ഇന്ന് പൂർണ്ണവിശ്രമം എടുത്തതിനുശേഷം നാളെ കോട്ടയിലേക്ക് പോകാനായിരുന്നു ഇന്നലെ രാത്രി പദ്ധതിയിട്ടത്.
പക്ഷേ രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തി, തുണികൾ കഴുകി, ഭാഗിയെ കുളിപ്പിച്ച് കഴിഞ്ഞിട്ടും സമയം എട്ടുമണിയേ ആയിട്ടുള്ളൂ. ഇന്ന് മുഴുവൻ വെറുതെ ഇരിക്കുന്നതെന്തിന്? ഏകദേശം 4.5 മണിക്കൂർ യാത്രയുണ്ട് കോട്ടയിലേക്ക്. വൈകുന്നേരം ആകുമ്പോഴേക്കും അങ്ങോട്ട് എത്തിയാൽ ഒരു ദിവസം തന്നെ ലാഭമായില്ലേ?
എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇന്നലത്തെ തീരുമാനം റദ്ദ് ചെയ്ത് നേരെ കോട്ടയിലേക്ക് പുറപ്പെട്ടു. കോട്ട കാണാൻ നടക്കുന്നവൻ കോട്ടയിലേക്ക് അല്ലേ പോകേണ്ടതെന്ന് ചോദിക്കാൻ വരട്ടെ. രാജസ്ഥാനിലെ കോട്ട ജില്ലയുടെ കാര്യമാണ് ഇപ്പറയുന്നത്. എന്റെ അടുത്ത ഹബ്ബ് കോട്ട ആണ്.
വൈകീട്ട് 4 മണിയോടെ കോട്ടയിൽ എത്തി. ഞാൻ പ്രതീക്ഷിച്ചതിനേക്കാളും ഗംഭീര നഗരമാണ് കോട്ട. വിശാലവും വൃത്തിയുള്ളതുമായ റോഡുകൾ. ഒരുപക്ഷേ രാജസ്ഥാനിലെ മറ്റേതൊരു നഗരത്തേയും വെല്ലുന്നത്. റൗണ്ട് എബൗട്ടുകളിൽ എല്ലാം വലിയ വലിയ ശില്പങ്ങളും സ്തൂപങ്ങളും. ഒരു വലിയ കനാൽ റോഡിൽ വന്ന് മുട്ടിയ ശേഷം മറുവശത്ത് തുടരുന്നു. രണ്ടു വലിയ പാലങ്ങളിലൂടെ ഞാൻ കടന്നുപോയി. അടിയിൽ ചമ്പൽ നദി നിറഞ്ഞൊഴുകുന്നുണ്ട്.
വരും ദിവസങ്ങളിൽ ഒരുപാട് കാണാനുണ്ട് കോട്ടയിൽ എന്ന് ഉറപ്പായി. എങ്കിലും, ഇന്ന് ഒരു പ്രധാനപ്പെട്ട സംഭവം കാണുന്നതല്ലേ അതിന്റെ ഭംഗി. കുനാടി എന്നാണ് കോട്ടയിലെ കോട്ടയുടെ പേര്. ഭാഗിയെ അങ്ങോട്ട് നയിച്ചു. കോട്ടയുടെ കവാടം തുറന്നു കിടക്കുന്നുണ്ട്. നന്നായി പരിപാലിക്കുന്ന കോട്ടയാണെന്ന് വ്യക്തം. ഞാൻ അകത്തേക്ക് നടന്ന് കയറി.
വാച്ച്മാൻ ആണെന്ന് തോന്നിക്കുന്ന ഒരാൾ കോട്ടയുടെ ഒരു മൂലയ്ക്ക് ഇരിപ്പുണ്ട്. അനുവാദം വാങ്ങാനും കൂടുതൽ വിശേഷങ്ങൾ അറിയാനുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ ആണ് മനസ്സിലായത്, സ്ട്രോക്ക് വന്നിട്ടോ മറ്റോ സംസാരശേഷി കുഴഞ്ഞുപോയ ഒരു വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹം വാച്ച് മാൻ ആണെന്ന് തോന്നുന്നില്ല. ഈ കൊട്ടാരത്തിലെ പഴയ തലമുറയിലെ ഒരു രാജാവ് തന്നെ ആകണം. പക്ഷേ, നാക്ക് കുഴയുന്നതുകൊണ്ട് അദ്ദേഹം പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല.
