IMG_7371

1000 തൂണുകളുള്ള ജൈനക്ഷേത്രം


‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9, 10.
——————————————————

നന്തപുരയില്‍ നിന്ന് ദേശീയ പാതയിലേക്ക് കടക്കുന്നതോടെ കേരള സംസ്ഥാനത്തോട് വിടപറയുകയാണ്. അനന്തപുര ക്ഷേത്രം കേരള കര്‍ണ്ണാടക അതിര്‍ത്തിയിലാണ് നിലകൊള്ളുന്നത്.

രാത്രി തങ്ങാനായി മുറി ബുക്ക് ചെയ്തിരുന്നത് മംഗലാപുരത്തെ ജിഞ്ചര്‍ ഹോട്ടലിലാണ്. ഹോട്ടലില്‍ വിളിച്ച് കൃത്യമായ അഡ്രസ്സും റോഡിന്റെ പേരുമൊക്കെ സംഘടിപ്പിച്ചു. അതെല്ലാം നേവിഗേറ്ററില്‍ ഫീഡ് ചെയ്തു. ഇരുട്ട് വീണുകഴിഞ്ഞിരിക്കുന്നു. പരിചയമുള്ള വഴിയുമല്ല. പക്ഷെ നേവിഗേറ്റര്‍ തുണച്ചു. മൂന്നാം ദിവസത്തെ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് വാഹനത്തെ കൃത്യമായി ഹോട്ടലില്‍ കൊണ്ടെത്തിച്ചു.

നാലാം ദിവസത്തെ യാത്ര ജൈന മതത്തിന്റെ കാശി എന്നറിയപ്പെടുന്ന മൂഡബിദ്രിയിലേക്കാണ്. ബേദ്ര എന്നും മൂഡുവേണുപുര എന്നുമൊക്കെ ഈ സ്ഥലത്തിന് പേരുകളുണ്ട്. നിറയെ ജൈനര്‍ ഇപ്പോഴും ജീവിക്കുന്ന മൂഡബിദ്രി ഇന്ത്യയിലെ തന്നെ ഒരു പ്രധാന ജൈനതീര്‍ത്ഥാടനകേന്ദ്രമാണ്.

ഒന്നുരണ്ട് പ്രധാന ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക, ജൈനമതത്തെപ്പറ്റി കൂടുതല്‍ അറിവുണ്ടാക്കുക എന്നതൊക്കെയാണ് യാത്രാലക്ഷ്യങ്ങള്‍ . ജൈനക്ഷേത്രങ്ങളോടുള്ള താല്‍പ്പര്യം വയനാട് ജില്ലയില്‍ നിന്ന് തുടങ്ങിയതാണ്. വയനാട്ടിലെ ചില ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജൈനമതത്തോടുള്ള താല്‍പ്പര്യം ശ്രാവണബേളഗോളയിലേക്കും ബേലൂരിലേക്കും ഹാളേബീഡുവിലേക്കുമൊക്കെ എന്നെ പിടിച്ചുവലിച്ചുകൊണ്ടുപോയത് കണ്ടപ്പോള്‍ ഞാനെങ്ങാനും കേറി ജൈനമതം സ്വീകരിച്ചുകളയുമോ എന്ന് മുഴങ്ങോടിക്കാരിക്ക് സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അത്ഭുതമില്ല. പ്രത്യേകിച്ച് ഒരു മതവും സ്വീകരിക്കാതെ തന്നെ എല്ലാ മതത്തിലും പറഞ്ഞിട്ടുള്ള, എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അനുവര്‍ത്തിക്കാനാവുമെന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മത പരിവര്‍ത്തനത്തിന്റെ ആവശ്യമില്ല എന്നൊരു വിശ്വാസം അന്തമില്ലാത്ത ഈ ജീവിതയാത്രയിലുണ്ട്. വിശ്വാസം, അതാണല്ലോ എല്ലാം.

മൂഡബിദ്രിയിലേക്ക് വഴി ചോദിച്ചപ്പോള്‍ ജിഞ്ചര്‍ ഹോട്ടലുകാര്‍ അത് പറഞ്ഞുതന്ന് കുഴപ്പമാക്കി. ചിലരങ്ങനെയാണ്. നാലഞ്ച് വഴികള്‍ പറഞ്ഞ് തരും. അവസാനം കേട്ടുനില്‍ക്കുന്നവന്‍ ആകപ്പാടെ ചിന്താക്കുഴപ്പത്തിലാകും. ഞങ്ങള്‍ വീണ്ടും നേവിഗേറ്ററിനെത്തന്നെ അഭയം പ്രാപിച്ചു. റോഡുകളുടെ സ്ഥിതി എങ്ങനാണെന്ന് മനസ്സിലാക്കാന്‍ മാത്രമാണ് ഹോട്ടലില്‍ വഴി ചോദിച്ചത്. നേവിഗേറ്റര്‍ പറഞ്ഞ് തരുന്ന വഴി കുണ്ടും കുഴിയും ഇല്ലാത്തത് ആകണമെന്നില്ല.

ഇതുവരെ തീരദേശത്തുകൂടെ വടക്കോട്ട് നീങ്ങിയ ഞങ്ങള്‍ ആദ്യമായിട്ടിതാ അല്‍പ്പം തെന്നി വടക്ക് കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. മംഗലാപുരത്ത് നിന്ന് 37 കിലോമീറ്റര്‍ കൊണ്ടുപോയി കൃത്യമായി മൂഡബിദ്രിയിലെത്തിച്ചു നേവിഗേറ്റര്‍ . മുന്‍‌കാലങ്ങളില്‍ , നിറയെ മുളകള്‍ വളര്‍ന്നിരുന്ന ഇടമെന്ന നിലയ്ക്കാണ് മൂഡബിദ്രിയെന്ന പേര് ഈ സ്ഥലത്തിനുണ്ടായത്. മൂഡു എന്നാല്‍ കിഴക്ക് എന്നും ബിദിരു എന്നാല്‍ മുള എന്നുമാണ് കന്നടഭാഷയിലെ അര്‍ത്ഥം. 1000 തൂണുകളുള്ള ഒരു ജൈനക്ഷേത്രമാണ് മൂഡബിദ്രിയിലെ പ്രധാന ആകര്‍ഷണം. ത്രിഭുവന തിലക ചൂഡാമണി ബസതി അല്ലെങ്കില്‍ സാവിരകമ്പട ബസതി എന്ന പേരിനേക്കാളൊക്കെ അധികമായി 1000 തൂണുകളുള്ള ക്ഷേത്രമെന്ന പേരിലാണ് ഈ ജൈന ദേവാലയം അറിയപ്പെടുന്നത്.

1000 തൂണുള്ള ക്ഷേത്രത്തിന്റെ കവാടം

ടാറിട്ട പ്രധാന പാതയില്‍ നിന്ന് അകത്തേക്ക് കയറി ക്ഷേത്രത്തിലേക്ക് പോകുന്ന താരതമ്യേനെ വീതികുറഞ്ഞ വഴിയോരത്ത് വാഹനം പാര്‍ക്ക് ചെയ്ത്, ക്യാമറകളൊക്കെ എടുത്ത് ഞങ്ങള്‍ നടന്നു. ദൂരെയായി ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും പടിപ്പുരയും കാണാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വലിയ സംഘങ്ങള്‍ ഒന്നു രണ്ട് ബസ്സുകളിലായി ക്ഷേത്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. അധികം തിരക്കുള്ളത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല. നേരേ ചൊവ്വേ കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കാനും പടങ്ങളെടുക്കാനും അത് തടസ്സമാകും.

