മൃഗപീഡനമാണ് ജെല്ലിക്കട്ട്.


22

ജെല്ലിക്കട്ട് വിഷയവുമായി ബന്ധപ്പെട്ട് പ്രമുഖരുടേയും സമൂഹ മാദ്ധ്യമങ്ങളുടേയും പലതരം പ്രതികരണങ്ങൾ കണ്ടപ്പോൾ ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ഈ വിഷയത്തിൽ തമിഴരുടെ  ഒത്തൊരുമ തന്നെയാണ് എടുത്ത് പറയേണ്ടത്. എല്ലാ തലത്തിലുമുള്ള തമിഴർ രാജ്യവ്യാപകമായിത്തന്നെ ജെല്ലിക്കട്ട് പുനഃസ്ഥാപിക്കാനായി അണിചേർന്നു. കേരളത്തിന്റെ ഐ.ടി.ഹബ്ബുകളിൽ പ്രധാനപ്പെട്ട ഒന്നായ കാക്കനാട് ഇൻഫോ പാർക്കിൽ പോലും തമിഴർ സംഘടിച്ചത് ആ ഒരുമയുടെ ഭാഗമായിട്ടാണ്. സംസ്ഥാനവ്യാപകമായി ഒരു ബന്ദ് നടത്തിയപ്പോൾപ്പോലും അക്രമങ്ങളൊന്നുമില്ലാതെ അവരത് മുന്നോട്ടുകൊണ്ടുപോയി. അതിനൊക്കെ തമിഴ് ജനത അഭിനന്ദനമർഹിക്കുന്നു. അതോടൊപ്പം തന്നെ സുപ്രീം കോടതിയേയും മറികടന്ന് ഏത് പ്രാദേശികവാദങ്ങൾക്കും അതിന്റെ പിന്നിലുള്ളവർക്കും തങ്ങൾക്ക് തോന്നിയത് പോലെ രാജ്യത്ത് കാര്യങ്ങൾ നീക്കാൻ വഴി തെളിക്കുന്ന ഒരു കീഴ്വഴക്കമായി ഇതുപോലുള്ള സമരങ്ങൾ  മാറിയേക്കാം എന്ന ആശങ്കയും അസ്ഥാനത്തല്ല.

ജെല്ലിക്കട്ട് പാരമ്പര്യവും സംസ്ക്കാരവുമാണെന്ന വാദത്തിലൂന്നിയാണ് അത് പുനഃസ്ഥാപിക്കുന്നതിനുള്ള ഈ പ്രക്ഷോഭം ഉയർന്ന് വന്നിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ഭർത്താവ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിതയിൽ ഭാര്യ ആത്മാഹുതി നടത്തുന്ന സതി എന്ന ഏർപ്പാടും നമ്മുടെ പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയും ഭാഗമായിരുന്നില്ലേ ? അത് വീണ്ടും കൊണ്ടുവരണമെന്ന് ശാഠ്യം പിടിക്കാനാവില്ലല്ലോ.

തമിഴകം ഒന്നിച്ചണിനിരന്നപ്പോൾ പല വിഷയങ്ങളിലും മാതൃകാപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള നാസ്തികനായ കമലഹാസന്റെ ജെല്ലിക്കട്ട് അനുകൂല പോരാട്ടവും പ്രഖ്യാപനങ്ങളുമാണ് സത്യത്തിൽ ഞെട്ടിപ്പിച്ചത്. ആടുമാടുകളെ കൊന്ന് തിന്നാമെങ്കിൽ അവറ്റകളെ വേദനിപ്പിക്കാതെ നടത്തുന്ന ഈ കായികവിനോദത്തെ എന്തുകൊണ്ട് നിരോധിക്കണം എന്നായിരുന്നു തുടക്കത്തിൽ അദ്ദേഹത്തിന്റെ വാദം. ജെല്ലിക്കട്ട് നടത്തുമ്പോൾ കാളകളെ നോവിക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ വാദം, നിജസ്ഥിതി അറിയാത്തതുകൊണ്ടാണോ അതോ ബോധപൂർവ്വം സത്യാവസ്ഥ മറച്ചുവെക്കുന്നതാണോ എന്നറിയില്ല.