‘ഫോട്ടോ എടുത്തോട്ടെ’ എന്ന് ഞാൻ ആംഗ്യം കാണിച്ചു. തല കുലുക്കി സമ്മതം കിട്ടി. ‘ചായ എടുക്കട്ടെ’ എന്ന് ചോദിച്ചത് മാത്രം എനിക്ക് മനസ്സിലായി. എന്റെ കാര്യങ്ങൾ അങ്ങോട്ട് പറഞ്ഞതെല്ലാം അദ്ദേഹത്തിന് പിടുത്തം കിട്ടി. ആ നിസ്സഹായ അവസ്ഥയിൽ നിന്ന് തെന്നിമാറി ഞാൻ കോട്ട നടന്ന് കണ്ടു.
ത്ജാല രജ്പുത്ത് വംശത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കോട്ടക്ക് 300 വർഷത്തോളം പഴക്കമുണ്ട്. ഇതിനകത്തെ മുറികൾ ഇപ്പോൾ ഹെറിറ്റേജ് ഹോട്ടലായി നൽകുന്നുണ്ട്.
കോട്ടയിൽ നിന്നിറങ്ങിയ ശേഷം ഭാഗിയും ഞാനും ഒരിക്കൽക്കൂടെ നഗരത്തിലൂടെ ചുറ്റി നടന്നു. രാത്രി താങ്ങാനുള്ള സുരക്ഷിതമായ ഒരു സ്ഥലമാണ് ഇനി കണ്ടുപിടിക്കേണ്ടത്. നഗരത്തിലെ വലിയ വലിയ ഹോട്ടലുകളുടെ മുന്നിലൊന്നും കാര്യം നടക്കുമെന്ന് തോന്നിയില്ല. ഗ്യാസ് സ്റ്റേഷനുകളിൽ ചെന്ന് ചോദിക്കുന്നത് എനിക്ക് വലിയ മടിയാണ്. ധാബകളാണ് ഇപ്പോൾ കുറെയേറെ ഇണങ്ങുന്നത്. ഞങ്ങൾ നഗരത്തിൽ നിന്നും പുറത്ത് കടന്ന് പ്രധാന പാതയിലൂടെ കുറെ നേരം മുന്നോട്ട് നീങ്ങി. വളരെ ഭംഗിയുള്ള കൃഷിയിടങ്ങളാണ് റോഡിന് ഇരുവശവും. മാലിന്യങ്ങൾ ഒന്നുമില്ലാതെ നല്ല ഭംഗിയിലാണ് എല്ലാ കൃഷിയിടങ്ങളും കിടക്കുന്നത്. അകന്ന് പോകുന്തോറും വിജനമായിക്കൊണ്ടിരിക്കുന്ന റോഡ്.
റോഡിന് എതിർവശത്ത് ഒരു ധാബ ഞാൻ കണ്ടു പിടിച്ചു. പ്രേം ദാ ധാബ. അതിന്റെ പരിസരവും വിജനമാണ്. ഒറ്റനോട്ടത്തിൽ അല്പം ഭീതി തോന്നും. ഉടമസ്ഥനും ഒരു അൽസേഷൻ നായയും ഇറങ്ങിവന്നു. ‘വാഹനം പാർക്ക് ചെയ്യുന്നതിന് വിരോധമില്ല. പക്ഷെ, എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല’, എന്ന് അദ്ദേഹം പറഞ്ഞത് എന്നിൽ ആശങ്ക ജനിപ്പിച്ചു.
സുരക്ഷിത വലയത്തിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോളുള്ള ഒരു പ്രശ്നം മാത്രമാണിത്. എന്നെ ആര് അപായപ്പെടുത്താനാണ്? അങ്ങനെ എന്തെങ്കിലും ചെയ്താലും അവർക്ക് എന്ത് കിട്ടാനാണ്? എന്റെ കയ്യിൽ ഉള്ളത് മുഴുവൻ അവർക്ക് കൊടുക്കാം. ദേഹോപദ്രവം ചെയ്യാതിരുന്നാൽ മതി.
ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ ഏത് സ്ഥലവും പെട്ടെന്ന് സുരക്ഷിതമായി മാറും.
ഇത് കൊള്ളാവുന്ന ഒരു സ്ഥലമായി മാറിയാൽ അടുത്ത മൂന്ന് നാല് ദിവസം ഇവിടെ തന്നെ ക്യാമ്പ് ഉറപ്പിക്കാവുന്നതാണ്. സമയം ഏറുന്തോറും ചില ട്രാക്ടറുകളും ബൈക്കുകളും ഒക്കെ വന്ന് ‘പ്രേം ദാ ധാബ’ പരിസരം കുറേക്കൂടി സജീവമായിട്ടുണ്ട്. അതെന്തായാലും 10 മണിക്ക് ഞാൻ ഉറങ്ങും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം.
ശുഭരാത്രി.