ചുറ്റുമതിലിനോട് ചേര്‍ന്നുള്ള പടിപ്പുര
ക്ഷേത്രത്തിന്റെ ഗേറ്റ് കടന്ന് ചെന്നുനില്‍ക്കുന്നത് 50 അടി ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മാനസ്തംഭത്തിന്റെ മുന്നിലേയ്ക്കാണ്‍. അതിരിക്കുന്ന കല്ലുകൊണ്ടുള്ളപീഠത്തിന് 8 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ ഇതുപോലുള്ള മഹാത്ഭുതങ്ങള്‍ വിരിയിക്കുന്ന ശില്‍പ്പികളുടെ കഴിവിന് മുന്നില്‍ തലകുനിക്കാതെ ആ സ്തൂഭത്തിന് കീഴെ നില്‍ക്കാനാവില്ല. കാര്‍ക്കളയിലെ റാണിയായിരുന്ന നാഗളാദേവിയാണ് ഈ മാനസ്തംഭ ഉണ്ടാക്കിച്ചത്. ആകാശത്തിലൂടെ സഞ്ചരിക്കുന്ന ഗന്ധര്‍വ്വന്മാരും കിന്നരന്മാരും ഗരുഡനും, ഇന്ദ്രന്‍ മുതല്‍ വായു വരെയുള്ള ദേവന്മാരെയുമൊക്കെ തങ്ങളുടെ യാത്രകള്‍ക്കിടയില്‍ ഇവിടൊരു ക്ഷേത്രമുണ്ടെന്ന് അറിയിക്കലാണ് മാനസ്തംഭത്തിന്റെ ദൌത്യം.

മാനസ്തംഭവും കൊടിമരവും

ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തേക്ക് കടന്നപ്പോള്‍ത്തന്നെ ക്യാമറയ്ക്ക് ടിക്കറ്റെടുക്കണമെന്ന് മനസ്സിലായി. കൂട്ടത്തില്‍ ഒരു ഗൈഡിനെക്കൂടെ സംഘടിപ്പിച്ചു. ഗൈഡിന്റെ പേര് ചന്ദ്രരാജ് ബല്ല്യപ്പ. അദ്ദേഹം ജൈനമതസ്ഥനായതുകൊണ്ട് ജൈനമതത്തെപ്പറ്റി കുറേയധികം കാര്യങ്ങള്‍ കൂടെ മനസ്സിലാക്കാന്‍ പറ്റി. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ അദ്ദേഹം സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും കക്ഷിയുടെ ഇംഗ്ലീഷ് ആക്‍സന്റ് പിന്തുടരാന്‍ ബുദ്ധിമുട്ടായതുകൊണ്ട് വിവരണം ഹിന്ദിയില്‍ത്തന്നെ മതിയെന്നായി ഞാന്‍. ഹിന്ദിയായാലും ഇംഗ്ലീഷായാലും പഠിച്ച് വെച്ചിരിക്കുന്ന കാര്യങ്ങള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന കണക്കിന് പറഞ്ഞുപോകുകയാണ് ബല്ല്യപ്പ. അതിന് വെളിയിലേക്ക് പോകുന്ന എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമൊന്നും കക്ഷിയുടെ കൈകളില്‍ ഇല്ല. ‘ഒന്നുമില്ലാത്തതിലും ഭേദം എന്തെങ്കിലും‘ എന്നാണല്ലോ.

ഗൈഡ് – ചന്ദ്രരാജ് ബല്ല്യപ്പ

A.D. 1430 ല്‍ ക്ഷേത്രത്തിന്റെ പണി തുടങ്ങി. 32 വര്‍ഷമെടുത്ത് 1462 ലാണ് നിര്‍മ്മാണപ്രക്രിയ പൂര്‍ത്തിയായത്. ക്ഷേത്രശില്‍പ്പികളില്‍ ഭൂരിഭാഗവും മദ്രാസില്‍ നിന്നുള്ളവരായിരുന്നു. ഭരണാധികാരികളും വ്യവസായികളും സാധാരണക്കാരുമടക്കം 60 ല്‍പ്പരം പേര്‍ ചേര്‍ന്നാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ക്ഷേത്രത്തിന്റെ ഭാഗികമായ പാര്‍ശ്വവീക്ഷണം

മുന്‍‌വശത്ത് കാണുന്നതും വിജയനഗര ശൈലിയില്‍ കൊത്തുപണികളുള്ള തൂണുകളോടെ നിര്‍മ്മിച്ചതുമായ ചുമരുകളില്ലാത്ത മണ്ഡപമാണ് ക്ഷേത്രത്തിലെത്തുന്ന സാധാരണ സന്ദര്‍ശകര്‍ക്ക് വിശദമായി നടന്ന് കാണാനും വിശ്രമിക്കാനുമൊക്കെ പറ്റുന്ന ഒരിടം. അതിന്റെ തറയില്‍ 200 വര്‍ഷത്തോളം പഴക്കമുള്ള വിദേശ ടൈലുകള്‍ പാകിയിരിക്കുന്നു. മൈസൂര്‍ പാലസ്സില്‍ വിരിച്ചിട്ടുള്ള തറയോടുകളുടെ ജനുസ്സില്‍പ്പെട്ട ഇറ്റാലിയന്‍ തറയോടുകളാണത്.

200 വര്‍ഷം പഴക്കമുള്ള ഇറ്റാലിയന്‍ തറയോടുകള്‍

മഹാദ്വാര്‍ , ഭൈരദേവി, ചിത്രാദേവി, നമസ്ക്കാര, തീര്‍ത്ഥനങ്കര, ഗര്‍ഭഗൃഹ എന്നിങ്ങനെ 8 ദേവ മണ്ഡപങ്ങളാണ് ക്ഷേത്രത്തിനകത്തുള്ളത്. 8 അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമികളുടെ പ്രതിമയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മുഖമണ്ഡപത്തില്‍ നിന്ന് നോക്കിയാല്‍ അല്‍പ്പം ദൂരെയായി ഗര്‍ഭഗൃഹത്തിലെ ചന്ദ്രനാഥസ്വാമികളുടെ പ്രതിഷ്ഠ കാണാം. അകത്തേക്ക് കടന്നുപോകാന്‍ നമുക്കനുവാദമില്ല. നടയ്ക്ക് അകത്ത് തെളിഞ്ഞിരിക്കുന്ന വൈദ്യുതദീപങ്ങളുടെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഷ്ഠയുടെ, ഫോട്ടോ എടുക്കുകയെന്നത് അത്ര എളുപ്പമല്ല. വളരെയധികം ശ്രമിച്ചതിനുശേഷം കൈകള്‍ വിറയ്ക്കാതെ ഒരു ഫോട്ടോ ഞാന്‍ എടുത്തൊപ്പിച്ചു.

ഗര്‍ഭഗൃഹത്തിലെ ചന്ദ്രനാഥസ്വാമികളുടെ വെങ്കല പ്രതിഷ്ഠ
ചന്ദ്രനാഥസ്വാമി പ്രതിഷ്ഠ – ചിത്രത്തിന് കടപ്പാട് ക്ഷേത്രസമിതിയോട്

രണ്ടാമത്തേയും മൂന്നാമത്തെയും നിലയിലേക്ക് ജൈനരല്ലാത്തവര്‍ക്ക് പോകാന്‍ കഴിയില്ല. പെട്ടെന്ന് ഒരാള്‍ അകത്തേക്ക് പോയാല്‍ അയാള്‍ ജൈനനാണോ എന്ന് എങ്ങനെ മനസ്സിലാക്കാനാകുമെന്ന എന്റെ ചോദ്യത്തിന് ബല്ല്യപ്പയ്ക്ക് കൃത്യമായി ഉത്തരമുണ്ടായിരുന്നു.