25

ജെല്ലിക്കട്ടിൽ പങ്കെടുപ്പിക്കുന്ന കാളകളുടെ കണ്ണിലും ആസനത്തിലും മുളക് തേച്ച് പിടിപ്പിക്കുന്നതും അവറ്റകളുടെ വാല് പിടിച്ച് ഒടിക്കുന്നതും അവയ്ക്ക് മദ്യം നൽകുന്നതും ഒരു സ്ഥിരം ഏർപ്പാടാണെന്ന് അറിയാത്തവർ ആരാണുള്ളത് ? (ക്രൂരതകൾ ഈ വീഡിയോ വഴി കാണാം.) തല്ലിയും കുത്തിയും മൂർച്ചയുള്ള ആയുധങ്ങളാൽ മുറവേൽ‌പ്പിച്ചും പ്രകോപിപ്പിക്കപ്പെടുന്ന കാളകളെ കൂട്ടിൽ നിന്ന് അഴിച്ച് വിടുമ്പോഴേക്കും അവറ്റകൾ വിറളി പിടിച്ച് ജനങ്ങളെ ആക്രമിക്കുന്ന അവസ്ഥ സംജാതമാകുന്നു. സസ്യാഹാരികളായ ഈ മൃഗങ്ങൾ പൊതുനിരത്തിൽ എവിടെയെങ്കിലും അകാരണമായി മനുഷ്യനെ ആക്രമിച്ചതായി എന്തെങ്കിലും അനുഭവം ചൂണ്ടിക്കാട്ടാനുണ്ടോ ?

പിന്നെ ആടുമാടുകളെ കൊന്നുതിന്നുന്ന കാര്യം. ഒന്ന് മറ്റൊന്നിന് ആഹാരമാകുന്നതും വളമാകുന്നതും പ്രകൃതി നിയമമാണ്. ആടുമാടുകളെ മാത്രമല്ലല്ലോ കോഴി, താറാവ്, മീൻ എന്നതിനേയുമൊക്കെ നമ്മൾ കൊന്ന് തിന്നാറില്ലേ ? അതിനെ തെറ്റ് പറയാനാകുമോ ? കൊല്ലുന്നതിന് തൊട്ടുമുന്നുള്ള നിമിഷത്തിൽ‌പ്പോലും ഇരയോട് കാണിക്കുന്ന ക്രൂരതകളാണ് നിർത്തലാക്കേണ്ടത്. ട്രക്കുകളിൽ കന്നുകാലികളെ കുത്തിനിറച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ കാണിക്കുന്ന ക്രൂരതകൾ അതിൽ ചിലത് മാത്രമാണ്. ഉറങ്ങിവീഴാതിരിക്കാൻ അപ്പോഴും അവറ്റകളുടെ കണ്ണിൽ മുളക് കീറി വെക്കുന്നുണ്ട്. നിർദ്ദിഷ്ട എണ്ണത്തിൽ അധികം മാടുകളെയാണ് ഓരോ വാഹനത്തിലും കയറ്റുന്നത്. കൊന്ന് തിന്നാനാണെങ്കിൽ അതങ്ങ് ചെയ്യണം. അല്ലാതെ കൊല്ലാക്കൊല ചെയ്യരുത്; ചിത്രവധം ചെയ്യരുത്.

