കൃഷിയിടത്തിൽ നിന്ന് പറിച്ച ഉടനെ നല്ല കിളുന്ത് കോളിഫ്ലവർ ചെറുതായൊന്നു വാട്ടി, അല്പം കുരുമുളകും ഉപ്പും ഒരു നുള്ള് മഞ്ഞളും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുത്ത് കഴിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? ഞാൻ അല്പം മുമ്പ് കഴിച്ചു. ആ കഥയിലേക്ക് അവസാനം വരാം.
രാവിലെ മുതൽ എന്തുണ്ടായി എന്ന് ആദ്യം പറയട്ടെ.
ഇന്ന് രാവിലെ തണുപ്പ് അല്പം കുറവായിരുന്നു. 6 ഡിഗ്രി ആണ് ഇന്റർനെറ്റിൽ കാണിച്ചത്. 11 മണിയോടെ കുരുക്ഷേത്രയിൽ നിന്ന് ബുരിയ കോട്ടയിൽ എത്തി. ഒന്നരമണിക്കൂർ യാത്രയുണ്ടായിരുന്നു അത്. 65 കിലോമീറ്റർ ദൂരം. യാത്രയുടെ തുടക്കത്തിൽ തന്നെ പ്രാതൽ കഴിച്ചു. രാജസ്ഥാനിൽ നിന്ന് വിപരീതമായി ഹരിയാനയിൽ പ്രാതൽ കിട്ടുന്നുണ്ട് എന്നത് വലിയ കാര്യമാണ്. രാവിലത്തെ ഭക്ഷണം കഴിഞ്ഞാൽ എനിക്ക് പിന്നെ രാത്രിയാണ് ഭക്ഷണം.
സമതലത്തിലുള്ള ഒരു കോട്ടയാണ് ബുരിയ. കിടങ്ങ് ഉള്ളതായി ലക്ഷണങ്ങൾ ഒന്നും കാണുന്നുമില്ല. കോട്ടയുടെ പിൻഭാഗത്താണ് ഭാഗി ചെന്ന് നിന്നത്. വലിയ ഒരു കവാടം കണ്ടതുകൊണ്ട് അത് മുൻഭാഗം ആണെന്ന് തന്നെ ഞാൻ ധരിച്ചു. അത് അടഞ്ഞ് കിടക്കുകയാണ്. ചുറ്റിനും വീടുകളുണ്ട്.
ആ തെരുവിലെ ഒരു വീട്ടിൽ, “കോട്ടയിലേക്ക് പ്രവേശനമില്ലേ?” എന്ന് ഞാൻ അന്വേഷിച്ചു.
“മുൻവശത്തെ കവാടത്തിലേക്ക് ചെല്ലൂ.” എന്നായിരുന്നു മറുപടി.
* സാമാന്യം വലിയ കോട്ടയാണ് ഇത്.
* കുറഞ്ഞത് 25 ഏക്കർ എങ്കിലും അതിനകത്തുണ്ട്.
* 5 മിനിറ്റ് നടന്നാലേ മുൻവശത്തേക്ക് എത്തൂ. അവിടെ കുറേക്കൂടി പ്രൗഢിയിൽ മറ്റൊരു വലിയ കവാടമുണ്ട്.
* കോട്ടയുടെ ഏതാണ്ട് മൂന്ന് ഭാഗത്തുകൂടിയും റോഡുകൾ ഉണ്ട്.
* ‘സ്വകാര്യ ഭവനം അകത്തുണ്ട് സന്ദർശകർക്ക് പ്രവേശനമില്ല.’ എന്ന് മുൻവശത്തെ കവാടത്തിൽ ബോർഡ് ഉണ്ട്.
* എന്നാണ് കോട്ട ഉണ്ടാക്കിയതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
* ജാത്ത് രാജവംശത്തിലെ നാനു സിങ്ങ്, റായ് സിങ്ങ്, ഭാഗ് സിങ്ങ് എന്നിവർ ചേർന്ന് 1764ൽ കോട്ട പിടിച്ചടക്കി പുതുക്കി പണിതു.
