കർഷക സമരത്തിന് അഭിവാദ്യങ്ങൾ !! പക്ഷേ ബന്ദ് നടത്തി അനുകൂലിക്കാനാവില്ല.


55
വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങാൻ അഞ്ച് മിനിറ്റ് വൈകി. എത്ര നേരത്തേ ഇറങ്ങുന്നോ അത്രയും തിരക്ക് കുറവായിരിക്കും നിരത്തിൽ. ഓഫീസ് സമയത്തിന് എത്താൽ എപ്പോൾ ഇറങ്ങണമെന്നതിനേക്കാൾ പതിനഞ്ച് മിനിറ്റെങ്കിലും മുന്നേ ഇറങ്ങുന്നതാണ് പതിവ്. അതുകൊണ്ടുതന്നെ റോഡുകളിൽ പതിവിൽക്കവിഞ്ഞ തിരക്കുണ്ടായിട്ടും ഓഫീസിലെത്താൻ വൈകിയില്ല. ബാംഗ്ലൂർ നഗരം എല്ലാ പതിവ് തിങ്കളാഴ്ച്ചകളേയും പോലെ തിരിക്കോട് തിരക്കുമായി മുന്നോട്ട്.

ഇത്രയും പറയാൻ കാരണം ഇന്ന് കർഷക സമരത്തെ അനുകൂലിച്ച് ഭാരത് ബന്ദ് നടക്കുന്നതുകൊണ്ടാണ്. കർഷക സമരത്തോട് അനുകൂലിക്കുന്നു. പക്ഷേ അതിനൊപ്പമോ അതിനേക്കാൾ ന്യായമായതോ ആയ വിഷയത്തിൻ്റെ പേരിലായാലും ബന്തോ ഹർത്താലോ നടത്തിയാൽ അനുകൂലിക്കാൻ നിർവ്വാഹമില്ല. നിലപാടിൽ ഒരു മാറ്റവുമില്ല.

ഇന്ന് ഈ ബന്ദ് കഴിയുമ്പോൾ രാജ്യത്ത് ഏതൊക്കെ സംസ്ഥാനങ്ങളിൽ ബന്ദ് നടന്നെന്ന് അറിയാൻ താൽപ്പര്യമുണ്ട്. കർണ്ണാടകത്തിൽ 1% പോലും ഈ ബന്ദ് ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കാൻ വേണ്ടിയാൻ ആദ്യ പാരഗ്രാഫ് കുറിച്ചത്.

കേരളത്തിൽ പൊതുഗതാഗതം നിശ്ചലമാണെന്ന് വാർത്ത കണ്ടു. സ്വകാര്യ വാഹനങ്ങൾ എത്രത്തോളം നിരത്തിലിറങ്ങുമെന്ന് കഴിഞ്ഞ 10 വർഷത്തിലധികമായി Say NO To Harthal പ്രവർത്തകനായതിനാൽ നല്ല ബോദ്ധ്യമുള്ള കാര്യമാണ്. വാഹനങ്ങൾ നിരത്തിലിറങ്ങാതെയും സ്വകാര്യ വാഹനങ്ങൾ ഓടാതെയും കടകൾ തുറന്ന് പ്രവർത്തിക്കില്ലല്ലോ ? പ്രവർത്തിച്ചിട്ട് കാര്യമില്ലല്ലോ ? ജോലി ചെയ്യേണ്ടവർക്ക് ചെയ്യാം, ബന്ദിൽ പങ്കെടുക്കാൻ ആരും നിർബന്ധിക്കില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആരെങ്കിലും കടകൾ തുറക്കുകയോ വാഹനമോടിക്കുകയോ ചെയ്താൽ കേരളത്തിലെ ബന്ദ് അനുകൂലികൾ നേരിടുന്നത് എങ്ങനെയെന്നും നല്ല ബോദ്ധ്യമുണ്ട്.

ഇത്യാദി കാരണങ്ങളാൽ, കേരളത്തിൽ ഈ ബന്ദ് പരിപൂർണ്ണ വിജയമായിരിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

ഇത്രനാൾ കൊറോണ കാരണം അടച്ചിരിക്കേണ്ടി വരുകയും സ്വന്തം ജോലിയും നിലനിൽപ്പുമൊക്കെ അവതാളത്തിലാകുകയുമൊക്കെ ചെയ്തിട്ടും ഏതൊരു ന്യായമായ സമരത്തിനും കേരളജനതയ്ക്ക് ഹർത്താലോ ബന്ദോ തന്നെ വേണമെന്നത് ആശ്ചര്യം ജനിപ്പിക്കുന്ന കാര്യമാണ്.

