Yearly Archives: 2016

ദങ്കൽ


88

മീർഖാൻ കുടവയറനാകുകയും പിന്നീടത് ഉറച്ച മസിലാക്കുകയുമൊക്കെ ചെയ്തതിന്റെ ഫോട്ടോകളുടേയും വീഡിയോയുടേയും പേരിൽത്തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദങ്കൽ (Dankal) റിലീസിന് മുന്നേ തന്നെ ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞതാണ്. അങ്ങനെ എന്തെങ്കിലുമൊക്കെ ത്യാഗങ്ങളോ പുതുമകളോ ഇല്ലാതെ ഒരു അമീർഖാൻ സിനിമ പ്രതീക്ഷിക്കുന്നതിലും അർത്ഥമില്ലല്ലോ ?

മലയാള സിനിമാ നിർമ്മാതാക്കളും തീയറ്റർ ഉടമകളും അനാവശ്യമായ തർക്കങ്ങളിലും സമരങ്ങളിലും അഭിരമിച്ച് ക്രിസ്തുമസ്സ് സമയത്ത് പോലും സിനിമ കളിക്കാത്ത തരത്തിൽ തങ്ങളുടെ സംഘടനാബലം തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ, അവധിയാഘോഷ ദിനങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലുള്ളത് ഇതര ഭാഷാ ചിത്രങ്ങൾ മാത്രമാണ്. തല്ലുപിടുത്തക്കാർക്ക് വേണ്ടെങ്കിൽ വേണ്ട, ആവശ്യക്കാർക്ക് ഒരു സിനിമാ ടിക്കറ്റിന്റെ പണമെങ്കിലും കൊടുത്തിരിക്കണം എന്ന വാശിയോട് കൂടെയാണ് ദങ്കൽ കാണാനിറങ്ങിയത്. പ്രതീക്ഷകളൊന്നും അമീർഖാനും ഡങ്കലും അസ്ഥാനത്താക്കിയില്ല. ഒരു സമ്പൂർണ്ണ കായിക എന്റർടൈനർ തന്നെയാണ് കണ്ട് മടങ്ങാനായത്.

മഹാവീർ സിങ്ങ് ഭോഗട്ട് എന്ന ഇന്ത്യൻ ഗുസ്തിക്കാരന്റെ ആത്മകഥയാണ് ദങ്കലിന്റെ ഇതിവൃത്തം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാഷണൽ ചാമ്പ്യൻ എന്നതിനപ്പുറം ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡൽ നേടാൻ കഴിയാതെ പോയ മഹാവീർ, ആ നേട്ടങ്ങൾ പിറക്കാൻ പോകുന്ന തന്റെ മകനിലൂടെ സ്വപ്നം കാണുന്നു. പക്ഷേ ഒന്നിന് പിറകേ ഒന്നായി പിറക്കുന്നത് നാല് പെൺ‌മക്കളാണ്. സ്വപ്നങ്ങളെല്ലാം തകരപ്പെട്ടിയിൽ അടച്ചുപൂട്ടിയതിന്റെ പിന്നാലെ ഒരു ദിവസം, തന്റെ മൂത്ത രണ്ട് പെൺ‌മക്കളായ ഗീതയുടേയും ബബിതയുടേയും ഞരമ്പിലൂടൊഴുകുന്നത് ഗുസ്തിക്കാരുടെ ചോരതന്നെയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പിന്നീട് അദ്ദേഹമവരെ കഠിനമായ പരിശീലനങ്ങളിലൂടെ കടത്തി വിടുന്നു, മുടി മുറിക്കുന്നു. നാട്ടുനടപ്പില്ലാത്തതാണെങ്കിലും ഗ്രാമത്തിലെ ഗോദകളിൽ ആൺ‌കുട്ടികൾക്കൊപ്പം മത്സരിപ്പിക്കുന്നു, വിജയം നേടുന്നു. ഗീത പീന്നീട് ഇന്ത്യയ്ക്ക് വേണ്ടി കോമൺ‌വെൽത്ത് മത്സരങ്ങളിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതയായി മാറുമ്പോൾ സിനിമ അവസാനിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ ബബിതയും രാജ്യാന്തര നേട്ടങ്ങൾ കൊയ്യുന്നുണ്ടെങ്കിലും അത് സിനിമയുടെ ടൈറ്റിൽ കാർഡിൽ മാത്രമായി ഒതുക്കുന്നു.

പരിശീലനത്തിലേക്ക് കടക്കുമ്പോൾ മുതൽക്ക് ഗീതയ്ക്കും ബബിതയ്ക്കുമുള്ള മാനസ്സിക സംഘർഷങ്ങൾ, നാട്ടുകാരിൽ നിന്നും സമപ്രായക്കാരായ ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും നേരിടേണ്ടി വരുന്ന പരിഹാസങ്ങൾ, എതിർപ്പുകൾ, ബുദ്ധിമുട്ടുകൾ എന്നതെല്ലാം വ്യാവസായിക സിനിമയ്ക്കാവശ്യമായ വികാരനിർഭരമായ രംഗങ്ങൾക്കൊപ്പം വേണ്ടവണ്ണം കോർത്തിണക്കിയാണ് ദങ്കൽ തയ്യാറാക്കിയിരിക്കുന്നത്.

ടീവിയിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടെങ്കിൽക്കൂടെ ഗുസ്തി എന്ന കായിക ഇനത്തിന്റെ നമ്മളിതുവരെ ശ്രദ്ധിക്കാതെ പോയ ഉള്ളുകള്ളികളിലേക്ക് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അവസാന മത്സരങ്ങളുടെ രംഗങ്ങൾ എത്തുമ്പോഴേക്കും തീയറ്ററിൽ ഇരിപ്പുറക്കാതെ നമ്മുടെ കാലുകളും സീറ്റിനടിയിലൂടെ ഒരു ഗുസ്തിക്കാരന്റെ ചേതനയുൾക്കൊണ്ടുകൊണ്ട് ഗുസ്തിച്ചുവടുകൾക്കായി പരതുന്നു. വിജയരംഗങ്ങളിൽ,  സിനിമയാണിതെന്ന് മറന്ന് ഒരു ലൈവ് ഗുസ്തിമത്സരം ജയിച്ചതിന്റെ ആവേശത്തിൽ കാണികൾ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് കൈയ്യടിക്കുന്നു, ആർപ്പു വിളിക്കുന്നു. ഒരു സിനിമ ജനകീയമാകുന്നതിന്റേയും വിജയമാകുന്നതിന്റേയും ദൃഷ്ടാന്തങ്ങളാണത്.

ഡോക്യുമെന്ററി സ്വഭാവം അശേഷമില്ലാതെ ഗുസ്തിയുടെ നിയമങ്ങളും പോയന്റുകളുമൊക്കെ ഓരോ കാണികളേയും പഠിപ്പിച്ച് വിടുന്നുണ്ട് ദങ്കൽ. ഇനിയൊരു ഗുസ്തിമത്സരം ടീവിയിൽ കാണാനായാൽ ചാനൽ മാറ്റാതെ അതിന്റെ സ്ക്കോറ് ശ്രദ്ധിക്കാൻ ഓരോ പ്രേക്ഷകനേയും പ്രാപ്തനാക്കുന്നിടത്താണ് ദങ്കലിന്റെ ശരിക്കുള്ള വിജയം.

ഓഫീസിനകത്ത് തന്നെ വെല്ലുവിളിച്ച ഒരു സഹപ്രവർത്തകനെ മലർത്തിയടിക്കുന്ന ആദ്യരംഗമൊഴിച്ചാൽ അമീർഖാന്റേതായി ഹീറോയിസം കാര്യമായൊന്നും ഇതിലില്ല. എന്നുവെച്ച് ഇതൊരു അമീർഖാൻ ചിത്രമല്ലാതാകുന്നുമില്ല. അമീർ തന്നെയാണിതിലെ കേന്ദ്രബിന്ദു. ഗീതയായും ബബിതയായും അവരുടെ ചെറുപ്പമായും പ്രത്യക്ഷപ്പെടുന്ന നാല് പെൺ‌കുട്ടികൾ (ഫാത്തിമ സന ഷേയ്ക്ക്, സൈറ വസിം, സുഹാനി ഭട്ട്‌നാഗർ, സന്യ മൽ‌ഹോത്ര) അമീറിനൊപ്പം നിറഞ്ഞുനിൽക്കുന്നുണ്ടിതിൽ എന്നത് മേന്മയായി എടുത്ത് പറയേണ്ടിയിരിക്കുന്നു. അമീറടക്കം അഞ്ചുപേരും ഗുസ്തി അതികഠിനമായി പരിശീലിച്ച് തന്നെ സിനിമ പൂർണ്ണതയിലേക്കെത്തിച്ചിട്ടുമുണ്ട്.

ആദ്യത്തെ ഓഫീസ് രംഗത്തിനും കെട്ടുപാടുകൾക്കും സൽമാൻ ഖാന്റെ ‘സുൽത്താന്റേ‘തുപോലെ ഒരു സാമ്യം തോന്നിയെന്നൊഴിച്ചാൽ കാര്യമായ ഒരു പോരായ്മയും സാധാരണക്കാരനായ ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് എനിക്ക് കാണാനായില്ല. സന്ദേശങ്ങളാണ് തിരയുന്നതെങ്കിൽ അത് ദങ്കലിൽ ധാരാളമുണ്ട് താ‍നും.

കണ്ടിരിക്കേണ്ട ഒരു സിനിമ. മലയാള സിനിമാക്കാർക്ക് നമ്മളെ വേണ്ടെങ്കിൽ നമുക്കവരേയും വേണ്ട എന്ന് തെളിയിച്ച് കൊടുക്കാനായിട്ടാണെങ്കിലും രണ്ട് വട്ടം കണ്ടാലും നഷ്ടമില്ലെന്ന് പറയാവുന്ന ഒരു സിനിമ. അതാണ് ദങ്കൽ.