* മുഗൾ ചത്രവർത്തി ഹുമയൂൺ ഉപയോഗിച്ചിരുന്ന രംഗ് മഹൽ കൊട്ടാരം ഇതിനകത്ത് ഉണ്ട്.
ഞാൻ കോട്ട വാതിലിൽ അടിച്ച് ശബ്ദമുണ്ടാക്കി. ഒരു വാച്ച്മാൻ ഇരിക്കുന്ന കസേര വാതിലിന്റെ വിടവിലൂടെ കാണാം. അകത്ത് ചില കെട്ടിടത്തിന്റെ പണികൾ നടക്കുന്നതിൻ്റെ ലക്ഷണങ്ങളും കാണാം. കുറെ നേരം നിന്നിട്ടും ആരും വാതിൽ തുറന്നില്ല. മുൻപോട്ട് നടന്ന് കോട്ടയുടെ ചുറ്റും മതിലിന്റെ കമാനം പോലെ തോന്നിക്കുന്ന വലിയ കവാടത്തിലൂടെ തിരിച്ചു വന്ന് വീണ്ടും കോട്ട വാതിലിൽ തട്ടി വിളിച്ചു. മുട്ടുവിൻ തുറക്കപ്പെടും എന്നൊക്കെ വെറുതെ പറയുന്നതാണ്. ആരും കവാടം തുറന്നില്ല.
നിരാശനായി വീണ്ടും കോട്ടയെ വലം വെച്ച് ഭാഗി കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. ഇനിയെന്ത്?
15 കിലോമീറ്റർ മാറി ‘അഡ്വാൻസ് ഖൽസ’ എന്നൊരു കോട്ട കാണിക്കുന്നുണ്ട്. ഈ കോട്ട എൻെറ പട്ടികയിൽ ഉള്ളതല്ല. ഭാഗിയെ അങ്ങോട്ട് നയിച്ചു.
അതൊരു ഒന്നാന്തരം കുഗ്രാമമാണ്. പത്തോ പതിനഞ്ചോ വീടുകൾ ഉണ്ടാകും ആ ഗ്രാമത്തിൽ. വീടുകൾക്കിടയിലുള്ള ചെറിയ ഇടവഴിയിലൂടെ ഭാഗി കയറിച്ചെന്ന് നിന്നത് ഒരു കൊത്തളമെന്നോ മണ്ഡപം എന്നോ വിശേഷിപ്പിക്കാവുന്ന 40 അടിയോളം ഉയരമുള്ള സ്തൂപത്തിന് മുന്നിലാണ്. അതിന്റെ പഴക്കവും രൂപഭാവവും ഒക്കെ കണ്ടിട്ട് അതൊരു കോട്ടയുടെ ഭാഗം തന്നെ ആണെന്ന് തോന്നി. പക്ഷേ ആ കൊത്തളം അല്ലാതെ മറ്റൊന്നും ആ ഭാഗത്തില്ല. മുഴുവനായും ഇടിച്ച് നിരത്തി കൈയേറിയിരിക്കുന്നു. സോപ്പുപൊടിയുടെ പരസ്യത്തിൽ പറഞ്ഞതുപോലെ, പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
ഇനിയെങ്ങോട്ട് ?
ഈ ഹബ്ബിലുള്ള പിഞ്ചോർ കോട്ടയെപ്പറ്റി ഗൂഗിൾ മാപ്പിന് യാതൊരു ധാരണയുമില്ല. ഗൂഗിൾ കനിയാതെ ഞാൻ എങ്ങോട്ട് പോകാൻ?