ക്ഷേത്രഭാരവാഹികളുടെ കണ്ണുവെട്ടിച്ച് അങ്ങനെ ആര്‍ക്കും മുകളിലേക്ക് കയറിപ്പോകാനാവില്ല. താഴെ നടയില്‍ നിന്ന് തീര്‍ത്ഥജലം വാങ്ങുമ്പോള്‍ത്തന്നെ ഒരു ജൈനന്‍ തിരിച്ചറിയപ്പെടുന്നു. ഹിന്ദുമതവിശ്വാസിയാണെങ്കില്‍ കുറച്ച് തീര്‍ത്ഥം കുടിക്കുകയും അല്‍പ്പം തലയില്‍ ഉഴിഞ്ഞ് ഒഴിക്കുകയും ചെയ്യുന്നു. ജൈനന്‍ ആണെങ്കില്‍ തീര്‍ത്ഥം വായിലേക്ക് മാത്രമായിരിക്കും പോകുക. ഇനി അക്കാര്യം അറിയാവുന്ന ആരെങ്കിലും തട്ടിപ്പ് നടത്താമെന്ന് കരുതിയാലും അത്ര എളുപ്പം നടക്കില്ല. തന്ത്രപൂര്‍വ്വം പഞ്ചനമസ്ക്കാര മന്ത്രം അവരോട് ചോദിക്കും. പഞ്ചനമസ്ക്കാരമന്ത്രം പറയാന്‍ പറ്റാത്തവന്‍ ജൈനനല്ല. അത് മാത്രം മതിയാകും ആള്‍മാറാട്ടക്കാരെ പിടിക്കാന്‍ . ഇതൊന്നുമല്ലെങ്കിലും ഇറങ്ങിപ്പോകുന്നതിന് മുന്നേ പറ്റിപ്പ് പാര്‍ട്ടികള്‍ പിടിക്കപ്പെട്ടിരിക്കും. ഞാന്‍ പോയിട്ടുള്ള മറ്റ് ജൈനക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയൊരു വിലക്ക് ഞാന്‍ കണ്ടിട്ടില്ല. താല്‍പ്പര്യമുള്ളവരെ കയറാന്‍ വിടണമെന്നാണ് എന്റെ അഭിപ്രായം.

തൂണുകള്‍ നിറഞ്ഞ മുഖമണ്ഡപത്തിന്റെ പാര്‍ശ്വവീക്ഷണം

ഞങ്ങള്‍ മുഖമണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്തമായ ഒരു കാഴ്ച്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ പെട്ടെന്ന്‍ ക്ഷേത്രനടയിലൂടെ ഗര്‍ഭഗൃഹത്തിലേക്ക് കയറിപ്പോയി. ബല്ല്യപ്പയോട് ചോദിച്ചപ്പോളാണ് കാര്യം മനസ്സിലായത്. 7 -)0 മാസത്തിലാണ് ഗര്‍ഭിണികള്‍ക്ക് അവസാനമായി ഈ ക്ഷേത്രത്തിനകത്ത് കയറാന്‍ അനുവാദമുള്ളത്. സീമന്തപൂജ എന്ന ചടങ്ങ് നടത്താന്‍ വേണ്ടിയാണിത്. അതും ജൈനസ്ത്രീകള്‍ക്ക് മാത്രം.

ക്ഷേത്രമതിലടക്കമുള്ള മറ്റൊരു ഭാഗികമായ പാര്‍ശ്വവീക്ഷണം

മൂന്ന് നിലയിലുമായാണ് 1000 തൂണുകളുള്ളത്. 237 ല്‍പ്പരം ഡിസൈനുകളാണ് ക്ഷേത്രത്തൂണുകളില്‍ കൊത്തിയിരിക്കുന്നത്. മൂന്നിലൊന്ന് തൂണുകള്‍ പോലും ജൈനനല്ലാത്ത ഒരാള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാവുന്നത് 1000 തൂണുകളും ഒന്നിനൊന്ന് വ്യത്യസ്ഥമാണെന്നുള്ളതാണ്. 1000 – )മത്തെ തൂണായി കണക്കാക്കപ്പെടുന്നത് മുഖമണ്ഡപത്തിലുള്ള തൂണുകളിലൊന്നാണ്. ഒരു കടലാസോ ചരടോ മറ്റോ ഈ തൂണിനടിയിലെ ചെറിയ വിടവിലൂടെ കടത്തി മറുവശത്തുകൂടെ വലിച്ചെടുക്കാമെന്നത് ഈ തൂണിന്റെ ഒരു സവിശേഷതയാണ്. നടുഭാഗത്ത് മാത്രമാണ് തൂണ് ഉറപ്പിച്ചിരിക്കുന്നത്.

തൂണിനടിയിലെ വിടവിലൂടെ കടന്നുവരുന്ന കടലാസ്

എനിക്കാ കാഴ്ച്ചയില്‍ ഒരു പുതുമയും തോന്നിയില്ല. മുന്‍പ് ഒരിക്കല്‍ ബേലൂര്‍ ക്ഷേത്രത്തിലും ഇതേ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബേലൂരില്‍ ഇപ്രകാരം നിര്‍മ്മിച്ചിരിക്കുന്നത് വിജയസ്തംഭമാണ്. വയനാട്ടുകാരനായ സുഹൃത്ത് ഹരിയും ഞാനും കൂടെ അന്ന് ഒരു ടവ്വല്‍ വിജയസ്തംഭത്തിനടിയിലൂടെ കടത്തി വലിച്ചെടുത്ത സംഭവം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്.

മുഖമണ്ഡപത്തിന്റെ താഴെ ഒരു വശത്ത് യോഗസനങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള കൊത്തുപണികളാണെങ്കില്‍ മറുവശത്ത് മൃഗങ്ങളുടെ രൂപങ്ങളാണ് കൊത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന ഒന്ന് നമുക്കൊക്കെ നന്നായി പരിചയമുള്ള സാങ്കല്‍പ്പിക മൃഗമായ ചൈനീസ് ഡ്രാഗണ്‍ ആണ്. ക്ഷേത്രനിര്‍മ്മാണസമയത്ത് , 1403 ല്‍ ഇതുവഴി വന്ന ഒരു ചൈനീസ് വ്യാപാരി അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ഒരു മൃഗമാണെന്ന്‍ പറഞ്ഞ് കൊടുത്ത രേഖാചിത്രത്തിന്റെ ചുവടുപിടിച്ചാണ് ചൈനീസ് ഡ്രാഗണ്‍ കല്ലില്‍ കൊത്തിയിരിക്കുന്നത്.

കല്ലില്‍ കൊത്തിയിരിക്കുന്ന ചൈനീസ് ഡ്രാഗണ്‍

മുഖമണ്ഡപത്തിലെ തൂണുകളിലെ വളരെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്നാണ് ‘നവനാരീകുഞ്ചര‘. 9 പെണ്ണുങ്ങളുടെ രൂപം ചേര്‍ത്തുവെച്ച് ഉണ്ടാക്കിയിട്ടുള്ള ആനയുടെ രൂപത്തിലുള്ള കൊത്തുപണിയാണത്. സംസ്കൃതത്തില്‍ ആനയ്ക്ക് കുഞ്ചര എന്നാണ് പറയുന്നത്.

നവനാരീകുഞ്ചര

മറ്റൊരു മനോഹരമായ കൊത്തുപണിയാണ് ‘പഞ്ചനാരീതുരഗ‘. 5 പെണ്ണുങ്ങളുടെ ശരീരം ചേര്‍ന്ന് ഒരു കുതിരയുടെ രൂപമാകുന്ന ശില്‍പ്പഭംഗിയാണ് അതിലുള്ളത്. തുരഗ എന്ന പദത്തിനര്‍ത്ഥം കുതിര എന്നാണ് സംസ്കൃതഭാഷയില്‍ .

പഞ്ചനാരീതുരഗ

അഭിമന്യുവിനെ കുഴക്കിക്കളഞ്ഞ ചക്രവ്യൂഹം കൊത്തിയെടുക്കുന്ന കാര്യത്തില്‍ ശില്‍പ്പി അല്‍പ്പം പോലും കുഴഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും വിധമാണ് തൂണിലൊന്നിലെ കലാചാതുരി.

ചക്രവ്യൂഹത്തെ ശിലയിലേക്ക് ആവാഹിച്ചപ്പോള്‍

ചക്രവ്യൂഹത്തിന്റെ മുകളില്‍ തൂണിലെ നാലുവശങ്ങളിലുമുള്ള കൊത്തുപണി ഒരു കുതിരയുടേതാണ്. ഒരു ജാലവിദ്യയുടെ ഭാഗമെന്നപോലെയാണ് ആ ശില്‍പ്പം. ഇരു കൈകളും ഉപയോഗിച്ച് അതിന്റെ വശങ്ങള്‍ മറച്ചുപിടിച്ച് നോക്കിയാല്‍ ശില്‍പ്പം പെട്ടെന്നൊരു ആനയുടെ മസ്തകമായി മാറും. കല്ലില്‍ കവിതയും ഇന്ദ്രജാലവും വിരിയിച്ചിരുന്ന ശില്‍പ്പികളെ മനസ്സാ തൊഴുതുപോകുന്ന കാഴ്ച്ചകളാണതൊക്കെ.