24

കേരളത്തിൽ നിന്ന് ജെട്ടിക്കട്ടിന് ഒരുപാട് എതിർപ്പ് വന്നപ്പോൾ കമലഹാസൻ തന്റെ അടുത്ത വാദം മുന്നോട്ട് വെച്ചു. അങ്ങനെയാണെങ്കിൽ ആനകളെ പൊരിവെയിലത്ത് നിർത്തി കാതടപ്പിക്കുന്ന ശബ്ദമേളത്തോടെ ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിക്കുന്നത് ക്രൂരതയല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണത്. ക്രൂരത തന്നെയാണത്. പണ്ടുകാലത്ത് തടിപിടിക്കാനും മറ്റ് ഭാരിച്ച ജോലികൾ ചെയ്യാനുമായി ആനകളെ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഇന്നതിന് യന്ത്രങ്ങൾ ധാരാളമുണ്ട്; ആനകളുടെ ആവശ്യമില്ല. പിന്നെ ബാക്കിയുള്ളത് ഉത്സവങ്ങൾ മാത്രമാണ്. ദേവന്റേയോ ദേവിയുടേയോ തിടമ്പെഴുന്നള്ളിക്കാൻ,  പീഡിപ്പിക്കപ്പെടുന്ന ഈ മൃഗങ്ങൾ തന്നെ വേണമെന്നാണെങ്കിൽ കണ്ണിൽച്ചോരയില്ലാത്തവരാണ് ഇക്കണ്ട ദൈവങ്ങളൊക്കെയും എന്ന് പറയേണ്ടി വരും. പറഞ്ഞു വന്നത്, കേരളത്തിൽ ആനകളെ പീഡിപ്പിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ശക്തമായ പ്രക്ഷോഭം മലയാളത്തിൽ വേരുകളുള്ള കമലഹാസൻ മുന്നിട്ടിറങ്ങി നയിക്കുകയാണ് വേണ്ടത്. ഇവിടെ പീഡിപ്പിക്കുന്നത് അവിടെ പീഡിപ്പിക്കാനുള്ള ലൈസൻസായി വ്യാഖ്യാനിക്കുകയല്ല വേണ്ടത്.

23

കാളയുടെ കൊമ്പിൽ വെച്ചുകെട്ടിയിരിക്കുന്ന പണക്കിഴി ജനക്കൂട്ടത്തിലുള്ള ധീരൻ കാളയോട് മല്ലടിച്ച് നേടുന്ന ഉത്സവം മാത്രമാണ് ജെല്ലിക്കട്ട്. ഉപദ്രവമേറ്റ് വിറളി പിടിക്കാത്ത കാളയുടെ കൊമ്പിൽ നിന്ന് കിഴി അഴിച്ചെടുക്കാൻ വലിയ ബുദ്ധിമൊട്ടൊന്നുമില്ല. കാള നിശ്ചലമായി നിന്നുതന്നെന്ന് വരും. അപ്പോൾപ്പിന്നെ ജെല്ലിക്കട്ടിനെന്ത് ആവേശം അല്ലേ? അതുകൊണ്ടാണ് മുകളിൽ‌പ്പറഞ്ഞ തരത്തിലുള്ള ക്രൂരതകൾ അഴിച്ചുവിട്ട് മൃഗത്തെ പ്രകോപിപ്പിച്ച് വിളറി പിടിപ്പിച്ച് ജനക്കൂട്ടത്തിലേക്ക് തുറന്നുവിടുന്നത്. പിന്നൊരാൾ അടുത്തേക്ക് വരാൻ ആ മൃഗം അനുവദിച്ചെന്ന് വരില്ല. അതാണിപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന ജെല്ലിക്കട്ട്.

ഇതിനേക്കാൾ വലിയ ക്രൂരതയുള്ള വിനോദമാണ് സ്പെയിൽ നടക്കുന്ന കാളപ്പോര്. ക്രൂരത നിൽനിൽക്കുന്നു എന്നതുകൊണ്ടുതന്നെ പരിഷ്കൃത സമൂഹം ആ പ്രാകൃത വിനോദത്തെ പുറന്തള്ളുകയും സ്പെയിനിൽ കാളപ്പോരു നിരോധിക്കപ്പെടുകയും ചെയ്തു. കേരളത്തിൽ ഇല്ലാതായി മാറിയ കാളപൂട്ട് മത്സരത്തിലുമുണ്ട് വാല് പിടിച്ച് ഒടിച്ച് കാളയുടെ വേഗം കൂട്ടുന്ന തരത്തിലുള്ള ക്രൂരതകൾ. ഇത്തരം നിഷ്ഠൂരതകൾ നിറഞ്ഞതും സംസ്ക്കാരസമ്പന്നരായ മനുഷ്യസമൂഹം ഉപേക്ഷിക്കേണ്ടതുമായിട്ടുള്ള വിനോദങ്ങൾ തിരികെ കൊണ്ടുവരണമെന്ന് പറയുന്നത് ഏത് സംസ്ക്കാരത്തിന്റെ പേരിലായാലും അനുകൂലിക്കുക വയ്യ.  മൃഗങ്ങൾക്കെതിരെ ദ്രോഹമാകാമെങ്കിൽ മനുഷ്യരെ ദ്രോഹിച്ച് കൊല്ലുന്ന സതി എന്ന സംസ്ക്കാരവും തിരികെ കൊണ്ടുവരേണ്ടി വരും.