അടുത്തതായി ലിസ്റ്റിൽ കാണിക്കുന്നത് സാധൗറ എന്ന കോട്ടയാണ്. 25 കിലോമീറ്റർ ദൂരം; 40 മിനിറ്റ് യാത്ര. സമയം 3 മണി ആകുന്നതേയുള്ളൂ. ഞാൻ സാധൗറയിലേക്ക് തിരിച്ചു.
ഈ പറഞ്ഞ യാത്രകൾ എല്ലാം നടന്നിരിക്കുന്നത് ഹരിയാനയുടെ മനോഹരമായ കൃഷിയിടങ്ങളിലൂടെയാണ്. റോഡുകളുടെ തൊട്ടടുത്തുതന്നെ വീട് വെച്ച് ജീവിക്കുന്ന ശീലം ഇവർക്കില്ല. റോഡിന് ഇരുവശവും കൃഷിയിടങ്ങൾ. അതിനുള്ളിൽ എവിടെയോ ചെറിയ ചെറിയ വീടുകൾ കാണാം. വീണ്ടും ഉള്ളിലേക്ക് പോയാൽ ഗ്രാമങ്ങൾ. എന്തായാലും ‘റോഡരുക് സംസ്ക്കാരം’ ഇവർക്ക് കുറവാണ്.
സാധൗറ കോട്ടയിലേക്കുള്ള സഞ്ചാരം പ്രധാന പാതയിൽ നിന്ന് തിരിഞ്ഞ് ഗ്രാമത്തിന്റെ ഉൾവഴികളിലേക്ക് കടന്നാണ്. കരിമ്പും തക്കാളിയും കോളിഫ്ലവറും കടുകും ഒക്കെ വിളയുന്ന ഫലഭൂയിഷ്ടമായ ഇടങ്ങൾ. കോട്ട തേടിയാണ് പോകുന്നതെന്ന കാര്യം ഞാൻ മറന്നു. കൃഷിയിടങ്ങളുടെ ഭംഗി അത്രയ്ക്ക് എന്നെ വശീകരിച്ചിരുന്നു.
എന്തായാലും അങ്ങനെ ഒരു കോട്ട ആ ഭാഗത്തെങ്ങും ഇല്ല. കുറച്ചധികം ഗ്രാമവാസികൾ താമസിക്കുന്ന ഇടത്ത് ഒരു അമ്പലം ഉണ്ട്. അവിടെ ഒരു കോട്ട ഉണ്ടായിരുന്നതായി പ്രായമുള്ള ഒരാൾ ഊഹം പറയുന്നു. വലിയ ഉറപ്പൊന്നുമില്ല. ഹരിയാനകളുടെ കോട്ടകളുടെ കാര്യം പരിതാപകരമാണ്. ഒന്നുകിൽ കോട്ട ഇല്ല; അല്ലെങ്കിൽ കയറിക്കാണാൻ പറ്റില്ല. പണ്ടുണ്ടായിരുന്ന ചില കോട്ടകളുടെ പേരുകൾ ചേർത്ത് ആരോ ഇൻറർനെറ്റിൽ ലിസ്റ്റ് ഉണ്ടാക്കിയതാവാം. പണി കിട്ടിയത് എനിക്ക്.
കോട്ട കാണാൻ പറ്റിയില്ല. എന്നാൽപ്പിന്നെ കൃഷിയിടങ്ങളുടെ ഭംഗി ആസ്വദിക്കുകയെങ്കിലും ചെയ്യാമല്ലോ.
കോളിഫ്ലവർ വിളവെടുക്കുന്ന ഒരു തോട്ടത്തിനരികെ ഞാൻ ഭാഗിയെ നിർത്തി. “കുറച്ചു പടങ്ങൾ എടുത്തോട്ടെ” എന്ന് ചോദിച്ചു. അവർക്ക് വിരോധമൊന്നുമില്ല.
