വായനാ മത്സരത്തിലെ പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം എന്ത് ?


pixlr_20190428181546351

സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ ഹൈസ്ക്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന വായനാ മത്സരം വിവാദത്തിൽ പെട്ടിരിക്കുകയാണെങ്കിലും, ജനങ്ങൾ തിരഞ്ഞെടുപ്പ് ചർച്ചയും വിലയിരുത്തലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രം പരിഗണിക്കുന്നതിനിടയിൽ ഈ വിവാദം മുങ്ങിപ്പോയിരിക്കുന്നു. പക്ഷേ, ഈ വിഷയവുമായി ബന്ധപ്പെട്ട് ചിലത് പറയണമെന്ന് ആഗ്രഹിക്കുന്നത് താഴെ കുറിക്കുന്നു.

1. ചിന്താവിഷ്ടയായ സീത – കുമാരനാശാൻ,
2. സ്വാമിയും കൂട്ടുകാരും – ആർ.കെ.നാരായൺ,
3. സ്മാരകശിലകൾ – പുനത്തിൽ കുഞ്ഞബ്ദ്ദുള്ള,
4. നവരസകഥകൾ – ടി.പത്മനാഭൻ,
5. അപരിഗ്രഹം – പ്രഭാവർമ്മ,
6. കടലറിവുകളും നേരറിവുകളും – റോബർട്ട് പനിപ്പിള്ള,
7.രാഷ്ട്രീയത്തിൽ നിന്ന് ശാസ്ത്രഗവേഷണത്തിലേക്ക് – ഡോ:എം.വിജയൻ,
8. ഇന്ദ്രധനുസ്സിൻ തീരത്ത് – ഭാരതി തമ്പുരാട്ടി,
9. നാസി ഭീകരതയുടെ നിലവിളികൾക്കിടയിലൂടെ – വി.കെ.ജോസഫ്,
10. കേശവ്‌ദേവ്, ഓടയിൽ നിന്ന് മനുഷ്യനെ കണ്ടെത്തിയ എഴുത്തുകാരൻ – പ്രൊഫ:എം.കെ.സാനു,
11. ശ്രീനാരായണഗുരു, വിശ്വമാനവികതയുടെ പ്രവാചകൻ – പി.കെ.ഗോപാലകൃഷ്ണൻ,
12. നവോത്ഥാനം, ശബരിമല, മതനിരപേക്ഷത – പിണറായി വിജയൻ,
13. പൂജ്യത്തിന്റെ കഥ – പള്ളിയറ ശ്രീധരൻ

എന്നിവയാണ് മത്സരവുമായി ബന്ധപ്പെട്ട്, 8 മുതൽ 10 ക്ലാസ്സ് വരെയുള്ള കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിലുള്ളത്.

മേൽ‌പ്പറഞ്ഞ പുസ്തകങ്ങൾ ഒരു വർഷത്തിനുള്ളിൽ കുട്ടികൾ വായിച്ചിരിക്കണം. അതിനെ ആസ്പദമാക്കി ഓരോ സ്ക്കൂളിൽ നിന്നുമുള്ള വിജയികൾ താലൂക്കിലും ജില്ലയിലും സംസ്ഥാനത്തും മത്സരിച്ച് മാറ്റുരച്ചാണ് വിജയിയെ കണ്ടെത്തുക. ഈ പുസ്തകങ്ങളുമായി ബന്ധപ്പെട്ട് എഴുത്തുപരീക്ഷ, വാചാപരീക്ഷ, പ്രസംഗമത്സരം എന്നിവയും സംഘടിപ്പിക്കപ്പെടുകയും വെവ്വേറെ വിജയികളെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്യുന്നു. ഇതാണ് മത്സരത്തിന്റെ ഏകദേശ രൂപം. താലൂക്ക് തലത്തിൽ ഒന്ന് രണ്ട് സ്ഥാനക്കാർക്ക് യഥാക്രമം 2500, 1500 രൂപ വീതം സമ്മാനം ലഭിക്കുമ്പോൾ, ജില്ലയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് 6000, 4500, 3000 രൂപ വീതം ലഭിക്കുന്നു. സംസ്ഥാനത്ത് 15000,10000, 5000 എന്നിങ്ങനെ ആ തുകകൾ ഉയരുന്നു. ഇതിന് പുറമെയാണ് വിജയികൾക്കുള്ള ട്രോഫിയും സ്ക്കൂളുകൾക്കുള്ള സമ്മാനങ്ങളും. ചുരുക്കിപ്പറഞ്ഞാൽ ലക്ഷങ്ങൾ ചിലവാക്കി കുട്ടികളിൽ വായനാശീലം ഉണ്ടാക്കാൻ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു നല്ല പദ്ധതി തന്നെയാണിത്.

