ച് ജനവാസമുള്ള ഭാഗത്തൊരിടത്തേക്ക് മലമുകളില്‍നിന്ന് വീഴുന്ന ഒരു നേര്‍ത്ത വെള്ളച്ചാട്ടത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് അന്തരീക്ഷത്തില്‍ പൊടിപറക്കുന്നതിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ടാണ്.


വണ്ടി Laturnbrunn സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. അടുത്ത വണ്ടി വരാന്‍ അരമണിക്കൂറിലധികം സമയമുണ്ട്. അതിനിടയില്‍ തെരുവിലൂടെ ആ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരു നടത്തത്തിനുള്ള സമയമുണ്ടായിരുന്നു.


സ്വിസ്സ് ഗ്രാമങ്ങളിലെ തെരുവുകളിലൂടെ നടക്കുക എന്നുപറഞ്ഞാല്‍ ഒരു അനുഭൂതിയാണ്. പരവതാനി വിരിച്ചതുപോലെ പച്ചപ്പുല്ല് പിടിച്ചുകിടക്കുന്ന ഭൂപ്രദേശത്തിനിടയിലുള്ള കെട്ടിടങ്ങളുടെയും വീടുകളുടേയുമൊക്കെ ഭംഗിയാണ് അതിന് മാറ്റുകൂട്ടുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ള മലകളും, തടാകങ്ങളുമൊക്കെ നിറഞ്ഞ സ്ഥലങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലും അതിനോട് ഇണങ്ങിച്ചേരുന്ന തരത്തിലുള്ളതുമാണ് ഓരോ കെട്ടിടവും.

മഞ്ഞുവീഴ്ച്ചയുള്ള രാജ്യമായതുകൊണ്ടാകണം ചരിവുള്ള മേല്‍ക്കൂരയാണ് ഒരുവിധം എല്ലാ കെട്ടിടങ്ങള്‍ക്കും. മിക്കവാറും എല്ലാ ജനാലകളില്‍ നിന്നും വളര്‍ന്ന് പടര്‍ന്ന വിവിധനിറത്തിലുള്ള പൂച്ചെടികള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്നുണ്ടാകും.

കുറേ നടന്നപ്പോള്‍ വെള്ളച്ചാട്ടത്തിനരുകിലേക്ക് നല്ല ദൂരമുണ്ടെന്ന് മനസ്സിലാക്കി. തീവണ്ടി സ്റ്റേഷനിലെത്തുന്നതിനു മുന്‍പ് തിരിച്ചെത്താന്‍ പറ്റില്ലെന്ന് മനസ്സിലായതുകൊണ്ട് പകുതിവഴിക്കുവെച്ച് സ്റ്റേഷനിലേക്ക് മടങ്ങി.

സമയം ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്. മുന്‍‌കൂട്ടി തയ്യാറാക്കിയതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പുതിയ പദ്ധതികള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും. ഒരൊറ്റ ദിവസം പോലും ബ്രേക്ക്ഫാസ്റ്റിനോ, ഉച്ചഭക്ഷണത്തിനോ വേണ്ടി കാര്യമായ സമയം ഞങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. നേരത്തേ തന്നെ വാങ്ങി ബാഗില്‍ വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ട്രെയിനിലോ,സ്റ്റേഷനിലോ ഇരുന്ന് കഴിക്കുകയായിരുന്നു പതിവ്. വൈകീട്ട് കൂടണയുന്നതിനുമുന്‍പ് ഏതെങ്കിലും റസ്റ്റോറന്റില്‍ പോയിരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചുപോന്നു. അല്ലെങ്കിലും ഇത്രയുമധികം കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടയില്‍ ഭക്ഷണമെന്ന് സംഭവത്തെപ്പറ്റി ഓര്‍ക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നതാണ് സത്യം.

സ്വിസ്സര്‍ലാന്‍ഡിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും നോട്ടമിടുന്നത് ഒരു തടാകവും, ഒരു ഹില്‍ സ്റ്റേഷനുമാണെന്ന് മുൻപേ സൂചിപ്പിച്ചിരുന്നല്ലോ ? ഞങ്ങൾ ഇതിനകം രണ്ട് മലമുകളിലേക്ക് യാത്ര നടത്തിക്കഴിഞ്ഞിരിക്കുന്നു. തടാകങ്ങളിലേക്ക് പോയിട്ടുമില്ല. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ശേഷം രണ്ട് തടാകങ്ങളിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്.