അതിനിടയ്ക്ക് ഒന്ന് പറയാൻ മറന്നു. ഹരിയാനയിലേക്ക് കടന്നതോടെ ഭാഷ ചെറുതായി പ്രശ്നത്തിൽ ആയിട്ടുണ്ട്. ഇവരുടെ ഹിന്ദി മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഗഡ്ഢി എന്ന് പറയുന്നത് വണ്ടിയെ (ഗാഡി) ആണെന്ന് വൈകിയാണ് മനസ്സിലാക്കിയത്. ‘ന’ പറയേണ്ടടക്കൊക്കെ ‘ണ’ ആകുന്നുണ്ട്. ചെവി വട്ടം പിടിച്ചും രണ്ടാമത് ചോദിച്ചുമാണ്, അവർ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കുന്നത്.
ഞാൻ കോളിഫ്ലവർ തോട്ടത്തിൽ പൂണ്ട് വിളയാടി, പടങ്ങളും വീഡിയോകളും എടുത്തു. സമയം 5 മണി ആകുന്നു. അന്തിയുറങ്ങാനുള്ള സ്ഥലം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ അതെന്നെ ബേജാർ ആക്കുന്നില്ല. ഗുഡ്ഗാവിൽ നിന്ന് പോന്നതിന് ശേഷം എവിടെയും കിടക്കാം എന്ന മാനസ്സികാവസ്ഥയിലാണ്.
പെട്ടെന്ന് അന്തരംഗം കയറി ഇടപെട്ടു.
“ഡേയ് ബടുക്കൂസ് നിരക്ഷരൻ, ഇത്രയും ഗംഭീര തോട്ടങ്ങൾ ഉണ്ടായിട്ട് നീയെന്തിന് കണ്ണിൽക്കണ്ട ഗ്യാസ് സ്റ്റേഷനുകളിൽ പോയി കിടക്കണം. ശുദ്ധവായു ശ്വസിച്ച് ഈ തോട്ടത്തിന് നടുവിൽ എവിടെയെങ്കിലും കിടന്നു കൂടെ? അങ്ങനെ തന്നെയല്ലേ ഈ യാത്ര നീ രൂപകൽപ്പന ചെയ്തിരുന്നത്?”
എനിക്ക് പെട്ടെന്ന് തിരിച്ചറിവുണ്ടായി. കോളിഫ്ലവറിന്റെ ഇലകൾ കളഞ്ഞ് അതിനെ ചാക്കുകളിൽ നിറച്ചു കൊണ്ടിരുന്ന ഉടമയോട്, ഇന്ന് തോട്ടത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് കിടന്നോട്ടെ എന്ന് ഞാൻ ചോദിച്ചു.
അദ്ദേഹത്തിന് സമ്മതം. തോട്ടത്തിൽ പണി ചെയ്തിരുന്നവർക്ക് അത്ഭുതം. തോട്ടത്തിന് നടുവിൽ ഒരു ചെറിയ ഷെഡ്ഡ് ഉണ്ട്. അതിൽ കിടന്നോളാൻ പറഞ്ഞു ഉടമ. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ് ഞാൻ ഭാഗിയുടെ സൗകര്യങ്ങൾ അവർക്ക് കാണിച്ച് കൊടുത്തു. ഇപ്രാവശ്യം എല്ലാവർക്കും അത്ഭുതം. ഭക്ഷണം ഉണ്ടാക്കുകയാണെങ്കിൽ, പാകം ചെയ്തോളൂ എന്ന് പറഞ്ഞ് രണ്ട് വലിയ കോളിഫ്ളവർ അവരെനിക്ക് തന്നു. ഞാനത് മാറ്റിവെച്ച് രണ്ട് ചെറിയ കോളിഫ്ലവർ എടുത്തു. അതുതന്നെ എനിക്ക് അധികമാണ്.
