ഗിർനാർ ദിവസം # 137 – രാത്രി 09:25)


2
യ്യിലും കാലിലും ഏതോ ഗുജറാത്തി നാട്ടുവൈദ്യൻ ഉണ്ടാക്കിയ കുഴമ്പ് തേച്ചുപിടിപ്പിച്ചു കൊണ്ടാണ് ഇത് എഴുതുന്നത്. നെറ്റ് ചുളിക്കണ്ട. വിശദമാക്കാം.

ഇന്നലെ രാത്രി തങ്ങിയ ഗ്യാസ് സ്റ്റേഷന് അരികിലുള്ള ഒരു ചായക്കടയിൽ നിന്ന്, രാവിലെ തന്നെ രണ്ട് സമോസ വാങ്ങി കഴിച്ച ശേഷം ഗിർനാറിലേക്ക് പുറപ്പെട്ടു.

ഇന്നലെ ഊപ്പർകോട്ട് കോട്ടയിൽ നിന്ന് ഗിർണാർ മലനിരകളുടെ ദൃശ്യം കണ്ടതായിരുന്നു. അത്ര വലിയ മല ആയിട്ടൊന്നും തോന്നിയില്ല. ആറേഴ് കിലോമീറ്റർ ദൂരമാണ് റോഡിലൂടെ അങ്ങോട്ട് ഉള്ളത്. ഭാഗിയെ സ്വസ്ഥമായി പാർക്ക് ചെയ്തതിന് ശേഷം മലയുടെ അടിവാരത്തിലേക്ക് നടന്നു.
രണ്ട് തരത്തിൽ മലകയറാം. റോപ്പ് വേ വഴി പെട്ടെന്ന് മലമുകളിൽ എത്താം. അതിന് പക്ഷേ അത്ര ത്രസിപ്പ് പോര. (എനിക്ക് പേടി ആയിട്ടല്ല. വിശ്വസിക്കണം.) പടികൾ കയറി പോകാൻ ആണെങ്കിൽ 5250 പടികളോളം വരും. അതൊന്നും അറിയാതെയാണ് മലകയറാൻ തുടങ്ങിയത്.
മലയ്ക്ക് മുകളിൽ ക്ഷേത്രങ്ങളുടെ ഒരു സമുച്ചയം ആണ്. റോപ്പ് വേ ചെന്ന് നിൽക്കുന്ന ഇടത്തുനിന്ന് 1000 പടികൾ താഴോട്ടിറങ്ങി വന്നാലാണ് ഈ സമുച്ചയത്തിൽ എത്തുക.

ചുരുക്കിപ്പറഞ്ഞാൽ റോപ്പ് വേ വഴി പോയാലും 1000 പടികൾ കയറിയിറങ്ങണം, ക്ഷേത്രങ്ങൾ സന്ദർശിക്കണമെങ്കിൽ. താഴെ നിന്ന് പടികളിലൂടെ കയറിപ്പോകുന്നവർക്ക് ക്ഷേത്ര സമുച്ചയത്തിൽ എത്താൻ 4000 പടികൾ കയറിയാൽ മതി.

പക്ഷേ റോപ്പ് വേ നിൽക്കുന്ന ഭാഗത്ത് നിന്ന് വീണ്ടും 250 പടികൾ മുകളിലേക്ക് കയറിയാൽ ഒരു ക്ഷേത്രമുണ്ട്. സത്യത്തിൽ അത് മറ്റൊരു മലയിലാണ് നിൽക്കുന്നത്. അവിടം വരെ ചെന്നിട്ട് അത് കാണാതെ പോന്നാൽ ശരിയാകില്ലല്ലോ. അങ്ങനെ അതും കയറി. ഇനിയൊരു 1100 പടികൾ കൂടെ കയറിയിറങ്ങിയാൽ മറ്റൊരു ക്ഷേത്രമുണ്ട്. അത് രണ്ടാമത്തെ മലയുടെ ഭാഗത്ത് നിന്ന് നോക്കിയാൽ കാണാം. മൂന്നാമത്തെ ആ മല താഴേക്കാണ് നിൽക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ 5250 പടികൾ കയറുകയും ഇറങ്ങുകയും ചെയ്തു. കയറാൻ 4 മണിക്കൂർ ഇറങ്ങാൻ 2 മണിക്കൂർ. നിനച്ചിരിക്കാതെ ഒന്നാന്തരം ഒരു ട്രക്കിംഗ്.

