ഒരു മരം മുറിക്കുന്നതിന് മുൻപ്……


eക്കൊല്ലം ജൂൺ മുതൽ ഗ്രീൻവെയ്‌ൻ എന്ന സംഘടനയുടെ 100 കോടി മരങ്ങൾ നടുന്ന പദ്ധതിയിൽ സഹകരിക്കാൻ തുടങ്ങിയതിന് ശേഷം, മരങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കൽപ്പോലും നിനയ്ക്കാത്ത ഒരുപാട് കാര്യങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, അഭിമാനവുമുണ്ട്. നക്ഷത്രമരങ്ങളും കാട്ടുമരങ്ങളുമടക്കം ഇതുവരെ പരിചയമില്ലാത്ത ഒരുപാട് മരങ്ങളെ മനസ്സിലാക്കാനായതും, ധാരാളം പ്രകൃതിസ്നേഹികളെ പരിചയപ്പെടാനായതുമൊക്കെ ചെറിയ കാര്യങ്ങളല്ല.

അങ്ങനെയിരിക്കുമ്പോഴാണ് മനസ്സിലാക്കിയത് ഗ്രീൻവെയ്‌ന്റെ പ്രവർത്തകനാകുമ്പോൾ മരങ്ങൾ നടുക മാത്രമല്ല, വനനശീകരണം നടക്കുന്നതിനെതിരെ ശബ്ദമുയർത്തുക കൂടെ വേണം. എന്നുവെച്ചാൽ മരം മുറിക്കുന്നിടത്തെല്ലാം പോയി തടസ്സപ്പെടുത്തണം എന്ന്. ‘എറണാകുളം ജില്ലാ ആശുപത്രി വളപ്പിൽ തകൃതിയായി മരം മുറിക്കുന്നു. ഒന്ന് പോയി നോക്കാത്തതെന്ത് ‘ എന്ന് ചോദിച്ചുകൊണ്ട് ഹരിദ്വാറിൽ നിന്ന് ഗ്രീൻവെയ്ൻ ചീഫ്-കോർഡിനേറ്റർ സ്വാമി സംവിദാനന്ദിന്റെ ഫോൺ വന്നതോടെയാണ് അക്കാര്യം  കൃത്യമായി മനസ്സിലാക്കിയത്.  ഹരിദ്വാറിലിരിക്കുന്ന സ്വാമിയിതെങ്ങനെ അറിഞ്ഞു എന്നൊരു ചോദ്യച്ചിഹ്നം വേറൊരു ഭാഗത്ത് നിൽക്കുന്നുണ്ട്.

എന്തായാലും സ്കൂട്ടറെടുത്ത് ആശുപത്രിയിലേക്ക് വെച്ചുപിടിച്ചു.  ആശുപത്രി അങ്കണത്തിൽ  മ്യൂസിക്ക് തെറാപ്പിയുടെ ഭാഗമായി ശ്രീ കൈതപ്രം നമ്പൂതിരിയുടെ പാട്ടുകച്ചേരി നടക്കുന്നു.  കേരളത്തിലെ മിക്കവാറും എല്ലാ  ചാനലുകാരും പത്രക്കാരും അതൊപ്പിയെടുക്കാൻ ക്യാമറകളുമായി സ്ഥലത്തുണ്ട്. മരം വെട്ട് നടക്കുന്നത് മാത്രം അവരാരും അറിയുന്നില്ല.

“ആലായാൽ തറവേണം,
അടുത്തൊരമ്പലം വേണം,
ആലിനു ചേർന്നൊരു
തറയും വേണം.” ……… തിരുമേനിയുടെ ആലാപനം കത്തിക്കയറുകയാണ്.