ഈ രാജ്യത്തെ വളരെ പ്രധാനപ്പെട്ട രണ്ട് വലിയ തടാകങ്ങളാണ് Thun ഉം Brienz ഉം.Thunersee, Brienzersee എന്ന പേരുകള്‍ ചുരുങ്ങി തുണ്‍, ബ്രെണ്‍സ് എന്നായി മാറിയിരിക്കുന്നു. ഈ രണ്ട് തടാകങ്ങള്‍ക്കിടയിലുള്ള പ്രദേശമായതുകൊണ്ടാണ് Interlaken എന്ന പേരുതന്നെ ഈ സ്ഥലത്തിന് വന്നത്. എത്ര അര്‍ത്ഥവത്തായ പേര്! ഈ രണ്ട് തടാകങ്ങളില്‍ ഒന്നിലെങ്കിലേയും ബോട്ട് യാത്ര സ്വിസ്സ് സഞ്ചാരത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്.

ബ്രെണ്‍‌സ് തടാകക്കരയില്‍ കറങ്ങിവരാനും ഭക്ഷണം കഴിക്കാനുമായിരുന്നു ആദ്യത്തെ നീക്കം. അങ്ങോട്ടുള്ള വഴിയും, കാഴ്ച്ചകളും വ്യത്യസ്തവുമാണ്. തടാകത്തിന്റെ ഭാഗത്തേക്ക് ഒഴുകുന്ന നദിക്കരയിലൂടെയാണ് തീവണ്ടി നീങ്ങുന്നത്. അര മണിക്കൂറിനകം ബ്രെണ്‍‌സ് സ്റ്റേഷനിലെത്തി. ഒരു വശത്ത് സ്റ്റേഷനും, മറുവശത്ത് ബോട്ട് ജട്ടിയും തടാകവും, അതിനപ്പുറത്ത് മലനിരകളുമൊക്കെ ചേര്‍ന്ന് ബ്രെണ്‍‌സ് സ്റ്റേഷന്‍ മനോഹരമായ ഒരു കാഴ്ച്ചയാണ്.

ബ്രെണ്‍‌സ് സ്റ്റേഷനിലിറങ്ങിയാല്‍ സ്വിസ്സ് ഗൃഹനിര്‍മ്മാണത്തിന്റെ മോടിയും വൈവിധ്യവും വിളിച്ചോതുന്ന വീടുകള്‍ നിരനിരയായുള്ള ഒരു തെരുവുകാണാം.അതിലൂടെ ഒരു നടത്തം ഒഴിവാക്കാന്‍ പറ്റില്ല. തെരുവിലെ ചുരുക്കം ചില കടകള്‍ മാത്രമേ തുറന്നിരിക്കുന്നുള്ളൂ. കടകള്‍ അടച്ചുപൂട്ടി ബന്തവസ്ഥാക്കിയിടുന്ന ശീലം ഇവിടെ പൊതുവേ കുറവാണ്. ലൈറ്റൊന്നും അകത്തില്ലെങ്കില്‍ ആ കടയില്‍ അന്ന് വിലപ്പനയില്ല എന്ന് മാത്രമേയുള്ളൂ. പക്ഷെ കട താക്കോലിട്ട് പൂട്ടിയിരിക്കണമെന്ന് നിര്‍ബന്ധമില്ല. നമുക്ക് അകത്ത് കയറി നോക്കുന്നതിന് വിലക്കൊന്നുമില്ല. മോഷണം ഇവിടെയില്ല എന്നുവേണം മനസ്സിലാക്കാന്‍. അധവാ അങ്ങനെ വല്ലതും നടന്നാല്‍ അതെല്ലാം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരിക്കും. തുറന്നിരിക്കുന്ന ഒരു കടയില്‍ നിന്ന് സ്വിസ്സ് ഹോം മേഡ് ചോക്കളേറ്റ് ഒരു പെട്ടി വാങ്ങി. പൊള്ളുന്ന വിലയായിരുന്നെങ്കിലും ഇത്രയും ദൂരം വന്നിട്ട് അത് വാങ്ങാതെങ്ങിനെ മടങ്ങും ? ഇങ്ങനെയുള്ള ചിന്തയാണ് പല യാത്രകളിലും എന്റെ പോക്കറ്റിന്റെ അന്തകനായി മാറാറുള്ളത്.