കുതിര ആനയായി മാറുന്ന മാന്തികശില്‍പ്പം

ബല്ല്യപ്പയുമായി ക്ഷേത്രത്തിന് ഒരു വലം വെച്ചുവന്നതിനുശേഷം ഫോട്ടോകളെടുക്കാനായി ഞാന്‍ ഒരിക്കല്‍ക്കൂടെ ക്ഷേത്രത്തിന്റെ ചുറ്റും കറങ്ങി നടന്നു. 2 അടി ഇടവിട്ട് തൂണുകളാണ് ചുറ്റിലും. എണ്ണാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ 1000 ന് മുകളില്‍ തൂണുകള്‍ ഉണ്ടെന്ന് തോന്നിപ്പോകുന്ന വിധത്തില്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ തൂണുകള്‍ തന്നെ തൂണുകള്‍ . തൂണുകളിലും ചുമരുകളിലും മേല്‍ക്കൂരയിലെ കല്‍പ്പാളികളിലുമൊക്കെയായി സമൃദ്ധമായി കൊത്തുപണികള്‍ . ശില്‍പ്പികള്‍ ചോരനീരാക്കി കല്ലുളി വെച്ച് കടഞ്ഞെടുത്ത മനോഹരമായ സൃഷ്ടികള്‍ .

ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തിന്റെ ഒരു ദൃശ്യം

മൂന്ന് നിലയുള്ള ക്ഷേത്രത്തിന്റെ മേല്‍ക്കൂര മുഴുവനും ചെമ്പുകൊണ്ടുള്ളതാണ്. നേപ്പാളി ശൈലിയിലുള്ള ചില ക്ഷേത്രനിര്‍മ്മിതി ഇതിലെവിടെയോ കലര്‍ന്നുകിടക്കുന്നപോലെ എനിക്ക് തോന്നിയത് യാദൃശ്ചികമാവാം. കല്ലുകളില്‍ ഇക്കണ്ട തൂണുകളും മേല്‍ക്കൂരകളും മറ്റും ഉണ്ടാക്കിയിരിക്കുന്നത് പോരാഞ്ഞിട്ട് മുകളിലെ നിലയിലെ മരയഴിയിട്ട ചുമരുകളിലുമുണ്ട് മരത്തിലുണ്ടാക്കിയ ശില്‍പ്പങ്ങള്‍ നിറയെ.

മുകളിലെ നിലയില്‍ മരത്തിലുള്ള കൊത്തുപണികള്‍

ജൈനക്ഷേത്രങ്ങളോടും ജൈനമതത്തോടുമൊക്കെയുള്ള എന്റെ താല്‍പ്പര്യം എരി തീയില്‍ ഏവിയേഷന്‍ സ്പിരിട്ട് ഒഴിച്ചതുപോലെ ആളിപ്പടരുകയായിരുന്നു ആ ക്ഷേത്രവളപ്പില്‍ .

ക്ഷേത്രവരാന്തയുടെ ഒരു നെടുനീളന്‍ ദൃശ്യം

വരാന്തകളിലൂടെ ഒരുവട്ടം കൂടെ കറങ്ങിവന്നപ്പോഴേക്കും കൂടുതല്‍ സ്ക്കൂള്‍ കുട്ടികള്‍ ക്ഷേത്രത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. മുഖമണ്ഡപത്തില്‍ ചമ്രം പടിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് അദ്ധ്യാപകര്‍ ക്ഷേത്രചരിതമൊക്കെ കന്നടയില്‍ ഉറക്കെയുറക്കെ വിവരിച്ചുകൊടുക്കുന്നുണ്ട്. ഗര്‍ഭഗൃഹത്തില്‍ നിന്ന് ഇടവിട്ടിട്ടിടവിട്ട് മണിനാദം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ക്ഷേത്രം വിട്ട് പോകാന്‍ സമയമാകുന്നു. പിന്നീടൊരിക്കല്‍ക്കൂടെ ജൈന ഉത്സവങ്ങള്‍ നടക്കുന്ന സമയത്ത് മൂഡബിദ്രിയിലേക്ക് വരണം. ജൈനര്‍ ഒരുപാട് ജീവിക്കുന്ന ഇടമായതുകൊണ്ട് ജൈനരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു പഞ്ഞവുമുണ്ടാകില്ല ഈ ഭാഗത്തൊക്കെ.

ചരിത്രവും പഴമയുമൊക്കെയാണ് ക്ഷേത്രങ്ങളിലേക്ക് നയിക്കുന്നത്, വിശ്വാസമല്ല.

ഇന്നത്തെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് ഇനിയുമുണ്ട് ജൈനക്ഷേത്രങ്ങള്‍ പലതിലും കയറിയിറങ്ങാന്‍. വൈകീട്ട് യാത്ര അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതും പ്രസിദ്ധമായ ഒരു ക്ഷേത്രസന്നിധിയില്‍ത്തന്നെ.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

71 thoughts on “ 1000 തൂണുകളുള്ള ജൈനക്ഷേത്രം

  1. എത്രയെത്ര സ്ഥലങ്ങള്‍… കണ്ടാലും കേട്ടാലും വായിച്ചാലും മതിവരാത്തവ.

  2. ഒരു കടലാസോ ചരടോ മറ്റോ ഈ തൂണിനടിയിലെ ചെറിയ വിടവിലൂടെ കടത്തി മറുവശത്തുകൂടെ വലിച്ചെടുക്കാമെന്നത് ഈ തൂണിന്റെ ഒരു സവിശേഷതയാണ്…..എനിക്ക് ഇത് പുതുമ തന്നെ …”)

  3. ഇത്തരം ക്ഷേത്രങ്ങളെകുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു.. നന്ദി .. നല്ല വിവരണം.
    ഇത്രയും മനോഹരമായ ശില്പങ്ങള്‍ കല്ലില്‍ കൊത്തി വെച്ചവര്‍ ഒരുപക്ഷെ അടിമകളെ പോലെ പണി എടുത്തിരിക്കണം !!!

  4. Vayichu… valare nannayi….aa Kuthirayude shilpam Anayude ayi marunnathu oru photo koodi kodukamayirunnu… Kai cherthu pidikathe engane ayirikum Kuthirayude shilpam ennathu…..

  5. @manjuആ ഫോട്ടോയ്ക്ക് തൊട്ടുമുകളിലുള്ള ചക്രവ്യൂഹത്തിന്റെ ചിത്രത്തില്‍ നോക്കൂ. അതിന്റെ മുകളിലെ മൂലകളില്‍ കാണുന്നത് ആ കുതിരയുടെ സൈഡ് വ്യൂ ആണ്.

  6. ഈ പെരു സാധാരണ കേട്ടു പരിചയമുള്ളത് രാഷ്ട്രീയക്കാരുടെ യാത്രകൾക്കാണു. അതിൽ നിന്നു ഭിന്നമായി യാത്രകൾ നടത്തുകയും അതു വായനക്കരിൽ എത്തിക്കുകയും ചെയ്യുന്ന ഈ ബ്ലോഗർക്ക് അഭിനന്ദനങ്ങൾ…..

    ഭാവുകങ്ങൾ നേരുന്നു.