എന്തായാലും ബന്ദ് ദിനത്തിൽ നിരത്തിൽ കുടുങ്ങിപ്പോകുന്നവരെ സഹായിക്കാനായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ Say NO to Harthal പ്രവർത്തകരുടെ വാഹനങ്ങൾ ഇന്നും എറണാകുളത്തെ നിരത്തുകളിലുണ്ടാകും. കഴിഞ്ഞ 20 മാസങ്ങളായി തൊഴിലും പൊറുതിയും ബാംഗ്ലൂരായതുകൊണ്ട് ആ പ്രവർത്തനങ്ങളിൽ ഇന്ന് പങ്കെടുക്കാനാവില്ല എന്നതിൽ ഖേദിക്കുന്നു.

കർഷക സമരത്തിന് ഒരിക്കൽക്കൂടെ അഭിവാദ്യമർപ്പിക്കുന്നതിനൊപ്പം ഹർത്താലുകളുടെ ഇതുവരെയുള്ള ഒരു കണക്ക് കൂടെ അവതരിപ്പിക്കുന്നു.

2017 ലെ ഹർത്താലുകൾ – 120 എണ്ണം.
2018 ലെ ഹർത്താലുകൾ – 98 എണ്ണം.
2019 ലെ ഹർത്താലുകൾ – 12 എണ്ണം
2020 ലെ ഹർത്താലുകൾ – 11 എണ്ണം
2021 ൽ ഇതുവരെ ഹർത്താലുകൾ – 6 എണ്ണം

മൂന്ന് ദിവസം മുന്നേ നോട്ടീസ് നൽകാതെ ഹർത്താലുകൾ നടത്താൻ പാടില്ല എന്ന് 2019 ജനുവരിയിൽ ഹൈക്കോടതി പിടിമുറുക്കിയതോടെയാണ്, സെഞ്ച്വറി തികച്ച് ഓടിക്കൊണ്ടിരുന്ന ഹർത്താലുകൾ വിരലിൽ എണ്ണാവുന്ന നിലയിലേക്ക് ഒതുങ്ങിയത്. ഇതൊന്നും വകവെക്കാതെ ഒരു നേതാവ് പിന്നെയും ഹർത്താലിന് ആഹ്വാനം ചെയ്യുകയും ‘എഴുത്തും വായനയുമില്ലേ‘ എന്ന നിലയ്ക്ക് വക്കീൽ കൂടെയായ ആ നേതാവിനോട് കർശനമായി ഹൈക്കോടതി ഇടപെട്ട് കേസ് മുന്നോട്ട് നീക്കിയതും ഹർത്താലുകൾക്ക് എതിരെയുള്ള ഘടകമായി വർത്തിച്ചു എന്നാണ് വ്യക്തിപരമായ വിലയിരുത്തൽ.

വാൽക്കഷണം:- ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 ന്, കേരളത്തിലെ ഹർത്താൽ പ്രേമികൾക്ക് ടൂറിസം മേഖലയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാരുണ്യവും ഈ ഹർത്താൽ തന്നെയാണ്.

Comments

comments

One thought on “ കർഷക സമരത്തിന് അഭിവാദ്യങ്ങൾ !! പക്ഷേ ബന്ദ് നടത്തി അനുകൂലിക്കാനാവില്ല.

  1. കര്‍ഷക സമരത്തെ അനുകൂലിക്കുകയും ബന്ദില്‍ പങ്കെടുക്കുകയും ചെയ്തു. പക്ഷെ ബന്ദുകള്‍ സ്വന്തം തീരുമാനത്തിലാകണം. നിര്‍ബന്ധിക്കാന്‍ പാടില്ല. സമരക്കാരുടെ ആശയത്തോട് യോജിപ്പുണ്ടെങ്കില്‍ സ്വയം പണിമുടക്കണം. അതുകൊണ്ട് പണി ചെയ്യാതെ ലീവെടുത്ത് വീട്ടിലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>