തെരുവില്‍ ചില ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിന്നുണ്ട്. അതിലൊരു റസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം ഒരു തടിയന്‍ ബര്‍ഗറിലൊതുക്കി. അത്രയും രുചികരമായ ബര്‍ഗര്‍ ജീവിതത്തിലിതുവരെ കഴിച്ചിട്ടില്ല. കടയുടമയും സപ്ലെയറുമെല്ലാം ഒരു തുര്‍ക്കിമിനിസ്ഥാനിയാണ്. അദ്ദേഹത്തിനോട് കുശലമൊക്കെ പറഞ്ഞ് വെളിയിലിറങ്ങി തെരുവിന്റെ അറ്റത്തെത്തി കെട്ടിടങ്ങള്‍ക്കിടയിലൂടെ തടാകക്കരയിലേക്ക് മുറിച്ചുകടന്നു.

തെളിനീലനിറത്തില്‍ വൃത്തിയുള്ള അടിത്തട്ട് കാണിച്ചുകൊണ്ട് നില്‍ക്കുന്ന തടാകക്കാഴ്ച്ച വിസ്മയിപ്പിക്കുന്നതാണ്. തടാകക്കരയിലൂടെ ബ്രെണ്‍‌സ് സ്റ്റേഷനിലേക്കുള്ള നടത്തം ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. വലത്തുവശത്തുള്ള മലകളും അതിനു താഴെയുള്ള നീലനിറത്തിലുള്ള തടാകത്തിന്റെ കാഴ്ച്ചയോ, അതോ ഇടത്തുവശത്തുള്ള വീടുകളുടെ നിര്‍മ്മാണഭംഗിയിലാണോ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നറിയാതെ ടെന്നീസ് കളി കാണാനിരിക്കുന്നവനെപ്പോലെ തല ഇരുവശത്തേക്കും വെട്ടിച്ചുവെട്ടിച്ച് അവശനായിപ്പോയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

തടാകത്തില്‍ അങ്ങിങ്ങായി കൊച്ചുകൊച്ചു പായ് വഞ്ചികള്‍ കാണാം. തടാകസവാരി നടത്തുന്ന വലിയ ബോട്ട് ഒരെണ്ണം മാത്രമാണ് കാണാന്‍ സാധിച്ചത്. ടൂറിസമാണ്, കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെ ഒരു കാര്യവും അധികമായി വാണിജ്യവല്‍ക്കരിച്ച് വൃത്തികേടാക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.ഓപ്പണ്‍ എയര്‍ റെസ്റ്റോറന്റുകളില്‍ ഉച്ചവെയില്‍ കാഞ്ഞ് തടാകക്കരയിലിരുന്ന് പ്രകൃതി സൌന്ദര്യം ആസ്വദിച്ചിരിക്കുന്ന ജനങ്ങള്‍ക്കിടയിലൂടെ പടങ്ങളൊക്കെ എടുത്ത് നടന്ന് ബ്രെണ്‍‌സ് സ്റ്റേഷനില്‍ തിരിച്ചെത്തി, തടാകത്തിലേക്ക് നോക്കി കുറെ സമയം ചിലവാക്കി.

ബ്രെണ്‍‌സ് ലേയ്‌ക്കില്‍ ബോട്ട് സവാരി ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. വൈകീട്ട് തുണ്‍ ലേയ്‌ക്കില്‍ ബോട്ട് സവാരിക്കുള്ള സമയം മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇന്റര്‍ലേക്കണ്‍ (വെസ്റ്റ്) സ്റ്റേഷന്റെ പിന്നില്‍ നിന്നാണ് ആ ബോട്ട് യാത്ര പുറപ്പെടുന്നത്. ഇതിനിടയില്‍ ക്യാമറയുടെ ബാറ്ററി തീര്‍ന്നു. തീവണ്ടിയില്‍ കയറി ഇന്റര്‍ലേക്കണില്‍ മടങ്ങിച്ചെന്ന് മുറിയിലേക്ക് കയറി ബാറ്ററി ചാര്‍ജ്ജ് ചെയ്യാനായി സ്ഥാപിച്ചതിനുശേഷം പുറത്തെ തെരുവിലിറങ്ങി. ബാറ്ററി ചാര്‍ജ്ജാകുന്നതുവരെ അല്‍പ്പസ്വല്‍പ്പം ഷോപ്പിങ്ങ് നടത്തുകയായിരുന്നു ലക്ഷ്യം. തുണ്‍ ബോട്ട് സവാരിക്ക് ഇനിയും ഇഷ്ടം പോലെ സമയമുണ്ട്.