പടികൾക്ക് ഇരുവശവും പല ഭാഗത്തായി വെള്ളം മോര് ഇത്യാദി വിൽക്കുന്ന കടകൾ ധാരാളമുണ്ട്. അത്യാവശ്യം ഭക്ഷണവും ചിലയിടങ്ങളിൽ നിന്ന് കിട്ടും. വൃത്തി അത്ര പോരാ എന്ന് തോന്നിയതുകൊണ്ട് ഞാൻ ഭക്ഷണം കഴിക്കാതെ പിടിച്ചു നിന്നു. വിശപ്പിന്റെ നെല്ലിപ്പലക കണ്ടപ്പോൾ ഒരു കടയിൽ നിന്ന് പേരക്കയും തണ്ണിമത്തനും കുക്കുമ്പറും മുറിച്ചത് വാങ്ങിത്തിന്നു.
എന്ത് വാങ്ങിയാലും നല്ല കഴുത്തറപ്പൻ തുക നൽകണം. ഉദാഹരണത്തിന്, 750ml കുപ്പി വെള്ളത്തിന് 50 രൂപ. മലയിലെ ഏതോ ചോലയിൽ നിന്ന് കുപ്പിയിൽ നിറക്കുന്ന വെള്ളത്തിന് പോലും 40 രൂപ കൊടുക്കണം.

നെതർലാൻഡ് കാരൻ മാക്സ് എന്ന സായിപ്പ്, കുപ്പിയിൽ എഴുതിയിരിക്കുന്ന 30 രൂപ വിലയുടെ കാര്യത്തിൽ തർക്കിക്കുന്നത് കണ്ടാണ് ഞാൻ ഇടപെട്ടത്. കടയിൽ നിൽക്കുന്ന 15 വയസ്സുള്ള പെൺകുട്ടി നല്ല ശുദ്ധ ഗുജറാത്തിയാണ് സായിപ്പിനോട് പറയുന്നത്. “ഈ തുക കൊടുക്കാതെ നിവൃത്തിയില്ല. മലമുകളിലേക്ക് ഇത് എത്തിക്കുന്നത് വളരെ കഷ്ടപ്പെട്ടിട്ടാണ്.” എന്ന് ഞാൻ പറഞ്ഞപ്പോൾ സായിപ്പിന് കാര്യം മനസ്സിലായി. അയാളുടെ കൂട്ടുകാരി മാരയ്ക്ക് ഒപ്പം രണ്ട് മാസത്തെ ഇന്ത്യൻ പര്യടനത്തിന് വന്നിരിക്കുകയാണ്. ഫെബ്രുവരിയിൽ കൊച്ചിയിലും അവർ ഉണ്ടാകും.

റോപ്പ് വേ വഴി പോകാതെ പടികയറി മലയിലേക്ക് വരാൻ കാരണമെന്താണെന്ന് അവരോട് ചോദിച്ചപ്പോൾ….

“റോപ്പ് വെയിൽ ത്രില്ലില്ല. അത് പെട്ടെന്ന് എത്തും.” എന്നായിരുന്നു മറുപടി.
ഞാനും പേടിച്ചിട്ട് അല്ലല്ലോ; ത്രില്ലിന് വേണ്ടിയല്ലേ നടന്ന് കയറുന്നത്. ഉയരം പേടിയുള്ളവർക്ക്, പേടിക്കാൻ വേണ്ടതൊക്കെ നടന്ന് കയറുമ്പോഴും ഉണ്ട്. 3000 പടികൾ കഴിയുന്നതോടെ പടികളുടെ സ്വഭാവം മാറുന്നു. വീതി കുറയുന്നു. അത് മലയെ ചുറ്റി ഹെയർപിൻ ആയി വളഞ്ഞുപുളഞ്ഞ് കുത്തനെ മുകളിലേക്ക് കയറാൻ തുടങ്ങുന്നു.

ഭാഗ്യത്തിന് മല കയറ്റം തുടങ്ങുന്ന സമയത്ത് തന്നെ ഞാനൊരു മുളവടി 50 രൂപയ്ക്ക് വാങ്ങിയിരുന്നു. ചെറുപ്പക്കാർ അടക്കം താഴേക്ക് ഇറങ്ങി വരുന്നവർ പോലും വടികുത്തി വരുന്നത് കണ്ടതിനാലാണ് വടി വേണ്ടി വരും എന്ന് എനിക്ക് തോന്നിയത്. ആ ഊഹം തെറ്റിയില്ല. നല്ലൊരു ശതമാനം സന്ദർശകരും വടി വാങ്ങുന്നുണ്ട്. ഇറങ്ങുമ്പോഴാണ് വടി കൂടുതൽ ഉപകരിക്കുക.
ഈ മലയിൽ ശ്രദ്ധിക്കാനായ ഒരു കാര്യം, എല്ലാ കടകൾക്കു മുന്നിലും സർക്കാരിന്റെ മാലിന്യപ്പെട്ടികൾ ഉണ്ട് എന്നതാണ്. മാലിന്യം അതിൽ ഇടാൻ അവർ നിഷ്കർഷിക്കുന്നുമുണ്ട്.

