ബാര ഹബ്ബിലെ അവസാനത്തെ കോട്ടയാണ് ഷേർഗഡ്. 63 കിലോമീറ്റർ ദൂരമുണ്ട് സുമൻ ധാബയിൽ നിന്ന് ഷേർഗഡിലേക്ക്. കോട്ടയുടെ അവസ്ഥ എന്താണ്? കയറാൻ പറ്റുമോ? പൂട്ടിയിട്ടിരിക്കുകയാണോ? മലമുകളിൽ, കയറി ചെല്ലാൻ പറ്റാത്ത ഇടത്താണോ? എന്നൊന്നും ഒരു പിടിയുമില്ല. പക്ഷേ പോകുക തന്നെ.
അവസാനത്തെ 20 കിലോമീറ്റർ പൂർണ്ണമായും ഗ്രാമത്തിനുള്ളിലൂടെയാണ് യാത്ര. ഏതൊരു രാജസ്ഥാൻ ഗ്രാമങ്ങളിലൂടെയുമുള്ള യാത്രയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ റോഡ് ഏറ്റവും മോശമായിരിക്കും. പൊട്ടിപ്പൊളിഞ്ഞ് കിടക്കുക മാത്രമല്ല, വീതിയും കുറവായിരിക്കും. കൃഷിയിടങ്ങളിലെ റോഡ് ഭാരതമേനെ ഭേദപ്പെട്ടതായിരിക്കും; വൃത്തിയും ഉണ്ടായിരിക്കും. അത്തരത്തിൽ 2 ഗ്രാമങ്ങളിലൂടെ കയറിയിറങ്ങിയാണ് ഷേർഗഡിൽ എത്തിയത്.
ഷേർഗഡ് കോട്ടയുടെ അകത്തും ഒരു ചെറിയ ഗ്രാമമുണ്ട്. ഒരുവിധം വലിയ കോട്ടകളുടെ അകത്ത് രാജാവിന്റെ ജോലികൾക്കായി പഴയകാലത്ത് വന്ന് താമസിച്ചവരുടെ പിൻഗാമികൾ തുടരുന്ന വീടുകളാണ് അത്.
50 വീടുകളെങ്കിലും ഈ കോട്ടയ്ക്കകത്തുണ്ട്. അതറിയാതെ ഞാൻ ആദ്യം കോട്ടവാതിലിന് പുറത്ത് ഭാഗിയെ നിർത്തി അകത്തേക്ക് നടന്നു. പിന്നീട്, ഈ കോട്ട നടന്ന് കണ്ട് തീർക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോൾ, ഭാഗിയെ കോട്ടയ്ക്കുള്ളിലേക്ക് ഓടിച്ചു കയറ്റി.
കോട്ടയുടെ കവാടത്തിൽ നിന്ന് ഒന്നര കിലോമീറ്ററെങ്കിലും ഉള്ളിലേക്ക് പോയാലേ കോട്ടയുടെ പ്രധാന ഭാഗങ്ങളിലേക്ക് എത്തൂ. രാജാവിന്റെ സേവകർ താമസിക്കുന്ന ഇടം, ക്ഷേത്രങ്ങൾ, കൊട്ടാരത്തിന്റെ ഭാഗങ്ങൾ, എന്നതെല്ലാം ചേർന്ന ഒരു ഭാഗം, കോട്ടയുടെ പ്രധാന ഭാഗങ്ങൾ ഇരിക്കുന്ന രണ്ടാമത്തെ ഭാഗം, ഇങ്ങനെ കോട്ടയെ വേർതിരിക്കാം.
വീടുകളുടെ ഭാഗം കഴിഞ്ഞതും, ഒരാൾ ഭാഗിയെ തടഞ്ഞു. അദ്ദേഹം കോട്ടയുടെ സൂക്ഷിപ്പുകാരനാണ്. പേര് ശ്രീരാം ടിക്ക. ഞാൻ കോട്ടയിലേക്കാണെന്ന് മനസ്സിലായപ്പോൾ അദ്ദേഹം തൻ്റെ ബൈക്ക് എടുത്ത് മുന്നിൽ വഴി കാണിച്ച് പോയി; കോട്ടയുടെ സംരക്ഷിത ഭാഗത്തിന്റെ കവാടം തുറന്നു തന്നു.
ആ ഭാഗത്ത് പുനരുദ്ധാരണം നടത്തിയിട്ടുണ്ടെങ്കിലും പരിപാലനം കുറവാണ്. ഉൾവശം മിക്കവാറും കാടുപിടിച്ച് കിടക്കുകയാണ്. “സൂക്ഷിക്കണം, പാമ്പുകൾ ഉണ്ട് ” എന്ന മുന്നറിയിപ്പോടെ അദ്ദേഹം എന്നെ അകത്തേക്ക് കടത്തിവിട്ടു.
അതിനും മുൻപ്, രജിസ്റ്ററിൽ പേരും ഫോൺ നമ്പറും എഴുതുമ്പോൾ, സ്ഥലം കേരളമാണെന്ന് പറഞ്ഞപ്പോൾ, “അത് മഹാരാഷ്ട്രയിൽ അല്ലേ?” എന്ന് അദ്ദേഹത്തിന്റെ ഒരു ചോദ്യമുണ്ടായിരുന്നു. പകച്ചു പോയി എൻ്റെ വാർദ്ധക്യം!