അടച്ചിട്ടിരുന്ന കടകളിലൊന്നില്‍ തലേന്ന് നോട്ടമിട്ടുവെച്ചിരുന്ന കുക്കു ക്ലോക്ക് (മണിയടിക്കുന്നതിനുപകരം, കൂട് തുറന്ന് ഒരു പക്ഷി പുറത്തേക്ക് വന്ന് കുക്കു,കുക്കു,എന്ന് ശബ്ദമുണ്ടാക്കുന്ന മരത്തിലുണ്ടാക്കിയ മെക്കാനിക്കല്‍ ക്ലോക്ക്) ഒരെണ്ണമായിരുന്നു എന്റെ ഉന്നം. ഏറ്റവും ചെറിയ കുക്കു ക്ലോക്ക് ഒരെണ്ണം നോക്കി തിരഞ്ഞെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്.

1.മടക്കയാത്രയില്‍ ബാഗിനകത്ത് കൂടുതല്‍ സാധനങ്ങള്‍ കയറ്റാനുള്ള സൌകര്യമില്ല.
2.കുക്കു ക്ലോക്കിന്റെ വില പോക്കറ്റിനിണങ്ങുന്നതൊന്നുമല്ല.

പല ആകൃതിയിലും, ചൈമിങ്ങിലുമൊക്കെയുള്ള കുക്കു ക്ലോക്കുകള്‍ ഒരുവിധം എല്ലാ സോവനീര്‍ കടകളിലും ലഭ്യമാണ്. എല്ലാ കുക്കു ക്ലോക്കിനും വൈന്‍ഡ് ചെയ്യാനുള്ള ചങ്ങലയും അതില്‍ തൂക്കിയിടുന്ന വെയിറ്റും കാണും. പ്രധാനമായും മൂന്ന് തരത്തിലുള്ള കുക്കു ക്ലോക്കുകളാണുള്ളത്.

1.ബാറ്ററി ഓപ്പറേറ്റഡ് ക്വാട്ട്‌സ് കുക്കു ക്ലോക്ക്.ഇതിന്റെ വൈന്‍ഡിങ്ങ് വെയിറ്റില്‍ പിടിച്ച് നോക്കിയാല്‍ തീരെ ഭാരം കാണില്ല. വൈന്‍ഡിങ്ങ് വെയിറ്റ് ഒരു ഷോ പീസ് മാത്രമാണ്. പക്ഷി കരയുന്നതൊക്കെ ബാറ്ററിയുടെ സഹായത്താലാണ്.

2.വൈന്‍ഡ് ചെയ്യുന്ന മെക്കാനിക്കല്‍ കുക്കു ക്ലോക്ക്.ഇതാണ് യഥാര്‍ത്ഥ കുക്കു ക്ലോക്ക്. ഇതില്‍ 2 വെയിറ്റ് ആണ് കാണുന്നതെങ്കില്‍ ഇതിന്റെ വൈന്‍ഡ് ഒരു ദിവസം മാത്രമേ നീണ്ടുനില്‍ക്കൂ.

3.വൈന്‍ഡിങ്ങ് വെയിറ്റ് 3 എണ്ണം കാണുന്ന മെക്കാനിക്കല്‍ കുക്കു ക്ലോക്കിന്റെ വൈന്‍ഡ് 7 ദിവസം വരെ നീണ്ടുനില്‍ക്കും. ഇത്തരം ക്ലോക്കുകള്‍ ആകാരത്തിലും, വിലയിലും വലുതായിരിക്കും.

ഒരു ലക്ഷം രൂപവരെ വിലയുള്ള കുക്കു ക്ലോക്കുകള്‍, മണിയടിക്കുകയും, പക്ഷി കരയുകയും ചെയ്യുന്നതുകൂടാതെ മറ്റ് പല കഥാപാത്രങ്ങളുടേയും കലാപരിപാടികള്‍ അരങ്ങേറുന്ന കുക്കു ക്ലോക്കുകള്‍. അതിലൊരു ക്ലോക്കില്‍ പക്ഷി കരച്ചിലിന് പിന്നാലെ മുറ്റത്തെ മേശപ്പുറത്ത് കൈയിലിരിക്കുന്ന ബിയര്‍ ഗ്ലാസ്സ് അടിച്ച് ശബ്ദമുണ്ടാക്കി വെക്കുന്ന ഒരു തൊപ്പിക്കാരനും അയാളുടെ സുഹൃത്തും. ബാഗില്‍ സ്ഥലമില്ല എന്നുപറഞ്ഞ് ഇതൊന്നും വാങ്ങാതെ മടങ്ങാതിരിക്കാനായി, ഈ ക്ലോക്കുകള്‍ ലോകത്തിന്റെ ഏത് ഭാഗത്തേക്കും പാഴ്‌സലായി എത്തിച്ചുതരാനും കടക്കാര്‍ സന്നദ്ധരാണ്. ചിലവാക്കാന്‍ പണം കൈയ്യില്‍ കരുതിയാല്‍ മാത്രം മതി.

