Monthly Archives: July 2023

ഗോവ യാത്രയുടെ കണക്കുകൾ. ഇനിയെങ്ങോട്ട് ? ഇനിയെന്ന് ?


22
2023 ജൂൺ 8ന് ഗോവയ്ക്ക് യാത്ര പുറപ്പെട്ട് ജൂലായ് 21ന് തിരികെ കൊച്ചിയിലെത്തി.

* 43 ദിവസം നീണ്ടു ഈ ഗോവൻ യാത്ര.

* ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവുമധികം ദിനങ്ങൾ നീണ്ട യാത്ര. പഴയ റെക്കോർഡ് 38 ദിവസമായിരുന്നു.

* ഏറ്റവും കൂടുതൽ ദിവസം ഒറ്റയ്ക്ക് ചെയ്ത യാത്ര. പഴയ റെക്കോർഡ് 8 ദിവസമായിരുന്നു.

* 2925 കിലോമീറ്റർ യാത്ര ചെയ്തു.

* 14 കോട്ടകൾ കണ്ടു. 6 കോട്ടകൾ പേരിന് മാത്രമായതുകൊണ്ട് കാണാനായില്ല.

* വാഹനത്തിന് പഞ്ചർ ഒന്നും കിട്ടിയില്ല.

* വാഹനത്തിന് അപകടങ്ങൾ ഒന്നുമില്ല.

* വാഹനത്തിൽ രണ്ട് തവണ മോഷണശ്രമം നടന്നു.

* യാത്രികന് അസുഖങ്ങൾ ഒന്നുമില്ല. ഡോ: ഷൈൻ ജോസഫ് കുറിച്ച് തന്നത് പ്രകാരം വാങ്ങി കൂടെക്കരുതിയിരുന്ന മെഡിക്കൽ കിറ്റ് തുറന്ന് നോക്കേണ്ട അവസ്ഥ പോലും ഉണ്ടായില്ല.

* വർക്ക് ഷോപ്പുകളിൽ 5 തവണ. വാഹനത്തിൻ്റെ ഏ.സി. തകരാറ്, റേഡിയേറ്റർ ലീക്ക്, മറ്റ് ചില്ലറ തകരാറുകൾ.

* നാല് ദിവസം സുഹൃത്തുക്കളുടെ വീടുകളിൽ ഉറങ്ങി. മറ്റെല്ലാ ദിവസവും വാഹനത്തിൽത്തന്നെ ഉറങ്ങി.

* ഗോവയിൽ ഭക്ഷണം കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ആയതിനാൽ വാഹനത്തിൽ പാചകം ചെയ്യേണ്ടി വന്നില്ല. എന്നിരുന്നാലും പേരിന് വാഹനത്തിലെ അടുക്കളയിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചിരുന്നു.

* 6 ദിവസം വാഹനത്തിലെ ടോയ്ലറ്റ് ഉപയോഗിച്ചു. മറ്റെല്ലാ ദിവസവും പൊതുശൗചാലയങ്ങൾ ഉപയോഗിച്ചു.

* 5 ദിവസം മാത്രം കുളിമുറികളിൽ കുളിച്ചു. ബാക്കിയുള്ള ദിവസങ്ങളിൽ ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ വാഹനത്തിലെ ടാങ്കിലെ വെള്ളം ഉപയോഗിച്ച് കുളിച്ചു.

* ആദ്യമായി ഒരു രാജ്ഭവൻ കണ്ടു. ഗർണ്ണറുടെ ഓഫീസിൽ ചെന്ന് അദ്ദേഹത്തേയും കണ്ടു.

* ആദ്യമായി കാസിനോയിൽ കയറി ചൂതാട്ടം നടത്തി, പണം നഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല 950 രൂപ നേടുകയും ചെയ്തു.

* ട്രോളിങ്ങ് നിരോധനം ആയിട്ടും ധാരാളം മത്സ്യവിഭവങ്ങൾ കഴിച്ചു. അതെവിടെ നിന്ന് വരുന്നു എന്നത് ഒരു സമസ്യയായി നിൽക്കുന്നു. റസ്റ്റോറസ്റ്റുകാർ ആരും കൃത്യമായ മറുപടി തന്നില്ല. അവരുടെ വയറ്റിൽപ്പിഴപ്പല്ലേ? അവർക്ക് പറയാനൊക്കില്ല.