തൊട്ടപ്പുറത്ത് സ്‌ക്കാനിങ്ങ് സെന്ററിനോട് ചേർന്ന് നിൽക്കുന്ന കൂട്ടനൊരു തണൽ വൃക്ഷം മുറിക്കുമ്പോൾ പാടാൻ, ഇതിലും നന്നായി ചേരുന്ന മറ്റൊരു  ഗാനം ഈ ഭൂമിമലയാളത്തിലില്ല. തെറാപ്പി പരിപാടി കഴിഞ്ഞതോടെ പരിചയമുള്ള ഒരു ചാനൽസുഹൃത്തിനോട് കാര്യം പറഞ്ഞു. അദ്ദേഹം മറ്റൊരു റിപ്പോർട്ടറേയും കൂട്ടി എനിക്കൊപ്പം വന്നു. മറ്റൊരു ഗ്രീൻവെയ്ൻ സഹപ്രവർത്തക ചിത്തിരയും വിവരമറിഞ്ഞ് ഇതിനകം സ്ഥലത്തെത്തിയിരുന്നു. മുൻപും മുറിക്കാൻ ശ്രമിച്ച ഒരു മരമാണിത്. അന്ന് മതിയായ രേഖകളൊന്നും ഇല്ലാതെയായിരുന്നു നീക്കം. പരിസ്ഥിതി പ്രവർത്തകർ ചിലർ ചേർന്ന്  അന്നാ ശ്രമം തടസ്സപ്പെടുത്തിയതിന്റെ അനുഭവമുള്ളതുകൊണ്ടാകണം, ഇപ്രാവശ്യം വനം വകുപ്പിൽ നിന്നുള്ള അനുവാദമൊക്കെ സംഘടിപ്പിച്ചാണ് മുറിക്കുന്നത്.  ഫോറസ്റ്റിൽ നിന്നുള്ള ഉത്തരവിന്റെ പകർപ്പ് കാണിച്ചുകൊണ്ട്, “നിങ്ങൾ പ്രശ്നമുണ്ടാക്കരുത് വാർത്തയാക്കരുത്  ” എന്നൊക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനൻ നേരിട്ട് വന്ന് പറഞ്ഞപ്പോൾ പിന്നെന്ത്  ചെയ്യണമെന്ന് ഞങ്ങളും ധർമ്മസങ്കടത്തിലായി.

മേയർ, കളക്‌ടർ, എന്നിങ്ങനെ സകലർക്കും കോപ്പി വെച്ചുകൊണ്ടുള്ള ഉത്തരവാണെങ്കിലും ഡി.എം.ഓ.യ്ക്ക് കോപ്പിയില്ല. കാറുകൾക്ക് മുകളിൽ കമ്പുകൾ വീഴുന്നു എന്നതാണ് കാരണം പറയുന്നത്. മതിലിനരുകിൽ നിൽക്കുന്ന ഏതോ മരത്തിന്റെ കൊമ്പിറക്കാനുള്ള അനുവാദം വാങ്ങി ക്യാമ്പസിന്റെ ഒത്തനടുക്കുള്ള പല മരങ്ങളുടേയും  ശാഖകൾ വെട്ടിക്കഴിഞ്ഞിരിക്കുന്നു. ഇനി ബഹളമുണ്ടാക്കിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാലും വിട്ടുകൊടുക്കുന്നത് കുറച്ചിലല്ലേ ? അന്യായ രീതിയിലുള്ള കൊമ്പ് മുറിക്കലാണ് നടന്നതെന്നും അതിന് പകരം പുരയിടത്തിൽ 20 മരങ്ങളെങ്കിലും പുതുതായി നടണമെന്നും പറഞ്ഞപ്പോൾ അതിന് പറ്റിയ സ്ഥലങ്ങളെല്ലാം കൊണ്ടുപോയി കാണിച്ചുതന്നു ഉദ്യോഗസ്ഥൻ. അന്നങ്ങനെ പിരിഞ്ഞു.