പക്ഷേ, നിലവിലെ വായനാ ലിസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദം. ലൈബ്രറി കൌൺസിൽ യോഗത്തിൽ UDF അംഗമായ സുനിൽ ലാലൂരും മുഞ്ഞിനാട് രാമചന്ദ്രനും CPM അംഗവും ഗ്രന്ഥാലോകം മുൻ‌പത്രാധിപരുമായ എസ്.രമേശനും മുഖ്യമന്ത്രിയുടെ പുസ്തകം ഉൾപ്പെടുത്തിയതിനെ എതിർത്തെങ്കിലും ലിസ്റ്റ് അതുപോലെ തന്നെ മുന്നോട്ട് നീങ്ങി. ഇപ്പോൾ ഒരുകൂട്ടം അദ്ധ്യാപകരും ഈ പുസ്തകം ഉൾപ്പെടുത്തിയതിനെതിരെ മുന്നോട്ട് വന്നിട്ടുണ്ട്.

പുസ്തകത്തിലുള്ളത് ശബരിമല വിഷയത്തിൽ സർക്കാരിന്റേയും CPM ന്റേയും നിലപാടുകൾ, RSS നും BJP ക്കും എതിരെയുള്ള വിമർശനങ്ങൾ, ശബരിമല വിഷയത്തിൽ കോൺഗ്രസ്സ് നിലപാടിനെതിരെയുള്ള വിമർശനങ്ങൾ, കമ്മ്യൂണിസ്റ്റ് സർക്കാർ പിന്നോക്ക വിഭാഗത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങൾ, ഇതേ വിഷയത്തിലെ പത്രസമ്മേളനങ്ങൾ, വനിതാമതിൽ, വനിതാ മതിൽ വിഷയത്തിൽ എം.കെ.മുനീറിന് നിയമസഭയിൽ നൽകിയ മറുപടി, കേരള നവോത്ഥാനം, നവകേരള നിർമ്മാണം, മുഖ്യമന്ത്രിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ അവതരിപ്പിക്കുന്ന അഭിമുഖം എന്നിവയൊക്കെയാണ്.

ഇനി ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ ചില ചോദ്യങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു.

ചോദ്യങ്ങൾ :- കുട്ടികൾക്കുള്ള വായനാ മത്സരത്തിൽ ഉൾപ്പെടുത്തേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ? ഈ കമ്മറ്റിയിൽ എത്ര അദ്ധ്യാപകരുണ്ട് ? അവരെല്ലാം രാഷ്ട്രീയ ചായ്‌വുകളുടെ പേരിൽ കമ്മറ്റിയിൽ കയറിയിട്ടുള്ളവരാണോ ? അതാത് പാർട്ടികൾ ഭരിക്കുമ്പോൾ അവരുടെ അദ്ധ്യാപക സംഘടനയിൽ ഉള്ളവർ ഇതിൽ സ്ഥാനം പിടിക്കാറുണ്ടോ ? അതോ ലൈബ്രറി കൌൺസിലിന്റെ മാത്രം നിയന്ത്രണത്തിലുള്ള ഒരു കമ്മറ്റിയാണോ ഇത് ?