* സുബോധ് കരേകർ എന്ന വിഖ്യാത കലാകാരനെ അദ്ദേഹത്തിൻ്റെ മ്യൂസിയത്തിൽ വെച്ച് കണ്ടു, സംസാരിച്ചു.

* ആർലവം ഗുഹ, മരിയ മിരാണ്ടോ ഗാലറി, ബിഗ് ഫുട്ട്, കാസ അൽവാരിസ്, പോംബുർപ്പ സ്പ്രിങ്ങ്, അനവധി പള്ളികൾ, പള്ളിമേട, ധാരാളം അമ്പലങ്ങൾ, മിക്കവാറും ബീച്ചുകൾ, വെള്ളച്ചാട്ടം വന്ന് വീഴുന്ന കാർക്കോലം ബീച്ച്, പുരാതന ഗോവയിലെ പള്ളികളും മ്യൂസിയങ്ങളും, സെമിനാരികളും, മ്യൂസിയം ഓഫ് ഗോവ, ബ്രോഡ് വേ ബുക്ക്സ്റ്റാൾ, ദീവാർ ദ്വീപ്, സാൻ്റോ എസ്തോവം ദ്വീപ്, മാർമുഗാവ് മാലിന്യക്കൂമ്പാരം, മാർമുഗാവ് പോർട്ട്, എന്നീ ഇടങ്ങൾ പേരെടുത്ത് പറയാവുന്നതിൽ ചിലത് മാത്രം.

* തട്ട് കട മുതൽ സ്റ്റാർ ഹോട്ടലുകളിൽ നിന്ന് വരെ ഭക്ഷണം കഴിച്ചു. പിള്ളേച്ചൻ്റെ Suresh Pillai ഗോവൻ RCP ൽ ചെന്ന് ഭക്ഷണം കഴിക്കാനും അദ്ദേഹത്തെ ഓഫ്ലൈൻ ആക്കാനും സാധിച്ചു.

* ഗോവക്കാരുടെ ബ്രഡ് ആയ ‘പോയി‘ കഴിച്ചു. പലവട്ടം ചോദിച്ച് വാങ്ങിക്കഴിച്ചു.

* ഹോട്ടലാക്കി മാറ്റിയിരിക്കുന്ന തിരക്കോൾ പോലുള്ള ഒരു കോട്ടയിൽ നിന്ന് അണ്ണാറന് ഒപ്പം ഭക്ഷണം കഴിച്ചു.

* കൊമ്പൂച്ച എന്ന ഡ്രിങ്ക് (മദ്യമല്ല) ആദ്യമായി കുടിച്ചു. അതുണ്ടാക്കുന്ന ജർമ്മൻ വനിത ബാർബറയെ പരിചയപ്പെട്ടു. കൊമ്പൂച്ചയുടെ മദർ ബാക്ടീരിയയെ നാട്ടിലെത്തിച്ചു.

* ഗോവക്കാരുടെ മത്സ്യവിഭവങ്ങൾക്ക് ഇരട്ടി രുചി നൽകുന്ന റിച്ചാഡോ മസാല നാട്ടിലെത്തിച്ചു. ആവശ്യപ്പെട്ടവർക്ക് എല്ലാവർക്കുമുള്ള അളവിൽ മസാല കിട്ടിയിട്ടില്ല. ബുക്ക് ചെയ്തവർ ഇത് വായിച്ച് ബന്ധപ്പെട്ടാൽ ആദ്യമാദ്യം വരുന്നവർക്ക് കിട്ടും. പുതുതായി ആവശ്യപ്പെടുന്നവർ ക്ഷമിക്കണം. സ്റ്റോക്ക് പരിമിതം.

* 150 രൂപയുടെ ഒരു മോതിരവും മൗസ് പാഡും അല്ലാതെ മറ്റൊന്നും യാത്രയിൽ നഷ്ടമായിട്ടില്ല.

* മൂന്ന് അച്ചാർ കുപ്പികൾ നിറച്ചുണ്ടായിരുന്ന വിത്തുകൾ (ആത്ത, സപ്പോട്ട) പലയിടത്തായി വിതറി. ഞാൻ കുളിക്കാൻ നിർത്തിയ ഇടങ്ങളിലാണ് കൂടുതൽ വിതറിയത്. ഒരെണ്ണമെങ്കിലും മരമായാൽ സന്തോഷം.