അതിന് മുന്നേ തന്നെ ഒരു ദിവസം, കൃത്യമായി പറഞ്ഞാൽ ജൂൺ അഞ്ചിന് കൊട്ടിഘോഷിച്ച് പരിസ്ഥിതി ദിനം കൊണ്ടാടിയ ശേഷം ജൂൺ 7ന് തന്നെ കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷന്റെ വളപ്പിലുള്ള പുരാതനമായ ഒരു പേരാൽ, ‘മതിൽ പൊളിക്കുന്നു’ എന്ന ബാലിശമായ കാരണം പറഞ്ഞ് വെട്ടിനാശമാക്കി. പൊലീസ് സ്റ്റേഷന് എന്തിനാണ് മതിൽ. അതും ജനമൈത്രി പോലീസ് സ്റ്റേഷന് ? കൊടുങ്ങല്ലൂരിലെ പ്രകൃതി സ്നേഹികൾ കൃത്യസമയത്ത്  ഇടപെട്ട് കോടതികയറി മരം മുറിക്കൽ തടഞ്ഞെങ്കിലും അപ്പോഴേക്കും പേരാൽ ഒരുവിധം മൃതപ്രായമാക്കിക്കഴിഞ്ഞിരുന്നു.  ആ കേസിപ്പോഴും കോടതിയിലാണ്.

8
          കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ പേരാൽ മുറിച്ചുമാറ്റുന്നു.

അതിനടുത്ത ആഴ്ച്ചയാണ് തൃശൂരിൽ പുഴയ്ക്കൽ അയ്യന്തോൾ റൂട്ടിൽ ടയോട്ടാ ഷോറൂമിന്റെ മുൻവശത്ത് പൊതുനിരത്തിൽ നിന്നിരുന്ന മാവുകൾ വെട്ടിമാറ്റപ്പെട്ടത്. ഇത്രയും പൊതുവായ ഒരു സ്ഥലത്ത് പട്ടാപ്പകൽ ആർക്കുവേണ്ടി അരാണത് ചെയ്തതെന്ന് പോലും മനസ്സിലാക്കാനായിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്.  ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് ആർക്കും അറിയില്ല ഇതാരു് ചെയ്തെന്ന്. അതിനായി വിവരാവകാശ നിയമപ്രകാരം നീങ്ങിയിരിക്കുകയാണ് തൃശൂരിലെ പ്രകൃതി സംരക്ഷണ സമിതി.  ടയോട്ടോ ഷോറൂമിലേക്കുള്ള കാഴ്ച്ച മറയുന്നതുകൊണ്ട് ഉണ്ടായ നീക്കമാണെന്ന് കേൾക്കുന്നുണ്ടെങ്കിലും നിജസ്ഥിതി വെളിവായിട്ടില്ല. ബാക്കിയുള്ള മരങ്ങൾക്ക് നേരെ ഒരു നീക്കമുണ്ടായാൽ ടയോട്ടോ ഷോറൂമിലെ ജീവനക്കാർ തന്നെ തടയും എന്നാണ് ഉറപ്പ് കിട്ടിയിരിക്കുന്നത്.

rr
      പുഴയ്ക്കലെ മാവുകളുടെ അവസ്ഥ.

ഏറ്റവും അവസാനം കേട്ട മരം മുറിക്കൽ വാർത്തയും തൃശൂരുനിന്ന് തന്നെ. ദേശീയ കായിക മേളയ്ക്ക് ഗ്രൗണ്ട് ഒരുക്കാനായി പൊലീസ് അക്കാഡമി വളപ്പിലുള്ള 51 മരങ്ങൾ മുറിച്ച്മാറ്റാൻ തീരുമാനമായിരിക്കുന്നു. ഷൂട്ടിങ്ങ് മത്സരം നടത്തണമെങ്കിൽ ആദ്യം ഈ മരങ്ങൾ മുറിച്ച് മാറ്റി മൈതാനം ഉണ്ടാക്കണമത്രേ ! മരം മുറിക്കാൻ പാടില്ല എന്നുള്ള ട്രീ വെൽഫെയർ കമ്മറ്റിയുടെ തീരുമാനത്തെ മറികടന്നാണ് ഫോറസ്റ്റ് വകുപ്പുതന്നെ ഈ പാതകത്തിന് മുൻകൈയ്യെടുക്കുന്നത് എന്നും വാർത്തയിലുണ്ട്.  പൊലീസ് അക്കാഡമിയിലുള്ളവർ വൃക്ഷസ്നേഹികളാണ്. ഒരുപാട് മരങ്ങൾ നട്ടുപിടിപ്പിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വാർത്തയുടെ നിജസ്ഥിതി മനസ്സിലാക്കി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് തൃശൂർ പ്രകൃതി സംരക്ഷണ സമിതി.

