2017ൽ 120 ഹർത്താലുകളും 2018ൽ 98 ഹർത്താലുകളും നടന്നപ്പോൾ 2019ൽ നടന്നത് വെറും 12 ഹർത്താലുകൾ മാത്രമാണ്.
കേരള ഹർത്താലുകൾ – 3
ഭാരത് ഹർത്താലുകൾ – 2
പ്രാദേശിക ഹർത്താലുകൾ – 7
2017 ജൂൺ മാസത്തിൽ മാത്രം 21 ഹർത്താലുകൾ നടന്നിട്ടുണ്ട്. അതേവർഷം തന്നെ12ൽ അധികം ഹർത്താലുകൾ പല മാസങ്ങളിലും നടന്നിട്ടുണ്ട്. അവിടെ നിന്നാണ് നമ്മൾ ഒരു വർഷത്തിൽ 12 ഹർത്താലുകൾ, അതായത് മാസത്തിൽ ശരാശരി ഒരു ഹർത്താൽ, എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. മാർച്ച് 3 മുതൽ സെപ്റ്റംബർ 27 വരെയുള്ള 207 ദിവസങ്ങൾ, അതായത് ഏകദേശം ഏഴ് മാസത്തോളം, കേരളത്തിൽ ഒരു ഹർത്താൽ പോലും നടന്നില്ല എന്നതും ഒരു റെക്കോർഡ് ആണ്.
ഹർത്താൽ എന്ന ജനദ്രോഹപരമായ സമരമുറയെ ജനങ്ങൾ പുറംകാലിന് തൊഴിച്ച് വെളിയിൽ കളഞ്ഞു എന്നതിന് ദൃഷ്ടാന്തമാണിത്. അതിന് ജനങ്ങൾക്കൊപ്പം നിന്നത് കേരള ഹൈക്കോടതിയാണ്. ഏഴുദിവസം മുന്നേ നോട്ടീസ് കൊടുക്കാതെ ഹർത്താലുകൾ നടത്താൻ പാടില്ല എന്ന കർശന ശാസന വന്നതോടെയാണ് സത്യത്തിൽ ഹർത്താലുകൾക്ക് പിടിവീണത്.
എന്നിട്ടുപോലും ഈ 12 ഹർത്താലുകളിൽ 8 ഹർത്താലുകൾ ഇപ്പറഞ്ഞ മുൻകൂർ നോട്ടീസ് ഇല്ലാതെ നടന്നു. അതിൽ ഡീൻ കുര്യാക്കോസ് എന്ന കോൺഗ്രസ് നേതാവ് ആഹ്വാനം ചെയ്ത നോട്ടീസ് ഇല്ലാത്ത ഹർത്താലിനെതിരെ മാത്രമാണ് ഹൈക്കോടതി കർശന നടപടി സ്വീകരിച്ചത്. ഇത് ഹർത്താൽ ആഹ്വാനം ചെയ്യുന്നവരിൽ കൃത്യമായ നിയമഭീതി ഉളവാക്കുകളും ചെയ്തു.
പിറവം പള്ളി വിഷയത്തിൽ യാക്കോബായ സഭ നടത്തിയത് സത്യത്തിൽ നാഥനില്ലാത്ത ഹർത്താൽ ആയിരുന്നു. അവരാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതിന് യാതൊരു രേഖകളും ഇല്ലാതെയാണ് ആ ഹർത്താൽ സംഘടിപ്പിച്ചത്. ഹൈക്കോടതിക്കെന്നല്ല സുപ്രീം കോടതിക്ക് പോലും തെളിവോടെ പിടിക്കാൻ പറ്റാത്ത തരത്തിൽ. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കായി ഒപ്പം നിൽക്കേണ്ട ഒരു സഭ, സ്വത്ത് തർക്കത്തിന്റെ പേരിൽ ജനങ്ങൾക്കെതിരെ നാഥനില്ലാത്ത ഹർത്താൽ സംഘടിപ്പിച്ച ഹീനമായ കാഴ്ച്ചയായിരുന്നു അത്.
രണ്ട് ഹർത്താലുകൾ സത്യത്തിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഇന്ത്യയൊട്ടാകെ നടത്തിയ പണിമുടക്ക്, കേരളം മാത്രം ഹർത്താൽ ആക്കി മാറ്റിയതായിരുന്നു. തീവണ്ടിഗതാഗതം അടക്കമുള്ള പൊതുഗതാഗതങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത, 2 ദിവസം നീണ്ട ആ പണിമുടക്കിനെ ഹർത്താലിന്റെ കൂട്ടത്തിലേക്ക് ചേർക്കാതെ വയ്യ.
12 ഹർത്താലുകളിൽ ഏറ്റവും നെറികെട്ട ഹർത്താൽ ഏതായിരുന്നു എന്ന് ചോദിച്ചാൽ, ഡിസംബർ 17ന് പൗരത്വഭേദഗതി നിയമത്തിനെതിരെ എസ്.ഡി.പി.ഐ. ഫോർവേഡ് ബ്ലോക്ക് മുതലായ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ആയിരുന്നു. കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ പോലും തടഞ്ഞാണ് അവർ ഹുങ്ക് കാണിച്ചത്.
വിവിധ കക്ഷികൾ ആഹ്വാനം ചെയ്ത ഹർത്താലുകളുടെ എണ്ണം കൂടെ പറഞ്ഞു കൊണ്ട് ഈ കണക്ക് അവസാനിപ്പിക്കാം.
യു.ഡി.എഫ് – 5
സി.പി.എം. – 1
ബി.ജെ.പി. – 1
മുസ്ലീം ലീഗ് – 1
യാക്കോബായ – 1
SDPI / F.B. – 1
പ്രതിപക്ഷ കക്ഷികൾ – 2
വരുന്ന വർഷം ഇതിൽ കുറഞ്ഞ ഹർത്താലുകൾക്കേ കേരളത്തിൽ സ്ഥാനമുണ്ടാകൂ എന്ന് പ്രതീക്ഷിക്കാം. ഹർത്താൽ വിരുദ്ധ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും നയിക്കുന്നവർക്കും എല്ലാ ഹർത്താൽ വിരുദ്ധ പൗരന്മാർക്കും അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ !!
#Say_No_To_Harthal