ലൈബ്രറി കൌൺസിലിന്റെ പുസ്തകവിൽ‌പ്പനകൾ ജില്ലാ അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന സമയമാണിത്. മത്സര ലിസ്റ്റിലുള്ള മേൽ‌പ്പറഞ്ഞ പുസ്തകങ്ങളുടെ പതിനായിരക്കണക്കിന് കോപ്പികൾ ഈ മേളകളിൽ വിറ്റുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. മുഖ്യമന്ത്രിയുടെ ഈ പുസ്തകത്തിന്റെ പ്രസാധകരായ പ്രോഗ്രസ്സ് ബുക്ക്സിന് ഈ ഒരൊറ്റ പുസ്തകം മാത്രം ഉണ്ടാക്കിക്കൊടുക്കാൻ പോകുന്നത് കനത്ത വരുമാനമാണ്. അങ്ങനെയെന്തെങ്കിലും ചില്ലറ നേടിക്കൊടുത്ത് പ്രാരാബ്ദ്ധക്കാരനായ (ആണെങ്കിൽ) ഒരു പ്രസാധകനെ രക്ഷപ്പെടുത്താനുള്ള പിന്നാമ്പുറ ശ്രമമാണിതെങ്കിൽ അത് കുട്ടികളുടെ ചിലവിലാകാൻ പാടില്ലായിരുന്നു.

അങ്ങനെയല്ലെങ്കിലും, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും നിലപാടുകളും ഉൾപ്പെട്ട പുസ്തകം കുട്ടികൾക്കുള്ള വായനാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു. അത് ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് കരുതുന്നവരുണ്ടെങ്കിൽ, രാഷ്ട്രീയത്തിന്റെ മറുവശങ്ങളും കൂടെ മനസ്സിലാക്കാൻ പാകത്തിനുള്ള പുസ്തകങ്ങളും ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നേ മറുപടിയുള്ളൂ. കുട്ടികൾ രാഷ്ട്രീയത്തിലെ എല്ലാ വശങ്ങളും വായിച്ച് മനസ്സിലാക്കി അതിലെ നെല്ലും പതിരും സ്വയം വേർതിരിക്കാൻ പാകപ്പെടുകയാണ് വേണ്ടത്. വോട്ടവകാശ പ്രായം ആകാത്ത കുട്ടികളിൽ ഏകപക്ഷീയമായ രാഷ്ട്രീയ ചിന്തകൾ കയറ്റിവിടാൻ പാടില്ല തന്നെ. മറുപക്ഷവും വായനയിൽ ഇല്ലെങ്കിൽ ഈ പുസ്തകം ഒഴിവാക്കണമായിരുന്നു. ഭരണകക്ഷിയിലെ പാർട്ടിക്കാരൻ ഒരാൾ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താൻ തയ്യാറാകാത്തത് ഉദ്ദേശശുദ്ധിയുള്ള ഒരു കാര്യമായി കാണാനാവില്ല.

ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ നിലപാടും ഉദ്ദേശശുദ്ധിയും നേട്ടങ്ങളും ജനസേവന കാര്യങ്ങളുമെന്ന പോലെ പൊള്ളത്തരങ്ങളും ഇരട്ടത്താപ്പുകളും കൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ പോന്നതായിരിക്കണം ഇത്തരം പരിപാടികളിൽ ഏതൊരു കമ്മറ്റിയും കക്ഷിയും കൂട്ടായ്മയും കൂട്ടരും സ്വീകരിക്കേണ്ട നിലപാട്.

