രാത്രി അത്യാവശ്യം തണുപ്പുണ്ടായിരുന്നു. ഭാഗിയുടെ ചില്ലുകളിൽ പ്രഭാതത്തിലെ മഞ്ഞ് വീണിട്ടുമുണ്ട്.
രാവിലെ 7 മണിയോടെ KBP എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളിൻ്റെ റസ്റ്റ് റൂമിൽ അലക്ക്, കുളി, തേവാരം ഇത്യാദി കർമ്മങ്ങൾ നിർവ്വഹിച്ച് വാപിയിലേക്ക് പുറപ്പെട്ടു. 408 കിലോമീറ്റർ ദൂരമാണ് താണ്ടാനുള്ളത്.
ഇടയിൽ പൂന, ലോണാവാല, ഠാണ എന്നിങ്ങനെ പരിചിതമായ ഇടങ്ങളുണ്ട്. പൂനയിൽ, കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജ് സഹപാഠി രാകേഷുണ്ട്. എത്ര പറഞ്ഞാലും തീരാത്ത പഴയതും പുതിയതുമായ കഥകൾ പറഞ്ഞ് ഉച്ചഭക്ഷണവും കഴിച്ച് രാകേഷിനൊപ്പം ചിലവഴിച്ചത് 4 മണിക്കൂറിൽ അധികം സമയം. അതോടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി.
പൂനയിൽ നിന്ന് വീണ്ടും അഞ്ചരമണിക്കൂർ ഓടാനുണ്ട് വാപിയിലേക്ക്. നല്ല ട്രാഫിക്കും ഉണ്ട്. ആറ് വരി പാത ഉണ്ടെങ്കിലും റോഡിന്റെ നിലവാരം അത്ര പോര. രാത്രി 0830നേ വാപിയിൽ എത്തൂ എന്നാണ് ഗൂഗിൾ പറയുന്നത്.
ഇരുട്ടത്ത് വാഹനം ഓടിക്കില്ല എന്നത് ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷനിലെ ഒരു പോളിസിയാണ്. വെറും 17 വയസ്സ് മാത്രമുള്ള ഭാഗി എന്ന കൗമാരക്കാരിയുമായി രാത്രി യാത്ര ഒട്ടും ശരിയാകില്ല.
ഠാണ കഴിഞ്ഞപ്പോൾ മുതൽ യാത്ര അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാനും സുരക്ഷിതമായി ഉറങ്ങാനും പറ്റിയ ഒരു തെരുവോരത്തിന് വേണ്ടി ഞാൻ പരതിക്കൊണ്ടിരുന്നു.
മനോർ (Manor) എന്ന സ്ഥലത്ത് തെറ്റില്ലാത്ത ഒരു റസ്റ്റോറന്റും പാർക്കിങ്ങ് ഇടവും കണ്ടു. അവർ വെളുപ്പിന് 2 മണി വരെ തുറന്നിരിക്കും. ഞാൻ അവിടെ ഭാഗിയെ പാർക്ക് ചെയ്യുന്നതിന് കുഴപ്പമുണ്ടോ എന്ന് തിരക്കി. അവർക്ക് സന്തോഷമേയുള്ളൂ. അവരുടെ ശൗചാലയത്തിന് വൃത്തിയും വെടിപ്പുമുണ്ട് എന്നതാണ് അതിലേറെ പ്രധാനം. മാത്രമല്ല 100 രൂപയ്ക്ക് റസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ ഭാഗിയെ കഴുകി കുളിപ്പിച്ച് സുന്ദരിയാക്കി തരുകയും ചെയ്തു.
80 കിലോമീറ്റർ ദൂരമുണ്ട് മനോറിൽ നിന്ന് ഗുജറാത്ത് അതിർത്തിയിലേക്ക്. പിന്നെ വാപി, അവിടന്ന് അഹമ്മദാബാദ്. എല്ലാം ചേർത്ത് നാളെ 440 കിലോമീറ്റർ യാത്രയുണ്ട്.
ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. ആ ശബ്ദമൊന്നും പക്ഷേ, എൻ്റെ ഉറക്കത്തിന് തടസ്സമാകില്ല.
ആയതിനാലും* ശുഭരാത്രി കൂട്ടരേ.
(*കടപ്പാട് – ശ്രീരാമേട്ടൻ)
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#gie_by_niraksharan
#greatindianexpedition
#boleroxlmotorhome
#motorhomelife
#gie_rajasthan