  7. മനോജ്‌ ഭായി,

    നല്ല വിവരണം എന്ന് പറയേണ്ട ആവശ്യമില്ലല്ലോ? പഴയ കാലത്തെ ശിൽപികളുടെ കരവിരുതിനെ നമിക്കാതിരിക്കാൻ പറ്റുന്നില്ല.. ഇന്ന് ഇത്തരം ശിൽപങ്ങളോ, അത്‌ നിർമ്മിക്കുന്ന ശിൽപികളോ ഇല്ല എന്ന് തോന്നുന്നു അല്ലേ? .. പലരും പറഞ്ഞപോലെ എനിക്കും പുതിയ ഒരു അറിവാണു ഈ ക്ഷേത്രം.. ശ്രാവണ ബളഗോള മാത്രമേ കേട്ടിട്ടുള്ളു. കന്നടയേക്കാൾ ഏറെ തുളു സംസാരിക്കുന്നവരല്ലേ ഇന്നാട്ടുകാർ? വർദ്ധമാന മഹാവീരൻ കഴിഞ്ഞാൽ എന്റെ അറിവിലുള്ള ഒരു ജൈനമത വിശ്വാസി കവി ബാലചന്ദ്രൻ ചുള്ളിക്കാടാണു

  8. @Manoraj – ബാലചന്ദ്രന്‍ ചുള്ളിക്കാട് ഹിന്ദുമതത്തില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് ജൈനമതം സ്വീകരിച്ച ആളാണ്. ജൈനമതസ്ഥനായി ജനിച്ച് വളര്‍ന്ന് നമുക്കിടയില്‍ ജീവിക്കുന്ന അതിപ്രശസ്തരായ വീരേന്ദ്രകുമാറിനേയും ശ്രേയാംസ്കുമാറിനേയും അറിയില്ലെന്നാണോ ? അതോ മറന്ന് പോയതാണോ ?

  9. മനോജ്‌ ഭായി,
    സത്യത്തിൽ വീരേന്ദ്റ്റകുമാറിന്റെയും ഫാമിലിയുടേയും കാര്യം ഒരു നിമിഷം മറന്നതാണു.. ഓർമ്മപെടുത്തിയതിനു നന്ദി.. ചുള്ളിക്കാടിന്റേത്‌ ആയിടെ അൽപം വിവാദമായ്ത്‌ കൊണ്ടീപ്പോളൂം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്‌ എന്ന്ത്‌ മറ്റൊരു സത്യം..

  10. ജൈന ക്ഷേത്രങളുടെ വിവരണം ചില യാത്രകളില്‍ വായിച്ചതു ഇപ്പോള്‍ ഓര്‍ ക്കുന്നു………..ജൈത്ര യാത്ര തുടരൂ…….ആശം സകള്‍

  11. സാധാരണപോലെ,വിവരണങ്ങള്‍ക്ക് ഒരു
    നിരക്ഷരന്‍ ടച്ച്…മുഡുബിദ്രിയെയും അവിടുത്തെ
    1000 തൂണുകളില്‍ പണിത ജൈനക്ഷേത്രത്തെയും
    കുറിച്ച അറിവുകള്‍ക്ക് ആധികാരികതയേറെ…!!

    “അതിന്റെ തറയില്‍ 200 വര്‍ഷത്തോളം പഴക്കമുള്ള വിദേശ ടൈലുകള്‍ പാകിയിരിക്കുന്നു. മൈസൂര്‍ പാലസ്സില്‍ വിരിച്ചിട്ടുള്ള തറയോടുകളുടെ ജനുസ്സില്‍പ്പെട്ട ഇറ്റാലിയന്‍ തറയോടുകളാണത്.“
    നീരൂ,കണ്ണൂര്‍ തുടങ്ങി കാസറഗോഡ് വഴി
    മംഗലാപുരം വരെയുള്ള ഭാഗങ്ങളില്‍ കാണുന്ന
    പഴക്കമേറിയ ചില മുസ്ലിം പള്ളികളിലെങ്കിലും
    ഈ തറയോടുകള്‍ വിരിച്ചതായി കാണാം.
    അറക്കല്‍ കെട്ടിന് വടക്ക് ഭാഗത്തായുള്ള
    പുരാതനമായ സിറ്റിപള്ളിയിലും ഈ തറയോട്
    ആയിരുന്നു.ഈ അടുത്തകാലത്തു പള്ളി
    പരിഷ്ക്കരണത്തിന്‍റെ ഭാഗമായി തറയോട് മാറ്റി
    മാര്‍ബ്ല് വല്‍ക്കരിച്ചു…എന്നിട്ടിപ്പോള്‍ പലരും
    പരാതി പറയുന്നു,മാര്‍ബ്ലിനെക്കാള്‍ പഴയ
    ഇറ്റാലിയന്‍ തറയോടാണ്‍ നല്ലതെന്ന്..പഴയ
    തറയോടുകള്‍ക്ക് തേയ്മാനമോ നേരിയ മങ്ങലോ
    ഏല്‍ക്കുന്നേയില്ല..!

  12. ഇതെല്ലാം വെറും യാത്രാവിവരണങ്ങള്‍ മാത്രമല്ല…..വളരെ വിജ്ഞാനപ്രദം കൂടിയാണ്….really great…

  13. സൂപറെ സൂപര്‍,പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞങ്ങളും കറങ്ങീട്ടുണ്ട് മൂഡബിദ്രിയില്‍,പിന്നെ മുരുഡെശ്വര്‍..അങ്ങനെ അങ്ങനെ ഒരു കാലം..
    ഓര്‍മ്മകള്‍ തുടച്ചു മിനുക്കി തന്നതിന് നന്ദി നീരുവേട്ടാ

  14. മനോഹരമായ വിവരണം.

    എന്തുമാത്രം വിജ്ഞാനമാണ് നമ്മുടെ പൂർവികർ ശില്പകലാവിദ്യയിൽ ആർജിച്ചിരുന്നതെന്നോർത്താൽ അമ്പരന്നിരിക്കാനേ നമുക്കു കഴിയൂ…

    ഒ.ടോ: കുറച്ചു കാലം കർനാറ്റകത്തിൽ ജോലി നോക്കിയിരുന്നു.ചിക്കമഗളൂരിൽ. അപ്പോൾ മൂഡുബിദിരിയിൽ ജോലിചെയ്തിരുന്ന കൂട്ടുകാരെ ഞങ്ങൾ കളിയാക്കുമായിരുന്നു – മൂഢന്മാരും ബധിരന്മാരുമുള്ള സ്ഥലമാണ് മൂഢബധിരി എന്ന്!

    സ്ഥലനാമപുരാണം ചെർത്തതു നന്നായി!

  15. ഇതിനെയും സാംസ്കാരിക പൈതൃകം എന്നു പറഞ്ഞാൽ പുച്ഛിക്കാൻ വെമ്പൽ കൊള്ളുന്നവരുണ്ടാകും.

    യാത്ര തുടരട്ടെ.

  16. ഇതിനെയും സാംസ്കാരിക പൈതൃകം എന്നു പറഞ്ഞാൽ പുച്ഛിക്കാൻ വെമ്പൽ കൊള്ളുന്നവരുണ്ടാകും.

    യാത്ര തുടരട്ടെ.

  17. ഈ വിവരണങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പുതിയ അറിവുകള്‍ക്കും എങ്ങനെയാണ് നന്ദി പറയുക. ആയിരം തൂണുകളുള്ള ജൈനക്ഷേത്രത്തിലേയ്ക്കുള്ള യാത്രയും എന്നത്തേയും പോലെ മനോഹരമായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ചിത്രം ചനീസ് ഡ്രാഗണ്‍ ആണ്. കൂടുതല്‍ യാത്രാവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    പിന്നെ പതിവുപോലെ ചില തിരുത്തല്‍ നിര്‍ദ്ദേശങ്ങളും സംശയങ്ങളും. “1000 തൂണുകളുള്ള ജൈനക്ഷേത്രമൊരെണ്ണമാണ് മൂഡബിദ്രിയിലെ പ്രധാന ആകര്‍ഷണം“ ഇത് “1000 തൂണുകളുള്ള ഒരു ജൈനക്ഷേത്രമാണ് മൂഡബിദ്രിയിലെ പധാന ആകര്‍ഷണം” എന്നാക്കുന്നത് കുറച്ചുകൂടി നല്ലതാണെന്ന ഒരു നിര്‍ദ്ദേശം ഉണ്ട്. “ചൂടാമണി” എന്നത് “ചൂഡാമണി” എന്നാക്കണ്ടേ. ചൂഡാമണിയാണ് ശരി. ഗരുഡന്മാരുണ്ടോ? ഗരുഡന്‍ ഒരാളല്ലെ? “മാനസ്തംഭത്തിന്റെ മുന്നിലേയ്ക്കാണ്” പിന്നെ ചക്രവ്യൂഹം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ വൃത്താകൃതിയിലാണ് സൈന്യത്തെ അണിനിരത്തുന്നത് എന്നാണ് കേട്ടിട്ടുള്ളത്. ഈ ചക്രവ്യൂഹത്തിന്റെ ചിത്രം അതുകൊണ്ടുതന്നെ പുതുമയായി.