9അ

തൃശൂരിലെ തന്നെ സംഗീത നാടക അക്കാഡമി വളപ്പിൽ തന്ത്രപൂർവ്വം മറ്റൊരു മരം മുറിക്കൽ നടന്നുകൊണ്ടിരിക്കുന്നു. മരത്തിനടിയിൽ ഒരു കെട്ടിടം പൊങ്ങിവരുന്നു. അത് മുകളിലേക്ക് പോകുന്ന മുറയ്ക്ക് മുകളിൽ പന്തലുപോലെ നിൽക്കുന്ന മാവ് വെട്ടിമാറ്റപ്പെടും. ചില ശാഖകൾ വെട്ടിക്കഴിഞ്ഞിരിക്കുന്നു. ഒറ്റയടിക്ക് മരം മുറിച്ച് നീക്കിയാൽ ശ്രദ്ധയിൽപ്പെടും എന്നതുകൊണ്ടാണ് ഈ സൂത്രപ്പണി. കെട്ടിടം പൊങ്ങിക്കഴിഞ്ഞാൽപ്പിന്നെ അതിന് ഭീഷണി എന്ന് പറഞ്ഞ് മുറിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലല്ലോ ? തൃശൂർ പ്രകൃതി സംരക്ഷണ സമിതി ഇടപെട്ട് ഇനിയങ്ങോട്ട് മുറിക്കാൻ പറ്റില്ല എന്ന നിലയ്ക്കെത്തിച്ചിട്ടുണ്ട് കാര്യങ്ങൾ.

88
                          കെട്ടിടം പണിതുയർത്തിയശേഷം മരം മുറിക്കുന്ന തന്ത്രം.

777

മരങ്ങൾ വെച്ചുപിടിപ്പിക്കാനും അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും  ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാപനമായ കാർഷിക സർവ്വകലാശാലയിലും ഇന്നലെ മരങ്ങൾ പിഴുതെറിഞ്ഞിട്ടുണ്ട്.

യു
                      തൃശൂർ കാർഷിക സർവ്വകലാശാലയിൽ നിന്ന്  ഒരു രംഗം.

മെട്രോ റെയിലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് കോളേജ് ഗ്രൗണ്ടിന്റെ മുന്നിലടക്കം എം.ജി.റോഡിൽ പലയിടത്തുമുണ്ടായിരുന്ന കൂറ്റൻ തണൽ വൃക്ഷങ്ങൾ മുറിക്കുമ്പോൾ, മുൻപിവിടെ ഒരു വടവൃക്ഷമുണ്ടായിരുന്നു എന്നതിന്റെ തെളിവിലേക്കായി ഒന്നുരണ്ട് പടങ്ങളെടുത്ത്, നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.  അതൊക്കെ തടുക്കാൻ പോകുന്നവർക്ക് വികസനവിരോധി എന്ന പേര് വീഴുമെന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ലെന്ന് നന്നായറിയാം.

66
                                 എറണാകുളം എം.ജി.റോഡിൽ ഇന്നീ മരങ്ങൾ ഒന്നുമില്ല.

