Yearly Archives: 2025

തുടരും


22
* പൊലീസ് സ്റ്റേഷൻ വരാന്തയിൽ തിരിഞ്ഞ് നിന്ന്, ലളിത എന്ന തമിഴ് കഥാപാത്രത്തിൻ്റെ ഒരു നോട്ടമുണ്ട്, പൊലീസുകാരൻ വില്ലനിലേക്ക്. ഒരു ലോങ്ങ് ഷോട്ട് ആണത്. നാഗവല്ലിയേക്കാൾ പല മടങ്ങ് ക്രൗര്യമുണ്ട് അവരുടെ ആ നോട്ടത്തിന്.

* പിന്നീട് മറ്റൊരു രംഗത്തിൽ, ലളിത എന്ന ഇതേ കഥാപാത്രത്തിൻ്റെ സമാനമായ ഒരു നോട്ടത്തിൻ്റെ ക്ലോസ് അപ്പ് ഉണ്ട്. മറുവശത്ത് നിൽക്കുന്നയാൾ ദഹിച്ച് പോകും. (ആ ഷോട്ടിന് ശേഷം ക്യാമറ പണിമുടക്കിയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)

ശോഭന അവതരിപ്പിച്ച ലളിതയുടെ മേൽപ്പറഞ്ഞ രണ്ട് ഷോട്ടുകൾ കാണാൻ വേണ്ടിയെങ്കിലും ‘തുടരും‘ കണ്ടാൽ ഒരു നഷ്ടവുമില്ല.

* തോമസ് മാത്യു എന്ന നടൻ്റെ പ്രകടനം ‘നാരായണിയുടെ മൂന്ന് ആണ്മക്കൾ‘ എന്ന സിനിമയിൽ കണ്ടിട്ടുള്ളവർ ആ മുഖം വെറുതെയെങ്കിലും വീണ്ടും കാണാൻ ആഗ്രഹിക്കും. ആ ചെറുപ്പക്കാരൻ ഒരു ഭാവി വാഗ്ദാനമാണ്.

ബാക്കിയെല്ലാം മറ്റ് സിനിമാസ്വാദകർ ഇതിനകം പറഞ്ഞ് കാണും. ഇല്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ പറയും. മേൽപ്പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും പറയാതെ വിട്ടുപോയാലോ എന്നതുകൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം.

ഇഴകീറി പരിശോധിച്ചാൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താൽ പറ്റിയെന്നിരിക്കും. അതൊക്കെ അവഗണിക്കേണ്ടി വരും, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനം വെച്ച് നോക്കുമ്പോൾ.

സോഫ്റ്റ് വെയർ ജോലിയുപേക്ഷിച്ച് സിനിമയിലേക്ക് കയറി വന്ന തരുൺ മൂർത്തി എന്ന ചെറുപ്പക്കാരൻ, അയാളുടെ തീരുമാനം തെറ്റായില്ല എന്ന് ആദ്യത്തെ മൂന്ന് സിനിമകൾ കൊണ്ട് തെളിയിച്ച് കഴിഞ്ഞു. തരുൺ മൂർത്തി Tharun Moorthy മലയാള സിനിമയിൽ ഗംഭീരമായി തുടരും.

#Thudarum
#തുടരും