* ശരാശരി 800 രൂപയ്ക്ക് മുകളിൽ ഒരു ദിവസം ചിലവ് വന്നിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇന്ധനച്ചിലവ് അടക്കമാണ് ഈ കണക്ക്. കാസിനോയിൽ പോലും 950 രൂപ ഇങ്ങോട്ട് കിട്ടുകയാണുണ്ടായത്.

* വാഹനത്തിനായി വർക്ക് ഷോപ്പിൽ കൊടുത്ത ചിലവ് മുകളിൽപ്പറഞ്ഞ കണക്കിൽ പെടുന്നില്ല. റേഡിയേറ്റർ പുതിയത് വെച്ചതടക്കം 12,000 രൂപ ആയിനത്തിൽ ചിലവായി.

* സോവനീറുകൾ വാങ്ങരുത് എന്ന് എത്ര ആശയടക്കം നടത്തിയിട്ടും പരാജയപ്പെട്ടു. മരിയോ ഗാലറി, മ്യൂസിയം ഓഫ് ഗോവ, കർമ്മ ഗാലറി എന്നിവിടങ്ങളിൽ നിന്നായി 6000 രൂപയ്ക്ക് മുകളിൽ സോവനീറുകളും ആക്രികളും വാങ്ങി.

* ഇത്രയും ദിവസം ഗോവയിൽ നിന്ന് മദ്യപിച്ചില്ല. ഫെനി അടക്കം ഒരു മദ്യവും നാട്ടിലേക്ക് കടത്തിക്കൊണ്ട് വന്നില്ല. കർണ്ണാടക ബോർഡറിൽ അതിശക്തമായ പരിശോധന പണ്ടും നേരിട്ടിട്ടുണ്ട്. ഇപ്രാവശ്യവും നേരിട്ടു. മദ്യമുണ്ടോ എന്ന് കന്നട പൊലീസുകാർ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. എവിടന്ന് വരുന്നെന്ന് ചോദിച്ചു. സഞ്ചാരിയാണെന്ന് പറഞ്ഞ് വാഹനം തുറന്നതും അതവർക്ക് ബോദ്ധ്യമായി. അത്യാവശ്യം കുശലങ്ങൾ ചോദിച്ച ശേഷം പൊലീസുകാർ സൗമ്യമായിത്തന്നെ പറഞ്ഞുവിട്ടു. മുൻപ് ഇതേ അതിർത്തിയിൽ ഉണ്ടായ മോശം അനുഭവം ‘കഥ പറയുന്ന കോട്ടകൾ‘ എന്ന എൻ്റെ രണ്ടാമത്തെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.‘

* മദ്യപിച്ചില്ല എന്ന് പറഞ്ഞത് ‘അശ്വത്ഥാമാ ഹത കുഞ്ജരഹ‘ പോലൊരു അർദ്ധസത്യമാണ്. കോട്ടകളെപ്പറ്റിയും മറ്റ് കാണ്ടേണ്ടതായ ഒരുപാട് സ്ഥലങ്ങളെപ്പറ്റിയും എനിക്ക് കൂടുതൽ വിവരങ്ങൾ തന്നിരുന്നത് മിക്കീസ് എന്ന റസ്റ്റോറൻ്റിലെ വെയ്റ്റർ സുഹൃത്ത് അലക്സ് ആണ്. ഫെനി വാറ്റുന്നത് കാണാനും മനസ്സിലാക്കാനുമുള്ള അലച്ചിൽ ഫലം കണ്ടില്ല. പക്ഷേ, ഫെനിക്ക് ശേഷം അതേ കേന്ദ്രത്തിൽ അതേ കശൂമ്മാങ്ങയിൽ നിന്ന് ഉണ്ടാക്കുന്ന കുറേക്കൂടെ വീര്യമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു മദ്യം രുചി നോക്കാൻ തന്നു അലക്സ്. 10 മില്ലിലിറ്റർ വരുന്ന ‘ഉരാഗ് ‘എന്ന ആ കൊടിയ ചാരായം വെള്ളം ചേർക്കാതെ നുണഞ്ഞ് രുചിച്ച് കുടിച്ചു ഞാൻ. ജൂലായ് 14ന് വൈകീട്ട് ആയിരുന്നു ആ സംഭവം.