    (എന്തോ ഒരു ആരവം കേള്‍ക്കുന്നില്ലെ. അതെ എന്നെ തല്ലാന്‍ ആരൊക്കയോ പത്തലും പാരയുമായി വരുന്നുണ്ട് ഞാന്‍ ഓടി…………)

  18. ആയിരം തൂണുകളുള്ള ജൈനക്ഷേത്രത്തിലേയ്ക്കു്‌ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയതില്‍ വളരെ സന്തോഷം. എന്റെ അറിവും വര്‍‌ദ്ധിക്കുന്നു..താങ്ക്‌യൂ. :)

  19. @ മണികണ്ഠന്‍ – കൊട് കൈ :) ഇപ്രാവശ്യം മണി ഉഴപ്പിയില്ല. പറഞ്ഞ തിരുത്തുകള്‍ എല്ലാം നടത്തിയിട്ടുണ്ട്.

    പ്രവീണ്‍ വട്ടപ്പറമ്പത്ത്, ശ്രീ, Ajith Nair , sivaprasad, അനിയന്‍കുട്ടി, ചേച്ചിപ്പെണ്ണ്, manju, Hareesh Kavumbai, മാത്തൂരാന്‍ , മനോരാജ് , jayalekshmi, ഒരു നുറുങ്ങ് , Vineeth, junaith, anuradha, jayanEvoor , പാര്‍ത്ഥന്‍ , അമീന്‍ വി സി, മണികണ്ഠന്‍‌ ,
    Vayady, ആത്മന്‍ ……

    1000 തൂണുകളുള്ള ജൈനക്ഷേത്രം കാണാനെത്തി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും വളരെ വളരെ നന്ദി :)

  20. “ജൈനക്ഷേത്രങ്ങളോടും ജൈനമതത്തോടുമൊക്കെയുള്ള എന്റെ താല്‍പ്പര്യം എരി തീയില്‍ ഏവിയേഷന്‍ സ്പിരിട്ട് ഒഴിച്ചതുപോലെ ആളിപ്പടരുകയായിരുന്നു..” ആ തീ എന്റെ മനസിലേക്കും പടരുന്നു.മുംബേയില്‍ വച്ച് ജൈനരായ ചില ആയല്‍ക്കാരെ അറിയാം അവരുടെ ഭക്ഷണരീതിയും മറ്റും വിത്യസ്തമാണെന്ന് കേട്ടു അന്ന് അത് അറിയുന്നത് വലിയ കാര്യമായി എടുത്തില്ല ഇന്ന് അതൊരു നഷ്ടമായി തോന്നുന്നു.“മൂഡബിദ്രി” കല്ലില്‍ കൊത്തിവച്ചതുപോലെ മനസ്സില്‍ പതിഞ്ഞു നീരുവിന്റെ തനതായ ശൈലിയില്‍ ഉള്ള വിവരണം തികച്ചും പിടിച്ചിരുത്തുന്നത് തന്നെ.ബാക്കി വിവരണങ്ങള്‍ക്കാ‍ായി കാക്കുനു ജൈനമതത്തെ പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ക്ഷേത്രസന്ദര്‍ശ്ശനത്തില്‍ ഉള്‍കൊള്ളിക്കാന്‍ ഒട്ടും മടിക്കണ്ടാ ..നീരൂ ഈ യാത്രാവിവരണം തീര്‍ച്ചയായും അവിടെ പോകാന്‍ കഴിയാത്തവര്‍ക്ക് മുതല്‍കൂട്ട് തന്നെ ആണ്. ഈശ്വരന്‍ രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥനയോടെ..

  21. ആ ശിൽ‌പ്പി കൊത്തിയ ചക്രം എന്താണെന്നറിയാൻ ആഗ്രഹമുണ്ട്. ജൈനമതത്തിൽ “ചക്ര” സങ്കൽ‌പ്പം ഉണ്ടായിരുന്നോ? ശ്രീചക്രം താന്ത്രിക പശ്ചാത്തലത്തിൽ നിന്നും വന്നതാണെന്നാണ് ഓർമ്മ. പക്ഷേ ആ തൂണിലുള്ളത് ആ പാറ്റേണുകളുമായി ബന്ധമുള്ളതൊന്നുമല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാമോ ?

    കെട്ടിടങ്ങളുടെ മുകപ്പ് കേരള വാസ്തുവിലേക്ക് വന്നത് ജൈന സ്വാധീനമാണോ?

  22. ഇതു തകര്‍പ്പന്‍ പോസ്റ്റ്..കൂടാതെ ജൈനക്ഷേത്രം ഗംഭീരം..കുറെ ജൈനക്ഷേത്രത്തില്‍ പോയിട്ടുണ്ട് അവിടെയൊന്നും ജൈനമതസ്ഥര്‍ക്ക് പ്രത്യേകം പരിപാടികള്‍ ഒന്നും ഉള്ളതായി കണ്ടിട്ടില്ല..

  23. മുഖമണ്ഡപത്തിലെ തൂണുകളിലെ വളരെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്നാണ് ‘നവനാരീകുഞ്ചര‘. 9 പെണ്ണുങ്ങളുടെ രൂപം ചേര്‍ത്തുവെച്ച് ഉണ്ടാക്കിയിട്ടുള്ള ആനയുടെ രൂപത്തിലുള്ള കൊത്തുപണിയാണത്. സംസ്കൃതത്തില്‍ ആനയ്ക്ക് കുഞ്ചര എന്നാണ് പറയുന്നത്.
    വീണ്ടും ധാരാളം അറിവ് പകരുന്ന ഒരു യാത്രാ വിവരണം കൂടി.

  24. വിവരണം വളരെ നന്നാവുന്നുണ്ട്…
    അതോടൊപ്പം പുതിയ അറിവുകളും…

    ആശംസകൾ…

  25. എന്നെത്തെയും പോലെ സൂപ്പര്‍….
    അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു……

  26. വിവരണവും,ചിത്രങ്ങളും നന്നായിരിക്കുന്നു.
    എന്തിനാണ് തൂണുകള്‍ക്കടിയില്‍ വിടവിട്ടിരിക്കുന്നത്-ചൂടില്‍ expand ചെയ്യുമെന്നു കരുതിയാണോ??

  27. @എതിരന്‍ കതിരവന്‍ – ചിത്രത്തിലുള്ള ചതുരത്തിലെ കൊത്തുപണി തന്നെയാണ് ചക്രവ്യൂഹം എന്നുപറഞ്ഞ് കാണിച്ച് തന്നത്. ജൈനമതത്തില്‍ ചക്ര സങ്കല്‍പ്പം ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് അറിവ്. പക്ഷെ ജൈനരാജാക്കന്മാര്‍ ചിലര്‍ അവസാനകാലത്ത് വൈഷ്ണവരായതിന്റെ സ്വാധീനം ബേലൂരും ഹാളേബീഡുവിലേയുമൊക്കെഉള്ള ക്ഷേത്രശില്‍പ്പങ്ങളില്‍ കാണുന്നതുപോലെ ഇവിടേയും കാണുന്നുണ്ട്. ഈ ക്ഷേത്രത്തില്‍ കൃഷ്ണന്‍ , ഹനുമാന്‍ , ഗരുഡന്‍ , ഏകലവ്യന്‍, നാരദന്‍, തുടങ്ങി മഹാഭാരതകഥാപാത്രങ്ങള്‍ എല്ലാവരും ഉണ്ട്. അക്കൂട്ടത്തിലായിരിക്കണം വൃത്താകൃതിയിലല്ലെങ്കിലും ഈ ‘ചക്രവ്യൂഹ‘വും ചെയ്തിരിക്കുന്നത്.

