നാളെ ജൂൺ 5. ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനം എന്നാൽ മരം വെക്കാനുള്ള ഒരു ദിവസമാണെന്നുള്ള തെറ്റിദ്ധാരണ കുറേ കാലങ്ങളായിട്ട് ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു.
എവിടെന്നെങ്കിലും പ്ലാസ്റ്റിക്ക് മാലിന്യം പെറുക്കി വൃത്തിയാക്കാൻ ഇറങ്ങുന്നതും A + കാർ അവരവരുടെ ഫ്ലക്സ് ബോർഡുകൾ പൊതുനിരത്തിൽ നിന്ന് നീക്കം ചെയ്യുന്നതും കുളങ്ങളും തോടുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതും മഴക്കുഴി തയ്യാറാക്കുന്നതും മരങ്ങളെ വരിഞ്ഞ് ശ്വാസം മുട്ടിക്കുന്ന ട്രീ ഗാർഡുകൾ നീക്കം ചെയ്യുന്നതുമൊക്കെ പരിസ്ഥിതി പ്രവർത്തനം തന്നെയാണ്. എല്ലാക്കൊല്ലവും ഈ ദിവസം മരം വെച്ച് ആഘോഷിക്കുന്നവർ മേൽപ്പറഞ്ഞതിനൊക്കെ വേണ്ടിയും അൽപ്പം സമയം ചിലവഴിച്ചിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്. സർക്കാർ മുൻകൈ എടുത്ത് നാളെ നട്ടുപിടിപ്പിക്കാൻ പോകുന്ന 1 കോടി മരങ്ങൾ നടുന്നവർ, ആ ഒരു മരത്തിനെയെങ്കിലും നന്നായി നോക്കി സംരക്ഷിച്ച് വളർത്തുന്നതും, വർഷം മുഴുവൻ നീളുന്ന ഒരു ഒന്നാന്തരം പരിസ്ഥിതി പ്രവർത്തനമായിട്ട് വരും. അത്രയെങ്കിലും ചെയ്താൽ 1 കോടി മരം ഒരു വർഷം കൊണ്ട് നമുക്കുണ്ടാകും.
അടുത്ത വർഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് കൂടാതെ, കഴിയുന്നത്ര പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിന്ന് പെറുക്കി വൃത്തിയാക്കാനുള്ള ഒരു യജ്ഞത്തിന് ആഹ്വാനം ചെയ്യാൻ സർക്കാർ മുതിരുകയാണെങ്കിൽ, പൊതുസ്ഥലങ്ങളിൽ നമുക്കുള്ള പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കണക്കറിയാൻ കൂടെ അത് പ്രയോജനപ്പെട്ടെന്ന് വരും.
ഞങ്ങൾ ഗ്രീൻവെയ്ൻ (Greenvein) പ്രവർത്തകർ 100 കോടി മരങ്ങൾ നട്ട് പരിപാലിക്കുക എന്ന ലക്ഷ്യവുമായി കൊല്ലം മുഴുവൻ അതിനുള്ള മരങ്ങൾ നട്ടുവളർത്തലും വിത്തുകൾ ശേഖരിക്കലും തൈകൾ വിതരണം ചെയ്യലുമൊക്കെയായി സമയം ചിലവഴിക്കുന്നവരായതുകൊണ്ട് ജൂൺ 5ന് സംസ്ഥാനമൊട്ടാകെ നടത്തപ്പെടുന്ന പരിസ്ഥിതി പ്രവർത്തനങ്ങളിൽ (വ്യക്തിപരമായിട്ട് ഞാനെങ്കിലും) പങ്കുകൊള്ളാറില്ല. അത്രയും ലോഡ് എടുക്കാനാവില്ല എന്നത് പ്രധാന കാരണമായതുകൊണ്ട് അന്ന് പരിസ്ഥിതി പ്രവർത്തനങ്ങളിൽ നിന്ന് അവധി എടുക്കുകയാണ് പതിവ്.
വ്യക്തിപരമായ കാരണങ്ങളാൽ നാളെ രാവിലെ മുതൽ ചിലപ്പോൾ വൈകീട്ട് വരെ എറണാകുളത്തെ ഒരു സ്ഥാപനത്തിൽ കുടുംബപരമായി സമയം ചിലവഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഉച്ചയ്ക്ക് ശേഷം സമയം കിട്ടുകയാണെങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ ആരൊക്കെയോ പാതയോരങ്ങളിൽ നട്ട് പോയ ചില മരങ്ങളുടെ ദയനീയ അവസ്ഥ (നോക്കിവെച്ചിട്ടുണ്ട്) പരിഹരിക്കാൻ ഇറങ്ങണമെന്നുണ്ട്.
കൂടെക്കൂടാൻ താൽപ്പര്യമുള്ള സൈക്കിൾ ഉള്ളവരും മഴ കൊള്ളാൻ ബുദ്ധിമുട്ട് ഇല്ലാത്തവരും ഏത് സമയത്തും ഇറങ്ങിത്തിരിക്കാൻ ബുദ്ധിമുട്ടില്ലാത്തവരും മെസ്സേജ് ബോക്സ് വഴി ബന്ധപ്പെട്ടാൽ നമുക്കൊരുമിച്ച് പോകാം. ആരും കൂടിയില്ലെങ്കിലും അലോഹ്യമൊന്നുമില്ല. നാളെക്കഴിഞ്ഞും പരിസ്ഥിതി പ്രവർത്തനങ്ങൾ ആകാം എന്ന് തന്നെയാണ് ഈ പോസ്റ്റ് പറയുന്നത്. എല്ലാവർക്കും ഇന്നത്തേക്കാൾ നല്ല പരിസ്ഥിതി നാൾക്കുനാൾ ആശംസിക്കുന്നു !!!