ഞാനെന്റെ ഫോൾഡിങ് കസേര വലിച്ചിട്ട് അവർക്കൊപ്പം ഇരുന്ന് കോളിഫ്ലവറിന്റെ ഇലകൾ കളയാൻ സഹായിച്ചു. അതിനിടയ്ക്ക് പട്ടണത്തിൽ നിന്നും ട്രക്ക് വന്നു. എല്ലാവരും ചേർന്ന് ചാക്കിൽ ആക്കിയ കോളിഫ്ലവറുകൾ ട്രക്കിൽ കയറ്റി. നാളെ രാവിലെ 7 മണിക്ക് കാണാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.
ഞാൻ ഭാഗിയെ തോട്ടത്തിന് നടുവിൽ ഷെഡിന്റെ സമീപം ഒതുക്കി പാചകം തുടങ്ങി. അക്കാര്യമാണ് തുടക്കത്തിൽ പറഞ്ഞത്. സത്യത്തിൽ ഒരുപാട് നാളുകൾക്ക് ശേഷം ഭാഗിയുടെ അടുക്കള ഇന്നാണ് സജീവമായത്. ക്യാമ്പിംഗ് ലൈറ്റുകളും പാത്രങ്ങളും എല്ലാം ഉപയോഗത്തിൽ വന്നു. എലി കയറി മോശമാക്കിയത് കൊണ്ട് ചപ്പാത്തിക്കുള്ള പൊടി ഉണ്ടായിരുന്നില്ല. പകരം നൂഡിൽസ് ഉണ്ടാക്കി.
കോളിഫ്ലവർ എനിക്ക് അത്ര ഇഷ്ടമുള്ള സാധനമല്ല. പക്ഷേ ഇന്ന് കഴിച്ച കോളിഫ്ലവർ. അത് വേറെ ജനുസ്സ് ആയിരുന്നു. ഒരുപക്ഷേ, തോട്ടത്തിൽ നിന്ന് പറിച്ച ഉടനെ കഴിച്ചത് കൊണ്ടാകാം. നമുക്ക് കിട്ടുന്നത് കിലോമീറ്ററുകളോളം സഞ്ചരിച്ച് വാടിക്കരിഞ്ഞ പച്ചക്കറികൾ ആണല്ലോ. ബാക്കി വരും എന്ന് കരുതിയെങ്കിലും രണ്ട് കോളിഫ്ലവറും ഞാൻ കഴിച്ചു.
പാത്രങ്ങളൊക്കെ കഴുകി ഭാഗിയെ ഒതുക്കി വന്നപ്പോഴേക്കും കൈ മരവിച്ചു. തണുപ്പ് കത്തിക്കയറുന്നുണ്ട്. ഈ ഗ്രാമം ഹിമാചൽ സംസ്ഥാനത്തിന്റെ അതിരിലാണ്. 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഹിമാചൽ പ്രദേശമായി. 30 കിലോമീറ്റർ സഞ്ചരിച്ചാൽ പഞ്ചാബ്. തണുപ്പ് കൂടിയില്ലെങ്കിൽ അത്ഭുതമുള്ളൂ.
പക്ഷേ സ്വറ്ററും ജാക്കറ്റും തൊപ്പിയുമൊക്കെ ഇട്ട്, നിലാവിൽ കുളിച്ചു നിൽക്കുന്ന കൃഷിയിടത്തേക്ക് നോക്കി നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. അത് പറഞ്ഞറിയിക്കാനുള്ള അക്ഷരങ്ങൾ എൻ്റെ കയ്യിൽ ഇല്ല. തികച്ചും നിരക്ഷരൻ!
നാളെ, റായ്പൂർ റാണി കോട്ട കൂടി കണ്ട് കഴിഞ്ഞാൽ, പഞ്ചഗുള എന്ന ഈ ഹബ്ബ് കഴിഞ്ഞു. വിചാരിച്ചതിലും നേരത്തെ ഹരിയാനയിലെ കോട്ടകളും കണ്ട് തീർക്കാൻ പറ്റുമെന്നാണ് കരുതുന്നത്.
ശുഭരാത്രി.