ഹാരപ്പ, മോഹൻജോദാരോ എന്നൊക്കെ ചെറിയ ക്ലാസ്സുകളിലെ സാമൂഹ്യപാഠത്തിൽ പഠിച്ചിട്ടില്ലേ? ക്രിസ്തുവിനും 2500 വർഷത്തോളം മുൻപ്, അത്തരത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ഒരു നഗരസംസ്ക്കാരവും ഒരു തുറമുഖവും ഗുജറാത്തിലെ ലോഥർ എന്ന സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. അഹമ്മദാബാദിൽ നിന്ന് ലോഥറിലേക്കും തിരിച്ചും 140 കിലോമീറ്റർ ദൂരമാണ് ഇന്ന് സഞ്ചരിച്ചത്.
യാത്ര ഏകദേശം ഒന്നേമുക്കാൽ മണിക്കൂറാണ്. പക്ഷേ വല്ലാത്ത ഗതാഗതാഗതക്കുരുക്കിൽ പെട്ട് രണ്ടര മണിക്കൂർ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 10 മിനിറ്റ് കൊണ്ട് അഴിക്കേണ്ട ഗതാഗതക്കുരുക്ക്, പൊതുജനത്തിന്റെ അച്ചടക്കം ഇല്ലാത്ത വാഹനയോട്ടം കാരണം ഒരു മണിക്കൂർ നീണ്ടു പോയി.
* 1955 – 62 കാലഘട്ടത്തിൽ ഡോ: എസ്.ആർ.റാവു, ലോഥൽ മലയിൽ നടത്തിയ ഉത്ഖനനമാണ് ഹാരപ്പയുടെ ഈ പുരാതന തുറമുഖത്തെ മണ്ണിനടിയിൽ നിന്ന് വെളിയിൽ കൊണ്ടുവന്നത്.
* ബി.സി. 2500-1900 കാലഘട്ടത്തിലേതാണ് ഈ ഹാരപ്പൻ തുറമുഖം എന്ന് കരുതപ്പെടുന്നു.
* 13 മീറ്റർ കനത്തിൽ കട്ടകൾ കൊണ്ട് ഈ നഗരത്തേയും കൊട്ടാര ഭാഗത്തേയും മറ്റ് നിർമ്മിതികളേയും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിച്ച് നിർത്തിയിരിക്കുന്നു.
* നഗരത്തിന്റെ മുഖ്യൻ താമസിച്ചിരുന്ന കെട്ടിടം തറയിൽ നിന്ന് 3 മീറ്റർ ഉയരത്തിലാണ്. വെള്ളത്തിനുള്ള സൗകര്യവും അഴുക്ക് വെള്ളം പോകാനുള്ള ചാലുകളും ഒക്കെയുണ്ട് അവിടെ.
* താഴെ ഭാഗത്തുള്ള നഗരത്തെ, ശില്പികൾക്ക് താമസിക്കാനുള്ള ഇടമായും കുടുംബങ്ങൾക്ക് താമസിക്കാനുള്ള ഇടമായും രണ്ടായി പകുത്തിരിക്കുന്നു.
* ഒരു പാണ്ടികശാലയും തുറമുഖവും ആണ് കണ്ടെടുത്തതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
* ലോഥലിലെ ഉത്ഖനനത്തിന്റെ ഫലമായി മുത്തുകൾ, സീലുകൾ മേൽക്കൂരകൾ, ചിപ്പികൾ ആനക്കൊമ്പുകൾ, ചെമ്പ്, ഓട്, ആയുധങ്ങൾ, പൂജ ചെയ്യാനുള്ള ഉപകരണങ്ങൾ എന്നിവയൊക്കെ ലഭിച്ചു. ഇതെല്ലാം ഇപ്പോൾ ബറോഡയിലാണ് സൂക്ഷിച്ചിരിക്കുന്നത് മ്യൂസിയത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അത് കഴിഞ്ഞാൽ ഇതൊക്കെ മ്യൂസിയത്തിലേക്ക് കൊണ്ടുവരും.
* അക്കാലത്തെ മറൈൻ എഞ്ചിനീയറിങ്ങിന്റെ അത്ഭുതകരമായ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് കപ്പൽ നിർമ്മാണ കേന്ദ്രത്തിന്റെ ഭാഗങ്ങൾ.
* കപ്പൽ നിർമ്മാണ കേന്ദ്രത്തിലേക്കുള്ള വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാനുള്ള മരം കൊണ്ടുള്ള ഒരു കവാടം പോലും ഉണ്ടായിരുന്നു അന്ന്.