ക്ലോക്ക് വാങ്ങി തിരിച്ച് മുറിയിലെത്തി ബാറ്ററിയുമെടുത്ത് അടുത്ത ലക്ഷ്യമായ തുണ്‍ ബോട്ട് സവാരിക്കിറങ്ങി. ഇന്റര്‍ലേക്കണ്‍ വെസ്റ്റ് സ്റ്റേഷന്റെ തൊട്ടുപിന്നില്‍ത്തന്നെയാണ് ബോട്ട് ജെട്ടി. ഓസ്റ്റ് & വെസ്റ്റ് സ്റ്റേഷനുകളും, ഹോട്ടലും, ബോട്ട് ജട്ടിയും പരിസരത്തുള്ള വഴികളുമൊക്കെ ഇതിനകം ഉള്ളം കയ്യിലെ വരകള്‍ പോലെ സുപരിചിതമായിക്കഴിഞ്ഞിരുന്നു.

വൃത്തിയും വെടിപ്പുമുള്ള ബോട്ട് ജട്ടിയിലെ പുല്‍പ്പരപ്പില്‍ ബോട്ട് കാത്തിരിക്കുന്നതുപോലും ഒരു അനുഭവമാണ്. ജട്ടിയില്‍ പത്തിരുപത്തഞ്ച് പേരുണ്ട്. കൃത്യസമയത്തുതന്നെ ബോട്ട് കരയ്ക്കടുത്തു.

ഒരു യാത്ര അവിടെ അവസാനിക്കുകയായിരുന്നതുകൊണ്ട് ബോട്ടിലുള്ളവരെല്ലാം പുറത്തേക്കിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറി.സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് ഈ യാത്രയ്ക്ക് പ്രത്യേകം ടിക്കറ്റിന്റെ ആവശ്യമില്ല.
രണ്ട് ഡക്കുകളുള്ള ബോട്ടിനകം മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. അകത്തിരിക്കണമെന്നുള്ളവര്‍ക്ക് അകത്തും, തണുത്ത കാറ്റേറ്റ് പുറത്തിരിക്കണമെന്നുള്ളവര്‍ക്ക് മുന്‍പിലും,പുറകിലും,മുകളിലെ തുറസ്സായ ഡക്കിലുമൊക്കെ ഇരിപ്പുറപ്പിക്കാം.

കാഴ്ച്ചകള്‍ കാണാനും പടമെടുക്കാനുമൊക്കെയുള്ള സൌകര്യത്തിനായി ഇപ്പറഞ്ഞ എല്ലായിടത്തും മാറി മാറി ഇരുന്നുകൊണ്ടാണ് ഞങ്ങളാ യാത്ര പൂര്‍ത്തിയാക്കിയത്. ഭക്ഷണം കഴിച്ച് യാത്ര ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ബോട്ടിലുണ്ട്.

വൈകീട്ട് 05:25ന് തുടങ്ങി 07:00 മണി വരെ നീണ്ടുനിന്ന മനോഹരമായ ഒരു ബോട്ട് യാത്ര. ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വെച്ചേറ്റവും നല്ലൊരു ജലസവാരിയായിരുന്നു അത്. ലേയ്‌ക്കിന്റെ ഇരുവശത്തുമുള്ള മറ്റ് ജട്ടികളിലേക്ക് യാത്രക്കാരെ ഇറക്കിയും കയറ്റിയുമൊക്കെ അതാതുകരകളുടെ വളരെ അടുത്തുള്ള കാഴ്ച്ചയും തടാകത്തിനു നടുവിലൂടെ ഇരുകരകളുടേയും ദൂരക്കാഴ്ച്ചയുമൊക്കെ നിര്‍ലോഭം കാണിച്ചുതന്നുകൊണ്ടായിരുന്നു ആ ജലയാത്ര.

