Monthly Archives: January 2025

ഡിയു ദ്വീപും കളക്ടർക്ക് പരാതിയും (ദിവസം # 141 – രാത്രി 11:40)


2
സ്ക്കൂളിൽ കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകൾ പഠിച്ചിരുന്നത് ഗോവ, ഡാമൻ, ഡിയു എന്ന ക്രമത്തിലാണ്. ഗോവ പിന്നീട് സംസ്ഥാനമായി. ഡിയു എന്ന ദ്വീപിൽ വരാൻ അവസരമുണ്ടായത് ഇന്നലെയാണ്. ഡിയു എന്നാൽ ദ്വീപ് എന്നാണ് അർത്ഥം. ഇന്ന് ഈ വിവരം മനസ്സിലാക്കിയത് സുഹൃത്ത് Sasikumar Nair ൽ നിന്നാണ്.

ഇന്നലെ രാത്രിയിലേത് പോലെ മനോഹരമായ ഒരു ക്യാമ്പിങ്ങ് ഈ യാത്രയിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ല. വിശാലമായ തുറമുഖത്ത്, ഇന്തോ-പാക്ക് യുദ്ധത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഖുക്രി എന്ന യുദ്ധക്കപ്പലിലേക്ക് നോക്കിക്കിടന്ന് ഉറങ്ങുക. രാത്രി എപ്പോഴോ അതിലെ പ്രകാശങ്ങൾ അണയുന്നതിന് സാക്ഷിയാവുക. രാവിലെ അതേ കപ്പൽ കണികണ്ട് ഉണരുക. ഒരു സ്വപ്നത്തിൽ ഇതൊക്കെ സംഭവിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.

തുറമുഖത്തിന്റെ തൊട്ടടുത്ത ചായക്കടലിൽ നിന്ന് ഒരു കട്ടിങ്ങ് കുടിച്ച് 9 മണിയോടെ ഷിൻ്റു ഭുജിലേക്ക് യാത്രയായി. ഞാൻ ദ്വീപിലെ മറ്റ് കാഴ്ച്ചകളിലേക്ക് ഊളിയിട്ടു.

രണ്ടുമൂന്ന് മണിക്കൂർ കൊണ്ട് കറങ്ങി കാണാവുന്ന ഒരു കൊച്ചു ദ്വീപാണ് ഇത്. ദ്വീപായത് കൊണ്ട് തന്നെ പല ഭാഗത്തും ബീച്ചുകളും ഉണ്ട്. മറ്റൊടങ്ങളിൽ വലിയ പാറക്കെട്ടുകൾ ആണ്. പഴയ കെട്ടിടങ്ങൾ എല്ലാം പോർച്ചുഗീസ് മുഖമുദ്രയുള്ള നിർമ്മിതികളാണ്.

സെന്റ് പോൾസ് ചർച്ച്:- 1601-1610 കാലഘട്ടത്ത് ഉണ്ടാക്കിയ അതി ഗംഭീരമായ ഒരു പള്ളിയാണ് ഇത്. ഇപ്പോഴും പ്രാർത്ഥന നടക്കുന്ന ദേവാലയം. പക്ഷേ, പരിപാലനം കമ്മി ആയതുകൊണ്ട് നാശത്തിന്റെ വക്കിലേക്ക് കടന്നിരിക്കുന്നു. അകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല എന്ന് ബോർഡ് ഉണ്ട്. പക്ഷേ അവിടുത്തെ കാവൽക്കാരൻ എന്നെ പടങ്ങൾ എടുക്കാൻ അനുവദിച്ചു. സെൽഫി എടുക്കരുതെന്ന് മാത്രം നിഷ്ക്കർഷിച്ചു.

എന്തുകൊണ്ടാണ് പള്ളി പരിപാലിക്കാത്തത് എന്ന് ചോദിച്ചപ്പോൾ. “ആവശ്യമില്ലാത്ത സാധനങ്ങൾ പരിപാലിക്കാനാണ് സർക്കാരിന് താൽപ്പര്യം. കോട്ട പുതുക്കിപ്പണിയുന്നത് കണ്ടില്ലേ? അതിന്റെ നാലിലൊന്നെങ്കിലും ഈ പള്ളിക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കിൽ!” അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിരാശയും രോഷവും കലർന്നിരുന്നു.