എന്നിട്ടും പലയിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ധാരാളമായി കിടക്കുന്നുണ്ട്. എന്നിരുന്നാലും നല്ല ചില ശീലങ്ങൾ വന്ന് തുടങ്ങി എന്നതിൽ ഏറെ സന്തോഷമുണ്ട്.

പടികളുടെ വശങ്ങളിൽ പെട്ടിക്കടകൾ ഉള്ളതുപോലെ തന്നെയാണ് ദൈവങ്ങളുടെ പ്രതിമകളും അതിന് മുന്നിലെ ഭണ്ഡാരങ്ങളും. കിട്ടിയാൽ കിട്ടി, പോരുന്നത് പോരട്ടെ എന്ന നിലപാടാണ്. ദൈവങ്ങളെ പച്ചക്ക് വിറ്റ് കാശുണ്ടാക്കുന്നു.

2000 പടികൾ കഴിയുന്ന ഇടത്ത് ഒരു സന്യാസിയുടെ സമാധിയിടം ഉണ്ട്. പ്രധാന പടികളിൽ നിന്ന് തെന്നി 15 മിനിറ്റ് കാട്ടിലൂടെ നടന്നാൽ അവിടെ എത്താം.

മലയുടെ മുകളിലേക്ക് ഇത്രയും പടികൾ ഈ രീതിയിൽ കെട്ടി ഉണ്ടാക്കിയ പ്രയത്നത്തെ സമ്മതിച്ച് കൊടുക്കണം. അതും പോരാഞ്ഞ്, മുകളിലുള്ള ക്ഷേത്ര സമുച്ചയത്തിന് ആവശ്യമായ നിർമ്മാണ വസ്തുക്കൾ അവിടെ എത്തിച്ച അദ്ധ്യാനം ചില്ലറയൊന്നും ആകില്ല.

ഒരു കടക്കാരനുമായി ഞാൻ കുറച്ചുനേരം സംസാരിച്ചിരുന്നു. ആ കടയിലേക്ക് വേണ്ട ഗ്യാസ് സിലിഡർ മുകളിൽ എത്തിക്കാൻ 400 രൂപയാണ് ചുമട്ടുകൂലി. കൂൾഡ്രിംഗ്സിൽ നിറക്കാനുള്ള കാർബൺഡയോക്സൈഡ് കുറ്റിക്ക് കയറ്റു കൂലി 600 രൂപ. 30 വർഷമായി അദ്ദേഹം അവിടെ ആ കട നടത്തുന്നു. അതിന് മുൻപ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും നടത്തിയിരുന്ന കടയാണത്. രണ്ടാഴ്ച്ച കൂടുമ്പോൾ വീട്ടിൽ പോയി വരും. ബാക്കി ദിവസമെല്ലാം താമസം ഈ മലമുകളിൽത്തന്നെ. എന്തെല്ലാം തരം ജീവിതങ്ങൾ!