* പർവൻ നദിയുടെ ഓരത്താണ് ഷേർഗഡ് കോട്ട നിലകൊള്ളുന്നത്.
* കോട്ടയുടെ ചുറ്റുമുള്ള ഒരുപാട് ഭാഗം കാടാണ്. ഇക്കാരണങ്ങളാൽ, ഈ കോട്ടയെ വെള്ളത്തിലുള്ള കോട്ടയായും കാട്ടിലുള്ള കോട്ടയായും പരിഗണിക്കുന്നു.
* ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര് കൊസവർദ്ധന എന്നായിരുന്നു.
* മാൽവയും പ്രദേശങ്ങളും പിടിച്ചടക്കുന്നതിന്റെ ഭാഗമായി, സുർ രാജവംശത്തിലെ രാജാവായ ഷേർഷ ഈ പ്രവിശ്യയും കോട്ടയും പിടിച്ചടക്കി. അദ്ദേഹത്തിൻ്റെ പേരുമായി ബന്ധപ്പെടുത്തി ഇത് പിന്നീട് ഷേർഗഡ് കോട്ടയായി.
* ഇവിടുന്ന് കണ്ടെടുത്ത ചില ശിലാലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്, CE 790ല്‍ ഇവിടം ഭരിച്ചിരുന്ന സാമന്ത ദേവദത്ത എന്ന രാജാവ്, ഇവിടെ ഒരു ബുദ്ധക്ഷേത്രവും മൊണാസ്ട്രിയും നിർമ്മിച്ചിരുന്നു. ഷേർഷ ഇവിടം പിടിച്ചടക്കിയതിന് ശേഷം, ഇത് കോട്ടയായി വികസിപ്പിച്ചെടുത്തതാകാം എന്ന് അനുമാനിക്കുന്നു.
* എന്തായാലും, കോട്ട നിർമ്മിച്ചത് ആരാണെന്നുള്ളതിന് കൃത്യമായ നിഗമനങ്ങൾ ഒന്നും, ലഭ്യമായ ചരിത്രത്തിൽ ഇല്ല.
* പടിക്കിണറിൻ്റെ ഭാഗമൊക്കെ കാടുപിടിച്ച് കിടക്കുകയാണ്. ചില മൂർത്തികൾ അതിൻ്റെ ചുമരിൽ കാണാം. അവിടെ പൂജയും നടക്കുന്നുണ്ട്.
* കോട്ടയുടെ ഒരു വശത്ത് പർവൻ നദിയുടെ മനോഹരമായ കാഴ്ച്ചയും മറുവശത്ത് ഗ്രാമത്തിന്റെ കൃഷിയിടങ്ങളുടെ കാഴ്ച്ചയുമാണ്.
ഇതടക്കം കഴിഞ്ഞ അഞ്ച് കോട്ടകളും ഗംഭീര അനുഭവങ്ങൾ ആയിരുന്നു. അങ്ങനെ 99 കോട്ടകൾ ഞാൻ പൂർത്തിയാക്കിയിരിക്കുകയാണ്. നൂറാമത്തെ കോട്ട, എന്തെങ്കിലും ഒരു പ്രത്യേകതയുള്ള ഒന്ന് ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
തൽക്കാലം ബാരയിൽ നിന്ന് ജയ്പൂരിലേക്ക് മടങ്ങുകയാണ്. ഒറ്റയടിക്ക് ജയ്പൂർ വരെയുള്ള ഏഴ് മണിക്കൂർ സഞ്ചരിക്കാൻ ആവില്ല. ഇരുട്ട് വീഴും എന്നത് തന്നെ കാരണം. ആയതിനാൽ കോട്ട ജില്ലയിൽ ഇന്ന് രാത്രി തങ്ങുകയാണ്.
പക്ഷേ, കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ച, കോട്ടയിലെ ‘പ്രേം ദ’ ധാബയിലേക്ക് പോകുന്നില്ല. അവിടത്തെ അനധികൃത മദ്യവില്പനയും ഗുലുമാലകളും ഞാൻ പറഞ്ഞിരുന്നല്ലോ. അതിനിടയിലേക്ക് വീണ്ടും ചെന്ന് കയറാൻ വയ്യ. അവിടന്ന് അല്പം മാറി ശേഖാവട്ടി എന്നൊരു ധാബ കണ്ടുപിടിച്ചു. അവിടെയാണ് ഇന്ന് തങ്ങുന്നത്.
നാളെ ഉച്ചയ്ക്ക് മുൻപ് ജയ്പൂരിൽ എത്തും. നാട്ടിൽ നിന്ന് രാജസ്ഥാൻ കാണാൻ എത്തിയിരിക്കുന്ന ഒരു കുടുംബത്തെ ജയ്പൂരിൽ വെച്ച് സന്ധിക്കാനുണ്ട്. അതിനുശേഷം നൂറാമത്തെ കോട്ടയുടെ കാര്യം തീരുമാനമാക്കാം.
ശുഭരാത്രി.