ഫാസ്റ്റ് ടാഗ് വന്നതിന് ശേഷവും തൃശൂർ പാലിയേക്കര ടോൾ ബൂത്തിലെ പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്നതിൽ ആശ്ചര്യമൊന്നുമില്ല.
സത്യത്തിൽ രാജ്യത്തെവിടെയും ഫാസ്റ്റ് ടാഗ് വന്നതിനുശേഷം വലിയ മെച്ചമൊന്നും ഉണ്ടായിട്ടില്ല. ട്രാക്ക് ഇപ്പോഴും സ്ലോ തന്നെ. ഹമ്പ് കയറിയിറങ്ങി വേഗത കുറച്ച് സെൻസറിന്റെ അടുത്ത് ചെന്ന് വാഹനം മുന്നോട്ടും പിന്നോട്ടും നിരക്കിയാൽ മാത്രമേ പലപ്പോഴും സെൻസിങ്ങ് നടക്കാറുള്ളൂ. ചിലപ്പോൾ വാഹനം എത്ര നിരക്കിയാലും കാര്യം നടക്കില്ല. അപ്പോൾ കൈയിലൊരു സ്ക്കാനറുമായി ബൂത്ത് ജീവനക്കാരൻ വന്ന് മാനുവലി സ്ക്കാൻ ചെയ്യുന്നതുവരെ കാത്ത് നിൽക്കണം. പിന്നെ ടേൺസ്റ്റൈൽ അഥവാ ഗേറ്റ് ഉയർന്ന് അതിലൂടെ പുറത്ത് കടക്കണം. ഇത്രയും സമയമുണ്ടെങ്കിൽ ചില്ലറ എണ്ണിക്കൊടുത്ത് സ്ഥലം കാലിയാക്കാൻ പറ്റുമായിരുന്നു പണ്ട്.
ടേൺസ്റ്റൈൽ/ഗേറ്റ് വെച്ച് വാഹനങ്ങൾ തടയാതെ, സ്ക്കാനിങ്ങിനായി വാഹനങ്ങൾ നിർത്തിക്കൊടുക്കാതെ, സ്ക്കാൻ ചെയ്ത് നേരിട്ട് കടന്നുപോകാൻ പറ്റാത്തിടത്തോളം കാലം ഇലക്ട്രോണിൿ സ്ക്കാനിങ്ങ് മൂലം കാര്യമായ സമയലാഭമൊന്നും ജനങ്ങൾക്കുണ്ടാകുന്നില്ല എന്ന് മാത്രമല്ല, ഒരൊറ്റ വാഹനം സ്ക്കാൻ ചെയ്യാൻ കാലതാമസം ഉണ്ടായാൽപ്പോലും തിരക്കുള്ള ബൂത്തുകളിൽ ക്യൂ നീളാൻ അത് കാരണമാകുന്നു. പാലിയേക്കര അടക്കം പല ബൂത്തുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അതേ സമയം തന്നെ പണം കൊടുത്ത് പോകുന്ന ട്രാക്കിലൂടെ മറ്റ് വാഹനങ്ങൾ കടന്ന് പോകുന്നത് ഫാസ്റ്റ് ടാഗ് ട്രാക്കിലുള്ളവർ നോക്കി നിൽക്കുന്ന അവസ്ഥയും പലപ്പോഴും സംജാതമാകുന്നു. കണ്ടം ചെയ്യാൻ വെച്ചിരിക്കുന്ന സാങ്കേതിക വിദ്യ കൊട്ടിഘോഷിച്ച് നടപ്പാക്കിയതു കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമാണിത്.
നൂറും നൂറ്റിരുപതും കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചു പോയാൽപ്പോലും കൃത്യമായി സെൻസ് ചെയ്ത് ബാങ്കിൽ നിന്ന് പണമെടുക്കുന്ന തരത്തിലുള്ള സെൻസറുകൾ ഒരു വ്യാഴവട്ടക്കാലം മുന്നേ യു.എ.ഇ. പോലുള്ള രാജ്യങ്ങളിൽ നിലവിലുണ്ട്. റോഡിൽ എവിടെയാണ് സെൻസർ പിടിപ്പിച്ചിരിക്കുന്നതെന്ന് പോലും ജനങ്ങൾക്ക് മനസ്സിലാകാത്ത തരത്തിൽ അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരം രാജ്യങ്ങളിൽ ഒരു ടോൾ ബൂത്ത് പോലും ഇല്ല. അതിനായി ജോലിക്കാരും ഇല്ല. എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗിന് തത്തുല്ല്യമായ സംവിധാനം ഉണ്ടായിരിക്കണം. എന്നിട്ട് ബാങ്കിൽ കാശില്ലെങ്കിലും വാഹനത്തിന് കടന്ന് പോകാൻ പറ്റും. പക്ഷേ, പിന്നീടെപ്പൊഴെങ്കിലും ബാങ്കിൽ പണം വരുന്ന നിമിഷം ടോളിൽ കൊടുക്കാനുള്ള പണം ഓട്ടോമാറ്റിക്കായി ബാങ്കിൽ നിന്ന് കട്ടാകും.
ഇന്നാട്ടിൽ ഫാസ്റ്റ് ടാഗ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത് ഒരു പഴഞ്ചൻ സാങ്കേതികവിദ്യയാണെന്നും അത് സമ്പൂർണ്ണ പരാജയമാണെന്നും പറയാതെ വയ്യ. സകല സാങ്കേതികവിദ്യകളും വഴങ്ങുന്ന, അതൊക്കെ ഉണ്ടാക്കുന്ന നമുക്കെവിടെയാണ് പിഴക്കുന്നത് ? പിന്നാമ്പുറം പരതാൻ പോയാൽ ചെന്നെത്തുന്നത് ഏതെങ്കിലും അഴിമതിയുടേയോ സ്വജനപക്ഷപാതത്തിന്റെയോ കഥകളിൽത്തന്നെ ആയിരിക്കും.
അഴിമതി ഏത് കക്ഷിപക്ഷങ്ങൾ ചെയ്താലും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ ഒരുപാടുപേർ കൂടെയുണ്ടല്ലോ. വരിവരിയായി കിടന്ന് ഭേഷായിട്ട് അനുഭവിക്ക്.
വാൽക്കഷണം:- 2023ൽ ലോകത്തെ തന്നെ വൻകിട ശക്തികളിൽ ഒന്നായി മാറുമെന്ന് കാത്തിരിക്കുന്ന രാജ്യത്ത്, മണിക്കൂറുകളോളം ഇത്തരം ടോൾ ബൂത്തുകളിൽ കെട്ടിക്കിടക്കേണ്ടി വരുന്നത് കൊടിയ അപമാനം കൂടെയാണ്.
വളരെ സത്യമാണ്