“കോട്ടയുടെ പരിപാലനം ആവശ്യമില്ലാത്തതല്ല സുഹൃത്തേ. കൂട്ടത്തിൽ, ഒരു പഴയ നിർമ്മിതി എന്ന നിലയ്ക്ക് ഈ പള്ളിയും പുതുക്കിപ്പണിയേണ്ടത് തന്നെ.” എന്നുള്ള മറുപടി ഞാൻ വിഴുങ്ങി.
ഹെറിറ്റേജ് നടത്തം:- ജലന്ധർ ബീച്ചിനോട് ചേർന്നാണ് ഹെറിറ്റേജ് നടത്തത്തിനുള്ള സൗകര്യം ചെയ്തിരിക്കുന്നത്. സമുദ്രതീരത്ത് കൂടെയുള്ള ആ നടത്തം ഊർജ്ജദായകമാണ്. ഈ ഭാഗത്ത് ചെല്ലുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഡിയു കോട്ട, നിലവിൽ കോട്ട ഇരിക്കുന്ന ഭാഗം കൊണ്ട് തീരുന്നില്ല. അതിന്റെ മതിൽക്കെട്ട് ദ്വീപിനുള്ളിലെ പല ഭാഗങ്ങളിലേക്കും നീളുന്നുണ്ട്.

അങ്ങനെയൊരു കോട്ടമതിൽ ഇവിടെയും കാണാം. ഡിയു ദ്വീപിലേക്ക് കടന്നുവരുമ്പോൾ റോഡിന്റെ ഒരു വശത്ത് ഇത്തരത്തിൽ കോട്ടമതിൽ ഇന്നലെത്തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഖുക്രി സ്മാരകം:- ഇതേ പാത പിന്തുടർന്ന് മുന്നോട്ട് പോയാൽ ഖുക്രി F-149 എന്ന കപ്പലിന് വേണ്ടി ഉണ്ടാക്കിയ സ്മാരകത്തിൽ എത്താം. കടൽ തീരത്ത് തന്നെയാണ് ഇത് നിലകൊള്ളുന്നത്. 1971ലെ യുദ്ധം കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് പാക്കിസ്താന്റെ അന്തർവാഹിനി ഖുക്രിക്ക് നേരെ ടോർപിഡോ തൊടുത്തത്. കപ്പൽ തകരുകയും 175 നാവികർ വീരമൃത്യു വരിക്കുകയും ചെയ്തു.

അവർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്മാരകമാണ് ഇത്. നടുവിൽ, കപ്പലിന്റെ 25 അടിയോളം നീളമുള്ള ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ട്. അതിന് ചുറ്റും പൂന്തോട്ടത്തിൽ, 175 നാവികരുടെയും പേരുകൾ ഓരോരോ സ്ഥലങ്ങളിൽ അടയാളപ്പെടുത്തി അതിനൊപ്പം ഓരോ മരങ്ങൾ നട്ടിരിക്കുന്നു. കടലിനോട് ചേർന്നുള്ള ഭാഗത്ത് ഒരു ആംഫി തിയേറ്ററും പൂന്തോട്ടത്തിന് ഇടയിലും സമുദ്രതീരത്തും ഒരോരോ ക്ഷേത്രങ്ങളും ഉണ്ട്.

ഖുക്രിയുടെ മാതൃക ചില്ല് കൂടിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആ ചില്ലിലും 175 നാവികരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നെ ഏറെ അലോസരപ്പെടുത്തിയ ഒരു കാഴ്ചയും അവിടെ ഉണ്ടായിരുന്നു. ആ ചില്ലു കൂടിനോട് ചേർന്നിരുന്ന് ഒരാൾ കടല വിൽക്കുന്നു. ഒരു സ്മാരകത്തിന്റെ മുന്നിലാണ് ഇതെന്ന് ഓർക്കണം. കോടിക്കണക്കിന് രൂപ ചിലവഴിച്ച് വീരമൃത്യു വരിച്ച പട്ടാളക്കാർക്ക് വേണ്ടി ഇങ്ങനെ ഒരു സ്മാരകം ഉണ്ടാക്കിയശേഷം അവരോട് കാണിക്കുന്ന അനീതിയാണ് ഇതുപോലുള്ള കച്ചവടങ്ങൾ. താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് കച്ചവടം നടത്താവുന്നതേയുള്ളൂ. ഈ സ്മാരകത്തിൽ തന്നെ ചാരിയിരുന്ന് കടല വിൽക്കുന്നത് അശ്ലീകരമാണ്. കച്ചവടക്കാരനോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അയാൾ എന്നെ കയ്യേറ്റം ചെയ്യാനും മതി. കാര്യമായി എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റൂ എന്ന് ഞാൻ മനസ്സിൽ ഉറച്ചു.
ഇതേ വഴിയിലൂടെ വീണ്ടും മുന്നോട്ട് നീങ്ങിയാൽ ഗംഗേശ്വർ മഹാദേവക്ഷേത്രത്തിൽ എത്താം.