ഒന്നുകൂടെ വ്യക്തമാക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ ഈ പുസ്തകം വായനാ ലിസ്റ്റിൽ ചേർത്ത നിലയ്ക്ക് ‘ഇടതുപക്ഷം ചെയ്യേണ്ടത്’ എന്ന അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം (ഫേബിയൻ ബുക്ക്സ്) കൂടെ ഇതേ കുട്ടികൾക്ക് വായിക്കാൻ സൌകര്യമൊരുക്കിക്കൊടുക്കണമായിരുന്നു. കനത്ത സമ്മാനത്തുകയുള്ള ലൈബ്രറി കൌൺസിലിന്റെ ഈ മത്സരത്തിന്റെ പേരിലായാലും മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ആയാലും കുട്ടികൾ ആ പുസ്തകം കൂടെ വായിച്ചിരിക്കുന്നത് നല്ലതാണ്. ‘ഇടതുപക്ഷം ചെയ്യേണ്ടത്’ എന്ന പുസ്തകത്തിൽ ആലപ്പാട്ട് കരിമണൽ ഖനനത്തെപ്പറ്റി മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്ന കാഴ്ച്ചപ്പാടുകളാണ് പേജ് 41 മുതൽ 46 വരെയുള്ള ‘കടൽ മണൽ ഖനനം, പുതിയ കടൽക്കൊള്ള’ എന്ന അദ്ധ്യായത്തിലുള്ളത്. ഇടത് പക്ഷം ചെയ്യേണ്ടത് എന്ന പേരിൽ മുഖ്യമന്ത്രി അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും തന്നെ ഭരണകക്ഷിയായി വന്നപ്പോൾ ഇടതുപക്ഷത്തിന് ചെയ്യാനാകുന്നില്ലെന്ന് മാത്രമല്ല, ആലപ്പാട്ട് സമരത്തെ തള്ളിപ്പറയുന്ന അവസ്ഥപോലും ഈ സർക്കാരിന്റേയും അതിന്റെ നേതാക്കന്മാരുടേയും ഭാഗത്തുനിന്നുമുണ്ടായി. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒന്ന് പറയുകയും ഭരണകക്ഷിയാകുമ്പോൾ മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന ഈ നിലപാട് ഇരട്ടത്താപ്പല്ലെങ്കിൽ മറ്റെന്താണ് ?

ഇത്തരം കാര്യങ്ങൾ കൂടെ മറയൊന്നുമില്ലാതെ കുട്ടികൾ മനസ്സിലാക്കിയിരിക്കട്ടെ. എന്നിട്ടവർക്ക് വോട്ടവകാശ പ്രായം ആകുമ്പോഴേക്കും സ്വയം മനസ്സിലാക്കിയെടുത്ത കാര്യങ്ങളിൽ നിന്ന് സ്വന്തം രാഷ്ട്രീയ തീരുമാനങ്ങളിൽ എത്തട്ടെ. അതല്ലാതെ ഭരിക്കുന്ന പാർട്ടിയുടേയും നേതാക്കന്മാരുടേയും നിലപാടുകൾ മാത്രം കുട്ടികളിലേക്ക് ചെലുത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചടിക്കുക തന്നെ ചെയ്യും.

വാൽക്കഷണം:- നരേന്ദ്ര മോഡിയുടെ വീരകൃത്യങ്ങൾ ചിലത് വടക്കേ ഇന്ത്യയിലെ സ്ക്കൂൾ കുട്ടികളെ പാഠപുസ്തകങ്ങളിലൂടെ പഠിപ്പിച്ചപ്പോൾ, അതിനെതിരെ ഈർഷ്യയില്ലാഞ്ഞവരും ട്രോളുകൾ ഇറക്കാത്തവരും വിമർശിക്കാത്തവരും മാത്രം ഈ പുസ്തകത്തിനെതിരെ പറയുന്നവരെ കല്ലെറിയാൻ മുതിർന്നാൽ ഏറ് കൊള്ളാൻ ഒരു രസമുണ്ടായിരുന്നു. ഭരണം കൈയിൽ വരുമ്പോൾ എല്ലാവരും ഇതൊക്കെത്തന്നെയാണ് ചെയ്യുന്നത്. അധികാരത്തിന്റെ മറവിൽ സ്വന്തം കാര്യങ്ങൾ സുഗമമായി നടപ്പിലാക്കും. യോഗ്യതയ്ക്ക് അപ്പോൾ പിൻ‌ബെഞ്ചിൽ മാത്രമേ സ്ഥാനം ഉണ്ടാകാറുള്ളൂ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>