കമലഹാസനോടുള്ള വിയോജിപ്പിന്റെ എത്രയോ ഇരട്ടിയാണ് കേരളക്കരയിലെ ചില സിനിമാ താരങ്ങളോടുള്ളത്.  മെഗാസ്റ്റാർ മമ്മൂട്ടി നല്ല ഗംഭീരമായിട്ട് തമിഴിൽത്തന്നെ മൊഴിഞ്ഞുകൊണ്ടാണ് തമിഴരുടെ ഈ സമരത്തെ വാഴ്ത്തിയത്. ജെല്ലിക്കട്ടിനെ അനുകൂലിച്ച നിവിൻ പോളി അടക്കമുള്ള മറ്റ് മലയാളി ഇളമുറ താരങ്ങളോരോട് തർക്കിച്ച് സമയം കളയുന്നതിന് പകരം മെഗാസ്റ്റാറിന്റെ നിലപാടിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നതാവും ഭേദം. അതിന് മുൻപ്, ജെല്ലിക്കട്ടിനെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എന്തൊക്ക ആയിരുന്നെന്ന് നോക്കൂ.

mammootty

‘സമരം നടക്കുമ്പോൾ വീട്ടിലിരിക്കുകയും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികൾ. കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല ജെല്ലിക്കട്ട്. മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണ് ജെല്ലിക്കട്ട്. ആഗോളവൽക്കരണത്തിനെതിരെയുള്ള സമരമായും ഇതിനെ കാണാം. ജെല്ലിക്കട്ട് നിരോധനത്തിനെതിരെ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാവില്ലാതെ മൊട്ടുസൂചികൊണ്ട് പോലും അക്രമം നടത്താതെ തമിഴ്‌നാട്ടിൽ നടന്ന സമരം കേരളത്തിന് സ്വപ്നം കാണാൻ പോലുമാവാത്തതാണ്.‘ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ.