* മുത്തുകൾ ഉണ്ടാക്കുന്ന ഒരു ഫാക്ടറി തന്നെ ഇതിനകത്ത് പ്രവർത്തിച്ചിരുന്നതായി കണ്ടെടുത്ത 600 പരം മുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു. അവ ചുട്ടെടുക്കാനുള്ള അടുപ്പുകളും ഇവിടെ ഉണ്ടായിരുന്നു.
* തുറമുഖത്തിന്റെ ഭാഗമാണെന്ന് തോന്നുന്ന ഇടം, വെള്ളം മൂടി കിടക്കുകയാണ്.
* കീഴ്വശത്തെ നഗര ഭാഗത്തിന്റെ താഴെ ശ്മശാനവും ഉണ്ട്.
ഞാനവിടെ ചെന്ന് കയറുമ്പോൾ സൂര്യൻ മുകളിൽ കത്തി നിൽക്കുകയാണ്. എങ്കിലും നമ്മുടെ രാജ്യത്തിന്റെ പൈതൃകമോർത്താൽ കുളിര് കോരും. ധാരാളം സന്ദർശകർ വന്നു പോകുന്നുണ്ട് ലോഥറിൽ. പ്രത്യേകിച്ചും ചരിത്ര വിദ്യാർത്ഥികൾ. മനുഷ്യർക്ക് ചരിത്രത്തിലുള്ള താൽപര്യം നഷ്ടപ്പെടാതിരിക്കട്ടെ.
വൈകുന്നേരത്തോടെ അഹമ്മദാബാദ് നഗരത്തിൽ തിരികെയെത്തി. ഇന്നലെ ഭാഗിയുടെ പ്രശ്നങ്ങൾ തീർക്കാൻ പോയപ്പോൾ വർക്ക്ഷോപ്പിൽ എൻ്റെ മടക്ക് കസേര മറന്നു വെച്ചിരുന്നു. അത് എടുക്കാൻ പോയ കൂട്ടത്തിൽ ഭാഗിയുടെ പ്രശ്നം തീർക്കാൻ പറ്റുമോ എന്ന് ഒരു അവസാന ശ്രമം നടത്തി നോക്കി. പക്ഷേ ആ വർക്ക്ഷോപ്പുകാരന് അതിനുള്ള കാര്യക്ഷമത ഇല്ലെന്നാണ് എനിക്ക് മനസ്സിലായത്.
കൂടുതൽ സമയം പാഴാക്കാൻ നിന്നില്ല. മൂന്നര കിലോമീറ്റർ അപ്പുറത്താണ് സബർമതി ആശ്രമം. ഇന്ന് മൂന്നാം തവണയും ആശ്രമത്തിന്റെ ഭാഗത്തേക്ക് പോകുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ദണ്ഡി പാലത്തിലൂടെ അൽപനേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുക. അത് സാധിച്ചു. വലിയൊരു ചരിത്ര സംഭവം നടന്ന ഇടമാണെന്നും മഹാനായ ഒരു വ്യക്തി ദിവസവും നടക്കാറുണ്ടായിരുന്ന പാലമാണെന്നും ഉള്ള ബോദ്ധ്യവും വേണം അതിലൂടെ നടക്കുമ്പോൾ. അപ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒന്ന് വേറെയാണ്.
നാളെ ഈ യാത്ര നാല് മാസം പിന്നിടുന്നത് പ്രമാണിച്ചിച്ച് ഒറ്റയടിക്ക് മൂന്ന് കോട്ടകൾ കാണാൻ പദ്ധതിയുണ്ട്.
വാൽക്കഷണം:- ജനുവരി 13 മുതൽ മറ്റൊരു അപകടം ഈ യാത്ര പിന്തുടരുന്നവരെ കാത്തിരിക്കുന്നുണ്ട്. 2014 ജനുവരി 13ന് രാജസ്ഥാനിലേക്ക് പുറപ്പെട്ട് 50 ദിവസം നീണ്ടുനിന്ന യാത്രയുടെ വിവരണങ്ങൾ നാളെ മുതൽ വീണ്ടും കുത്തിപ്പൊങ്ങി വരാൻ തുടങ്ങും ഫേസ്ബുക്കിൽ. കൂട്ടത്തിൽ ഇതും. സ്ഥിരം വായനക്കാർ അതോടെ എന്നെ വെറുക്കും. ജീവനും കൊണ്ട് രക്ഷപ്പെടണം എന്നുള്ളവർക്ക് ഇത് സുവർണ്ണാവസരമാണ്. ഞാൻ മുന്നറിയിപ്പ് തന്നില്ല എന്ന പരാതി പിന്നീട് ഉണ്ടാകാൻ പാടില്ല.
ശുഭരാത്രി.