* ഈ യാത്രയിൽ അപ്പപ്പോൾ ആവശ്യമായ സഹായങ്ങളുമായി ഒപ്പം നിന്നവർ നിരവധിയാണ്. ലിസ തോമസ്, തേജസ് കൃഷ്ണ, റാണി ബി. മേനോൻ, ശോഭാ മേനോൻ, ദീപു സദാശിവൻ, അരുൺ വേണുഗോപാൽ, ജീജട്ടീച്ചർ, ജയ വസുമതി ടീച്ചർ, വിജയൻ കോടഞ്ചേരി സാർ, സുരേഷ് നെല്ലിക്കോട്, എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.

* പേരു പുറത്ത് പറയാൻ ആഗ്രഹിക്കാത്തെ ഒരു സുഹൃത്ത് “യാത്ര സ്പോൺസർ ചെയ്യട്ടേ“ എന്ന് പോലും ചോദിച്ചു. ഞാനെത്ര ഒഴിഞ്ഞുമാറിയിട്ടും വീണ്ടും വീണ്ടും ഇക്കാര്യം ചോദിച്ചുകൊണ്ടേരിരുന്നു. അദ്ദേഹത്തിന് ഒരു മെച്ചവുമില്ലാത്ത കാര്യത്തിന് ഈ യാത്ര എന്തിന് സ്പോൺസർ ചെയ്യണം? ഞാനതിന് ഒരുക്കമായിരുന്നില്ല. ടൈറ്റിൽ സ്പോൺസർ ചെയ്ത്, അതുകൊണ്ട് പ്രയോജനമുള്ള, ധാരാളം നീക്കിയിരുപ്പ് പണമുള്ള വലിയൊരു സ്പോൺസർ വരുന്നെങ്കിൽ അപ്പോൾ നോക്കാം. അല്ലെങ്കിൽ ഇതെൻ്റെ ചിലവിൽത്തന്നെ നടക്കും. ഇത്രയൊക്കെ പറഞ്ഞിട്ടും “ഒരു ഫുൾ ടാങ്ക് ഡീസലെങ്കിലും അടിച്ച് തരട്ടേ“ എന്നായി മേൽപ്പടി സുഹൃത്ത്. പത്തോ പതിനഞ്ചോ ആൾക്കാരെക്കൊണ്ട് അങ്ങനെ ഫുൾ ടാങ്ക് ഇന്ധനം സ്പോൺസർ ചെയ്യിക്കാനും തനിക്കാകുമെന്ന് അദ്ദേഹം ഒറ്റക്കാലിൽ നിന്നു. ഞാനെന്ത് പറയാൻ ആ വലിയ സ്നേഹത്തിന് മുന്നിൽ. ഇനിയും മറുപടി നൽകിയിട്ടില്ല. വലിയ സന്തോഷം. അങ്ങനെ ഒപ്പം നിൽക്കാൻ പോന്ന സുഹൃത്തുക്കളെ ഊ സൈബറിടങ്ങളിൽ നിന്ന് കണ്ടെടുക്കാനായത് മഹാഭാഗ്യം.

* ഫേസ്ബുക്കിൽ നീളമുള്ളതും അല്ലാത്തതുമായി ചില കുറിപ്പുകൾ എഴുതിയിട്ടു. യൂട്യൂബിൽ പത്തോളം വീഡിയോകൾ ഇനിയും എഡിറ്റ് ചെയ്ത് ഇടാനുണ്ട്. ശരാശരി 300 പേർ മാത്രമേ അതൊക്കെ കാണുന്നുള്ളൂ. എന്നുവെച്ച് ഞാൻ ഡോക്യുമെൻ്റ് ചെയ്തത് എനിക്ക് പബ്ലിഷ് ചെയ്യാതിരിക്കാൻ ആവില്ല. എന്നെങ്കിലുമൊക്കെ എനിക്ക് സ്വയം കണ്ട് രസിക്കാം. മറ്റാർക്കെങ്കിലും ഒരുനാൾ ഉപകരിച്ചെന്നും വരാം.