ജനകീയ സമരങ്ങൾ കേരളത്തിലും ഉണ്ടായിട്ടുണ്ട് ശ്രീ.മമ്മൂട്ടി. അതിലൊന്നാണ് മുല്ലപ്പെരിയാർ സമരം. ഇതുപോലെ മൃഗത്തെ പീഡിപ്പിക്കണമെന്ന് പറഞ്ഞ് നടത്തിയ സമരമല്ല. സ്വന്തം ജീവൻ തന്നെ അപകടത്തിലാണെന്ന് കണ്ട ഒരു ജനസമൂഹം തുടങ്ങിവെച്ച സമരമാണത്. ജനം തെരുവിലിറങ്ങി എട്ടും പത്തും പ്രക്ഷോഭങ്ങൾ നടത്തിക്കഴിഞ്ഞശേഷമാണ് ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പാർട്ടികൾ അതേറ്റെടുത്തത്. പാർട്ടിക്കാരെ ഒതുക്കാനുള്ള നമ്പറൊരെണ്ണം അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇറക്കിയതോടെ സമരത്തിന്റെ കൂമ്പടച്ചുകൊണ്ട് പാർട്ടിക്കാരെല്ലാം മുങ്ങി. ജീവഭയമുള്ളവർ ചപ്പാത്തിൽ ഇന്നും ആ സമരം തുടരുന്നുണ്ട്. ഇതേ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ  തമിഴ്‌നാട്ടിലെ സകലമാന സിനിമാക്കാരും നിരത്തിൽ ഇറങ്ങിയിട്ടും നിങ്ങളെപ്പോലെയുള്ള   സിനിമാക്കാരെയൊന്നും കേരളത്തിലെ സമരത്തെ പിന്തുണച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്താൻ പോലും കണ്ടില്ലല്ലോ ? അന്ന് ആ സമരത്തിനൊപ്പം നിന്ന മലയാളി സിനിമാക്കാർ കമൽ, ക്യാപ്റ്റൻ രാജു, റീമ കല്ലുങ്കൽ, ആഷിക്ക് അബു, അമൽ നീരദ്, നിവിൻ പോളി, രാജീവ് പിള്ള, അജു വർഗ്ഗീസ് എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന ചിലർ മാത്രമാണ്. താങ്കൾക്കിറങ്ങാമായിരുന്നില്ലേ ആ സമരമുഖത്തേക്ക് ? എന്തുകൊണ്ടിറങ്ങിയില്ല ? എന്നിട്ടിപ്പോൾ, സമരം നടക്കുമ്പോൾ വീട്ടിലിരിക്കുന്ന മലയാളികളെ വിമർശിക്കാൻ എന്ത് ധാർമ്മികതയാണ് താങ്കൾക്കുള്ളത് ? ആ സമരത്തിന് അന്ന് കൂടെ നിന്ന കമൽ എന്ന സംവിധായകനെ പാക്കിസ്ഥാനിലേക്ക് കടത്താൻ ഈയിടയ്ക്കൊരു ആഹ്വാനമുണ്ടായപ്പോൾ താങ്കളുടെ സഹപ്രവർത്തകൻ ഒരാളെന്ന പരിഗണന നൽകിയില്ലെങ്കിൽ‌പ്പോലും താങ്കളുടെ അഭിനയജീവിതത്തിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ എന്ന പരിഗണനയെങ്കിലും നൽകി അദ്ദേഹത്തിനൊപ്പം നിൽക്കാൻ താങ്കൾക്കായില്ലല്ലോ ? എന്നിട്ടിപ്പോൾ തമിഴന്റെ സമരത്തെ തമിഴിൽ വാഴ്ത്തി മലയാളിയെ ഇകഴ്‌‌ത്താൻ ആയിരം നാവുള്ള അനന്തനായി വരുമ്പോൾ താങ്കളെപ്പോലുള്ള താരങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് കൈയ്യടിക്കാനല്ലാതെ വ്യക്തികളെന്ന നിലയ്ക്ക് നിങ്ങളെപ്പോലുള്ളവർക്ക് കൈയ്യടിക്കാൻ ബുദ്ധിമുട്ടുണ്ട്. ആഗോളവൽക്കരണത്തിനെതിരെയുള്ള സമരമായും ഇതിനെ കാണാം എന്ന് താങ്കൾ പറഞ്ഞപ്പോൾ അത് തമിഴർ പോലും മനസ്സിൽ നിനയ്ക്കാത്ത കോമഡിയായിപ്പോയി. സമരങ്ങൾ ഇനിയുമുണ്ടാകും കേരളത്തിൽ. അപ്പോഴെല്ലാം സ്വന്തം ജോലിക്കും നിലനിൽ‌പ്പിനും കുടുംബത്തിന്റെ നിലനിൽ‌പ്പിനും, കേരളത്തിലും തമിഴ്‌നാട്ടിലും തുടങ്ങിവെച്ചിട്ടുള്ള വ്യവസായങ്ങൾക്കുമെല്ലാം കോട്ടം തട്ടാത്ത തരത്തിൽ, ആരെയെങ്കിലുമൊക്കെ പ്രീണിപ്പിക്കാൻ പോന്ന ഗീർവാണങ്ങൾ ഒഴിവാക്കാൻ അൽ‌പ്പമൊന്ന് ശ്രമിച്ചാൽ താങ്കൾക്കാകും. അത്രയും പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു.