കടലിനോട് ചേർന്നുള്ള ഒരു പാറയിടുക്കിൽ വെള്ളത്തിന് സമീപം അഞ്ച് ശിവലിംഗങ്ങൾ സ്ഥാപിച്ചിരിക്കുന്നു. തിരയടിക്കുമ്പോൾ അതിലേക്ക് വെള്ളം കയറി വരും. ശിവലിംഗങ്ങൾ നനയും. അതങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ ദൈവങ്ങളുടെ കാര്യം ബഹുരസമാണ്. രണ്ടുദിവസം മുമ്പ് ഗിർനാർ മല കയറുമ്പോൾ സിഗരറ്റും ബീഡിയും പൂജിച്ച് കത്തിച്ച് വെക്കുന്ന ഒരു പ്രതിഷ്ഠ കണ്ടിരുന്നു. ബുള്ളറ്റ് ദൈവം, ക്ലോക്ക് ദൈവം, എലികൾക്ക് വേണ്ടി അമ്പലം. അങ്ങനെയങ്ങനെ നീളുന്നു ആ പട്ടിക.

ഡിയു ആകെ ഉടച്ച് വാർക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. റോഡുകളിൽ എല്ലാം പൊളിച്ചു പണി നടക്കുന്നു. കോട്ട പുനരുദ്ധാരണം ചെയ്യുന്നു. ഇമ്മാനുവൽ ചർച്ച്, നയ്ഡ ഗുഹ എന്നിവ പുതുക്കിപ്പണിയുന്നു. തുറമുഖത്തിൽ വലിയ മിനുക്ക് പണികൾ നടക്കുന്നു. ഇക്കാരണത്താൽ പല സ്ഥലങ്ങളിലും പോകാനും കയറാനും പറ്റിയില്ല. ഡിയുവിൽ ഒരിക്കൽക്കൂടി വരേണ്ടി വരുമെന്ന് സാരം.

ഉച്ചഭക്ഷണം മത്സ്യവിഭവങ്ങൾ തന്നെ ആയിരുന്നു. നാളെ മുതൽ വീണ്ടും പച്ചക്കറി തന്നെ ആണെങ്കിലും, കിട്ടുമ്പോൾ മീനും ചെമ്മീനുമൊക്കെ കഴിക്കുക തന്നെ.

ഭക്ഷണം കഴിച്ചശേഷം ഫോർട്ട് റോഡിലുള്ള കളക്ടറേറ്റിലേക്ക് ഞാൻ ഭാഗിയെ നയിച്ചു. ഇന്നലെ കോട്ടയിലേക്ക് പോയപ്പോൾ കളക്ടറുടെ ഓഫീസ് ശ്രദ്ധിച്ചിരുന്നു. അവിടെ കാര്യമായ കാവലോ സുരക്ഷയോ ഒന്നുമില്ല. കളക്ടറുടെ വാഹനം ഓഫീസിന് മുന്നിൽ കിടക്കുന്നുണ്ട്. ഈ കൊച്ചു ദ്വീപിൽ അദ്ദേഹം എവിടെ പോകാൻ, എത്ര ദൂരം പോകാൻ?

താഴത്തെ നിലയിലാണ് കളക്ടറുടെ പി.എ.യുടെ ഓഫീസ്. ഞാൻ വാതിലിൽ മുട്ടി അകത്തേക്ക് കയറിച്ചെന്നു. ഒരു വനിതയാണ് പി.എ.

“ഞാൻ കേരളത്തിൽ നിന്ന് വന്നിരിക്കുന്ന ഒരു സഞ്ചാരിയാണ്. ഖുക്രി മ്യൂസിയത്തിൽ ഞാൻ കണ്ട ഒരു കാര്യം വളരെ മോശപ്പെട്ട ഒന്നാണ്. അതിനൊരു പരിഹാരം ഉണ്ടാക്കണം.”

ഞാൻ കടല വില്പനക്കാരന്റെ ഫോട്ടോകൾ അവരെ കാണിച്ചു. അവർ രോഷാകുലയായി ഉടനെ തന്നെ ആരെയോ ഫോണിൽ വിളിച്ചു. ടൂറിസം ഡിപ്പാർട്ട്മെൻറ് ആകാം അല്ലെങ്കിൽ പൊലീസ്. കടല വില്പനക്കാരൻ ഗുജറാത്തിൽ നിന്നുള്ള ആളാണെന്നും എത്ര പറഞ്ഞിട്ടും അവിടുന്ന് പോകുന്നില്ല എന്നുമാണ് മറുപടി കിട്ടിയത്.

