ഇന്ന് യാത്രയൊന്നും ചെയ്തില്ല. ആഴ്ചയിൽ ഒരിക്കൽ അവധി, യാത്രയ്ക്കും ഉണ്ട്. പോരാത്തതിന് ഇന്നലെ പാവഗട കോട്ടയുടെ 700 മീറ്റർ കയറിയതിന്റെ ക്ഷീണവും.
പക്ഷേ രാവിലെ പതിവ് പോലെ 6 മണിക്ക് എഴുന്നേറ്റു. കുളി, തേവാരം, അലക്ക് ഇത്യാദി പരിപാടികൾ നടത്തി. പഴയ ഓഫീസിലേക്ക് അയക്കാനുള്ള ചില കടലാസുകൾ ഒപ്പിട്ട് സ്ക്കാൻ ചെയ്ത് അയച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് 2 മണിക്കൂർ നന്നായി കിടന്നുറങ്ങി. 3 മണിക്ക് മഴ പെയ്തപ്പോൾ എഴുന്നേറ്റ്, മഴയ്ക്കൊപ്പം വാഹനം കഴുകി.
വൈകീട്ട് തെരുവിൽ വെറുതെ നാലഞ്ച് കിലോമീറ്റർ വാഹനം ഓടിച്ച ശേഷം ജനറേറ്റർ വഴിയുള്ള ബാറ്ററി ചാർജ്ജിങ്ങിൻ്റെ രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇപ്പോൾ ബാറ്ററി ചാർജ്ജ് ഉയർന്ന് വന്നിട്ടുണ്ട്. ഇനി പ്രശ്നമില്ല.
തെരുവിലെ ഈ ചാർജ്ജിങ്ങ് പരിപാടിക്കിടയിൽ ധാരാളം നാട്ടുകാർ കുശലം ചോദിക്കാനും മോട്ടോർ ഹോം കാണാനും വരുന്നുണ്ട്. ആ വഴി നടക്കാൻ ഇറങ്ങുന്നവർ എല്ലാവരും പരിചയക്കാരാണ് ഇപ്പോൾ. ഒരിക്കലെങ്കിലും കൈ ഉയർത്തി ആശംസിച്ചിട്ടാണ് അവർ കടന്ന് പോകുന്നത്.
അതിൽ ഒരാൾ ചിത്രദുർഗ്ഗ പരിസരത്ത് കൂടുതലായി കാണേണ്ട സ്ഥലങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. പോയേക്കാം. പോകുന്നിടത്തെല്ലാം ഇതുപോലെ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നെങ്കിൽ!
ചാർജ്ജിങ്ങിന് ഇടയ്ക്ക് വീണ്ടും മഴ ചാറി. എന്തൊരു ദാരിദ്ര്യം പിടിച്ച മഴ. ചാർജ്ജിങ്ങ് നിറുത്തി ജനറേറ്റർ വണ്ടിയിലേക്ക് കയറ്റിയപ്പോഴേക്കും ചാറ്റൽ നിന്നു. വീണ്ടും ജനറേറ്റർ വെളിയിലിറക്കി ചാർജ്ജിങ്ങ് തുടർന്നു.
ജനറേറ്റർ കയറ്റുന്നതും ഇറക്കുന്നതും നല്ല വ്യായാമമാണ്. ജിമ്മിൽ പോകുന്ന ജോലി കുറഞ്ഞ് കിട്ടും. ബാക്കി വ്യായാമം ബൊലേറോ ഓടിക്കുമ്പോൾ കിട്ടുന്നുണ്ട്.
രാത്രി ഒരു ചപ്പാത്തിയും ലെമൺ ചിക്കനും കഴിച്ചു. ഉച്ചഭക്ഷണമാണ് ചിത്രത്തിൽ കാണുന്നത്. ഞാൻ ഈയിടെയായി വ്യാളിപ്പഴം സ്ഥിരമായി കഴിക്കുന്നുണ്ട്.
ഉച്ചയ്ക്ക് പെയ്ത ആ ചെറിയ മഴയിൽ അന്തരീക്ഷം നന്നായി തണുത്തിരിക്കുന്നു. ഇന്ന് രാത്രി പുതച്ചുറങ്ങേണ്ടി വരും. നാളെ രാവിലെ ഉച്ചങ്കിദുർഗ്ഗ കോട്ടയിലേക്കാണ് യാത്ര.
ശ്രീരാമേട്ടൻ്റെ ശൈലിയിൽ…… ആകയാലും പ്രിയരേ ശുഭരാത്രി.
#gie_by_niraksharan
#greatindianexpedition
#boleroxl_motor_home
#fortsofkarnataka
#fortsofindia