    കെട്ടിടങ്ങളുടെ മുഖപ്പ് (മേല്‍ക്കൂരയും) ചെയ്തിരിക്കുന്നത് നേപ്പാളി സ്റ്റൈലില്‍ ആണെന്നാണ് ഗൈഡ് പറഞ്ഞത്. അതങ്ങിനെ ചെയ്യാനുണ്ടായ കാരണം അദ്ദേഹത്തിന് പറയാന്‍ പറ്റിയില്ല. അതുകൊണ്ടുതന്നെ ആധികാരികത ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് ഞാനത് പോസ്റ്റില്‍ കൃത്യമായി പരാമര്‍ശിക്കാതിരുന്നത്.

    പോസ്റ്റിലെ ഏതെങ്കിലും വരികളോ അറിവുകളോ ആധികാരികതയില്ലാത്തതാണെന്ന് തോന്നിയാല്‍ പറയാന്‍ മടിക്കരുത് ,എതിരന്‍ കതിരന്‍. ഉടന്‍ തിരുത്തുന്നതാണ്.

    മാണിക്യേച്ചീ, എതിരന്‍ കതിരന്‍, ഗൌരീനാഥന്‍, സൂരജ്, വീ.കെ. ലിനു, ജ്യോ..വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി :)

  28. @MANIKANDAN [ മണികണ്ഠന്‍‌ ]

    “ചന്ദ്രനാഥസ്വാമി പ്രതിഷ്ഠ – ചിത്രത്തിന് കടപ്പോട് ക്ഷേത്രസമിതിയോട്” ഒരു ചെറിയ ടൈപ്പിങ് എറര്‍… കടപ്പാട് ആക്കി മാറ്റുക

    എന്തായാലും മനോഹരമായിട്ടുണ്ട് ലേഖനം.
    മൂഡബിദ്രി യാത്ര നേരിട്ട് നടത്തിയൊരു പ്രതീതി.

  29. @Maths Blog Team ങേ! ഇതു ഞാന്‍ കണ്ടില്ലെ. അപ്പോ അടി ഉറപ്പ്. മാത്സ് ബ്ലോഗ് ടീമിനു എന്റെ അഭിനന്ദനങ്ങള്‍.

    മലയാളത്തില്‍ സംസ്‌കൃതത്തിന്റെ സ്വാധീനം മൂലമാവാം കുഞ്ചാരം, തുരഗം എന്നീ പദങ്ങള്‍ മലയാളത്തിലും ഉണ്ട്.

  30. “ഒരു കടലാസോ ചരടോ മറ്റോ ഈ തൂണിനടിയിലെ ചെറിയ വിടവിലൂടെ കടത്തി മറുവശത്തുകൂടെ വലിച്ചെടുക്കാമെന്നത് ഈ തൂണിന്റെ ഒരു സവിശേഷതയാണ്.”

    ദൈവിക ശക്തിയുള്ള തൂണ്‍ ആണെന്ന് പറഞ്ഞു മുതലെടുപ്പ്‌ നടത്താന്‍ ചാന്‍സ്‌ ഉണ്ട്

  31. തന്ത്രശാസ്ത്രത്തിലെ അടിസ്ഥാന യന്ത്രകൽ‌പ്പനയിൽ നിന്നാണത്രെ ചക്രം എന്ന സങ്കൽ‌പ്പം ഉരുത്ത്രിഞ്ഞത്. Yanthra (by Madhu Khanna) എന്ന പുസ്തകത്തിൽ ഇങ്ങനെ ഒരു വാചകം കാണുന്നു:
    Many yanthras spring from Jaina sources and embody speculative ideas of Jainism.
    റെഫെറെൻസായി ഈ പുസ്തകത്തിന്റെ പേരും കൊടുത്തിരിക്കുന്നു:
    Comparative and Critical Study of Mantrasastra by N. B. Jhavery
    ചക്രവ്യൂഹം ജൈനരുടെ പ്രത്യേക യന്ത്രമാണോ എന്ന് അറിയാൻ കൂടുതൽ വായിക്കേണ്ടിയിരിക്കുന്നു.
    ചില കെട്ടിടങ്ങളുടെ എലവേഷൻ പരിശോധിച്ചാൽ യന്ത്ര പാറ്റേണിലാണ് അത് എന്നു നിരീക്ഷിക്കപ്പെടുന്നു. മഹാബലിപുരത്തെ ധർമ്മരാജ രഥത്തിന്റെ എലവേഷൻ സങ്കീർണ്ണമായ യന്ത്ര പാറ്റേണിലാണത്രെ.

  32. രസമായിരിക്കുന്നു യാത്രാ വിവരണം. കുതിര ആനയായി മാറുന്ന ശില്പം എന്റെ പേരക്കുട്ടികള്‍ക്ക് കാണിച്ച് കൊടുത്തു.
    അവര്‍ക്ക് ഫോട്ടോസ് വളരെ ഇഷ്ഠമായി.
    വിഷ് യു ഗുഡ് ലക്ക്

  33. pathivu poley nalla post….budha matha they kurichu kooduthal ariyanam ennu vichaarichirikkukayaayirunnu…koottathil Jaina mathavum ulpeduthanam ennu eppol thonnunnu….

  34. ഇത് വായിച്ചു എന്താ പറയേണ്ടതും എന്നും അറിയാത്ത ഒരു അവസ്ഥയില്‍ ആണ് ഞാന്‍ …ക്ഷേത്രവും അതിനു ചുറ്റും എല്ലാം എത്ര നല്ലപോലെ വിവരിച്ചിരിക്കുന്നു !!!!!!!! നിരക്ഷരന്റെ, യാത്രകളില്‍ ഇനിയും ഇതുപോലെ ആരും കണ്ടിട്ടില്ലാത്തതും ആയ ഒരുപാടു വിസ്മയം ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു …

  35. നിരക്ഷരാ… കര്‍ണാടകക്കാരനെ കല്യാണം കഴിച്ചിട്ടും അവിടത്തെ പല സ്ഥലങ്ങളും കാണാന്‍ കഴിഞ്ഞിട്ടില്ല.. ഇപ്പോ ഇനി നിരക്ഷരന്റെ ബ്ലോഗ് നോക്കി തീരുമാനിക്കാം എവിടെ പോണം ന്ന്… നന്ദി…

    നിവൃത്തിയില്ലാതെ ഒരു ഓഫ് ഇടട്ടേ? … എന്റെ ഒരു പോസ്റ്റിനുള്ള താങ്കളുടെ കമന്റ് വായിച്ച് താങ്കളോട് വല്ലാതെ ഇഷ്ടം തോന്നിപ്പോകുന്നു…

  36. ഇപ്പോൾ ഇന്ത്യയെകുറിച്ചറിയണമെങ്കിൽ മനോജ് ഭയിയുടെ ബ്ലോഗ് നോക്കണമെന്ന നിലവന്നിരിക്കുകയാണ്.
    ഇതിലെഴുതിയിരിക്കുന്നത് സാധാ യാത്രാവിവരണങ്ങള്‍ മാത്രമല്ല കേട്ടൊ ഒപ്പം ധാരാളം വിജ്ഞാനപ്രദമായ കാര്യങ്ങൾ കൂടിയാണ്….
    അഭിനന്ദനങ്ങൾ ഭായി….!

  37. വാസ്തുകലയിലെ ഇത്തരം ക്ലാസ്സിക്കുകള്‍ താങ്കളുടെ യാത്രാ വിവരണങ്ങള്‍ക്കു ഒരലങ്കാരം തന്നെ.
    അഭിനന്ദനങ്ങള്‍ !

  38. മനോജ്.. വൈകിയെത്തിയതുകൊണ്ട് ഒരു അമ്പത് അടിയ്ക്കാൻ പറ്റി.

    പോസ്റ്റും അനുബന്ധ ചർച്ചകളും ആസ്വദിക്കുന്നു..