മുകളിലേക്ക് ചുമടുകൾ കൊണ്ടുപോകുന്ന ചെറുപ്പക്കാരെ ഞാൻ ശ്രദ്ധിച്ചു. അവർക്കൊരു താളമുണ്ട്. ചടുലതയേക്കാൾ ഉപരി, ഉറച്ച കാൽവെപ്പുകളാണ് അവരുടേത്. ഒരു ചെറിയ പിഴവ് പോലും അവരെ വലിയ കഷ്ടത്തിലാക്കും. മുകളിലേക്കുള്ള കയറ്റത്തിൽ അവർക്ക് ആകെയുള്ള സന്തോഷം, ചുമടിനൊപ്പം കെട്ടി വെച്ചിരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറാണ്. അതിൽനിന്ന് പാട്ട് ഒഴുകിക്കൊണ്ടിരിക്കും. ഒന്നൊഴിയാതെ എല്ലാ ചുമട്ടുകാരിലും ഈ ബ്ലൂടൂത്ത് സ്പീക്കർ ഞാൻ കണ്ടു.
പടി കയറാൻ വയ്യാത്ത മനുഷ്യർക്ക് വേണ്ടി പല്ലക്ക് സംവിധാനം ഉണ്ട് ഇവിടെ. രണ്ട് പേരാണ് പല്ലക്ക് ചുമക്കുന്നത്. റോപ്പ് വേയിൽ നിന്ന് താഴെ ക്ഷേത്രസമുച്ചയത്തിൽ പോകാനും തിരികെ വരാനും 800 രൂപ ചെറിയ തുകയാണെന്ന് എനിക്ക് തോന്നി. അത്രയ്ക്ക് കഷ്ടപ്പാട് അവർ സഹിക്കുന്നുണ്ട്. 90ഉം 100ഉം കിലോഗ്രാം ഭാരമുള്ള മനുഷ്യരാണ് പല്ലക്കിൻ്റെ സേവനം എടുക്കുന്നവരിൽ കൂടുതലും. 20 പടി കഴിയുമ്പോൾ ക്ഷീണിച്ച് അവശരായി പല്ലക്ക് ചുമക്കുന്നവർ നിൽക്കുന്നുണ്ട്. ആ സമയത്ത് കയ്യിലുള്ള ഊന്നുവടി പല്ലക്കിന്റെ വടിയിൽ അവർ താങ്ങായി കൊടുക്കും. ഞാൻ അതിന്റെ ചിത്രങ്ങൾ എടുത്തു. ഒരു ചാൺ വയറിന് വേണ്ടി അങ്ങനെ എന്തെല്ലാം അഭ്യാസങ്ങൾ! “ധോളിയിൽ(പല്ലക്ക്) കയറുന്നോ” എന്ന് ഒന്ന് രണ്ട് പേർ എന്നോട് ചോദിച്ചു. നരച്ചുകൊരച്ച ഒരു കിളവനിൽ പല്ലക്കിന്റെ സാദ്ധ്യത അവർ കണ്ടു കാണും.

50 രൂപയുടെ കുപ്പിവെള്ളത്തിന് തർക്കം ഉന്നയിച്ച മാക്സും പറയുന്നു 800 രൂപ പല്ലക്ക് സേവനത്തിന് കുറവാണെന്ന്. മാക്സിനും മാരയ്ക്കും തമാശയും കാര്യവും കലർന്ന ഒന്ന് ഞാൻ പറഞ്ഞു കൊടുത്തു. ചെയ്തു പോയ പാപങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇക്കണ്ട ജനങ്ങൾ കഷ്ടപ്പെട്ട് മലകയറി വരുന്നത്. അങ്ങനെ ഒരു വിശ്വാസം ചില ഭക്തർക്കിടയിൽ ഉണ്ട്. റോപ്പ് വേയിൽ വരുന്നവരുടേയും പല്ലക്കിൽ കയറുന്നവരുടേയും പാപം തീരുന്നില്ലല്ലോ എന്നായി മാക്സ്. പല്ലക്കിൽ കയറുന്നവരുടെ പാപം കൂടുന്നുമുണ്ട് എന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു.

ഉയരമുള്ള മലകൾക്ക് മുകളിൽ തങ്ങളുടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുക എന്നത് ജൈനമതസ്ഥർക്ക് ഒരു ബലഹീനതയാണ്. പണി കിട്ടുന്നത് നമ്മളെപ്പോലെ ജീവിതത്തിൽ ഒരിക്കൽ മാത്രം അത് കാണാൻ പോകുന്നവർക്കും.

രാത്രി കഴിക്കാനുള്ള ഊത്തപ്പം ഹോണസ്റ്റ് റസ്റ്റോറന്റിൽ നിന്ന് പൊതിഞ്ഞ് കൊണ്ടുവന്നിട്ടുണ്ട്. അത് കഴിച്ചശേഷം കൈകാലുകളിൽ അല്പം കൂടെ കുഴമ്പ് ഇടണം.

ചൂട് ഇത്തരത്തിൽ കൂടിക്കൂടി വരുകയാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പാലിത്താനയിൽ 10000 പടികൾ കയറാനുള്ള മല ഞാൻ ഒഴിവാക്കിയെന്ന് വരും. പ്രത്യേകിച്ച് ആ മലക്ക് മുകളിൽ കോട്ടയൊന്നും ഇല്ലാത്ത സ്ഥിതിക്ക്. ഞാനിറങ്ങിയിരിക്കുന്നത് കോട്ടകൾ തേടിയാണ് തീർത്ഥാടനം അല്ല.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>