തടാകക്കരയില്‍ താമസിക്കുന്നവരുടെ വീടുകള്‍, അതിന്റെ മുന്നിലൊക്കെ കാര്‍ പാര്‍ക്കിങ്ങിന് എന്ന പോലെ ബോട്ട് പാര്‍ക്കിങ്ങിനുള്ള സൌകര്യങ്ങള്‍, പള്ളികള്‍, പാറക്കെട്ടുകള്‍, കെട്ടിയിട്ടിരിക്കുന്ന വലുതും ചെറുതുമായ പായ് വഞ്ചികള്‍, തടാകക്കരയിലൂടെയുള്ള നടപ്പാതകള്‍, റോഡുകള്‍ എന്നിങ്ങനെ ബോട്ടില്‍ നിന്നുള്ള എല്ലാ കാഴ്ച്ചകള്‍ക്കും പുതുമയുണ്ട്.

പച്ചപ്പുല്‍മേടുകളില്‍ രാവിലെ മുതല്‍ യഥേഷ്ടം മേഞ്ഞുനടന്ന് തിന്നുമത്തുപിടിച്ച കഴുത്തില്‍ മണി തൂക്കിയ കൊഴുത്തുരുണ്ട സ്വിസ്സ് പശുക്കള്‍ ഇനി ഒരടികൂടെ മുന്നോട്ട് വെക്കാന്‍ പറ്റില്ലെന്ന ഭാവത്തില്‍ തൂങ്ങിനില്‍ക്കുന്നതൊരു കാഴ്‌ച്ചതന്നെയാണ്. ആ ദൃശ്യം കണ്ടിട്ട് , അടുത്ത ജന്മത്തില്‍ സ്വിസ്സര്‍ലാന്‍ഡില്‍ എവിടെയെങ്കിലും ഒരു പശുവായി ജനിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല.

ബോട്ട് ഓരോ കരയിലടുപ്പിക്കുന്നതും അകറ്റുന്നതും യാതൊരു വിധ തട്ടലും മുട്ടലും അലോസരവുമൊന്നുമില്ലാതെയാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കപ്പെടും. നിശ്ചലമായ വെള്ളത്തിലൂടെയായതുകൊണ്ട് മാത്രമല്ല, ബോട്ട് ക്യാപ്റ്റന്റേയും മറ്റ് ജീവനക്കാരുടേയും വളരെ ശ്രദ്ധയോടെയുള്ള നീക്കത്തിന്റെ ഫലമാണതെന്ന് കരയിലേക്കടുക്കുന്ന ബോട്ട് നോക്കി നിന്നാല്‍ മനസ്സിലാകും.


തടാകത്തിലെ പത്താമത്തേതും അവസാനത്തേതുമായ തുണ്‍ ജട്ടിയില്‍ എല്ലാവരും ഇറങ്ങുകയായി. ബോട്ട് യാത്ര അവിടെ എത്തുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങിയിരുന്നു. ജട്ടിയുടെ തൊട്ടടുത്ത് തന്നെയാണ് തുണ്‍ റയില്‍‌വേ സ്റ്റേഷന്‍. അടുത്ത വണ്ടിക്ക് ഇന്റര്‍ലേക്കണ്‍ ഓസ്റ്റിലേക്കുള്ള മടക്കയാത്രയ്ക്കും ഒരു പ്രത്യേകതയുണ്ട്. ഇതുവരെ വെള്ളത്തില്‍ നിന്ന് കണ്ട കരഭാഗത്തുകൂടെ തടാകത്തിന്റെ കരപറ്റിയാണ് തീവണ്ടിപ്പാത. വെള്ളത്തില്‍ നിന്ന് കരയിലേക്ക് കണ്ട കാഴ്ച്ചകളുടെ മറുവശം കാണിച്ചുതന്നുകൊണ്ട് തീവണ്ടി നീങ്ങിക്കൊണ്ടേയിരുന്നു. ഇതേ പാതയിലൂടെയാണ് ഞങ്ങള്‍ സൂറിക്കില്‍ നിന്നും ആദ്യത്തെ ദിവസം ഇന്റര്‍ലേക്കണില്‍ എത്തിച്ചേര്‍ന്നതെങ്കിലും ഇപ്പോള്‍ ആ പാതകള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയുന്നതുപോലെ.

