രാവിലെ വൈകിയാണ് ഉണർന്നത്. ഏതെങ്കിലും ഒരു വീട്ടിൽ ഉറങ്ങുമ്പോൾ അങ്ങനെയാണ്. അതേ സമയം, തെരുവിലാണെങ്കിൽ പെട്ടെന്ന് ഉണരും. വഴിവക്കിൽ, വെളിച്ചം വീണാൽ വീണ്ടും കിടന്നുറങ്ങുന്നത് ശരിയല്ലല്ലോ.
പത്തുമണിയോടെ സച്ചിൻ കോട്ടയിലേക്ക് യാത്രയായി. 40 മിനിറ്റോളം യാത്രയുണ്ട്. സൂറത്തിൽ നിന്നും 26 കിലോമീറ്റർ ദൂരം.
* സച്ചിൻ പട്ടണത്തിൽ, പൊലീസ് സ്റ്റേഷനിൽ നിന്നും അധികം ദൂരത്തല്ലാതെ വഴിയോരത്ത് തന്നെ സച്ചിൻ കോട്ട കാണാം.
* പതിനെട്ടാം നൂറ്റാണ്ടിൽ, ഈ പ്രവിശ്യയുടെ ഗവർണ്ണർ ആയിരുന്ന നവാബ് സച്ചിൻ ആണ് ഈ കോട്ട നിർമ്മിച്ചത്.
* നിലവിൽ നവാബ് ഫിറോസ് ഖാന്റെ സ്വകാര്യ ഉടമസ്ഥതയിലാണ് കോട്ട.
* കോട്ടയ്ക്ക് പഴമ തീരെ തോന്നിക്കാത്തത് അത് പുതുക്കി പണിതിട്ടുള്ളത് കൊണ്ടാണ്.
* ദീർഘചതുരാകൃതിയിൽ ഒന്നര ഏക്കർ സ്ഥലത്ത്, തപ്തി നദിയുടെ തീരത്ത് നിന്നും അല്പം മാറിയാണ് കോട്ട നിലകൊള്ളുന്നത്.
* കോട്ടയുടെ ഒരു ചുമരിനോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ നടക്കുന്നുണ്ട്.
* പ്രധാനമായും രണ്ട് കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്.
നവാബിന്റെ വീട് തൊട്ടടുത്ത് തന്നെയാണ്. ഒരു കാര്യസ്ഥൻ കോട്ടയുടെ ഭാഗത്ത് താമസിക്കുന്നുണ്ട്. കോട്ട കാണാൻ ഞാൻ അദ്ദേഹത്തോട് അനുമതി തേടി. പക്ഷേ ചിത്രങ്ങൾ എടുക്കരുത് എന്ന് അദ്ദേഹം നിഷ്കർഷിച്ചു. അതിനു മുൻപ് തന്നെ കോട്ടയ്ക്ക് ചുറ്റും നടന്ന് ഞാൻ ചിത്രങ്ങൾ എടുത്തിരുന്നു. കോട്ടയുടെ അകത്ത് കടന്നപ്പോൾ ചിത്രങ്ങൾ ഞാൻ എടുത്തില്ല.
ചിത്രങ്ങൾ എടുക്കാനും മാത്രം ആ ദീർഘ ചതുരത്തിന് ഉള്ളിൽ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല.
കോട്ടയോട് ചേർന്ന് തെരുവിൽ കാണുന്ന കെട്ടിടങ്ങൾക്ക് നല്ല പഴക്കമുണ്ട്. ഒരുപക്ഷേ പതിനെട്ടാം നൂറ്റാണ്ടിൽ കോട്ടയുടെ ഭാഗമായിരുന്ന കെട്ടിടങ്ങൾ ആകാം അത്.
അടുത്തതായി സന്ദർശിക്കാൻ ഉള്ളത് സൂറത്ത് കോട്ടയാണ്. അത് നഗരത്തിന്റെ ഉള്ളിൽ തന്നെയാണ്. പക്ഷേ സൂറത്ത് നഗരത്തിൽ കോട്ടയുടെ പരിസരത്ത് എത്തിയപ്പോഴാണ് ഒരു കാര്യം ഞാൻ മനസ്സിലാക്കിയത്. തിങ്കളാഴ്ച കോട്ട തുറക്കില്ല. ഗുജറാത്തിൽ ചില സ്ഥലങ്ങളിൽ ഇത്തരം സ്മാരകങ്ങൾക്ക് ബുധനാഴ്ച്ചയാണ് അവധി. ചില സ്ഥലങ്ങളിലാകട്ടെ ദേശീയതലത്തിൽ എന്നതുപോലെ തിങ്കളാഴ്ച്ചയാണ് അവധി.
വീണുകിട്ടിയ അര ദിവസം ഭാഗിയുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ തീരുമാനിച്ചു. സജിമോനെ Saji Mon വിളിച്ച് വർക്ക്ഷോപ്പ് എവിടെയാണുള്ളതെന്ന് അന്വേഷിച്ചു.
നിമിഷങ്ങൾക്കുള്ളിൽ സജിമോൻ ഹാജരായി. ഞങ്ങൾ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചതിനുശേഷം 20 കിലോമീറ്ററോളം മാറിയുള്ള വർഷോപ്പിലേക്ക് തിരിച്ചു.
തൃശ്ശൂരിലെ മാപ്രാണത്തുകാരനായ സുരേഷിന്റേതാണ് വർക്ക്ഷോപ്പ്. അദ്ദേഹം ഭാഗിയുടെ പ്രശ്നം കണ്ടുപിടിച്ചു. ബറോഡയിലെ പ്രശസ്തമായ ഖുശി വർക്ക്ഷോപ്പുകാരൻ ഉണ്ടാക്കിവെച്ച പ്രശ്നമാണ്. അവിടെവെച്ച് പൊട്ടിയ ലീഫ് മാറിയതിനു ശഷം അത് ശരിയായി പിടിപ്പിച്ചിട്ടുണ്ടായിരുന്നില്ല.
താൽക്കാലികമായി ആ പ്രശ്നം പരിഹരിച്ചു. കൂട്ടത്തിൽ മുൻചക്രങ്ങളിലെ ചില പ്രശ്നങ്ങളും പരിഹരിച്ചു. നാളെ അരദിവസം സമയം ഉണ്ടാക്കി വീണ്ടും വർക്ക്ഷോപ്പിൽ പോയി പൂർണ്ണമായും പ്രശ്നം തീർക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് മുൻപ് സൂറത്ത് കോട്ട കാണുകയും വേണം.
രാത്രി 8:30 മണിയോടെ സതീഷും ആശയും അഹാനയും കേരളത്തിൽ നിന്ന് തിരിച്ചെത്തി. ഞങ്ങൾ ഒരുമിച്ച് പുറത്ത് പോയി ബാജിയ റൊട്ടിയും വഴുതന സബ്ജിയും ദാൽ പക്വാനയും കഴിച്ചു.
ശുഭരാത്രി.