    “എരി തീയില്‍ ഏവിയേഷന്‍ സ്പിരിട്ട് ഒഴിച്ചതുപോലെ ..” ഇനിയുള്ള കാലം ഇതായിരിക്കും പഴഞ്ചൊല്ല് :)

  39. lovely description.never heard of this temple. but there is a thousand pillar temple in Warangal,A P as well.have you been there?Sivan, Vishnu, Suryan ennivareyanavide prathishtichirikkunnath. The pillars serve the purpose of wall there. its an archeological wonder though it is not well maintained.

  40. @Maths Blog Team – ടൈപ്പിങ്ങ് മിസ്റ്റേക്ക് കണ്ടുപിടിച്ചതിന് നന്ദി. ഉടനെ തിരുത്തുന്നുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി :)

    @MANIKANDAN [ മണികണ്ഠന്‍‌ ] – ഉഴപ്പാളീ :) :)

    @എതിരന്‍ കതിരവന്‍ – ഈയൊരു ജന്മം തികയാതെ വരുമല്ലോ എതിരന്‍‌ജീ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ . ഇത്തരം വിലപിടിച്ച അറിവുകള്‍ക്ക് ഒരുപാട് നന്ദി :)

    @മൈലാഞ്ചി – ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും, നിവൃത്തിയില്ലാതെ ഇട്ട ഓഫിനുമൊക്കെ നന്ദി :)

    @bhoolokajalakam – ശരിയാണല്ലോ ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമത വിശ്വാസിയാണല്ലോ . മനോരാജിനും തെറ്റി. എനിക്കും തെറ്റി :) തിരുത്തിത്തന്നതിനും അഭിപ്രായത്തിനും നന്ദി.

    @പൊറാടത്ത് – 50 അടി പോരാ. 100 എങ്കിലും അടിക്കണം മാഷേ :)

    @ammu parvathy – വാറങ്കലിലെ 1000 തൂണുള്ള ക്ഷേത്രം ഞാന്‍ കണ്ടിട്ടില്ല. കാണണം. അതിനെപ്പറ്റി ഒന്ന് എഴുതിക്കൂടേ ?

    ഇസ്മായില്‍ കുറുമ്പടി ( തണല്‍), Rainbow, ജെ പി വെട്ടിയാട്ടില്‍ , anoop, സിയ, ആര്‍ദ്ര ആസാദ് / Ardra Azad, jayarajmurukkumpuzha, ബിലാത്തിപട്ടണം….

    അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

  41. എത്താന്‍ കുറച്ചു വൈകി ട്ടോ .ക്ഷേത്രം കണ്ട ഒരു പ്രതീതി അതിലും ഉപരി വളരെ വിജ്ഞാന പ്രദം .വിവരണം വളരെ നന്നായിരിക്കുന്നു.

  42. അഭിനന്ദനീയം ഈ യത്രാ(ചിത്ര) വിവരണ ബ്ലോഗ്.
    നേരിട്ട് ഒരു യാത്ര നടത്തിയാല്‍ പോലും ലഭ്യമല്ലാത്ത വിജ്ഞാനങ്ങള്‍ ഭൂലോകര്‍ക്കായ് പകര്‍ന്നു നല്‍കുന്നതിന് ഞങ്ങള്‍ മനോജിന് കടപ്പെട്ടിരിക്കുന്നു.

  43. ഈ വഴിയൊക്കെ വന്നല്ലേ? ജിന്‍ജറിന്റെ അയല്‍വാസിയായിട്ടും നമ്മുക്ക് നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ ,എന്തായാലും വിവരണം ഗംഭീരം

  44. നിരൂ.. എന്താ പറയാ,.. ‘സഞ്ചാരം’ കണ്ട പ്രതീതി!!.. താങ്കള്‍ക്കു ജോര്‍ജ് കുളങ്ങര സ്റ്റൈലില്‍ (Inside ഇന്ത്യ) ഒരു പരിപാടി ആലോചിച്ചൂടെ? താങ്കളുടെ എണ്ണപ്പാടത്ത് ഒരു ജോലി കിട്ടുമോ? എങ്കില്‍ ഞാനും പിന്നാലെ കൂടിയേനെ… തുടരട്ടെ ‘ചില യാത്രകള്‍’…

  45. സ്വതവേ ഒരു യാത്രാപ്രേമിയായ ഞാന്‍ നിരക്ഷരേട്ടന്റെ പുതിയ പോസ്റ്റുകള്‍ക്കായി ഇപ്പോള്‍ കാത്തിരിക്കുകയാണ്. ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളും കവര്‍ ചെയ്യാനായുള്ള ഒരു യജ്ഞത്തിന് ഒരു കമ്പനി ഒത്തു കിട്ടിയത് ഈയടുത്താണ്. അടുത്തമാസം കാസര്‍കോട് പോവാനാണ് പ്ളാന്‍.
    വളരെ നന്ദിയുണ്ട്ട്ടോ.

    ( ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ആ ‘മാസ്റ്റര്‍ പീസ് മുടി’ കാണാനില്ലല്ലോ?..എന്തു പറ്റി??)

  46. പരസ്പരം ബന്ധപ്പെട്ടംകിടക്കുന്ന
    പരസ്പര പൂരിതങ്ങളായ
    ദര്‍ശനങ്ങളാണ് മത ദര്‍ശനങ്ങള്‍
    കലയും അറിവും പകര്‍ന്നു തരുന്നവയായിരുന്നു
    ക്ഷേത്രങ്ങള്‍.
    കച്ചവട താല്പര്യങ്ങളും
    ഇടുങ്ങിയ ചിന്താഗതികളും
    മതങ്ങള്‍ക്കിടയില്‍
    മതിലുകള്‍ തീര്‍ത്തിരിക്കുന്നു
    അര്‍ത്ഥപൂര്‍ണ്ണമായ യാത്രകള്‍ക്ക്
    അഭിനന്ദനങ്ങള്‍

  47. നിരുവിന്റെ ജൈനക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ് എനിക്കേറ്റവും ഇഷ്ടം. കൊത്തുപണികളും ശില്പഭംഗിയും കോണ്ട് അതിമനോഹരങ്ങളായ ക്ഷേത്രങ്ങള്‍ ! നവനാരീകുഞ്ചര, പഞ്ചനാരീതുരഗ, ചക്രവ്യൂഹം ഇതെല്ലാം കണ്ടിട്ട് ആ ശില്പികളെ നമിക്കാതെ വയ്യ!

    നിരു അവസാനം പറഞ്ഞുനിര്‍ത്തിയതു തന്നെ സത്യം, “ ചരിത്രവും പഴമയുമൊക്കെയാണ് ക്ഷേത്രങ്ങളിലേക്ക് നയിക്കുന്നത്, വിശ്വാസമല്ല…”

    - സന്ധ്യ

  48. ‘കൊച്ചി മുതല്‍ ഗോവ വരെ’യാത്ര തുടരുകയാണ്.കാര്‍ക്കളയും കൊല്ലൂരും

    യാത്രയ്ക്കിടയില്‍ അല്‍പ്പം കാലതാമസം ഉണ്ടായതില്‍ ഖേദിക്കുന്നു. യാത്ര തുടര്‍ന്നല്ലേ പറ്റൂ.

    The show must go on…..

  49. i visited herer. but i could not able to know this much features of this temple. Now i am decided to another visit.

    how u r getting this much info.

    any way greate. God bless you

    1. @ Vinesh a v – ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടണമെങ്കിൽ ഗൈഡുകളെ ആശ്രയിക്കാൻ മറക്കരുത്. 100 അല്ലെങ്കിൽ 150 കൂടുതൽ ചിലവായെന്ന് വരും. പക്ഷെ രണ്ടാമതൊന്നുകൂടെ പോകാൻ അതിന്റെ പത്തിരട്ടി ചിലവാക്കിയാലും മതിയാകില്ല എന്ന് ഓർക്കുക. പിന്നെ പോകുന്നതിന് മുന്നേ അൽ‌പ്പം ചരിത്രം മനസ്സിലാക്കി പോകാൻ ശ്രമിക്കുക. അപ്പോൾ ചില കാര്യങ്ങൾ അവിടെച്ചെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതായി വരും. എല്ലാം കൂടെ ആകുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി മടങ്ങാനാകും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>