വികസനത്തിന്റെ പേരിൽ മരം മുറിക്കലുകൾ  ഇനിയും അനവധി ക്യൂ  നിൽക്കുന്നുണ്ട്. കലൂർ സ്റ്റേഡിയത്തിന്റെ വശങ്ങളിൽ കൺവെൻഷൻ സെന്റർ വരുന്നതിന്റെ ഭാഗമായി അവിടെ പാതയോരത്തുള്ള മരങ്ങളെല്ലാം അധികം താമസിയാതെ കോടലിക്കിരയാക്കാനാണ് പദ്ധതി.  പാതയോരത്ത് നിൽക്കുന്ന ആ മരങ്ങൾ മുറിക്കാതെയും കൺവെൻഷൻ സെന്റർ നിർമ്മിക്കാനാകും എന്നുള്ളപ്പോൾ വികസനത്തിന്റെ പേരിൽ ആ മരങ്ങൾ മുറിക്കാൻ സമ്മതിക്കില്ല എന്ന് തന്നെയാണ് സമാനചിന്താഗതിയുള്ള ഒരുപറ്റം സുഹൃത്തുക്കൾ തീരുമാനമെടുത്തിരിക്കുന്നത്. രാതിയുടെ മറവിൽ ഒളിച്ചും പാത്തും ഭീരുക്കളെപ്പോലെ വന്ന് ആ ക്രൂരകൃത്യം ചെയ്തുകളയുമോ എന്ന് മാത്രമാണ് ആശങ്ക. അങ്ങനൊരു പാപ്പരത്തത്തിന് മുതിരില്ലെങ്കിൽ ആ മരങ്ങൾ മുറിക്കാൻ സമ്മതിക്കുന്ന പ്രശ്നമില്ല.

വികസനത്തിന്റെ പേര് പറഞ്ഞും നിലവിലുള്ള നിയമ നടപടികളെ അട്ടിമറിച്ചുകൊണ്ട് സൂത്രപ്പണികളിലൂടെയുമൊക്കെയാണ് ഇപ്പോൾ പല മരം വെട്ടലുകളും അരങ്ങേറുന്നത്.  ട്രീ കമ്മറ്റിയുടെ അനുവാദമില്ലാതെ മരങ്ങൾ മുറിക്കാൻ പാടില്ലെന്നാണ് ശ്രീ.ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ മുതലിങ്ങോട്ടുള്ള ചട്ടം. പക്ഷെ പലപ്പോഴും ട്രീ കമ്മറ്റി മീറ്റിങ്ങ് കൂടി കാര്യങ്ങൾ പഠിച്ച് മരങ്ങൾ പോയി നോക്കി തീരുമാനമെടുത്ത് അതിനനുസരിച്ചല്ല മരങ്ങൾ മുറിക്കപ്പെടുന്നത്. അവരിൽ ഒന്നോ രണ്ടോ പേരെ സ്വാധീനിച്ചും അവരുടെ തീരുമാനം മറികടന്നും മരങ്ങൾ മുറിച്ചുകൊണ്ടേയിരിക്കുന്നു.   ജനങ്ങൾ സംഘടിച്ച് ചെന്ന് ബഹളമുണ്ടാക്കുന്നുണ്ടെന്ന് കാണുമ്പോൾ മരം മുറിക്കുന്നവർ പരുങ്ങുന്നുണ്ടെന്നതാണ് വാസ്തവം. അത് മനസ്സിലാക്കി, ഏതൊരു പൗരനും ഒറ്റയ്ക്ക് ചെന്നായാലും ശബ്ദമുയർത്തണം,  ജനം തടിച്ചുകൂടുന്ന ഒരു അവസ്ഥയുണ്ടാക്കണം. ബാക്കിയവശേഷിക്കുന്ന കുറച്ച് മരങ്ങളെ സംരക്ഷിക്കാൻ പൊതുജനം തന്നെ ഇടപെടാതെ തരമില്ലെന്ന് ഓരോരുത്തരും മനസ്സിലാക്കണം അതിനനുസരിച്ച് പ്രവർത്തിക്കണം.

