അഹമ്മദാബാദിന് വിട. രാവിലെ 08:30 മണിയോടെ, അഹമ്മദാബാദിലെ പ്രസാദ് സാറിന്റെ വീട്ടിൽ നിന്ന് കച്ചിലേക്ക് തിരിച്ചു. 380 കിലോമീറ്ററിന് മുകളിൽ ദൂരമുണ്ട്. ഏഴര മണിക്കൂർ ഡ്രൈവ്. അത്രയും സമയം കൊണ്ട് 550 കിലോമീറ്റർ ദൂരമുള്ള കൊച്ചി-ബാംഗ്ലൂർ റൂട്ടിൽ ഞാൻ ഓടി എത്തിയിട്ടുണ്ട്. കച്ചിലേക്കുള്ള വഴിയിൽ പലയിടത്തും വലിയ ട്രക്കുകളുടെ തിരക്കാണ് സമയം കൂടുതൽ എടുക്കാൻ കാരണം.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ, ഞാൻ എവിടെ എത്തി എന്ന് അന്വേഷിച്ച് അനീഷിന്റെ ഫോൺ വന്നിരുന്നു. ‘റൺ ഓഫ് കച്ച് ‘ ഉത്സവത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പുറപ്പെട്ടിരിക്കുന്ന ശ്രേയയുടെ ടീമിലെ അംഗമാണ് അനീഷ്. ഞാനും ആ ടീമിൽ അംഗമായിരുന്നു.
പക്ഷേ, അവസാന നിമിഷം, ഭാഗിയുടെ പ്രശ്നങ്ങൾ കാരണം ആ കൂട്ടത്തിൽ നിന്ന് പിന്മാറിയിരുന്നു.
കച്ചിന് 80 കിലോമീറ്റർ മുൻപാണ് ഭുജ്. അവിടെ എത്തിയപ്പോൾ ഞാൻ അനീഷിനെ തിരിച്ച് വിളിച്ചു. അവരപ്പോൾ ഭുജിൽ എത്തിയിട്ടുണ്ട്. ഞാൻ എൻ്റെ പദ്ധതി മാറ്റി. കച്ചിലേക്കുള്ള യാത്ര അവസാനിപ്പിച്ച്, ഭുജിൽ ശ്രേയക്കും ടീമിനും ഒപ്പം കൂടി. അത്താഴം അവർക്ക് ഒപ്പം കഴിച്ചു. ഈ യാത്രയ്ക്കിടയിൽ ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് ശ്രേയയ്ക്കും ടീമിനും ഒപ്പം ചേരുന്നത്. ആദ്യത്തേത് മഹാരാഷ്ട്രയിലെ AMK ട്രക്കിംഗ് ആയിരുന്നു.
ഭുജിലെ ആശീർവാദ് എന്ന ഹോട്ടലിലാണ് അവർ തങ്ങുന്നത്. ഭാഗിയും ഞാനും ഹോട്ടലിന് കീഴെ വഴിയിൽ ചുരുണ്ടു കൂടി. കുറെയേറെ ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് ഭാഗിയിൽ ഉറങ്ങുന്നത്.
നാളെ ഉത്തരായണം ആരംഭിക്കുകയാണ്. ഭുജിലും കച്ചിലുമൊക്കെ പട്ടം പറത്തൽ മത്സരങ്ങൾ ഉണ്ട്.
ചെറുപ്പത്തിൽ ഉണ്ടാക്കി പരാജയപ്പെട്ടുപോയ ഒന്നാണ് പട്ടങ്ങൾ. പട്ടത്തിൽ നൂല് കെട്ടുന്നതിന് ചില അളവുകളുണ്ട്. അത് അറിയാതെ പോയതാണ് പരാജയത്തിന് കാരണം.
ആശീർവാദ് ഹോട്ടലിന് താഴെ പട്ടം വിൽക്കുന്ന കടയുണ്ട്. അവിടന്ന് പട്ടങ്ങൾ വാങ്ങി. 10 പട്ടങ്ങൾക്ക് 150 രൂപ. 1 കിലോമീറ്റർ നൂലിന് 400 രൂപ. കടക്കാരൻ പട്ടത്തിൽ നൂല് കെട്ടേണ്ട അളവുകൾ പഠിപ്പിച്ചു തന്നു. അൻപത്തിയേഴാം വയസ്സിലാണ് ആ അളവുകൾ പഠിക്കാൻ യോഗം.
നാളെ രാവിലെ നാല് മണിക്ക് എല്ലാവരും കച്ചിലേക്ക് പുറപ്പെടും. ‘സ്വർഗ്ഗത്തിലേക്കുള്ള പാതയിൽ’ ചെന്ന് നിന്ന് സൂര്യോദയം കാണുക എന്നതാണ് ലക്ഷ്യം.
വാൽക്കഷണം:- ഭാഗിയുടെ കീഴിൽ നിന്ന് വീണ്ടും ശബ്ദങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്. കച്ചിൽ വെച്ചോ കച്ചിൽ നിന്നും മടങ്ങിയ ശേഷമോ കാര്യമായ അഴിച്ചു പണികൾ വേണ്ടിവരും. അതിന് മുൻപ് റോഡിൽ കിടന്ന് പോകാതിരുന്നാൽ ഭാഗ്യം.
ശുഭരാത്രി.