* പോയ സ്ഥലങ്ങളിലെല്ലാം പടമെടുത്ത് ഗൂഗിളിൽ കയറ്റി. പലയിടത്തും റിവ്യൂ കുറിച്ചു. ഈ ഗ്രഹത്തിൽ ജീവിച്ചിരുന്നു എന്നതിൻ്റെ അടയാളമായി കിടക്കട്ടെ.

* ഫേസ്ബുക്കിനേക്കാൾ കൂടുതൽ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അവിടെ കൂടുതൽ പേർ പിന്നാലെ കൂടുകയും ചെയ്തു. ത്രെഡ് വന്നപ്പോൾ ഫേസ്ബുക്കിൽ ഇടാത്ത ചിത്രങ്ങൾ അവിടേയും പങ്കുവെച്ചിരുന്നു. ചുമ്മാ ഓരോ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും മാത്രം.

* ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ത്രെഡിലും യൂട്യൂബിലുമൊന്നും പറഞ്ഞതും പറയാത്തതും എഴുതിയതും എഴുതാത്തതുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു പുസ്തകം ചെയ്ത് വെച്ചില്ലെങ്കിൽ ഞാൻ തന്നെ ഇതെല്ലാം മറന്നുപോകുമെന്ന അവസ്ഥയുണ്ട്. അതെഴുതി തയ്യാറാക്കി ലേ ഔട്ട് ചെയ്ത് വെക്കും, യാത്ര തുടരുന്നതിന് മുന്നേ തന്നെ. പുസ്തകമാക്കി അച്ചടിച്ച് ഇറക്കുന്ന കാര്യം ഉറപ്പൊന്നുമില്ല. ചരിത്രമാണ് കൂടുതലും പറയാനുള്ളത്. അപ്പറഞ്ഞ കാര്യം ആർക്കും വലിയ താൽപ്പര്യമുള്ള ഒന്നല്ല ഇക്കാലത്തെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടാണിങ്ങനെ ഒരു തീരുമാനം. എന്നിരുന്നാലും എൻ്റെ സന്തോഷത്തിന് ഒരു കോപ്പിയെങ്കിലും അച്ചടിച്ച് എൻ്റെ കൈയിൽ വെച്ചിരിക്കും. 100 പേരെങ്കിലും വാങ്ങാൻ തയ്യാറാണെങ്കിൽ അത്രയും കോപ്പികൾ അച്ചടിക്കും, അതവർക്ക് നൽകും. അത്രേയുള്ളൂ.

* 43 ദിവസവും കൃത്യമായി ഡയറി എഴുതിയിട്ടുണ്ട്. അതൊന്ന് മറിച്ച് നോക്കിയാൽ പുസ്തകമെഴുതുന്ന കാര്യം എളുപ്പമാണ്.

തുടർന്നുള്ള യാത്ര…….

ഇന്ത്യ മുഴുവൻ ഒറ്റയടിക്ക് കറങ്ങി വരാനാണ് ഞാൻ ഇറങ്ങിത്തിരിച്ചതെന്ന് ധരിച്ച് വശായിട്ടുള്ളവർ ഉണ്ട്. അത്തരം യാത്രകളാണല്ലോ പലരും കണ്ടിട്ടുള്ളതും. തെലുങ്കാന പോലുള്ള ഒരു ചെറിയ സംസ്ഥാനം കാണാൻ കോവിഡിന് മുന്നുള്ള കാലത്ത് 38 ദിവസമെടുത്തു. ഗോവ പോലുള്ള മറ്റൊരു ചെറിയ സംസ്ഥാനം കാണാൻ 43 ദിവസമെടുത്തു. അങ്ങനെ നോക്കിയാൽ 255ഉം 135ഉം കോട്ടകളുള്ള മഹാരാഷ്ട്രയും രാജസ്ഥാനുമൊക്കെ കണ്ട് തീർക്കാൻ മാസങ്ങളല്ല വർഷങ്ങൾ തന്നെ എടുത്തെന്നിരിക്കും. അതിനിടയ്ക്ക് പല ഇടവേളകളും ആവശ്യമായി വരും. അത് മനസ്സിലാക്കുമെന്ന് കരുതുന്നു.