7
         എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ ഭീഷണി നേരിടുന്ന മരങ്ങൾ

എറണാകുളം ജനറൽ ആശുപത്രിയുടെ സ്പെഷ്യൽ വിങ്ങിന്റെ പണി തുടങ്ങാൻ പോകുന്നുണ്ട്. ഉദ്യോഗസ്ഥന്മാരുടെ കോർട്ടേർസ് ഇരിക്കുന്ന പുരയിടത്തിൽ ആ കെട്ടിടങ്ങൾ എല്ലാം പൊളിച്ചുമാറ്റിയാണ് പുതിയ കൂറ്റൻ കെട്ടിടങ്ങൾ വരാൻ പോകുന്നത്. അതോടോപ്പം നൂറ് കണക്കിന് വർഷം പഴക്കമുള്ള ഒരുപാട് മരങ്ങൾക്കും കോടാലി ഭീഷണിയുണ്ട്. ജാഗരൂകരായി നിന്നില്ലെങ്കിൽ വികസനത്തിന്റെ പേരിൽ പട്ടണനടുവിലുള്ള അവസാനത്തെ മരവും മുറിച്ച് മാറ്റപ്പെട്ടെന്ന് വരും.

ഒരു വ്യക്തിപരമായ അനുഭവം കൂടെ പങ്കുവെച്ചുകൊണ്ട് അവസാനിപ്പിക്കാം.  കുറച്ച് വർഷങ്ങൾക്ക് മുൻപ് മകൾ നേഹ, ഇംഗ്‌ളണ്ടിലെ പീറ്റർബറോ എന്ന സ്ഥലത്ത് രണ്ടാം ക്‌ളാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിൽ നിന്ന് കൊണ്ടുവന്ന ഒരു കത്ത് ചുവടെ ചേർക്കുകയും പകർത്തി എഴുതുകയും ചെയ്യുന്നു.

2

Dear Parents and Careers

In the April news letter, I told you about the proposed new building for our breakfast and After school club/Children’s centre. We were at that time awaiting planning permission. Unfortunately, this was refused due to the proposed building being too close to the trees on the adjoining property. The root protection area for these trees was not big enough to enable the plans to be passed.

Over the break, I have been talking to the officers concerned with the project and we have been looking again at the plans. There will be new proposals put forward and the plans will be re-submitted. I will of course keep you informed of progress.

Mrs.Goodwin

തൊട്ടപ്പുറത്തെ പുരയിടത്തിലെ മരങ്ങളുടെ വേരിന് സംരക്ഷണം കൊടുക്കാൻ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയിൽ സ്‌ക്കൂൾ ക്യാമ്പസിൽ കെട്ടിടം പണി മുടങ്ങിയിരിക്കുന്നു. മറ്റ് മാർഗ്ഗങ്ങൾ കണ്ട് പിടിച്ച് വിവരങ്ങൾ, മാസത്തിൽ ഒരിക്കൽ മാത്രം ആ ഭാഗത്ത് ചെല്ലുന്ന രക്ഷിതാക്കളെ അറിയിക്കും പോലും!! വിലപ്പെട്ട ഒരു രേഖയായി ഇന്നും ആ കത്ത് സൂക്ഷിക്കുന്നുണ്ട് ഞാൻ.

