ലോക്ക്ഡൗൺ പെട്ടെന്നുണ്ടാകണം


90142537_10220150798667671_3698896079505326080_o
കൊറോണയെ അതിജീവിക്കും തോൽപ്പിക്കും എന്നൊക്കെ ഇന്നലെവരെ ഉണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഇന്നില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുകയറ്റവും ഇന്ന് ‘ജനത കർഫ്യൂ’ കഴിയുന്നതിന് മുന്നേ പാത്രങ്ങളും കൊട്ടി കൂട്ടംചേർന്ന് തെരുവിലിറങ്ങിയ വിവരദോഷികളായ മനുഷ്യന്മാരുടെ കാഴ്ചയുമാണ് ആ വിശ്വാസം ഇല്ലാതാക്കിയത്. ജനതാ കർഫ്യൂ നടപ്പിലാക്കാൻ ആവശ്യമായ തീറ്റ സാധനങ്ങളും ‘കുടിവെള്ള’വും വാങ്ങാനായി ഉത്സവം പോലെയാണ്, തെരുവിലും ചന്തയിലും ആൾക്കാർ തടിച്ചുകൂടിയത്. കമ്മ്യൂണിറ്റി സ്പ്രെഡ് എന്ന ഭീകരാവസ്ഥ ഇന്ത്യ വിളിച്ചുവരുത്തിക്കഴിഞ്ഞു.

30 പേർ മാത്രം രോഗബാധിതരായി ഉണ്ടായിരുന്നപ്പോൾ ചാടിപ്പോയി രോഗം പടർത്തിയത് ഒന്നോ രണ്ടോ പേർ മാത്രമായിരുന്നു. ഇന്നിപ്പോൾ രോഗബാധിതരുടെ എണ്ണം 360 കടന്നിരിക്കുന്നു. ചാടിപ്പോയി രോഗം പടർത്താൻ പോന്നവരുടെ എണ്ണം അതേ തോതിലോ അതിനേക്കാൾ അധികമോ ആണ്.

വീട്ടിലുള്ളവർ പറഞ്ഞാലോ നാട്ടിലുള്ളവർ പറഞ്ഞാലോ നിയമങ്ങൾ വഴി സർക്കാർ തന്നെ പറഞ്ഞാലോ കടുകിട അനുസരിക്കാത്ത ഒരു ജനതയാണ്. ഈ കുറഞ്ഞ സമയം കൊണ്ട് അവരെ അനുസരണ പഠിപ്പിക്കുക ബുദ്ധിമുട്ടാണ്. ആരെങ്കിലും പറയുന്നത് അനുസരിച്ച് അവർക്ക് ശീലമില്ല; അനുസരിക്കില്ല.

ബോധം, വിവരം, വിവേകം എന്നുള്ളതൊന്നും അടുത്തുകൂടെ പോകാത്തവർ കൂടിയാകുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു. കയ്യടിച്ചും പാത്രങ്ങൾ കൊട്ടിയും ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ, ജാഥയായി തെരുവിലിറങ്ങി ആ പരിപാടി ആഘോഷമാക്കിയ ജനതയെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നാണ്. പോരാത്തതിന് അന്ധവിശ്വാസങ്ങളും തെറ്റായ വിവരങ്ങളും ആവശ്യത്തിലധികം കൂട്ടിനുണ്ട്. ആയതിനാൽ ആളപായം ലഘുവാക്കി രക്ഷപ്പെടുമെന്ന പ്രതീക്ഷ ഇല്ലാതായിരിക്കുന്നു.

രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് ലോക്ക്ഡൗൺ എന്ന അവസ്ഥയിലേക്ക് തന്നെയാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസം മുന്നേ അത് ചെയ്യാനായാൽ അത്രയെങ്കിലും ജീവനുകൾ രക്ഷിച്ചെടുക്കാനാവും. അത്രയ്ക്ക് അദ്ധ്വാനം കുറയും.

ആയതിനാൽ ഈ രാജ്യത്തെ ഒരു വ്യക്തി(പൗരൻ എന്നത് തീരുമാനമായിട്ടില്ലല്ലോ) എന്ന നിലയ്ക്ക് ഞാൻ ആഗ്രഹിക്കുന്നതും നിർദ്ദേശിക്കുന്നതും ലോക്ക്ഡൗൺ ആണ്. ജനങ്ങൾക്ക് ഒന്നോ രണ്ടോ ആഴ്ച്ചയിലേക്ക് വേണ്ട ഭക്ഷണസാമഗ്രികളുടെ കാര്യം ഏർപ്പാടാക്കി രാജ്യം അടച്ചുപൂട്ടി എല്ലാ വരേയും വീട്ടിലിരുത്തുക. ചുറ്റിയടിക്കാനായി പുറത്തിറങ്ങുന്നവരെ പിടിച്ച് തുറുങ്കിലടക്കുക.

ലോകത്തിന്റെ തന്നെ മൊത്തം സാമ്പത്തികാവസ്ഥ തകിടം മറിഞ്ഞിരിക്കുന്നതുകൊണ്ട് അതേപറ്റി ആലോചിച്ച് ബേജാറാകേണ്ട കാര്യമെന്തിരിക്കുന്നു. ജീവനോടെ ബാക്കിയുണ്ടെങ്കിൽ സാമ്പത്തികമൊക്കെ വീണ്ടും പടുത്തുയർത്താമല്ലോ.

ഈ പറയുന്നത് ആരെയും പേടിപ്പെടുത്താൻ വേണ്ടിയോ ഭീതി ജനിപ്പിക്കാൻ വേണ്ടിയോ അല്ല. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന കാര്യം പറയേണ്ട സമയത്ത് പറയുക എന്നത് എന്റെ അവകാശമാണ്. അതിന്റെ പേരിൽ എനിക്കെതിരെ നടപടി എടുക്കണമെന്നുള്ളവർക്ക് അതാകാം. പക്ഷേ, അഭിപ്രായത്തിൽ മാറ്റമില്ല. എത്രയും പെട്ടെന്ന് ലോക്ക്ഡൗൺ ഉണ്ടാകണം.

വാൽക്കഷണം:- വിവരദോഷം ഒരു കുറ്റമല്ല. മരണത്തെ ഭയക്കുന്നുമില്ല. പക്ഷേ നിയമം ഒരുതരത്തിലും അനുസരിക്കില്ല എന്ന കുറ്റം ഭൂഷണമായി കൊണ്ടുനടക്കുന്നവർക്കിടയിൽ ഒരു വിഡ്ഢിയായി മരണത്തെ പുൽകാൻ ആഗ്രഹിക്കുന്നില്ല. എത്രയും പെട്ടെന്ന് ലോക്ക്ഡൗൺ ഉണ്ടാകണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>