എന്തായാലും മഴക്കാലത്ത് ഇങ്ങനെയൊരു യാത്ര വളരെ ശ്രമകരമാണെന്നാണ് ഗോവൻ യാത്ര പഠിപ്പിച്ചത്. കിടന്നുറങ്ങുന്നത് വാഹനത്തിൽത്തന്നെയാണ്. അലക്കിയ വസ്ത്രങ്ങൾ ഉണങ്ങിക്കിട്ടണം. മഴ ഇതിന് തടസ്സമാണ്. ഉറങ്ങുമ്പോൾ ഗ്രില്ല് പിടിപ്പിച്ച ജനാലകൾ തുറന്നിട്ടാണ് കിടക്കുക. പക്ഷേ, മഴ വന്നാൽ അതിലൂടെ വാഹനത്തിനകത്തേക്ക് വെള്ളം കയറും. അപ്പോൾ ജനൽ അടക്കണം. അതോടെ വീർപ്പ് മുട്ടലുണ്ടാകും. അത് എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്താണ് ഗോവൻ യാത്ര പൂർത്തിയാക്കിയത്. ആയതിനാൽ ഇടതടവില്ലാതെ മഴ പെയ്യുന്ന ഇടങ്ങളിലേക്ക് മഴക്കാലത്ത് ഈ യാത്രയുമായി ചെന്ന് കയറാൻ ഉദ്ദേശിക്കുന്നില്ല.

അനാവശ്യമായി വാഹനത്തിൽ എടുത്തുവെച്ച വസ്ത്രങ്ങൾ അടക്കമുള്ള എല്ലാ സാധനങ്ങളും ഒഴിവാക്കണം. ടർക്കിഷ് ടൗവൽ പോലുള്ള സാധനങ്ങൾ ഒരിക്കലും കൊണ്ടുപോകരുതെന്ന് പഠിച്ചു. ഇത്തരം യാത്രകളിൽ പിഴിഞ്ഞുണക്കാൻ പറ്റുന്ന തോർത്തിനോളം വരില്ല അത്തരം ടൗവലുകൾ. ഒരു വള്ളിചെരിപ്പും ഒരു ഷൂസുമല്ലാതെ മറ്റ് പാദരക്ഷകൾ ഒന്നും എടുക്കരുത്. അതൊക്കെ എവിടേയും കിട്ടുന്ന സാധനങ്ങളാണ്. അധികം എടുത്തതൊക്കെ വീട്ടിൽ തിരികെ വെക്കണം.

വാഹനത്തിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്താനുണ്ട്. പലവട്ടം പണിമുടക്കിയ ഏസി കൃത്യമായി പണിതീർക്കണം. യൂട്യൂബിൽ നിന്ന് കിട്ടിയ കോടിക്കണക്കിന് രൂപയുടെ ടാക്സ് ഫയൽ ചെയ്യണം. :) അമ്മ മരിച്ചിട്ട് ഒരുവർഷം ആകുന്നു. അതുമായി ബന്ധപ്പെട്ട് ഒരു പൊതുകാര്യം ചെയ്യാനുണ്ട്. അത്രയും സമയം ഇടവേളയാണ്. അത് കഴിഞ്ഞാലുടൻ മേൽപ്പറഞ്ഞ തരത്തിൽ അനുകൂലമായ കാലാവസ്ഥയുള്ള ഒരു സംസ്ഥാനത്തേക്ക് യാത്ര തുടരും. 15 ദിവസം മുതൽ 30 ദിവസം ഈ ബ്രേക്ക് തുടർന്നേക്കാം. സെപ്റ്റംബർ 1 മുതൽ പോകാൻ പറ്റിയ സംസ്ഥാനം ഏതാണെന്ന് നിങ്ങൾക്കും നിർദ്ദേശിക്കാം.

വാൽക്കഷണം:- എന്നിട്ടും ഗോവ മുഴുവൻ കണ്ടെന്ന് കരുതുന്നില്ല. ഫെനി കാച്ചുന്നത് അടക്കമുള്ള എന്തെങ്കിലും കാരണങ്ങളുണ്ടാക്കി ഞാനിനിയും ഗോവയിൽ പൊയ്ക്കൊണ്ടിരിക്കും. എന്തുചെയ്യാനാണ്…… കാമുകിയുടെ വീട്ടിൽ കുട മറന്ന് വെക്കുന്നത് ഒരു ശീലമായിപ്പോയി.