സോറി, താങ്ക് യൂ, ഗുഡ് മോണിങ്ങ്, എന്നിങ്ങനെയുള്ള ഉപചാര വാക്കുകൾ, കാലിലേം കൈയ്യിലേം പാന്റ്, കഴുത്തിലെ കോണകം അങ്ങനെ ചിലത് മാത്രം ഉൾക്കൊണ്ടശേഷം സായിപ്പിനെ നാടുകടത്തിവിട്ടതോടെ എല്ലാം തികഞ്ഞെന്ന് കരുതുന്നത് ശുദ്ധഭോഷ്ക്കാണ്.  സ്വന്തം പുരയിടത്തിൽ രമ്യഹർമ്മ്യം പണിയാൻ അയൽവാസിയുടെ പുരയിടത്തിൽ നിന്ന് ഇങ്ങോട്ട് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പും പറ്റുമെങ്കിൽ മരം തന്നെയും അനുവാദമില്ലാതെ മുറിച്ചുമാറ്റുന്ന നമ്മൾ ഓരോരുത്തരും നമ്മുടെ ഭരണകൂടവും അധികാര വർഗ്ഗവുമൊക്കെ സായിപ്പിന്റെ ഇത്തരം ശീലങ്ങൾ എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു ? സമ്പൂർണ്ണ സാക്ഷരരും അഭ്യസ്ഥവിദ്യരുമെന്നുമൊക്കെ പറയുന്ന ഒരു ജനതയ്ക്ക് മരങ്ങളുടെ കാര്യത്തിൽ കുറേക്കൂടെ ആരോഗ്യപരമായ ഒരു സമീപനം എന്തുകൊണ്ടാണ് സാധിക്കാത്തത്  ? എന്തെങ്കിലും കുഴപ്പം കാണുമായിരിക്കും അല്ലേ ?

വാൽക്കഷ്ണം:- ഒരു മരം മുറിക്കുന്നതിന് മുൻപ് അതിനോട് അനുവാദം ചോദിച്ച്, അതിലെ പക്ഷിമൃഗാദികൾക്ക് ഒഴിഞ്ഞുപോകാനുള്ള സമയം കൊടുക്കണമെന്നൊക്കെ പുരാണങ്ങളിൽ പറയുന്നു. മനുഷ്യന്മാർക്ക് ജീവഹാനി ഉണ്ടെങ്കിലേ മുറിക്കാൻ പാടുള്ളൂ എന്ന് നിലവിലുള്ള നിയമസംഹിതകളിലും പറയുന്നുണ്ട്. ചുമ്മാ പറഞ്ഞെന്ന് മാത്രം. പറച്ചിലുകൾ അങ്ങനെ ഒരുപാടുണ്ടല്ലോ.

————————————————————————————————————-
ചിത്രങ്ങൾക്ക് കടപ്പാട്:- സാബു ഈരേഴത്ത്, ഫ്രാൻസിസ് സേവ്യർ, മനോജ് കരിങ്ങാമഠത്തിൽ, സുകുമാരൻ ലാൽ എന്നിവരോട്.

Comments

comments

2 thoughts on “ ഒരു മരം മുറിക്കുന്നതിന് മുൻപ്……

  1. ‘സോറി, താങ്ക് യൂ, ഗുഡ് മോണിങ്ങ്, എന്നിങ്ങനെയുള്ള ഉപചാര വാക്കുകൾ, കാലിലേം കൈയ്യിലേം പാന്റ്, കഴുത്തിലെ കോണകം അങ്ങനെ ചിലത് മാത്രം ഉൾക്കൊണ്ടശേഷം സായിപ്പിനെ നാടുകടത്തിവിട്ടതോടെ എല്ലാം തികഞ്ഞെന്ന് കരുതുന്നത് ശുദ്ധഭോഷ്ക്കാണ്.’
    നിരക്ഷരാ, ഉദ്യമത്തിന്‌ ആശംസകൾ നേരാൻ മാത്രമേ ഇപ്പോൾ പറ്റുന്നുള്ളു.
    നമുക്കും ബോധമുണ്ടാകുന്ന ഒരു കാലമുണ്ടാകും എന്നാശ്വസിക്കാം.

  2. നിങ്ങളുടെ ഈ പ്രവര്‍ത്തനത്തിനു സര്‍വ്വ പിന്തുണയും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>