ഇരുവശത്തുമുള്ള കാഴ്ച്ചകള്‍ ഇരുട്ടിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്. നാളെ ഞങ്ങള്‍ ലൂസേണിലേക്ക് താവളം മാറ്റുന്നതുകൊണ്ട് ഇത് ഇന്റര്‍ലേക്കണിലെ അവസാനത്തെ രാത്രിയാണ്. വലിയ വിശപ്പൊന്നും ഇല്ലാതിരുന്നതുകൊണ്ട് സ്റ്റേഷനിലെ ഫാസ്റ്റ് ഫുഡ് കൌണ്ടറില്‍ നിന്നുതന്നെ അത്താഴം കഴിച്ച് തലചായ്‌ക്കാനായി ഹോട്ടലിലേക്ക് മടങ്ങി.

അഞ്ചാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Comments

comments

20 thoughts on “ സ്വിസ്സര്‍ലാന്‍ഡ് (4) – ബ്രെണ്‍‌സ് & തുൺ

  1. ഇവിടെ രണ്ടു കൊല്ലം ആയിട്ടും അധികം എങ്ങും പോയില്ല. നോക്കിക്കോ അടുത്ത സമ്മര്‍ എല്ലായിടവും പോയിരിക്കും :-)

    ഓഫ്: ഗോമൂത്രകോള തപ്പി പോയതാണോ?

  2. ഛേ ഒരു ഗോളടിക്കാന്‍ വന്നതു ഗുപ്തന്‍ജി ആദ്യമേ അടിച്ചു.

    ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ സ്വിസ്സില്‍ പോക്വല്ലോ..

  3. കുക്കു കുക്കു :) ^^ ഞാനും പോകും.

    ഇനി എങ്ങാനും പോകാന്‍ പറ്റിയില്ലേല്‍… നിരക്ഷര്‍ ജി… ആലോചിക്കാന്‍ വയ്യ :(

    നല്ല ഫോട്ടോസ് + വിവരണം നിരക്ഷര്‍ ജി :)

  4. മനോജേട്ടാ..
    ചിത്രങ്ങള്‍ ഓരോന്നും അതീവ മനോഹരം.
    സത്യം പറഞ്ഞാല്‍ ഭ്രമിപ്പിക്കുന്ന ചിത്രങ്ങള്‍..
    പിന്നെ വീണ്ടും ഒരു സംശയം..
    “പല ആകൃതിയിലും, ചൈമിങ്ങിലുമൊക്കെയുള്ള കുക്കു ക്ലോക്കുകള്‍ ഒരുവിധം എല്ലാ സോവനീര്‍ കടകളിലും ലഭ്യമാണ്. “
    ഈ ചൈമിംഗ് എന്ന് വെച്ചാല്‍ എന്താണന്ന് മനസ്സിലായില്ല..

    മണ്ടന്‍ ചോദ്യം ആയിപ്പോയോ ?സ്നേഹത്തോടെ…

  5. ചാക്കോച്ചീ – chiming എന്ന ഇംഗ്ലീഷ് പദമാണത്. മലയാളത്തില്‍ പറയുമ്പോള്‍ ചൈമിങ്ങ് എന്നാണോ ചിമ്മിങ്ങ് എന്നാണോ ശരി എന്നറിയാത്തതുകൊണ്ട് പറ്റിപ്പോയ കുഴപ്പമാണത്. ക്ഷമിക്കണം.

    ക്ലോക്ക് ശബ്ദമുണ്ടാക്കി മണിയടിക്കുന്ന സംഭവമാണ് chiming.

    ഒരിക്കലും ഇതൊരു മണ്ടന്‍ ചോദ്യമാകുന്നില്ല. മലയാളത്തില്‍ ആ പദം എങ്ങനെ എഴുതും അല്ലെങ്കില്‍ അതിന്റെ ഉച്ഛാരണം ശരിക്കെങ്ങിനെയാണ് എന്ന് എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ട് സംഭവിച്ചതല്ലേ?

    എല്ലാം തുറന്ന് ചോദിക്കാനുള്ള ചാക്കോച്ചിയുടെ നല്ല മനസ്സിന് നന്ദി. ഇതുപോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും സഹായിക്കണമെന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.

  6. നീരു,
    താങ്കളെപ്പോലെ ഭാഗ്യം ചെയ്ത ഒരു ജന്മത്തെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം…
    നീരു..യാത്ര തുടരുക…
    അതൊക്കെ പോസ്റ്റായി വായിക്കാലോ..
    സ്വിസ്സ് പുരാണത്തിന്റെ ബാക്കിക്കായി അക്ഷമയോടെ,
    ചാണക്യന്‍.

  7. കിടു പടംസും വിവണംസും നിരൻ..