രേഖാമൂലം ഒരു പരാതി കിട്ടിയാൽ നടപടിയെടുക്കാം എന്നാണ് മറുവശത്ത് നിന്ന് പറഞ്ഞത്. ഞാൻ കയ്യോടെ ഒരു പരാതി എഴുതി കൊടുത്തു. അതിന്റെ ഫോട്ടോയും കച്ചവടക്കാരന്റെ ഫോട്ടോയും കളക്ടറുടെ ഓഫീസ് ഇ-മെയിൽ ഐഡിയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അവരത് അപ്പോൾ തന്നെ ടൂറിസം ഡിപ്പാർട്ട്മെന്റിന് അയച്ചു. അവിടന്ന് പൊലീസിലേക്ക് അറിയിപ്പ് പോകും എന്ന് പറഞ്ഞ് എനിക്ക് നന്ദിയും പറഞ്ഞ് പിരിച്ചുവിട്ടു.

എന്നെ അതിശയിപ്പിച്ചത് അതൊന്നുമല്ല. മറ്റേതെങ്കിലും നാട്ടിലാണെങ്കിൽ കളക്ടറുടെ ഓഫീസിലേക്ക് ഇങ്ങനെ ഒരു പരാതിയുമായി കയറി ചെല്ലാൻ പറ്റില്ല. ‘അത് ടൂറിസം ഡിപ്പാർട്ട്മെന്റിനെ അറിയിക്കൂ അല്ലെങ്കിൽ പൊലീസിനെ അറിയിക്കൂ’ എന്ന് പറയും. കളക്ടറുടെ ഓഫീസിൽ മറ്റ് പല തിരക്കുകളും ഉണ്ടാകുമല്ലോ. ഇവിടെ ഇവർക്ക് തിരക്കില്ലാത്തത് കൊണ്ടായിരിക്കാം എന്നെ പരിഗണിച്ചത്.

എന്തായാലും കടല വില്പനക്കാരന്റെ കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അയാൾക്ക് മുംബൈ-ഗുജറാത്ത് അധോലോകങ്ങളിൽ കാര്യമായ പിടിപാട് ഉണ്ടാകില്ലെന്നും ഞാൻ ആശ്വസിക്കുന്നു.

ഡിയുവിൽ നിന്ന് മൂന്നര മണിക്കൂർ യാത്രയുണ്ട് പാലിത്താനയിലേക്ക്. സൗരാഷ്ട്രയിലെ എൻ്റെ അവസാനത്തെ കേന്ദ്രമാണ് പാലിത്താന. ജൈനക്ഷേത്രങ്ങളുടെ വലിയ സമുച്ചയമാണ് ഇവിടത്തെ മലമുകളിൽ.

വൈകിട്ട് ആറ് മണിയോടെ പാലിത്താനയിൽ എത്തി. മലയുടെ അടിവാരത്തിലേക്കുള്ള വഴിയുടെ ഇരുവശവും സത്രങ്ങളും ക്ഷേത്രങ്ങളും ധർമ്മ സ്ഥാപനങ്ങളുമാണ്. അതിൽ പാൽനഗർ എന്ന സത്രത്തിൻ്റെ മുന്നിൽ ഞാൻ ഭാഗിയെ നിർത്തി.

“ക്ഷേത്രത്തിലേക്ക് കയറാൻ ആണെങ്കിൽ വാഹനം ഇവിടെ പാർക്ക് ചെയ്ത് തങ്ങിക്കോളൂ. നാളെ അഞ്ച് മണിക്ക് മല കയറാം.” ഞാൻ അങ്ങോട്ട് ചോദിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ ജീവനക്കാർ ഇങ്ങോട്ട് പറഞ്ഞു. അങ്ങനെ താമസത്തിന്റെ കാര്യം പെട്ടെന്ന് തീരുമാനമായി. തെരുവിലെ ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണവും തരപ്പെടുത്തി.

കൂട്ടത്തിൽ മറ്റൊരു സന്തോഷ വിശേഷവും അറിയാനായി. പാലിത്താന മലയിലേക്ക് 3800 ൽ താഴെ പടികൾ കയറിയാൽ മതി.

ശുഭരാത്രി.