എന്റെ സുഹൃത്ത് റോഷൻ ഫേസ്ബുക്കിൽ എഴുതിയ ജെല്ലിക്കട്ട് അഭിപ്രായത്തിൽ ചിലതൊക്കെ നടപ്പിലാക്കപ്പെടേണ്ടതാണ് കേരളത്തിൽ. അതുകൂടെ എടുത്തുപറഞ്ഞ് അതിലുള്ള എതിരഭിപ്രായങ്ങൾ കൂടെ സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. റോഷൻ പറയുന്നത് ഇങ്ങനെ.

Roshan

ജെല്ലിക്കട്ടിൽ മനുഷ്യൻ മരിക്കുന്നു എന്നതുകൊണ്ടല്ല ഞാനതിനെ എതിർക്കുന്നത്. മരണം ഇരന്നുവാങ്ങാനായി പോകുന്ന മനുഷ്യനോട് അൽ‌പ്പം പോലും സഹതാപം എനിക്കില്ല.  മൃഗത്തെ ദ്രോഹിക്കുന്നത് മാത്രമാണ് ഇവിടത്തെ വിഷയം. മതത്തിന്റെ പേരിൽ നടക്കുന്ന ശൂലം കയറ്റലും സുന്നത്ത് കല്യാണവുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അനുമതി ഇല്ലാതെയും അനുമതിയോടെയും നടക്കുന്ന കാതടപ്പിക്കുന്ന വെടിക്കെട്ടുകൾ എന്നിങ്ങനെ റോഷൻ എതിർക്കുന്ന എല്ലാ വിഷയങ്ങളിലും ഞാൻ റോഷനൊപ്പമാണ്. പക്ഷെ, അതൊന്നും നടപ്പിലാകുന്നില്ല കേരളത്തിൽ എന്നതിന്റെ പേരിൽ ജെല്ലിക്കട്ട് പോലുള്ള മൃഗപീഢനങ്ങളെ എതിർക്കാൻ പാടില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇതടക്കമുള്ള മതപരവും സാംസ്ക്കാരികമായും ഉള്ള ഒരുപാട് അനാചാരങ്ങളും ആഘോഷങ്ങളും നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഈ രാജ്യത്ത്. വയറ് നിറച്ച് തിന്നാൻ കിട്ടുന്നതുകൊണ്ടും തിന്നത് എല്ലിനിടയിൽ കുത്തിക്കയറുന്നതുകൊണ്ടുമുള്ള അസ്ക്കിതകൾ മാത്രമാണ് ഇതൊക്കെ. അതുകൊണ്ടുതന്നെ ഇത്രയും ‘മനോഹരമായ‘ ഈ സാംസ്ക്കാരിക വിനോദത്തിന് ജെല്ലിക്കട്ട് എന്ന പേര് മാറ്റി കുത്തിക്കഴപ്പ് എന്നാക്കണമെന്ന് വ്യക്തിപരമായി അഭിപ്രായവുമുണ്ട്.

വാൽക്കഷണം:-  ഇതിനേക്കാളൊക്കെ ഭീകരമായി അമ്പരപ്പിച്ചത് മനേക ഗാന്ധിയുടെ മൌനമാണ്. പ്രത്യേകിച്ച് ഒരു പ്രകോപനം  ഇല്ലാതെയും മനുഷ്യനെ ഇങ്ങോട്ട് കടന്നാക്രമിച്ച് പരിക്കേൽ‌പ്പിക്കുകയും മരണത്തിലേക്ക് വരെ എത്തിക്കുകയും ചെയ്യുന്ന തെരുവ്‌ നായ്ക്കളെ കൊല്ലുമ്പോൾ നിയമത്തിന്റെ വാളോങ്ങി വാറോലയുമായി വരുന്ന മനേക ഗാന്ധിയ്ക്ക് മൃഗങ്ങളോടുള്ള ജെല്ലിക്കെട്ട് എന്ന ക്രൂരതയ്ക്കെതിരെ നാവനക്കമില്ല. മൃഗങ്ങൾ എന്നാൽ നായ്ക്കൾ മാത്രമാണോ ശ്രീമതി മനേക ഗാന്ധിയ്ക്ക് ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>