    പടങ്ങളൊക്കെ കൊതിപ്പിയ്ക്കുന്നത് തന്നെ.

    പശുവിന്റെ പടത്തോടൊപ്പം നമ്മുടെ പാമരൻ ആശ്രമത്തിൽ ചാർത്തിയ ഇതും കൂടി ഓർത്ത് നോക്കിയപ്പോ കുശാലായി.

    “അടുത്ത ജന്മത്തില്‍ സ്വിസ്സര്‍ലാന്‍ഡില്‍ എവിടെയെങ്കിലും ഒരു പശുവായി ജനിക്കണമെന്ന് “ ഇനി ആരും ആഗ്രഹിയ്ക്കില്ലായിരിയ്ക്കും :)

    കുക്കൂ ക്ലോക്കിന്റെ വിവരണവും അസ്സലായി. നന്ദിനി.

  8. പോസ്റ്റ് രാവിലെ കണ്ടെങ്കിലും ഇപ്പോഴാണ് വായിച്ചത്. ഇത്തവണത്തെ ചിത്രങ്ങൾക്ക് വല്ലാത്ത ഒരു ആകർഷണീയത തോന്നി. പ്രത്യേകിച്ചും 4,5,10,11, 12 പടങ്ങൾ. ഇത്തരം പടങ്ങൾ ചില കലണ്ടറുകളിലും വഴിയോരത്ത് വാങ്ങാൻ കിട്ടുന്ന പോസ്റ്ററുകളിലും മാത്രമേ കണ്ടിട്ടുള്ളൂ. പണ്ട് ഇത്തരം പടങ്ങൾ വെട്ടിയെടുത്ത് അമൂല്യനിധി പോലെ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. ഏതായാലും ഇതൊക്കെ നേരിട്ട് കാണാൻ കഴിഞ്ഞ മനോജ് ഭാഗ്യവാനാണ്.

    ഓഫ്: സ്വിസ് ചോക്കളേറ്റിന്റെ ഒരു കഷ്ണമെങ്കിലും നുണയാൻ തരാതിരുന്നതിൽ ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു :) :)

  9. ചാണക്യന്‍, ഗുപ്തന്‍, ശ്രീവല്ലഭന്‍, പാമരന്‍, പ്രിയ, ചാക്കോച്ചി, ആഷ്‌ലി എ.കെ, ആചാര്യന്‍, പകല്‍ക്കിനാവന്‍, ബിന്ദു ഉണ്ണി, പൊറാടത്ത്, കാപ്പിലാന്‍, ബിന്ദു കെ.പി, തെന്നാലിരാമന്‍….

    എല്ലാവര്‍ക്കും ഒരുപാട് നന്ദി ഈ യാത്രയില്‍ കൂടെ കൂടിയതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും.

  10. ഇതും കൂടി വായിച്ചപ്പോള്‍ ചെറിയൊരു വിഷമം….നമ്മുടെ നാട് ഇതിനേക്കാള്‍ എത്ര സുന്ദരമാ… പക്ഷെ കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാല്‍ അതൊക്കെ നശിച്ചും ആരും കാണാതെയും പോകുന്നു….നന്ദി കൂട്ടുകാരാ ഈ വിവരണത്തിന്…..സ്വിസ്സ് യാത്രയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമാ ഇത്….നന്ദി….

  11. നിരക്ഷരന്‍ ജി ….
    എന്ത് നല്ല ഫോട്ടോസ് ആണ്
    ആ പശു വിന്റെ ഫോട്ടോ പണ്ട് ജഴ്സി കാലി തീറ്റ യുടെ കലണ്ടറില്‍ ആണ് കണ്ടെക്കുന്നെ
    …. നല്ല രസം ആ വെള്ളച്ചാട്ടം ….
    പിന്നെ ഇവിടെ നിന്ന് തുടങ്ങട്ടെ വായന ..എഴുതി എഴുതി കുറെ ആയല്ലോ ….അല്ലെ ….

  12. ആ പശുക്കളെ കണ്ട് അടുത്തജന്മത്തില്‍ സ്വിസര്‍ലണ്ടിലെ പശുവായല്ല.,നിരക്ഷരനായി ജനിച്ചിരുന്നെങ്കില്‍ ….ആശിക്കുന്നു.
    തന്ന പടങ്ങളേക്കാള്‍ മനസ്സിലൊളിപ്പിച്ച ഒരുപാടുണ്ടല്ലേ..?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>